സംസ്ഥാനത്ത് വില്പനയ്ക്കെത്തുന്ന മത്സ്യത്തിൽ നല്ലൊരു പങ്ക് മായം ചേർന്നവയാണെന്ന് പരക്കെ പരാതികളുണ്ട്. ഇടയ്ക്കിടെ ഭക്ഷ്യസുരക്ഷാവകുപ്പുകാർ നടത്തുന്ന പരിശോധനകൾ അതു ശരിവയ്ക്കാറുമുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അമരവിളയിലെയും പാലക്കാട്ട് വാളയാറിലെയും അതിർത്തി ചെക്ക് പോസ്റ്റുകളിൽ അധികൃതർ നടത്തിയ പരിശോധനയിൽ 12000 കിലോ മത്സ്യമാണ് മനുഷ്യോപയോഗത്തിന് പറ്റിയതല്ലെന്നു കണ്ട് നശിപ്പിക്കുകയോ തിരിച്ചയയ്ക്കുകയോ ചെയ്തത്. ആറായിരം കിലോ മത്സ്യത്തിൽ മാരകമായ അളവിൽ ഫോർമാലിൻ സാന്നിദ്ധ്യമുണ്ടായിരുന്നു. ശേഷിച്ചവ ചീഞ്ഞു തുടങ്ങിയ നിലയിലും. സംസ്ഥാനത്തെ ചന്തകളിൽ ദിവസേന വിറ്റഴിയുന്ന മത്സ്യങ്ങളിൽ നല്ലൊരു പങ്ക് പലവിധ രാസപദാർത്ഥങ്ങൾ ചേർത്ത് എത്തുന്നവയാണെന്നത് രഹസ്യമൊന്നുമല്ല. മീനില്ലാതെ ചോറ് ഇറങ്ങാത്തവരാണ് മലയാളികളിൽ നല്ലൊരു വിഭാഗം. അതു മുതലെടുത്ത് മത്സ്യവ്യാപാരികൾ ഏതു കെട്ട മത്സ്യവും വിതരണത്തിനെത്തിക്കുന്നതിൽ ഉത്സുകരുമാണ്. മീൻ നല്ലതോ ചീത്തയോ എന്നു തിരിച്ചറിയാനാവാതെ പലരും വാങ്ങിക്കൊണ്ടു പോകും. അബദ്ധം മനസിലാക്കിയാലും പിന്നീട് അതു ഉപേക്ഷിക്കാൻ അധികം പേരും തയ്യാറാകില്ല. കാരണം തീവില കൊടുത്താകും അതു വാങ്ങിയിട്ടുള്ളത്. തുടർച്ചയായി ഇങ്ങനെ വിഷമത്സ്യം കഴിച്ച് പലവിധത്തിലുള്ള രോഗങ്ങൾ പിടിപെടുന്നവരുടെ സംഖ്യ കൂടിക്കൊണ്ടിരിക്കുകയാണെന്ന് സാക്ഷ്യപ്പെടുത്തുന്നത് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരാണ്. ഒരു തരത്തിലും മനുഷ്യോപയോഗത്തിനു പറ്റാത്ത മാരക കീടനാശിനികളും രാസവസ്തുക്കളും കലർന്ന മത്സ്യം നിർബാധം ഇവിടെ വിറ്റഴിയുന്നുണ്ട്. മത്സ്യം കേടുകൂടാതെ സൂക്ഷിക്കാൻ മുൻകാലങ്ങളിൽ ഐസ് മാത്രമേ ഉപയോഗിക്കുമായിരുന്നുള്ളൂ. ഇപ്പോൾ രാസപദാർത്ഥങ്ങളും ഒപ്പം ഉപയോഗിക്കുന്നു. മത്സ്യത്തിന്റെ രൂപഭാവങ്ങൾ ഒട്ടും നഷ്ടപ്പെടാത്ത നിലയിൽ ദിവസങ്ങളോളം നിലനിറുത്താൻ വേണ്ടിയാണിത്. ദൂരെ ദിക്കുകളിൽ നിന്നു കൊണ്ടുവരുന്ന മത്സ്യങ്ങളിലാണ് രാസപ്രയോഗം ഏറ്റവുമധികം. വ്യാഴാഴ്ച ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയ മത്സ്യത്തിൽ കാണപ്പെട്ട ഫോർമാലിൻ അപകടകാരിയായ രാസപദാർത്ഥമാണ്. ഉള്ളിൽ ചെന്നാൽ കാൻസർ പോലുള്ള മാരക രോഗങ്ങൾക്കു വരെ കാരണമാകാവുന്ന ഇത് മത്സ്യം കേടുകൂടാതിരിക്കാൻ സ്ഥിരമായി ഉപയോഗിക്കപ്പെടുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജുകളിൽ കുട്ടികളുടെ പഠനാവശ്യത്തിന് ജഡങ്ങൾ സൂക്ഷിക്കുന്നത് ഫോർമാലിൻ ലായനിയിലാണ്. ഏറ്റവും കുറഞ്ഞ തോതിൽ ചേർത്ത ലായനിക്കു പോലും ജഡങ്ങൾ ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുമത്രെ. അതിർത്തി ചെക്ക് പോസ്റ്റുകളിൽ പിടികൂടിയ മത്സ്യങ്ങൾ പരിശോധിച്ചതിൽ ഫോർമാലിൻ സാന്നിദ്ധ്യം അറുപത്തിമൂന്നു ശതമാനമായിരുന്നു. എത്രമാത്രം അപകടകരമായ അളവാണിതെന്ന് ഒറ്റനോട്ടത്തിൽ മനസിലാകും.
