Friday, 8 June 2018

ജനങ്ങൾക്ക്‌ വേണ്ടത് വികസനം

ചെങ്ങന്നൂരിൽ സജി ചെറിയാൻ നേടിയ തിളക്കമാർന്ന വിജയം എൽ.ഡി.എഫിന് മാത്രമല്ല, പ്രതിപക്ഷ പാർട്ടികൾക്കും തങ്ങൾ പിന്തുടരുന്ന നയസമീപനങ്ങളെപ്പറ്റി ഒരു പുനരാലോചന അനിവാര്യമാക്കുന്നുണ്ട്. ജനാധിപത്യ ഭരണക്രമത്തിൽ അധികാരത്തിലിരിക്കുന്ന സർക്കാരിനെ വിമർശിക്കുക എന്നതുമാത്രമല്ല, പ്രതിപക്ഷത്തിന്റെ ദൗത്യവും കർത്തവ്യവും സംസ്ഥാനത്തിന്റെ പുരോഗതിയും ജനങ്ങളുടെ നന്മയും ലക്ഷ്യമാക്കി സർക്കാർ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികളുടെ വിജയകരമായ നടത്തിപ്പിന് പ്രതിപക്ഷത്തുള്ളവരും അകമഴിഞ്ഞുപിന്തുണ നൽകേണ്ടത് ആവശ്യമാണ്. ഇത്തരമൊരു കൂട്ടായ ശ്രമംകൊണ്ടുമാത്രമേ നാട്ടിൽ പുരോഗതി വരികയുള്ളൂ. നിർഭാഗ്യവശാൽ ഭരണം നഷ്ടപ്പെട്ടു പ്രതിപക്ഷത്തിരിക്കേണ്ടിവരുന്ന സാഹചര്യത്തിൽ പുതിയ സർക്കാർ കൊണ്ടുവരുന്ന എന്തിനെയും അടച്ചാക്ഷേപിക്കുക എന്നതാണ് രാജ്യത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സമീപനം. കേരളവും അതിൽനിന്ന് ഒട്ടും മോചിതമല്ല. തങ്ങൾ അധികാരത്തിലിരിക്കെ കൊണ്ടുവന്ന പദ്ധതികളെപ്പോലും പിന്നീട് പ്രതിപക്ഷത്താകുമ്പോൾ തള്ളിപ്പറയാൻ ഒരു കൂസലുമില്ല. രാഷ്ട്രീയ ലാഭം നോക്കിയുള്ള ഇൗ സമീപനം ജനങ്ങൾക്കിടയിൽ പൂർണമായും വിലപ്പോകുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി ഗണ്യമായി മാറിയിട്ടുണ്ട്. അതിന്റെ തെളിവാണ് ചെങ്ങന്നൂരിൽ എൽ.ഡി.എഫ് നേടിയ ഉജ്ജ്വല വിജയം. മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കെ.കെ. രാമചന്ദ്രൻ നായരുടെ ആക‌സ്‌മിക നിര്യാണമാണല്ലോ അവിടെ ഉപതിരഞ്ഞെടുപ്പിന് സാഹചര്യം സൃഷ്ടിച്ചത്. ജനങ്ങളെ ആകർഷിക്കും വിധമുള്ള പ്രവർത്തന ശൈലിയായിരുന്നു രാമചന്ദ്രൻ നായരുടേത്. മണ്ഡലത്തിന്റെ പൊതുവായ വികസനം ലക്ഷ്യമാക്കി നിരവധികാര്യങ്ങൾ ഏറ്റെടുക്കുക വഴി ജനങ്ങളുടെ സ്നേഹവിശ്വാസങ്ങൾ എളുപ്പം നേടാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. രാമചന്ദ്രൻ നായർ തുടങ്ങിവച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ അവസരം നൽകണമെന്നതായിരുന്നു ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ അഭ്യർത്ഥന ജനങ്ങൾ അത് പൂർണമായും ഉൾക്കൊണ്ടുവെന്നതിന് തെളിവാണ് സജി ചെറിയാൻ നേടിയ 20956 വോട്ടിന്റെ ഭൂരിപക്ഷം. എൽ.ഡി.എഫ് ഗവൺമെന്റിന്റെ വികസന നയത്തിന് ലഭിച്ച വലിയ അംഗീകാരമാണ് ചെങ്ങന്നൂരിൽ കണ്ടതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിലയിരുത്തൽ വൃഥാ തള്ളിക്കളയേണ്ടതല്ല. സർക്കാരിന്റെ തെറ്റുകുറ്റങ്ങളും വീഴ്ചകളും ചൂണ്ടിക്കാട്ടി തിരുത്തിക്കാൻ പ്രതിപക്ഷത്തിന് ഏതറ്റം വരെയും പോകാം. എന്നാൽ നിഷേധാത്മക സമീപനം നയമായി കൊണ്ടുനടക്കുമ്പോൾ ജനങ്ങളിൽ നിന്ന് ക്രമേണ ഒറ്റപ്പെട്ടുപോകുമെന്ന അപകടവുമുണ്ട്. സർക്കാരിനെതിരെ നിരന്തരം സമരം നടത്തുക എന്നതുമാത്രമല്ല പ്രതിപക്ഷത്തിന്റെ കർത്തവ്യം. നാടിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എത്രത്തോളം ക്രിയാത്മകമാണ് സമീപനം എന്നതിനെകൂടി ആശ്രയിച്ചാണ് ജനങ്ങൾ അവരെ വിലയിരുത്തുന്നത്. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ അംഗീകരിക്കാനും പിന്തുണ നൽകാനും പ്രതിപക്ഷം തയ്യാറാവുമ്പോഴാണ് അവർ ജനമദ്ധ്യത്തിൽ കൂടുതൽ ആദരവും സ്നേഹവും പിടിച്ചുപറ്റുന്നത്.

