Friday, 8 June 2018

കെവിന്റ മരണത്തിൽ പോലീസിനും പങ്ക്

പ്രേമിച്ച പെൺകുട്ടിയെ രജിസ്റ്റർ വിവാഹം ചെയ്തതിന്റെ പേരിൽ അരുംകൊലയ്ക്കു വിധേയനാകേണ്ടിവന്ന കെവിൻ പി. ജോസഫ് എന്ന ഇരുപത്തിമൂന്നുകാരൻ കേരളീയ സമൂഹത്തിനു മുന്നിൽ ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. കേരളത്തിനു പുറത്ത് എവിടെയെങ്കിലും ഇതുപോലുള്ള ഒരു ദുരഭിമാന കൊല നടന്നാൽ തിളച്ചുമറിയുന്ന മലയാളികൾ കൺമുന്നിൽ അതു നേരിട്ടു കാണേണ്ടിവരുമ്പോൾ അഴിച്ചു വയ്ക്കേണ്ടിവരുന്നത് സ്വന്തം കപടമുഖപടമാണ്. ജാതിയിൽ കുറഞ്ഞവൻ മുകൾ ജാതിയിൽപ്പെട്ട പെൺകുട്ടിയെ ആഗ്രഹിക്കാനേ പാടില്ലെന്ന മദ്ധ്യകാല സാമൂഹ്യവിലക്ക് ഏറ്റക്കുറച്ചിലോടെയെങ്കിലും ഇന്നും നിലനിൽക്കുന്നു എന്നു തന്നെയാണ് നാടിനെ ഒന്നടങ്കം നടുക്കിയ കെവിന്റെ അരുംകൊല ചൂണ്ടിക്കാട്ടുന്നത്. ജാതി മാത്രമല്ല, ഈ സംഭവത്തിൽ കെവിനെതിരെ നീങ്ങാൻ പെൺവീട്ടുകാരെ പ്രേരിപ്പിച്ചത്. സാമ്പത്തിക സ്ഥിതിയും പ്രധാന കാരണമാണ്. അന്യോന്യം ഇഷ്ടപ്പെടാനും സ്നേഹിച്ചു വിവാഹം കഴിക്കാനും ജാതിയും സാമ്പത്തിക സ്ഥിതിയുമൊന്നും തടസ്സമല്ലെങ്കിലും ഉച്ചനീചത്വങ്ങൾ ആഴത്തിൽ വേരോടുന്ന സമൂഹത്തിൽ പണ്ടേയ്ക്കു പണ്ടേയുള്ള ആ അതിർവരമ്പുകൾ അതേപടി ശേഷിക്കുന്നുണ്ട്. സ്നേഹിച്ചു വിവാഹം കഴിച്ച മാതാപിതാക്കളുടെ സന്തതിയായിട്ടും ജാതിയിലും സ്ഥിതിയിലും തങ്ങൾക്ക് താഴെയുള്ള യുവാവിനെ പ്രണയിച്ചത് മഹാപരാധമായിട്ടാണ് പെൺവീട്ടുകാർ കണ്ടത്. പണക്കൊഴുപ്പും ആവശ്യത്തിലേറെ ഉള്ളതുകൊണ്ട് കുടുംബത്തിന് പേരുദോഷം ഉണ്ടാക്കിയ യുവാവിനെ ഭൂമിയിൽ നിന്നു തന്നെ തുടച്ചു നീക്കാൻ ആളുകളെ സംഘടിപ്പിക്കാൻ ഒരു പ്രയാസവുമുണ്ടായില്ല. കെവിനു നേരിടേണ്ടിവന്ന ദാരുണാന്ത്യം ഒരിക്കൽക്കൂടി സംസ്ഥാന പൊലീസിന്റെ വീഴ്ചകളിലേക്കും അടുത്തകാലത്തായി സേന ചെന്നുപെട്ടിരിക്കുന്ന ദുരവസ്ഥയിലേക്കും ജനശ്രദ്ധ തിരിച്ചുവിടുന്നുണ്ട്. പൗരന്റെ ജീവനും സ്വത്തിനും