എടപ്പാളിലെ തിയേറ്ററിൽ പത്തു വയസുകാരി പീഡനത്തിനിരായ സംഭവത്തിൽ യഥാസമയം കേസെടുക്കാതിരുന്ന പൊലീസ് സാക്ഷിയായി വരേണ്ട തിയേറ്റർ ഉടമയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത് പൊലീസുമായി ബന്ധപ്പെട്ട് പുതിയൊരു വിവാദത്തിന് വഴിവച്ചിരിക്കുകയാണ്. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്നതിൽ കേമന്മാരായ പൊലീസ് തിയേറ്റർ പീഡന കേസിലും കാലഹരണപ്പെട്ട പഴയ അടവു തന്നെയാണ് പുറത്തെടുത്തിരിക്കുന്നത്. തിയേറ്റർ ഉടമ സതീശനെ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വിവരങ്ങൾ പൊലീസിന് കൈമാറുന്നതിൽ വീഴ്ച വരുത്തിയെന്നും പീഡനദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ കൂട്ടുനിന്നുവെന്നും കുറ്റം ചുമത്തിയാണ് അറസ്റ്റ്. അറസ്റ്റിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നതോടെ തിയേറ്റർ ഉടമയെ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും കേസ് നിലനിൽക്കുകയാണ്. പോക്സോ വകുപ്പു ചുമത്താൻ പോലും പൊലീസ് ഒരുങ്ങിയതാണ്. അതിനിടെ വനിതാ കമ്മിഷൻ അദ്ധ്യക്ഷ ജോസഫൈനും മുൻ ഡി.ജി.പി സെൻകുമാറും ഉൾപ്പെടെയുള്ളവർ പൊലീസ് നടപടിയെ വിമർശിച്ചു രംഗത്തുവന്നതിനാൽ ആ നീക്കത്തിൽ നിന്ന് പിന്തിരിയുകയായിരുന്നു.
കേസിലെ പ്രതി സ്ഥലത്തെ പ്രമാണിയും ധനാഢ്യനുമൊക്കെയായതിനാൽ ഈ സംഭവത്തിൽ ആദ്യം മുതലേ പൊലീസ് താളം ചവിട്ടുകയായിരുന്നു എന്ന ആക്ഷേപം നിലനിൽക്കുമ്പോഴാണ് വിവരങ്ങൾ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചതിന്റെ പേരിൽ തിയേറ്റർ ഉടമയെ പൂട്ടാൻ പൊലീസ് ശിക്ഷാനിയമത്തിലെ വകുപ്പുകൾ തിരയുന്നത്. നിയമപാലകരാകേണ്ട പൊലീസ് നിയമലംഘകരായി മാറുന്ന ഒട്ടേറെ സംഭവങ്ങൾക്ക് സമീപകാലത്ത് സംസ്ഥാനം സാക്ഷ്യം വഹിക്കേണ്ടിവന്നിട്ടുണ്ട്. എന്തുപറ്റി നമ്മുടെ പൊലീസിന് എന്ന് സമൂഹം ഉറക്കെ ചോദിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നതിനു പകരം സേനയ്ക്കാകെത്തന്നെ അവമതിയുണ്ടാക്കുന്ന നടപടികൾ ആവർത്തിക്കുന്നത് താഴെ തലത്തിലുള്ളവരെ വേണ്ടപോലെ നിയന്ത്രിക്കാൻ പൊലീസ് തലപ്പത്തിരിക്കുന്നവർക്ക് ചുണയില്ലാത്തതു കൊണ്ടു മാത്രമാണ്. തിയേറ്ററിൽ സ്ക്രീനിൽ സിനിമ കാണാനെത്തിയ മാന്യൻ ബാലികയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സി.സി.ടിവിയിൽ പതിഞ്ഞുപോയതിന്റെ പേരിൽ തിയേറ്റർ ഉടമയും പ്രതിയാകേണ്ടിവരുന്ന ദുരവസ്ഥ നിയമബോധം ലേശമെങ്കിലുമുള്ളവരെ അമ്പരപ്പിക്കുകയാണ്. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു സംഭവം രഹസ്യമാക്കി വയ്ക്കാതെ അതിൽ ഇടപെടാൻ അധികാരവും അവകാശവുമുള്ള കേന്ദ്രത്തെ അറിയിച്ചു എന്നതാണ് ഈ കേസിൽ തിയേറ്റർ ഉടമ ചെയ്ത മഹാപരാധം. കഴിഞ്ഞ ഏപ്രിൽ 18-നു നടന്ന സംഭവം ഒരാഴ്ച കഴിഞ്ഞാണ് ചൈൽഡ് ലൈനിനെ അറിയിച്ചത്. അവരാണ് ദൃശ്യങ്ങൾ സഹിതം ചങ്ങരംകുളം പൊലീസിൽ പരാതി നൽകിയത്. എന്നാൽ ബാലപീഡന കേസുകളിൽ ഉടൻ നടപടി എടുക്കേണ്ട പൊലീസ് രണ്ടാഴ്ചയോളം അനങ്ങാതിരുന്നു. പിന്നീട് വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തുവരാൻ തുടങ്ങിയപ്പോഴാണ് പ്രതിയെയും കുട്ടിയുടെ മാതാവിനെയും അറസ്റ്റ് ചെയ്തത്. കേസെടുക്കാൻ വൈകിയതിന്റെ പേരിൽ എസ്.ഐയെയും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെയും തുടർന്ന് സസ്പെൻഷനിലും നിറുത്തി.
