Saturday, 23 June 2018

എപ്പോഴെങ്കിലും വന്നാൽ പോരാ..

തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും ലൈറ്റ് മെട്രോ പദ്ധതി കടമ്പകളെല്ലാം തരണം ചെയ്ത് ഈ വർഷം ആരംഭിച്ചാൽപ്പോലും സംസ്ഥാനം വഹിക്കേണ്ടിവരുന്ന അധികച്ചെലവ് 718 കോടി രൂപയാണ്. 2016-ൽ കണക്കാക്കിയ ചെലവ് 6728 കോടി രൂപയാണ്. രണ്ടുവർഷം കൊണ്ട് അത് 7446 കോടി രൂപയായി ഉയരുമെന്നാണ് അനുമാനം. ഉദാസീനതയ്ക്കും കാര്യക്ഷമതാരാഹിത്യത്തിനും സംസ്ഥാനം നൽകേണ്ടിവരുന്ന അധികച്ചെലവാണ് 718 കോടി രൂപ. ഉടനെ പ്രവർത്തനം തുടങ്ങിയാൽ മാത്രമേ ചെലവ് 7446 കോടിയിൽ ഒതുങ്ങുകയുള്ളൂ. വൈകുന്ന ഓരോ ദിനവും കോടികളുടെ ബാദ്ധ്യതയാണ് പേറേണ്ടി വരുന്നത്. പണ ഞെരുക്കത്തിൽ വീർപ്പുമുട്ടുന്ന സംസ്ഥാനത്തിന് താങ്ങാവുന്നതല്ല ഈ അധികച്ചെലവും. വൈകിയാലും തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ വരിക തന്നെ ചെയ്യുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഉറപ്പു പറഞ്ഞത്. ഒന്നും വെറുതേ പറയുന്ന ആളല്ലാത്തതിനാൽ അതിരറ്റ ആഹ്ളാദത്തോടെയാകും ഈ വാക്കുകൾ ജനങ്ങൾ കേട്ടിട്ടുള്ളത്. അനുമതി ലഭിച്ചിട്ടും നടക്കാതെ പരണത്തായ വമ്പൻ പദ്ധതികൾ വേറെയും ഇവിടെ ഉണ്ട്. അവയോടൊപ്പം ലൈറ്റ് മെട്രോയും എഴുതിച്ചേർക്കാൻ ഇട നൽകാതെ പ്രായോഗിക സമീപനം സ്വീകരിച്ചുകൊണ്ട് അതിന്റെ നടത്തിപ്പിനായി സർക്കാർ മുന്നോട്ടുവരണം. കേന്ദ്രത്തിന്റെ പുതിയ മെട്രോ നയം അൻപതു നഗരങ്ങളിൽ മെട്രോ പദ്ധതികൾ തുടങ്ങാനുള്ള അവസരം നൽകുന്നുണ്ട്. ഇവിടെ ലൈറ്റ് മെട്രോക്കു വേണ്ടിയുള്ള പ്രാരംഭ നടപടികൾ പലതും പൂർത്തിയാക്കിക്കഴിഞ്ഞു. വിശദമായ പദ്ധതിരേഖ തയ്യാറായിട്ടുതന്നെ മാസങ്ങളായി. രണ്ടു നഗരങ്ങളിലും ഡിപ്പോക്കായി സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു. ആവശ്യമായ മേൽപ്പാലങ്ങളുടെ രൂപരേഖ പോലുമായി. ഏറ്റെടുക്കേണ്ട സ്ഥലം സംബന്ധിച്ചും അന്തിമ ധാരണയായിട്ടുണ്ട്. തലസ്ഥാനത്ത് നാല് മേൽപ്പാലങ്ങൾക്കായി 272 കോടി രൂപയുടെ ഭരണാനുമതിയുമായി, കോച്ചുകളുടെ കാര്യത്തിലും തീരുമാനമായിട്ടുണ്ട്. സ്വകാര്യ പങ്കാളിത്തത്തെച്ചൊല്ലിയുള്ള ഭിന്നതയാണ് ഓട്ടം തുടങ്ങും മുമ്പേ ഇവിടെ മെട്രോ പദ്ധതിയെ നിശ്ചലമാക്കിയത്. ഇതിന്റെ പേരിൽ മെട്രോ വിദഗ്ദ്ധനായ ഇ. ശ്രീധരന്റെ സേവനം പോലും സംസ്ഥാനം നഷ്ടപ്പെടുത്തുകയാണുണ്ടായത്. കേന്ദ്രത്തിന്റെ പുതിയ മെട്രോ നയം സ്വകാര്യ പങ്കാളിത്തം കൂടി ഉറപ്പാക്കുന്നതാണ്. ലൈറ്റ് മെട്രോയുടെ ഡി.പി.