പാർട്ടി കോൺഗ്രസ് എന്നെല്ലാം സി.പി.എമ്മുകാർ പറയുന്നത് പോലെ തന്നെയാണ് പൊലീസ് അസോസിയേഷൻ സമ്മേളനവും. രക്തസാക്ഷിപ്രമേയവും പുഷ്പാർച്ചനയും ഇങ്ക്വിലാബുമെല്ലാം അവിടെയുമുണ്ടാവും. നീലയിൽ നിന്ന് ചുവപ്പിലേക്ക് അസോസിയേഷന്റെ മുദ്ര മാറിയത് പോലും ലാൽ- നീൽ എന്ന മുദ്രാവാക്യത്തിന്റെ പൊലീസുകാർക്കിടയിലെ പ്രതിഫലനമായി കണ്ടാൽ മതി. ഇന്റലിജന്റ്സുകാർക്ക് ഇത് വല്ലതുമറിയുമോ? ചുക്കേതാ, ചുണ്ണാമ്പേതാ എന്നറിയാത്ത കൂട്ടർ.
കോൺഗ്രസിനെ കൂട്ടി ബി.ജെ.പിയെ നേരിടണോ, അല്ലാതെ നേരിടണോ എന്ന് പാർട്ടി കോൺഗ്രസ് ചർച്ച ചെയ്തത് പോലുള്ള പ്രത്യയശാസ്ത്ര ചർച്ച പൊലീസ് അസോസിയേഷന്റെ പ്രതിനിധിസമ്മേളനത്തിലുമുണ്ട്. വരാപ്പുഴയിൽ ചെയ്തതു പോലെ കസ്റ്റഡിമർദ്ദനം അടിവയറ്റിൽ വേണോ അതോ നെഞ്ചത്ത് കേറി മതിയോ എന്ന പ്രത്യയശാസ്ത്രപ്രതിസന്ധിയിലാണ് ഇഴ കീറിയ ചർച്ച. ഗരുഡൻതൂക്കം, ഉരുട്ടൽ എന്നിത്യാദി കലകളിലെ സാംസ്കാരിക പരിപ്രേക്ഷ്യം എന്ന വിഷയത്തിൽ പ്രത്യേക സെമിനാർ അസോസിയേഷന്റെ ചില ജില്ലാസമ്മേളനങ്ങളിലുണ്ടായതായി വർത്തമാനമുണ്ട്. പിണറായിസഖാവിന് ഇതെല്ലാം മനസ്സിലായിട്ടും ഇന്റലിജന്റ്സുകാർക്ക് എന്തേ പിടികിട്ടാത്തത്? അടിയന്തരമായി ഇവന്മാരുടെ പ്രത്യയശാസ്ത്രനിലവാരം പരിശോധനയ്ക്ക് വിധേയമാക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും.
No comments:
Post a Comment