Sunday, 10 October 2021

വഴിയാധാരമായി ചാത്തന്നൂരിലെ വഴിയിടം



വഴിയാധാരമായി ചാത്തന്നൂരിലെ വഴിയിടം 

കെ എസ് ആർ ടി സി വളപ്പിൽ പണിത വഴിയിടത്തിന് ഇതുവരെ വെള്ളവും വൈദ്യുതിയും ലഭ്യമാകാത്തതിനാലാണ് പ്രവർത്തിപ്പിക്കാൻ കഴിയാതെവന്നത്. കെ എസ് ആർ ടി സി യാത്രക്കാർക്കും ജീവനക്കാർക്കുമായി നിർമിച്ചിരുന്ന ശൗചാലയം പൊളിച്ചാണ് സർക്കാരിന്റെ വഴിയിടം പദ്ധതി പ്രകാരം പുതിയതു നിർമിച്ചത്. ബസ് ഡിപ്പോയിലെത്തുന്ന യാത്രക്കാരും മറ്റുള്ളവരും പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണിപ്പോൾ. ഉപയോഗത്തിലിരുന്ന ശൗചാലയം പൊളിച്ചുനീക്കിയപ്പോൾ പകരം സംവിധാനം ഏർപ്പെടുത്തിയതുമില്ല. നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയെങ്കിലും വെള്ളവും വെളിച്ചവുമില്ലാത്തതിനാൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് വഴിയിടം.

പഞ്ചായത്ത് നിർമിച്ച ശൗചാലയത്തിലേക്ക്‌ ഡിപ്പോ അധികൃതർ വെള്ളവും വൈദ്യുതിയും നൽകാൻ തയ്യാറാണെന്നാണ് കെ എസ് ആർ ടി സി ചാത്തന്നൂർ എ ടി ഒ അജിത്ത് പറയുന്നത്. എന്നാൽ, ഇതുവരെ ഒരു നടപടിയും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. വാട്ടർ അതോറിറ്റിയിൽ പൈപ്പ് ലൈൻ കണക്‌ഷനുവേണ്ടി അപേക്ഷിച്ചിട്ടുണ്ടെന്നും ഉടൻ ഇത് ലഭ്യമാകുമെന്നുമാണ് ഗ്രാമപ്പഞ്ചായത്ത് അധികൃതർ പറയുന്നത്.

വഴിയിടത്തിലേക്ക് പ്രത്യേകമായി വൈദ്യുത കണക്‌ഷൻ എടുക്കുന്നതിനുള്ള നടപടിയും ഗ്രാമപ്പഞ്ചായത്ത് നടത്തുന്നുണ്ട്. ഒരു സംവിധാനവും ഏർപ്പെടുത്താതെ തട്ടിക്കൂട്ടി ഉദ്ഘാടനം നടത്തിയതിൽ പ്രതിഷേധവും ഉയരുന്നുണ്ട്.

നിരവധി സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷനിൽ എത്തുന്നവർക്കുൾപ്പെടെ ഉപയോഗപ്രദമായ വഴിയിടം ഉടൻ പൊതുജനത്തിനായി തുറന്നുനൽകണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

പടം : ചാത്തന്നൂർ കെ എസ് ആർ ടി സി വളപ്പിൽ നിർമിച്ച വഴിയിടം

No comments:

Post a Comment