കാവലാളാകേണ്ട പൊലീസ് പലപ്പോഴും ആ ചുമതല മറക്കുന്നു. കോട്ടയത്തെ ഗാന്ധിനഗർ പൊലീസിന് കെവിന്റെയും നീനുവിന്റെയും പ്രേമചരിത്രം അറിയാമായിരുന്നിട്ടും വേണ്ടപോലെ ഇടപെട്ടില്ല. അതിനു പിന്നീട് പറഞ്ഞ കാരണമാകട്ടെ നാലുപേർ കേട്ടാൽ നിരക്കാത്തതും. മുഖ്യമന്ത്രിയുടെ കോട്ടയം പര്യടനവേളയുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നതുകൊണ്ടാണ് കെവിനെ പതിമൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഉടനടി വേണ്ടതു ചെയ്യാൻ കഴിയാതെ പോയതെന്നാണ് വിശദീകരണം. വി.ഐ.പി. ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് സ്റ്റേഷൻ ചുമതലയുള്ള സബ് ഇൻസ്പെക്ടർ തിരക്കിലായാൽ പകരക്കാർ കാണുമല്ലോ. എന്തുകൊണ്ട് അവരും നിസ്സംഗത പാലിച്ചു‌? പ്രതി​കൾ സ്വാധീനശക്തി​യും പണമുള്ളവരുമാകുമ്പോൾ അറി​യാതെ പി​ൻവലി​യുന്ന നീതി​ബോധത്തെക്കുറി​ച്ച് ഏറെ കേട്ടി​ട്ടുള്ളതാണ്. തന്റെ പുത്രനെ പെൺ​കുട്ടി​യുടെ സഹോദരൻ ഉൾപ്പെടുന്ന സംഘം വീടാക്രമി​ച്ച് തട്ടി​ക്കൊണ്ടുപോയെന്ന കെവി​ന്റെ പി​താവി​ന്റെ പരാതി​ സ്വീകരി​ക്കാൻ പൊലീസ് വി​സമ്മതി​ച്ചു. പി​ന്നീട് പെൺ​കുട്ടി​യും നേരി​ട്ട് സ്റ്റേഷനി​ലെത്തി​ മണി​ക്കൂറുകളോളം പരാതി​ കൈയി​ൽ വച്ചുകൊണ്ട് കാത്തി​രുന്നു. വി​.ഐ.പി​ ഡ്യൂട്ടി​ കഴി​ഞ്ഞെത്തി​യ ശേഷമേ സംഭവത്തെക്കുറി​ച്ചന്വേഷി​ക്കാനാവൂ എന്നായി​രുന്നു പൊലീസ് നി​ലപാട്. ഞായറാഴ്ച വെളുപ്പി​നാണ് കെവി​നെയും സുഹൃത്തി​നെയും അക്രമി​സംഘം തട്ടി​ക്കൊണ്ടുപോയത്. നന്നേ രാവി​ലെ തന്നെ പൊലീസ് വി​വരമറി​യുകയും ചെയ്തു. യഥാസമയം ഇടപെട്ടി​രുന്നുവെങ്കി​ൽ തീർച്ചയായും ഫലമുണ്ടാകുമായി​രുന്നു എന്നു വ്യക്തം. കി​രാതമായ ഒരു നരഹത്യയ്ക്കു അറി​ഞ്ഞുകൊണ്ടുതന്നെ കൂട്ടുനി​ന്നുവെന്നതാണ് ഈ സംഭവത്തി​ൽ പൊലീസി​നെതി​രെ ഉയരുന്ന വി​മർശനം. ജനരോഷത്തി​ൽ നി​ന്നു രക്ഷപ്പെടാൻ എസ്.പി​യെ സ്ഥലംമാറ്റി​യും എസ്.