Monday, 11 June 2018

മദ്ധ്യസ്ഥം മൂരി ഡോക്ടർ ഡോ. കുഞ്ഞാപ്പ വക

ഇങ്ങനെ 'മദ്ധ്യസ്ഥം' വഹിച്ച് വഹിച്ച് ഞാൻ ചാകാറായി എന്നാണ് ഇക്കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപ് ടെലഫോണിൽ വിളിച്ചപ്പോൾ ഡോ. കുഞ്ഞാപ്പ മറുപടി നൽകിയത്. അതൊരുമാതിരി കണ്ണിൽ ചോരയില്ലാത്ത വർത്തമാനമായിപ്പോയെന്ന് ട്രംപ് കണ്ണീരൊലിപ്പിച്ച് പരിഭവിച്ചത് കുഞ്ഞൂഞ്ഞിനോടും കുഞ്ഞുമാണിയോടുമായിരുന്നു. ട്രംപിന് വലിയ എടുത്താൽ പൊങ്ങാത്ത പ്രശ്നമൊന്നും പരിഹരിക്കാനില്ല. ആ തെക്കൻ കൊറിയയിലെ ചെക്കൻ കിം ജോങ് ഉന്നുമായുള്ള തർക്കം ഒന്ന് പരിഹരിച്ച് കിട്ടണം. അത്രയ്ക്കത്രയ്ക്കേ ഉള്ളൂ. കുഞ്ഞാപ്പയെ സംബന്ധിച്ച് ഇതൊക്കെ എന്തോന്ന് പ്രശ്നം! ഇടത്തേ കൈയിലെ ചെറുവിരല് കൊണ്ട് തീർക്കാവുന്ന സംഗതി. സാധാരണ ഇത്തരം ചീളുകേസുകൾ ഡോ. കുഞ്ഞാപ്പ അറ്റൻഡ് ചെയ്യാറില്ല. വല്ല രാജ്യസഭാ സീറ്റെടുത്ത് മറിക്കലോ അതുപോലുള്ള ചില്ലറ ഏർപ്പാടുകളോ ആണ് പഥ്യം. അത് നല്ലപോലെ അറിയാവുന്നത് കുഞ്ഞൂഞ്ഞും കുഞ്ഞുമാണിയുമാണ്. പക്ഷേ ട്രംപിന് ഇത് പറഞ്ഞാൽ മനസ്സിലാവില്ല. എന്തു ചെയ്യാൻ! ന്യൂഡൽഹിയിലെ പത്താം നമ്പർ ജൻപഥിൽ ഒരു തുള്ളി ചോര പൊടിയാതെ നടത്തിയ ശസ്ത്രക്രിയയിലൂടെ ഒരു കുണ്ടാമണ്ടി പ്രശ്നം ഡോ. കുഞ്ഞാപ്പ പരിഹരിച്ചത് ഇരുചെവി അറിയാതെയായിരുന്നു. കുര്യൻ ശസ്ത്രക്രിയ എന്നും അതിന് പേരുണ്ടത്രെ. (ഡോ. കുഞ്ഞാപ്പ മദ്ധ്യസ്ഥൻ കുഞ്ഞാപ്പയാണെങ്കിലും ചില കുഴപ്പങ്ങൾ മദ്ധ്യസ്ഥത കൊണ്ടും തീർക്കാനായില്ലെങ്കിൽ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെയും കുഞ്ഞാപ്പ പരിഹരിക്കാറുണ്ട്.) കേരളഹൗസിലും പത്താം നമ്പർ ജനപഥിലുമായി മാറിമാറി നടത്തിയ താക്കോൽദ്വാര ശസ്ത്രക്രിയയുടെ വിവരം ഇരുചെവി അറിയരുതെന്ന് ചട്ടം കെട്ടിയത് കുഞ്ഞൂഞ്ഞ്- കുഞ്ഞുമാണി ടീമായിരുന്നു. പിള്ള മനസ്സിൽ രഹസ്യം മൂടിവയ്ക്കാനാവില്ലെന്ന് അവർ തിരിച്ചറിഞ്ഞില്ല. അങ്ങനെയാണ് നിഷ്കളങ്കബാല്യമായ ചെന്നിത്തല ഗാന്ധിയിലൂടെ അത് പുറംലോകമറിഞ്ഞതെന്ന് ചില വർത്തമാനങ്ങളുണ്ട്. എന്തായാലും ആദ്യമറിഞ്ഞത് ആ കുരുത്തംകെട്ട ധീരവീര സുധീരഗാന്ധിയായിരുന്നു. സുധീരഗാന്ധി വാ തുറക്കുന്നത് തന്നെ ബഹിഷ്കരണം പ്രഖ്യാപിക്കാനായത് കൊണ്ട് കൈയോടെ കുഞ്ഞുമാണിയുടെ രണ്ടാംവരവിനെ ബഹിഷ്കരിച്ചുകളഞ്ഞു. ആ ബഹിഷ്കരണപ്രഖ്യാപനത്തിന്റെ പ്രകമ്പനം അങ്ങ് അമേരിക്കയിൽ വൈറ്ര്‌ഹൗസ് വരെ എത്തിപ്പെട്ടത് സ്വാഭാവികം. കത്രീന ചുഴലിക്ക് ശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ കാറ്റ് വീശിയത് അന്നേരമായിരുന്നുവത്രെ.
അങ്ങനെയാണ് ഡോ. കുഞ്ഞാപ്പയെക്കുറിച്ച് ട്രംപ് അന്വേഷിച്ച് തുടങ്ങിയത്. ഇവനാള് അമ്പമ്പട, രാഭണൻ തന്നെയെന്ന് ട്രംപ് തീർച്ചമൂർച്ച വരുത്തി. അങ്ങനെയാണ് ഡോ. കുഞ്ഞാപ്പയുടെ ടെലഫോണിലേക്ക് ട്രംപിന്റെ വിളിയെത്തിയതെന്നാണ് പറയപ്പെടുന്നത്. കുഞ്ഞാപ്പയുടെ നിഷ്ഠുരസമീപനത്തിനെതിരെ രാഹുൽമോനോട് പരാതിപ്പെടാൻ ട്രംപ് തീരുമാനിച്ചതായാണ് ഏറ്റവുമൊടുവിൽ കിട്ടുന്ന വർത്തമാനം.