ആർ പുതിയ മാനദണ്ഡങ്ങൾക്കനുസരിച്ച് തിരുത്തേണ്ടിവരും. പിന്നീടത് കേന്ദ്രാനുമതിക്കായി സമർപ്പിക്കുകയേ വേണ്ടൂ. നാമമാത്രമായ സ്വകാര്യ പങ്കാളിത്തമേ ലൈറ്റ് മെട്രോയിൽ വിഭാവന ചെയ്തിട്ടുള്ളൂ. വിഹിതം കൂട്ടിയാൽത്തന്നെ മൊത്തം പദ്ധതിച്ചെലവിൽ പത്തു ശതമാനത്തിൽ താഴെ മാത്രമായിരിക്കുമത്. തലസ്ഥാനത്തെയും കോഴിക്കോട്ടെയും ഗതാഗതത്തിരക്കിന്റെ പശ്ചാത്തലത്തിൽ എന്നേ പൂർത്തിയാക്കേണ്ടതായിരുന്നു ലൈറ്റ് മെട്രോ പദ്ധതി. മുടക്കു മുതലിൽ നിന്നുള്ള ലാഭമല്ല ഈ പദ്ധതിയുടെ കാര്യത്തിൽ നോക്കേണ്ടത്. ദുസ്സഹമായ വാഹനത്തിരക്കും അതുവഴി ജനങ്ങൾ നിത്യേന അനുഭവിക്കുന്ന യാത്രാക്ളേശവുമാണ് മുഖ്യമായും പരിഗണിക്കേണ്ടത്. നഗരങ്ങളിൽ റോഡുകളുടെ വികസനത്തിന് ഒട്ടേറെ പരിമിതികളുണ്ട്. വികസിപ്പിച്ച റോഡുകൾ പോലും വാഹനപ്പെരുപ്പത്താൽ ശ്വാസം മുട്ടുന്ന അവസ്ഥയാണിപ്പോൾ. ഒരു പരിധിവരെയെങ്കിലും ഇതിനുള്ള പരിഹാരമെന്ന നിലയ്ക്കാണ് മെട്രോകൾ സ്വാഗതാർഹമാകുന്നത്. അത്യാധുനിക പൊതുഗതാഗത സംവിധാനത്തിന്റെ ഏറ്റവും നല്ല മാതൃക കൂടിയാണിത്. ഏറെ വർഷങ്ങൾ ഇതിനകം പാഴാക്കിക്കളഞ്ഞു. ഏതു പുതിയ ആശയം നടപ്പാക്കാനൊരുങ്ങുമ്പോഴും തടസങ്ങളും അർത്ഥശൂന്യമായ വിവാദങ്ങളും ഇവിടെ പതിവാണ്. മെട്രോയുടെ കാര്യത്തിൽ സർക്കാർ നിലപാടുകളാണ് പ്രതിബന്ധമായതെന്ന പ്രത്യേകതയുണ്ട്. വൈകിയാണെങ്കിലും മെട്രോ വരിക തന്നെ ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസ്താവന കരിഞ്ഞുതുടങ്ങിയ പ്രതീക്ഷകൾക്കു പുതുജീവൻ നൽകിയിരിക്കുകയാണ്. ഇനിയെങ്കിലും മനസുവച്ചാൽ വൈകാതെ തന്നെ പദ്ധതി നടപ്പാക്കാൻ കഴിയും. വൈകുന്ന ഓരോ മാസവും പദ്ധതിച്ചെലവിൽ കോടികളുടെ അധികച്ചെലവാണു വരുത്തിവയ്ക്കുന്നത്. ചെലവ് വർദ്ധിക്കുന്നതു മാത്രമല്ല പ്രശ്നം. നഗരങ്ങളിലെ രൂക്ഷമായ യാത്രാക്ളേശവും അന്തമില്ലാത്ത വാഹനാപകടങ്ങളും കുറയ്ക്കാൻ മെട്രോ പോലുള്ള സംവിധാനങ്ങൾ ഉപകരിക്കും. ജനങ്ങൾക്ക് മൊത്തം ഉപകാരപ്രദമായ ഏതു പദ്ധതിയും വച്ചു താമസിപ്പിക്കുന്നത് വലിയ ദ്രോഹമാണ്. ലൈറ്റ് മെട്രോയെക്കുറിച്ച് കേൾക്കാൻ തുടങ്ങിയിട്ട് അനവധി വർഷങ്ങളായി. കേൾക്കാനല്ലാതെ അതു നിലവിൽ വന്നു കാണാനും യാത്രാസുഖം അനുഭവിക്കാനും രണ്ടു നഗരങ്ങളിലെയും ജനങ്ങൾ ഏറെക്കാലമായി കാത്തിരിക്കുകയാണ്. പിടിവാശിയും വരട്ടുവാദങ്ങളും ഉപേക്ഷിച്ച് പദ്ധതി നടപ്പാക്കാനുള്ള ഇച്ഛാശക്തിയാണ് സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത്. കാലം ആർക്കുവേണ്ടിയും കാത്തുനിൽക്കാറില്ലെന്ന ലോകതത്വമാണ് ഇവിടെ ഓർക്കേണ്ടത്.

No comments:

Post a Comment