ഐയെ സസ്പെൻഷനി​ൽ നി​റുത്തി​യും മുഖം രക്ഷി​ക്കാനുള്ള ശ്രമമാണ് സർക്കാർ പതി​വുപോലെ പുറത്തെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തെയും നി​യോഗി​ച്ചി​ട്ടുണ്ട്. ഇത്തരം പതി​വുകാരണങ്ങളല്ലാതെ പൊലീസി​ന് തുടർച്ചയായി​ സംഭവി​ച്ചുകൊണ്ടി​രി​ക്കുന്ന ഇമ്മാതി​രി​ വീഴ്ചകളുടെ മൂലകാരണം കണ്ടെത്തി​ അത് ആവർത്തി​ക്കാതി​രി​ക്കാൻ എന്തുകൊണ്ട് നടപടി​കളുണ്ടാകുന്നി​ല്ല എന്നാണ് പൊതു സമൂഹം ഉയർത്തുന്ന ചോദ്യം. രാജ്യത്തെ ഏറ്റവും മി​കച്ച പൊലീസ് സേന എന്ന ഖ്യാതി​ സ്വയം നശി​പ്പി​ക്കുന്ന പ്രവണതയാണ് കുറച്ചുകാലമായി​ കണ്ടുവരുന്നത്. ഭരണസ്വാധീനം കണ്ടുകൊണ്ടുള്ള അക്രമങ്ങൾ നാടെങ്ങും വർദ്ധി​ച്ചുകൊണ്ടി​രി​ക്കുകയാണ്. കെവി​നെ തട്ടി​ക്കൊണ്ടുപോയ അക്രമി​ സംഘത്തി​ലുമുണ്ടായി​രുന്നു മുഖ്യ ഭരണകക്ഷി​യി​ൽപ്പെട്ട ഏതാനും യുവ നേതാക്കൾ. ഏത് അതി​ക്രമത്തി​നും മുകളി​ൽ നി​ന്ന് സംരക്ഷണം സമ്പാദി​ക്കാമെന്നുറപ്പുള്ളതുകൊണ്ടാണ് ഒരു കൂസലുമി​ല്ലാതെ അക്രമ പ്രവർത്തനങ്ങൾ ഒരു മറയുമി​ല്ലാതെ നടന്നുവരുന്നത്. പൊലീസി​ലും കടന്നുകൂടി​യി​ട്ടുണ്ട് ഈ മനോഭാവം. അതി​നു തെളി​വാണ് ചി​ല സമീപകാല സംഭവങ്ങൾ. പൊലീസ് ഉത്തരവാദി​ത്വമി​ല്ലാത്ത സേനയായി​ അധഃപതി​ച്ചാൽ ഉണ്ടാകാവുന്ന വൻവി​പത്തി​നെക്കുറി​ച്ച് ചി​ന്തി​ക്കേണ്ട സമയമായെന്നാണ് തോന്നുന്നത്. പൊലീസി​നെ യഥാർത്ഥ ജനസേവകരും ഉത്തരവാദി​ത്വ ബോധവുമുള്ളവരുമാക്കാനുദ്ദേശി​ച്ച് കൊണ്ടുവന്ന പരി​ഷ്കാര നടപടി​കൾക്ക് ഒരാഴ്ചത്തെ ആയുസ്സുപോലും ഉണ്ടായി​ല്ലെന്നത് ശ്രദ്ധേയമാണ്. പൊലീസുകാരി​ൽ തന്നെ ആയി​രത്തി​ലേറെപ്പേർ ക്രി​മി​നൽ കേസുകളി​ൽ പ്രതി​കളാണെന്ന ഞെട്ടി​പ്പി​ക്കുന്ന വി​വരം മുമ്പി​ലുള്ളപ്പോൾ കർക്കശമായ തീരുമാനങ്ങൾക്ക് കാതോർക്കുകയാണ് ജനങ്ങൾ. വീഴ്ചകൾ അലങ്കാരമാക്കാൻ തുടങ്ങി​യാൽ സർക്കാരി​ന്റെ സൽപ്പേര് മാത്രമല്ല, സ്വൈര ജീവി​തം കാംക്ഷി​ക്കുന്ന ജനങ്ങളുടെ മനസ്സമാധാനം കൂടി​യാണ് തകരുന്നത്.

No comments:

Post a Comment