നിപ വൈറസിനെയും വെല്ലുന്ന വൈറസാണ് രാജ്യസഭാ സീറ്റ് എന്ന് ധരിച്ചുവശായ കുറേ പേരുണ്ട്. ഡോ. കുഞ്ഞാപ്പയുടെ കണ്ണിൽ അതത്ര മാരകമായ വൈറസൊന്നുമല്ല. ഒന്ന് അണുവിമുക്തമാക്കിയാൽ തീരുന്ന പ്രശ്നമേയുള്ളൂ. പക്ഷേ കൂട്ടാക്കാൻ തയാറാവാത്ത ചില വവ്വാലുകളുണ്ട്. അക്കൂട്ടത്തിലൊന്ന് ധീരവീര സുധീര ഗാന്ധി വവ്വാലാണ്. കുഞ്ഞൂഞ്ഞ് എന്ത് നല്ല കാര്യം ചെയ്താലും ഇദ്ദേഹം തല തിരിച്ചേ കാണൂ. ഡോ. കുഞ്ഞാപ്പയ്ക്ക് അതും പരിഹരിക്കാൻ അറിയാത്തതല്ല. മദ്ധ്യസ്ഥം വഹിച്ചുകൊണ്ടേയിരുന്നാൽ പറ്റില്ലല്ലോ എന്ന് കരുതി വേണ്ടെന്ന് വയ്ക്കുന്നതാണ്. മറ്റൊരു വവ്വാൽ കുര്യൻഗാന്ധിയാണ്. കൈയിലിരുന്ന സീറ്റ് പോയാൽ ഏത് വവ്വാലിനാണ് വേദനിക്കാത്തത്! കൈയിലിരുന്ന രാജ്യസഭാ സീറ്റ് മണ്ണും ചാരി നിന്ന കുഞ്ഞുമാണിയുടെ തലയിൽ കെട്ടിവച്ചതാണെന്ന് പറയുന്നവരുണ്ട്. അതല്ല, കുഞ്ഞുമാണി മനമില്ലാ മനസ്സോടെ അതേറ്റെടുക്കുകയെന്ന മഹാത്യാഗത്തിന് തയാറായതാണ് എന്നും പറയുന്നവരുണ്ട്. കുഞ്ഞൂഞ്ഞിനെയും കുഞ്ഞുമാണിയെയും ഓർത്താണല്ലോ കുഞ്ഞാപ്പ ഇതെല്ലാം ചെയ്യുന്നത് എന്നോർത്തപ്പോൾ ചെന്നിത്തല ഗാന്ധിക്ക് വേദന സഹിക്കാനായില്ല. ചെങ്ങന്നൂർ വോട്ടെടുപ്പിൽ തൃപ്പെരുന്തൂരിലെ ബൂത്തിൽ നാലാളെ ഒപ്പം കൂട്ടാനില്ലാത്തയാളെന്ന് പിണറായി സഖാവ് ക്രൂരമായി പരിഹസിച്ചപ്പോൾ പോലും ചെന്നിത്തലഗാന്ധി അത് സഹിച്ചതായിരുന്നു. ഇത് പക്ഷേ അങ്ങനെയല്ലല്ലോ. കുഞ്ഞൂഞ്ഞ്- കുഞ്ഞുമാണി- കുഞ്ഞാപ്പ കൂട്ടുകെട്ടിൽ നിന്നുള്ള വരുംവരായ്കകളെ ഓർത്താൽ ചെന്നിത്തല ഗാന്ധിക്ക് എങ്ങനെയാണ് ഇരിപ്പുറയ്ക്കുക? അങ്ങനെയാണ് രണ്ടും കല്പിച്ച് കുഞ്ഞൂഞ്ഞ്- കുഞ്ഞുമാണി- കുഞ്ഞാപ്പ സഖ്യത്തിൽ നാലാമനായി ചേരാമെന്ന് തീരുമാനിച്ചത്. നാലാമനായി തന്നെ തുടരേണ്ടി വരുമോയെന്ന് കുഞ്ഞാപ്പ തീരുമാനിക്കുമോ എന്തോ...

