അടിസ്ഥാനപരമായിത്തന്നെ പൊരുത്തം നന്നേ കുറവായിരുന്നെങ്കിലും ജമ്മു-കാശ്മീരിൽ മൂന്നരവർഷംമുൻപ് പി.ഡി.പി-ബി.ജെ.പി സഖ്യം മന്ത്രിസഭ ഉണ്ടാക്കിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഒട്ടൊന്നുമല്ല ആശ്ചര്യപ്പെടുത്തിയത്. സംസ്ഥാനത്ത് ശാന്തിയും സമാധാനവും കൈവരുത്താൻ സഖ്യസർക്കാരിന് സാധിക്കുമെന്ന് വിശ്വസിച്ചവർ കുറവായിരിക്കും. എങ്കിലും രാജ്യം ഭരിക്കുന്ന കക്ഷി കാശ്മീരിലും അധികാരം പങ്കിടുന്നതിനാൽ പ്രതീക്ഷ പുലർത്തിയവരും ഉണ്ട്. നിർഭാഗ്യവശാൽ ബി.ജെ.പി കഴിഞ്ഞദിവസം സഖ്യത്തിൽ നിന്നു പിന്മാറുകയാണുണ്ടായത്. ബദൽ മന്ത്രിസഭയ്ക്ക് സാദ്ധ്യതയില്ലാത്തതിനാൽ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി കൈയോടെ രാജിയും സമർപ്പിച്ചു. ഉറച്ച ഭരണം എന്നും സ്വപ്നമായിരുന്ന കാശ്മീർ ഒരിക്കൽകൂടി ഗവർണർ ഭരണത്തിലായിരിക്കുകയാണ്. അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭീഷണിയും സംസ്ഥാനത്തിനുള്ളിലെ സംഘർഷവും പാരമ്യത്തിലെത്തിനിൽക്കുമ്പോഴാണ് ജനകീയ സർക്കാർ ഇല്ലാതായിരിക്കുന്നത്. നിലവിലുള്ള പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനോ അങ്ങേയറ്റം വഷളായ ക്രമസമാധാനത്തകർച്ച നേരെയാക്കുന്നതിനോ ഗവർണർ ഭരണം സഹായകമാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എത്രയും വേഗം ഒരു ജനകീയ സർക്കാരിന്റെ പുനസ്ഥാപനം സംസ്ഥാനത്തിന്റെ ആവശ്യമാണ്. എന്നാൽ അതിന് ആദ്യം വേണ്ടത് തിരഞ്ഞെടുപ്പ് നടത്താൻ അനുയോജ്യമായ അന്തരീക്ഷമാണ്. നിലവിലുള്ള അന്തരീക്ഷം അതിന് ഒട്ടും യോജിച്ചതല്ല. എല്ലാ കക്ഷികളും അത് മനസിലാക്കുന്നുമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ മുൾക്കിരീടമെടുത്ത് തലയിൽ വയ്ക്കാൻ ആർക്കും താത്പര്യമില്ലെന്നതിന്റെ തെളിവാണ് ബദൽ ഗവൺമെന്റ് രൂപീകരണ ആശയവുമായി ഒരു കക്ഷിയും മുന്നോട്ടുവരാത്തത്.
മൂന്നരവർഷം മുൻപ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് ഏറ്റവും കൂടുതൽ സീറ്റ് നേടിയ പി.ഡി.പിയും രണ്ടാമത്തെ വലിയ കക്ഷിയായ ബി.ജെ.പിയും ചേർന്ന് സഖ്യ ഗവൺമെന്റ് പരീക്ഷണത്തിന് ഒരുങ്ങിയത്. ഭിന്നധ്രുവങ്ങളിൽ നിൽക്കുന്ന ഇൗ കക്ഷികൾ ചേർന്നുണ്ടാക്കുന്ന സർക്കാരിന്റെ ആയുസ്സിനെക്കുറിച്ച് അന്നേ പരക്കേ ആശങ്ക ഉണ്ടായിരുന്നു. സഖ്യം കൊണ്ട് ഇരുപാർട്ടികൾക്കും ഗുണമൊന്നുമുണ്ടായില്ല എന്നാണ് ഭരണം അവസാനിപ്പിച്ച ഘട്ടത്തിൽ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകൾ ജനങ്ങളെ സംബന്ധിച്ചാണെങ്കിൽ ഒഴിയാത്ത യാതനകളുടേതായിരുന്നു ഇൗ മൂന്നരവർഷം. ഭീകരവാദവും ഏറ്റുമുട്ടലുകളും സർവ്വസീമകളും ലംഘിച്ച് പത്തിവിടർത്തി ആടുകയാണ്. ഭീകരരുടെ ആക്രമണങ്ങൾ നിത്യസംഭവമായി. സൈനികരും സിവിലിയന്മാരുമടക്കം ഒട്ടനവധിപേരുടെ ജീവൻ നഷ്ടമായി. തീവ്രവാദികൾ സൈനിക ക്യാമ്പുകളിൽ വരെ നുഴഞ്ഞുകയറി നാശമുണ്ടാക്കുന്നു. തീവ്രവാദികളുടെ പ്രേരണയിൽ വഴിതെറ്റിയ യുവാക്കൾ സുരക്ഷാ സൈനികരുമായി നിരന്തരം ഏറ്റുമുട്ടുന്നു. സേനാംഗങ്ങളുടെ നേരെയുള്ള കല്ലേറ് നിത്യസംഭവമായിക്കഴിഞ്ഞു. പാകിസ്ഥാനുമായുള്ള ബന്ധം ഏറെ വഷളായ കാലംകൂടിയാണിത്. ബന്ധം നേരെയാക്കാൻ പാകിസ്ഥാൻ യാതൊരു താത്പര്യവും കാണിക്കുന്നില്ല. ഒപ്പംതന്നെ കാശ്മീരിൽ നാനാപ്രകാരേണയും സംഘർഷം പരമാവധി മൂർച്ഛിപ്പിക്കാനും അവർ വഴിതേടുന്നു. ഭീകരവാദികൾ ആരെയും വിടുന്നില്ലെന്നതിന് തെളിവാണ് റൈസിംഗ് കാശ്മീർ എഡിറ്റർ ശുജാ അത്ത് ബുഖാരി സ്വന്തം ഒാഫീസിനുമുന്നിൽ വച്ച് ഒരു സംഘം തീവ്രവാദികളുടെ വെടിയേറ്റുമരിച്ച സംഭവം. റംസാൻ മാസത്തിൽ സംസ്ഥാനത്ത് വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാൽ പുണ്യമാസത്തിലും അവിടെ ഏറ്റുമുട്ടലുകളും വെടിവയ്പുമൊക്കെ നടന്നു. ധാരാളം രക്തവും ഒഴുകി. വെടിനിറുത്തൽ ദീർഘിപ്പിക്കണമെന്ന മുഖ്യമന്ത്രി മെഹ്ബൂബയുടെ ആവശ്യം കേന്ദ്രഭരണകൂടം തള്ളിയപ്പോൾത്തന്നെ വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റത്തിന്റെ സൂചന ഉണ്ടായിരുന്നു. അധികാരത്തിന്റെ ദണ്ഡ് ചുഴറ്റി കാശ്മീരിൽ സമാധാനം സ്ഥാപിക്കാനാകില്ലെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ കാല സംഭവങ്ങൾ. പി.ഡി.പി-ബി.ജെ.പി സഖ്യകക്ഷി സർക്കാരിന് എന്തെങ്കിലുമൊക്കെ ചെയ്യാനാകുമെന്ന പ്രതീക്ഷ വൃഥാവിലായതിന് ഒട്ടേറെ കാരണങ്ങളുണ്ട്. എന്നാൽ അവസരം പാഴാക്കിയതിൽ കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കുമുള്ള പങ്ക് വളരെ വലുതാണ്.
ഭരണഘടനാ വ്യവസ്ഥയനുസരിച്ച് ഗവർണർ ഭരണം ആറുമാസത്തേക്കാണ്. അതിനകം പുതിയ ഏർപ്പാടുണ്ടാകുന്നില്ലെങ്കിൽ പ്രസിഡന്റ് ഭരണമായിരിക്കും വരിക. ഏതായാലും അടുത്ത തിരഞ്ഞെടുപ്പ് കേന്ദ്രഭരണത്തിൻകീഴിലാകാനുള്ള സാദ്ധ്യതയാണുള്ളത്. എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തണമെന്ന അഭിപ്രായം എല്ലാ കക്ഷികൾക്കുമുണ്ട്. അതിനുള്ള സാഹചര്യം സൃഷ്ടിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ബാദ്ധ്യത ഉണ്ട്. അത് നിറവേറ്റുന്നതിൽ പരാജയപ്പെട്ടാൽ തിരഞ്ഞെടുപ്പ് നീണ്ടുപോകും. അനന്ത നാഗ് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് സംഘർഷം കാരണം നീണ്ടുനീണ്ടുപോവുകയാണ്. പി.ഡി.പിയും ബി.ജെ.പിയും കൂട്ടുകക്ഷി ഭരണത്തിന്റെ ലാഭനഷ്ടക്കണക്ക് എഴുതികൂട്ടാനുള്ള പ്രയത്നത്തിലാണിപ്പോൾ. ജമ്മു-കാശ്മീരിനും ഇന്ത്യയ്ക്കും ഐതിഹാസിക മുഹൂർത്തമെന്നാണ് സ്ഥാനാരോഹണ വേളയിൽ മെഹ്ബൂബ പ്രഖ്യാപിച്ചത്. കാശ്മീർ ജനതയുടെ ആശാഭിലാഷങ്ങൾ പൂർത്തീകരിക്കാൻ കരഗതമായ അപൂർവ്വാവസരമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം. സംസ്ഥാനം ഇന്ന് എവിടെ എത്തിനിൽക്കുന്നുവെന്ന് ഇരുനേതാക്കളും അവരുടെ പാർട്ടിക്കാരും സ്വസ്ഥമായിരുന്ന് ആലോചിക്കാനുള്ള സമയമാണിത്. വിഘടനവാദികൾക്കും ഭീകരന്മാർക്കും വളരാനുള്ള അവസരമാണ് കൂട്ടുകക്ഷി സർക്കാരിന്റെ നയങ്ങൾ പരോക്ഷമായെങ്കിലും സൃഷ്ടിച്ചത്. ജനങ്ങളാണ് അതിന് വലിയ വില നൽകേണ്ടിവന്നത്. കാശ്മീരിന്റെ വിധിയെന്നല്ലാതെ എന്തുപറയാൻ.
No comments:
Post a Comment