തിയേറ്റർ ഉടമയുടെ അറസ്റ്റ് നിയമപരമാണോ എന്ന് ഡി.ജി.പി നിയമോപദേശം തേടിയതായി വാർത്ത വന്നിട്ടുണ്ട്. അപ്പോൾ നിയമത്തെക്കുറിച്ച് പിടിപാടൊന്നുമില്ലാതെയാണോ ഈ കേസിൽ പൊലീസിന്റെ നീക്കങ്ങൾ. അറസ്റ്റിന് നിയമസാധുത തേടുന്ന പൊലീസ് മേധാവി ആദ്യം പൊലീസ് സ്റ്റേഷനുകൾ ഭരിക്കുന്ന ഉദ്യോഗസ്ഥന്മാരെ നിയമത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കാൻ എന്തെങ്കിലും ഏർപ്പാടുകൾ ചെയ്യുകയാണു വേണ്ടത്. അകാരണമായി അറസ്റ്റ് ചെയ്ത ശേഷം ആളെ കുടുക്കാൻ പൊലീസിന്റെ പക്കൽ വകുപ്പുകൾ വേണ്ടുവോളമുണ്ട്. അത്തരം കേസുകളിൽ പിന്നീട് പൊലീസ് നീതിപീഠങ്ങൾക്കു മുന്നിൽ തലകുനിക്കേണ്ടിയും വരാറുണ്ട്. തിയേറ്റർ പീഡന കേസിൽ തങ്ങളെയാണ് ആദ്യം വിവരമറിയിക്കേണ്ടിയിരുന്നതെന്ന ഒരു വാദം പൊലീസിൽ നിന്നു കേൾക്കുകയുണ്ടായി. ബാലപീഡനവുമായി ബന്ധപ്പെട്ട പരാതികൾ രാജ്യത്ത് ആർക്കും ചൈൽഡ് ലൈനിൽ വിളിച്ചറിയിക്കാവുന്നതാണ്. അതിനായി ടോൾ ഫ്രീ നമ്പർ പോലും നിലവിലുണ്ട്. ചങ്ങരംകുളം പൊലീസിന്റെ ഇപ്പോഴത്തെ മട്ടു കണ്ടാൽ വിവരം ചൈൽഡ് ലൈനെ അറിയിച്ചതും തുടർന്ന് വനിതാ കമ്മിഷൻ ഇടപെട്ടതുമാണ് മഹാപരാധമായിപ്പോയത്. ദൃശ്യങ്ങൾ സഹിതം പൊലീസിൽ പരാതി അറിയിച്ചിട്ടും ഇടപെടുന്നതിലുണ്ടായ കാലതാമസത്തിനു പിന്നിലെ സ്വാധീന ഘടകങ്ങൾ ഏവർക്കും മനസിലാക്കാവുന്നതേയുള്ളൂ. പ്രതികൾക്കെതിരെ കേസെടുത്തെങ്കിലും അന്വേഷണ നടപടികൾ ഇഴഞ്ഞു നീങ്ങുന്നുവെന്ന ആക്ഷേപവും നിലനിൽക്കുകയാണ്. അതിനിടയിലാണ് തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്ത് കൂട്ടുപ്രതിയാക്കാനുള്ള ശ്രമം. ഞങ്ങളോടു കളിച്ചാൽ ഇങ്ങനെയിരിക്കും എന്ന ആ പഴയ മാടമ്പിത്തരത്തിൽ നിന്നു മുക്തരാകാൻ പൊലീസ് മടിക്കുമ്പോൾ അതിന്റെ പഴി മുഴുവൻ കേൾക്കേണ്ടിവരുന്നത് അധികാരത്തിലിരിക്കുന്ന സർക്കാരാണ്. സർക്കാരിന്റെ പ്രതിച്ഛായ ദുഷിപ്പിക്കുകയും നിയമ നീതി സംവിധാനങ്ങളെ അപഹസിക്കുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ നിലയ്ക്കുനിറുത്താൻ മേധാവികൾ ഇടപെട്ടേ മതിയാകൂ. അതല്ലെങ്കിൽ എന്നും ഓരോ കേസിലും നിയമോപദേശം തേടാനേ ഡി.ജി.പിക്കു സമയം കാണൂ.
No comments:
Post a Comment