ഭീഷ്മ ശപഥം പോലെയാണ് കെ.സി. ജോസഫ് ഗാന്ധി ഒരു ശപഥമെടുത്താൽ. മാണിസാറിലെ സാർ പദവി മുൻകാല പ്രാബല്യത്തോടെ തന്റെ കിത്താബിൽ നിന്ന് പിൻവലിക്കുകയാണെന്നായിരുന്നു ജോസഫ് ഗാന്ധിയുടെ ശപഥം. ഒരു കൊല്ലം മുമ്പ് കോട്ടയത്ത് ജില്ലാ പഞ്ചായത്തിലേക്ക് മാണിയുടെ കേരള കോൺഗ്രസ് സി.പി.എമ്മിന്റെ പിറകേ പോയി ഭരണമുണ്ടാക്കിയതോടെയാണ് ജോസഫ് ഗാന്ധിക്ക് രോഷം അണ പൊട്ടിയത്.
ജോസഫ് ഗാന്ധിയുടെ ശപഥത്തെ വെല്ലുന്ന ശകാരമുതിർത്തത് കോൺഗ്രസ് മുഖപത്രമായിരുന്നു. മാണിയെന്ന മാരണത്തെ ഈ ഭൂമുഖത്ത് നിന്നേ ഇല്ലായ്മ ചെയ്യണമെന്നാണ് വീക്ഷണത്തിന്റെ വീക്ഷണകോണിൽ അന്ന് തെളിഞ്ഞത്. നൂറ് സീറ്റ് പോയാലും മാണിയെ തിരിച്ചുവിളിക്കരുതെന്ന് വീക്ഷണം ഉപദേശിക്കാതിരുന്നില്ല. കുഞ്ഞുമാണിക്കാണെങ്കിൽ അതുകേട്ട് ചിരിയൊട്ട് അടക്കാനായില്ലെന്ന് പാലായിൽ പലരും പറയുന്നുണ്ട്. അതെന്തായാലും കുഞ്ഞുമാണി വിശാലമനസ്കനാണ്. മലപ്പുറത്തും വേങ്ങരയിലും കുഞ്ഞാപ്പ വന്ന് കാല് പിടിച്ചപ്പോൾ ആ മനസ്സലിഞ്ഞുപോയി. ചെങ്ങന്നൂരായപ്പോൾ കുഞ്ഞൂഞ്ഞും ചെന്നിത്തലയും കുഞ്ഞാപ്പയും ഹസൻഗാന്ധിയും ചേർന്നുള്ള ആ വരവുണ്ടല്ലോ. അതിൽ വീണ് പോവാത്ത ഏത് കുഞ്ഞുമാണിയാണ് ഈ ഭൂമുഖത്തുള്ളത്! പക്ഷേ കുഞ്ഞാപ്പ വച്ച ഉപാധി കടുത്തുപോയി. ലോക‌സഭയിൽ നിന്ന് രാജ്യസഭയിലേക്ക് നടന്ന് പോകാൻ പ്രാപ്തിയുള്ള ഒരു മുതലിനെ വേണമെന്നാണ് കുഞ്ഞാപ്പ കുഞ്ഞുമാണിയോട് ആവശ്യപ്പെട്ടത്. കുഞ്ഞുമാണി എത്ര പണിപ്പെട്ടാണെന്നോ ജോമോനെ തേടിപ്പിടിച്ചത്. അതിന്റെ അദ്ധ്വാനം ചില്ലറയായിരുന്നില്ല. അദ്ധ്വാനവർഗ സിദ്ധാന്തത്തിൽ വിശ്വസിക്കുന്ന പാർട്ടിയായത് കൊണ്ട് മാത്രമാണ് കുഞ്ഞുമാണി ഇത്ര കടുത്ത ഉപാധിവച്ച കുഞ്ഞാപ്പയോട് മറുത്തൊന്നും പറയാതിരുന്നത്

No comments:

Post a Comment