മതേതരത്വവും സമത്വവും സാഹോദര്യവുമൊക്കെ ഭംഗിവാക്കായി പറയാമെങ്കിലും സർവ്വമേഖലകളിലും കൊടികുത്തിവാഴുന്നത് ജാതി ചിന്തതന്നെയാണ്. കെവിൻ എന്ന പാവപ്പെട്ട ചെറുപ്പക്കാരൻ സ്വന്തം മതക്കാരിയെ പ്രേമിച്ചു വിവാഹം ചെയ്തതിന്റെ പേരിൽ അപമൃത്യുവിനിരയാകേണ്ടിവന്നതിന് പിന്നിൽ പ്രധാന വില്ലൻ ജാതിതന്നെയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഇപ്പോൾ അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർമാരായി നിയമനം തരപ്പെട്ട ഇരുപത്താറുപേരും സവർണരായിപ്പോയതിലും അത്ഭുതപ്പെടാനില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡും അതിനുകീഴിലുള്ള ആയിരത്തി ഇരുന്നൂറിൽപ്പരം ക്ഷേത്രങ്ങളും ഹിന്ദുമതത്തിലെ എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണെങ്കിലും ദേവസ്വം ഭരണത്തിന്റെ നിയന്ത്രണം എന്നും മേൽജാതിക്കാരുടെ പക്കലാണ്. ചെറിയ രീതിയിലെങ്കിലും അതിൽ മാറ്റമുണ്ടാകാൻ സമ്മതിക്കാറില്ല. അഥവാ കീഴ്ജാതിക്കാർ മുറവിളികൂട്ടി അധികാര സ്ഥാനങ്ങളിലേതെങ്കിലും ഒന്നുനേടിയെടുത്താൽ ഏത് വിധേനയും അവനെ അവിടെനിന്നു കെട്ടുകെട്ടിക്കാനുള്ള ശ്രമങ്ങളാകും തുടർന്നുണ്ടാവുക. ഏറെ കൊട്ടിഘോഷിച്ചതാണ് അബ്രാഹ്മണരുടെ ശാന്തി നിയമനം. കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിലെ സുപ്രധാന സംഭവമായി എല്ലാവരും അതിനെ വാഴ്ത്തുകയും ചെയ്തു. ഇത്തരത്തിൽ നിയമനം ലഭിച്ചവർ പിന്നീട് അനുഭവിക്കേണ്ടിവന്ന അവഗണനയുടെയും തിരസ്കാരത്തിന്റെയും കഥകൾ അധികമാരും അറിയാറില്ല. ഭരണഘടനതൊട്ട് സത്യവാചകം ചൊല്ലി അധികാരത്തിൽ കയറുന്നവരും തങ്ങളുടെ വകുപ്പുകളിൽ ജാതിയുടെ പേരിൽ നടമാടുന്ന അനീതികൾക്കെതിരെ ശക്തമായി ഇടപെടുന്നത് അപൂർവ്വമാണ്. സംവരണം ഭരണഘടനാദത്തമായ അവകാശമായിട്ടുപോലും പിന്നോക്കക്കാരനും ന്യൂനപക്ഷക്കാരനും ഏറെ കടമ്പകൾ കടന്നുവേണം അവകാശപ്പെട്ട സ്ഥാനമാനങ്ങൾ നേടാൻ. ദേവസ്വം ബോർഡുകളിൽ ആദ്യകാലം തൊട്ടേ രൂഢമൂലമായ ജാതിവിവേചനം ഇന്നും നിലനിൽക്കുകയാണ്. തിരുത്തപ്പെടേണ്ട ഇൗ അനീതിക്ക് ജാതി-മത-വിശ്വാസങ്ങൾക്കതീതമായി നിലകൊള്ളുന്നവർ അധികാരത്തിൽ കയറുമ്പോഴെങ്കിലും തെല്ലെങ്കിലും പരിഹാരമുണ്ടാകേണ്ടതാണ്. നിർഭാഗ്യവശാൽ അങ്ങനെയല്ല സംഭവിക്കുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ ഭരണ നിർവ്വഹണാധികാരം നിർവഹിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ പദവിയിൽ ഇപ്പോൾ നിയമനം ലഭിച്ച 26 പേരും മുന്നോക്കക്കാരായത് യാദൃച്ഛികമാണെന്ന് പറയാനാവില്ല. ബോർഡ് നിയമനങ്ങളിൽ സാമുദായിക പ്രാതിനിധ്യം പാലിക്കണമെന്നത് നിയമദൃഷ്ട്യാ മാത്രമല്ല സാമൂഹ്യനീതി വച്ചുനോക്കിയാലും അനിവര്യമാണ്. ഇതിനു മുമ്പ് ഒരിക്കലും