നിസാര പ്രശ്നങ്ങൾ മുൻനിറുത്തി നിയമസഭാ സമ്മേളനങ്ങൾ അടിച്ചുകലക്കുക എന്നതാണ് ഇപ്പോഴത്തെ ശൈലി. ഏത് മുന്നണി അധികാരത്തിലിരുന്നാലും പ്രതിപക്ഷത്തെ സ്ഥിതി ഇതാണ്. സംസ്ഥാനത്തെ പൊതുവായി ബാധിക്കുന്ന വികസന പദ്ധതികളുടെ നടത്തിപ്പിലുണ്ടാകുന്ന തടസങ്ങൾ ഗൗരവമേറിയ ചർച്ചയ്ക്ക് വിഷയമാകാറില്ല. രാഷ്ട്രീയമായി ക്ഷീണംവരുത്തുമെന്നതിനാൽ സർക്കാരിന്റെ വികസന പദ്ധതികളെ അടച്ചുപിന്താങ്ങാൻ പ്രതിപക്ഷത്തിന് സാധിച്ചില്ലെന്ന് വരാം. അതേസമയം തന്നെ ഇത്തരം പദ്ധതികളുടെ നടത്തിപ്പിലെ വീഴ്ചകൾ എടുത്തുകാട്ടി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ അവർക്ക് കഴിയും. വിഴിഞ്ഞം പദ്ധതി നടത്തിപ്പിലെ മെല്ലെപ്പോക്ക് ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിലായ ലൈറ്റ് മെട്രോ പദ്ധതി, പത്തുമാസമായിട്ടും നിർമ്മാണം പുനരാരംഭിക്കാനാകാത്ത പുതുവയ്പ് ഐ.ഒ.സി പ്ളാന്റ്, നിരോധനം ഏർപ്പെടുത്തിയശേഷവും തുടരുന്ന ദുഷിച്ച നോക്കുകൂലി സമ്പ്രദായം, ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇപ്പോഴും തുടരുന്ന അരക്ഷിതാവസ്ഥയും അരുതായ്മകളും എന്നിവ ഉദാഹരണങ്ങളാണ്. അഭ്യസ്തവിദ്യരായ യുവതീയുവാക്കൾ തൊഴിലിനായി പരക്കം പായുന്ന നാടാണിത്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതികൾ സംസ്ഥാനത്തേക്ക് എത്തിക്കാൻ സർക്കാർ നടത്തുന്ന യത്‌നങ്ങളിൽ പ്രതിപക്ഷ കക്ഷികൾക്കും പങ്കാളികളാകാവുന്നതാണ്. പൊലീസിനും നാട്ടുകാർക്കും പണിയുണ്ടാക്കുന്ന സമര പരമ്പരകൾ സംഘടിപ്പിച്ച് ജനപിന്തുണ വർദ്ധിപ്പിക്കാമെന്നത് കാലഹരണപ്പെട്ട ചിന്തയാണ്. സംസ്ഥാനത്തിന്റെ ഇന്നത്തെ ആവശ്യങ്ങൾ എന്താണെന്ന് സർക്കാരിനൊപ്പം പ്രതിപക്ഷ പാർട്ടികളും ഖണ്ഡിതമായി ഉറപ്പാക്കേണ്ടതുണ്ട്. വികസന പദ്ധതികളിലൂടെയല്ലാതെ പുരോഗതി പ്രാപിക്കാനാവില്ലെന്ന യാഥാർത്ഥ്യം ജനങ്ങൾക്ക് ബോദ്ധ്യമായിത്തുടങ്ങിയിട്ടുണ്ട്. അതിനുവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങളോടാകും ജനങ്ങൾക്ക് കൂറും ആദരവും. നിഷേധ രാഷ്ട്രീയവുമായി അധിക കാലം മുന്നോട്ടുപോകാനാവില്ലെന്നു ബോദ്ധ്യമാക്കുന്നതാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ഫലം

No comments:

Post a Comment