ശ്രീനാരായണഗുരുദേവന്റെ സംന്യസ്തപ്രശിഷ്യപരമ്പരയിലെ ത്യാഗിവര്യനായ ഒരു ഉത്തമസംന്യാസിവര്യനായിരുന്നുസമാധി പ്രാപിച്ച അമൃതാനന്ദസ്വാമികൾ.ഗുരുദേവൻ സംന്യാസിധർമ്മത്തിന് പുതിയൊരു നിർവചനം നല്കി.ഈ നിർവചനം സ്വജീവിതത്തിൽ പ്രാവർത്തികമാക്കിയ ത്യാഗധനനായിരുന്നു അമൃതാനന്ദസ്വാമികൾ.
ഒരു ആശ്രമാദ്ധ്യക്ഷനുണ്ടായിരിക്കേണ്ട യോഗ്യതകളെ ഗുരുദേവൻ ആശ്രമം എന്ന കൃതിയിലൂടെ ആലേഖ്യം ചെയ്തിട്ടുണ്ട്. ഏതു പ്രതിസന്ധിഘട്ടത്തിലും വെളുപ്പിനെ 3 മണിക്ക് ഉണരുന്ന അമൃതാനന്ദസ്വാമികൾ 4 മണിക്ക് മഹാസമാധിസന്നിധിയിൽ എത്തും. തുടർന്ന് ഗുരുദേവമന്ത്രവും കൃതികളും ജപിച്ചുകൊണ്ട് മഹാസമാധി മന്ദിരത്തിനു ചുറ്റും പ്രദക്ഷിണമാണ്.
വൈക്കം കുലശേഖരമംഗലം ചാരുതവീട്ടിൽ കൃഷ്ണൻ- ജാനകി ദമ്പതിമാരുടെ മകനായി 1939 ലായിരുന്നു സ്വാമികളുടെ ജനനം. പുരുഷോത്തമൻ എന്നായിരുന്നു പൂർവാശ്രമനാമം. മാതാപിതാക്കൾ വലിയ ഗുരുദേവഭക്തരായിരുന്നു. ഗുരുഭക്തിയുടെ ബാലപാഠങ്ങൾ പുരുഷോത്തമൻ മാതാപിതാക്കളിൽ നിന്നും പഠിച്ചു. ഗുരുദേവകൃതികൾ നല്ല ഈണത്തിൽ ചൊല്ലുന്നതിലും നാമം ജപിക്കുന്നതിലും ആ ബാലൻ ശ്രദ്ധാലുവായിരുന്നു. മാതാപിതാക്കളോടൊപ്പം ശിവഗിരി തീർത്ഥാടനത്തിൽ പങ്കുകൊള്ളുന്നതിനും അവസരമുണ്ടായി. ബാല്യകാലവിദ്യാഭ്യാസം ചേർത്തലയിലെ തൈക്കാട്ടുശ്ശേരിയിലായിരുന്നു. സ്കൂൾ ഫൈനൽ പാസ്സായശേഷം 1967 ൽ ഒരു സത്യജിജ്ഞാസുവായി ശിവഗിരിമഠത്തിലെത്തി. അത് അഞ്ചാമതു ശ്രീനാരായണധർമ്മമീമാംസാ വേളയിലായിരുന്നു.