മത്സ്യം ഉൾപ്പെടെ ഏതിനം ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാരം ഉറപ്പാക്കാനുള്ള ചുമതല ഭക്ഷ്യസുരക്ഷാ വകുപ്പിനാണ്. എന്നാൽ മത്സ്യമായാലും മാംസമായാലും പച്ചക്കറികളായാലും അവയോടൊപ്പം ചേർക്കുന്ന വിഷവസ്തുക്കൾ സഹിതമാണ് കേരളീയരുടെ ആഹാരം. ഏറ്റവും ശക്തമായി പ്രവർത്തിക്കേണ്ട വകുപ്പായിട്ടും ഭക്ഷ്യസുരക്ഷാ വകുപ്പ് ഇപ്പോഴും ഏന്തിയും വലിഞ്ഞുമാണ് മുന്നോട്ടുപോകുന്നത്. പരാതികൾ പെരുകുമ്പോൾ അവിടെയുമിവിടെയുമൊക്കെ പരിശോധന നടത്തി മായം കലർന്ന ഭക്ഷ്യവസ്തുക്കൾ പിടികൂടും. വാർത്ത മാദ്ധ്യമങ്ങളിലും വരും. സ്ഥിരപരിശോധനകൾക്കു വേണ്ട ആളുകളുമില്ല, സംവിധാനങ്ങളുമില്ല. പുറത്തു നിന്നെത്തുന്ന പച്ചക്കറികൾ വിഷമയമാണെന്ന പരാതി വ്യാപകമായപ്പോൾ അതിർത്തികളിൽ സ്ഥിരം ലാബുകൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പുവരുത്തുമെന്നു പ്രഖ്യാപനമുണ്ടായി. ഒന്നും നടന്നില്ല. ജനങ്ങൾ ഇപ്പോഴും വിഷപച്ചക്കറികൾ തങ്ങളാലാകും വിധം കഴുകിയും വിഷമകറ്റാനുള്ള വിദ്യകൾ പ്രയോഗിച്ചും ഉപയോഗിക്കുന്നു. കൃഷി വകുപ്പ് ചെയ്തത് പച്ചക്കറികളിലെ വിഷാംശം കളയാനുള്ള ലായനി വിപണിയിലിറക്കിയതാണ്. ചെക്ക് പോസ്റ്റിൽ പിടികൂടിയ മത്സ്യങ്ങളുടെ സാമ്പിൾ സർക്കാർ ലാബിൽ പരിശോധിച്ചപ്പോൾ ഫോർമാലിൻ സാന്നിദ്ധ്യം കണ്ടെത്തിയില്ല എന്ന വാർത്തയും കൂട്ടത്തിലുണ്ട്. ഫിഷറീസ് ടെക്നോളജി ലാബിലെ പരിശോധനയാണ് മായം കണ്ടെത്തിയത്. പരിശോധനകളിലെ ഈ അന്തരം തന്നെ എത്ര ലാഘവത്തോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നതിന്റെ തെളിവാണ്.
ഈ അടുത്തകാലത്താണ് സംസ്ഥാനത്തുടനീളം റെയ്ഡുകൾ നടത്തി മായം കലർന്ന വെളിച്ചെണ്ണ പിടികൂടിയത്. നാല്പതിലധികം ഉത്പാദകരുടെ വെളിച്ചെണ്ണയ്ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധനവും ഏർപ്പെടുത്തി. കുറച്ചു ദിവസങ്ങൾക്കുശേഷം പുതിയ പേരുകളിൽ അവയിൽ പലതും വിപണിയിലെത്തി. മായം ചേർക്കൽ കഠിന ശിക്ഷ നൽകാവുന്ന വലിയ കുറ്റകൃത്യമാണ് പരിഷ്കൃത രാജ്യങ്ങളിൽ. ഇവിടെയും നിയമം ശക്തമാക്കിയിട്ടുണ്ടെങ്കിലും നടപ്പാക്കാനുള്ള ഉത്സാഹം കാണുന്നില്ല. നല്ലതേത്, മായമേത് എന്നു തിരിച്ചറിയാനാകാതെ സാധാരണക്കാരാണ് കൂടുതലും ഇതിനിരയാകുന്നത്. സംസ്ഥാനത്ത് അർബുദ രോഗം വർദ്ധിക്കുന്നതിൽ ഭക്ഷണത്തിന് വലിയ പങ്കുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ഭക്ഷ്യപരിശോധനകൾക്ക് ജില്ലകൾ തോറും സുശക്തമായ ലാബുകൾ ഏർപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ഭക്ഷ്യസുരക്ഷാവകുപ്പിലും വേണം കൂടുതൽ ജീവനക്കാരും വാഹനങ്ങളും. മനുഷ്യരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നമാകയാൽ ഭക്ഷ്യവസ്തുക്കളിലെ മായം തടയാനും ഈ രംഗത്ത് പ്രവർത്തിക്കുന്ന സാമൂഹ്യദ്റോഹികളെ പിടികൂടി നിയമാനുസൃതമുള്ള ശിക്ഷ ഉറപ്പാക്കാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിലെ ചെറിയ ഉപേക്ഷ പോലും വലിയ ആപത്താകും ക്ഷണിച്ചുവരുത്തുക. മായമില്ലാത്ത ഭക്ഷ്യവസ്തുക്കൾ ജനങ്ങളുടെ അവകാശം തന്നെയാണ്. ആ അവകാശം സാർത്ഥകമാക്കേണ്ടത് സർക്കാരിന്റെ ചുമതലയുമാണ്.
No comments:
Post a Comment