ഇൗ തസ്തികയിൽ പിന്നാക്കക്കാർ ഇല്ലാതിരുന്നിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് ഇരുപത്താറുപേരെ ഇൗ തസ്തികയിൽ നിയമിക്കേണ്ടിവന്നപ്പോൾ പിന്നാക്കക്കാരിലൊരാൾ പോലും അതിൽ ഉൾപ്പെടാതെ പോയതെന്ന് ബോർഡ് മാത്രമല്ല സർക്കാരും ഉത്തരം പറയേണ്ടതുണ്ട്. ബോർഡ് യോഗത്തിന് മുമ്പാകെ നിയമനവിഷയം പരിഗണനയ്ക്കുവന്നപ്പോൾ പിന്നോക്ക വിഭാഗക്കാർകൂടി ഉൾപ്പെട്ട ബോർഡിന് പ്രകടമായ ഇൗ അനീതി ശ്രദ്ധയിൽപ്പെട്ടില്ലെന്നുണ്ടോ? അതോ ശ്രദ്ധയിൽപ്പെട്ടിട്ടും കണ്ണടയ്ക്കുകയായിരുന്നോ? അസൗകര്യം തോന്നുന്ന വിഷയങ്ങൾ മുമ്പിൽ വരുമ്പോൾ അധികാര സ്ഥാനങ്ങളിലിരിക്കുന്നവരുടെ പതിവ് രീതിയാണ് ഇൗ കണ്ടില്ലെന്ന് നടിക്കൽ. കെവിൻ ദുരഭിമാനക്കൊലയ്ക്കിരയായപ്പോഴും കണ്ടു സഭാധിപന്മാരുടെ കണ്ണടയ്ക്കൽ. ഒരഭിപ്രായവും പറയാതെ അവർ തീർത്തും നിസ്സംഗത പാലിച്ചു. സമൂഹമനസ്സാക്ഷിയെ ക്ഷോഭിപ്പിക്കുന്ന പ്രശ്നങ്ങളുണ്ടാകുമ്പോൾ പ്രതികരിക്കേണ്ടവർ ഒന്നും കണ്ടില്ലെന്ന് നടിച്ച് ഇരിക്കുമ്പോഴാണ് സമൂഹം അവരുടെ കാപട്യം തിരിച്ചറിയുന്നത്.
സാമൂഹികമായി കേരളം ഏറെ പുരോഗതി പ്രാപിച്ചിട്ടും ജാതി-മത വേർതിരിവുകൾ ശക്തമായിത്തന്നെ നിലനിൽക്കാൻ കാരണം ജാതിചിന്തയിൽ നിന്ന് മുക്തരാകാൻ അധികാരസ്ഥാനങ്ങളിലിരിക്കുന്നവർക്ക് പൂർണമായും കഴിയാത്തതാണ്. മനസിന്റെ അഗാധതയിൽ ജാതിചിന്ത ഒരുപക്ഷേ പണ്ടത്തെക്കാൾ ഇന്ന് ശക്തമാണ്. ഒന്നാം ക്ളാസ് പ്രവേശനത്തിനുള്ള അപേക്ഷ പൂരിപ്പിക്കുന്നിടത്തുനിന്നുതന്നെ തുടങ്ങുന്നു അത്. പിന്നീടുള്ള ജീവിതത്തിന്റെ ഒാരോ ഘട്ടത്തിലുമുണ്ട് ഇൗ അടയാളപ്പെടുത്തൽ. ജാതികോളം പൂരിപ്പിക്കാതെയുള്ള അപേക്ഷ സ്വീകരിക്കാൻ വിസമ്മതിക്കുന്ന എത്രയോ സ്കൂളുകൾ ഇവിടെ ഉണ്ട്. നിയമവിരുദ്ധമായ ഇൗ നിലപാട് സ്വീകരിക്കുന്ന സ്കൂളുകൾക്കെതിരെ ഒരു നടപടിയും എടുത്തുകണ്ടിട്ടില്ല. അപേക്ഷാഫാറത്തിൽ ജാതികോളം വേണ്ടെന്നുവയ്ക്കാനുമായിട്ടില്ല.
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗങ്ങൾ പണ്ടേയ്ക്ക് പണ്ടേ സവർണവിഭാഗക്കാർ കുത്തകയാക്കിവച്ചിരിക്കുന്നതിന്റെ ദോഷഫലമാണ് പിന്നോക്കവിഭാഗക്കാർ ഇന്നും അനുഭവിക്കേണ്ടിവരുന്നത്. ഒറ്റനോട്ടത്തിൽത്തന്നെ അനീതി നിഴലിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ നിയമനത്തിൽ പിന്നോക്ക വിഭാഗക്കാർ പൂർണമായും തഴയപ്പെടാനിടയായ സാഹചര്യം സർക്കാർ പരിശോധിക്കേണ്ടതാണ്. എല്ലാ ഹിന്ദുക്കൾക്കും ഒരുപോലെ അവകാശപ്പെട്ടതാണല്ലോ ദേവസ്വംബോർഡ്. ആ നിലയ്ക്ക് അതിലെ നിയമനങ്ങളിലും വേണ്ടേ സാമുദായിക പ്രാതിനിദ്ധ്യം?
Monday, 11 June 2018
മാറ്റമില്ലാതെ ജാതി മേധാവിത്വം
Subscribe to:
Post Comments (Atom)
No comments:
Post a Comment