വിദ്യാദേവതയായ ശ്രീശാരദാംബികയുടെ വാർഷികപ്രതിഷ്ഠാദിനമഹോത്സവത്തിന്റെ ഭാഗമായ ധർമ്മമീമാംസാപരിഷത്തിൽ നിന്നും സത്യത്തിന്റെ പാത സൂര്യതുല്യം തെളിഞ്ഞുകിട്ടിയ പുരുഷോത്തമൻ അതോടെ ശിവഗിരിമഠത്തിലെ അന്തേവാസിത്വം വരിച്ചു. അന്ന് ശിവഗിരി മഠാധിപതി ശങ്കരാനന്ദസ്വാമികളും മഠം പ്രസിഡന്റ് നിജാനന്ദസ്വാമികളും ജനറൽ സെക്രട്ടറി ബ്രഹ്മാനന്ദസ്വാമികളുമായിരുന്നു. ശിവഗിരി മഹാസമാധിമന്ദിരത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്ന കാലം. ഏതാനും മാസങ്ങൾ കൂടി കഴിഞ്ഞപ്പോൾ മഹാസമാധിമന്ദിര ഗുരുദേവപ്രതിഷ്ഠാ മഹോത്സവമായി- ഭക്തനായ പുരുഷോത്തമൻ അക്കാലത്ത് ആശ്രമകാര്യങ്ങളിൽ ത്യാഗപൂർവ്വം സേവനങ്ങൾ ചെയ്തു. 1968 ജനുവരി 1 ന് ബ്രഹ്മമുഹൂർത്തത്തിൽ മഠാധിപതി ശങ്കരാനന്ദസ്വാമികൾ മഹാസമാധിമന്ദിര ഗുരുദേവപ്രതിഷ്ഠ നടത്തുമ്പോൾ പുരുഷോത്തമനും ആ ദിവ്യമായ ചടങ്ങിൽ പങ്കെടുക്കാൻ ഭാഗ്യം സിദ്ധിച്ചു. ശിവഗിരിമഠത്തിൽ ചേർന്നതിന്റെ കൃത്യം പത്താമത്തെ വർഷം 1977 ഏപ്രിൽ മാസത്തിലെ ധർമ്മമീമാംസാപരിഷത്തു ദിനത്തിൽ അന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്ന ബ്രഹ്മാനന്ദസ്വാമികളിൽ നിന്നും സംന്യാസദീക്ഷ സ്വീകരിച്ച പുരുഷോത്തമൻ സ്വാമി അമൃതാനന്ദയായി മാറി.
മഠത്തിന്റെ ശാഖാസ്ഥാപനങ്ങളായ തൃശ്ശൂർ കുറിച്ചിക്കര ശ്രീനാരായണസേവാമന്ദിരം, മദ്രാസ് ശ്രീനാരായണ മന്ദിരം, ചെമ്പഴന്തി ശ്രീനാരായണഗുരുകുലം എന്നിവിടങ്ങളിൽ ഈ ത്യാഗി അർപ്പണബോധത്തോടെ സേവനം ചെയ്തിരുന്നു. ചെമ്പഴന്തിയിൽ ഇന്നുകാണുന്ന മിക്കവാറും എല്ലാ വികസനപ്രവർത്തനങ്ങൾക്കും സ്വാമികൾ നേതൃത്വം നല്കി.ഹൃദ്രോഗം ഉണ്ടെന്നറിഞ്ഞിട്ടും പ്രയാസപ്പെട്ട ജോലികൾ പോലും സ്വാമികൾ ചെയ്തുവന്നു.
അമൃതാനന്ദസ്വാമി വലിയ പ്രഭാഷകനോ ഗ്രന്ഥകർത്താവോ സംഘാടകനോ ആയിരുന്നില്ല. എന്നാൽ ഗുരുദേവകൃതികൾ മുഴുവൻ മനപ്പാഠമായിരുന്നു. ഗുരുദേവനിൽ മാത്രം സ്വാമികൾ ഈശ്വരനെ കണ്ടു. ശരീരവും അർത്ഥവും പ്രാണൻ തന്നെയും ഗുരുവിന്നായി സമർപ്പണവും ചെയ്തു. 1995 ലും 2006 ലും സ്വാമികൾ ധർമ്മസംഘം ട്രസ്റ്റ് ട്രഷററായി.
Friday, 1 June 2018
അമൃത് നുകർന്ന സ്വാമികൾ
Subscribe to:
Post Comments (Atom)
No comments:
Post a Comment