*ഗ്രൂപ്പിസം, അതാണ് കോണ്‍ഗ്രസിന്റെ കരുത്ത് എന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പറയുന്നതാണ്. കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞ് ചാകുന്നു എന്ന അവസ്ഥയിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പുപോലും നടത്താന്‍ കഴിയാത്തവിധം ഗ്രൂപ്പ് പോര് മുറുകി*
വിരമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ അലന്‍ ഒക്ടേവിയന്‍ ഹ്യൂം സൃഷ്ടിച്ചതാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണതലത്തില്‍ അഭ്യസ്തവിദ്യരായ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം. ബ്രിട്ടീഷ് ഭരണത്തോട് തുടക്കത്തില്‍ ഈ പ്രസ്ഥാനം എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നില്ല. 1884ല്‍ രൂപവല്‍കരിക്കപ്പെട്ട ഇന്ത്യന്‍ നാഷണല്‍ യൂണിയന്‍ എന്ന സംഘടന പേരുമാറ്റിയാണ് 1885ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസായത്.
ഇന്ത്യയിലെ വൈസ്രോയ് ആയിരുന്ന ഡഫറിന്‍ പ്രഭുവിന്റെ അനുമതിയോടെയും പിന്തുണയോടെയും സ്‌കോട്ട്‌ലന്‍ഡുകാരനായ ഏ.ഓ. ഹ്യൂം തന്നെയായിരുന്നു ആദ്യസമ്മേളനം വിളിച്ചത്.
ഡബ്ല്യു.സി. ബാനര്‍ജിയായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ അധ്യക്ഷന്‍. ആദ്യ സമ്മേളനം പുനെയില്‍ വിളിച്ചുചേര്‍ക്കാനായിരുന്നു തീരുമാനമെങ്കിലും പ്ലേഗ് ആളിപ്പടര്‍ന്നതോടെ സമ്മേളനം ബോംബെയിലേക്ക് (മുംബൈ) മാറ്റി. 1885 ഡിസംബര്‍ 28 മുതല്‍ 31 വരെയാണ് ആദ്യ സമ്മേളനം ചേര്‍ന്നത്. ആദ്യ യോഗത്തില്‍ 72 പ്രതിനിധികള്‍ പങ്കെടുത്തു. ഇന്ത്യന്‍ ദേശീയ വാദത്തിന്റെ പിതാവായി അറിയപ്പെടുന്ന ഏ.ഓ. ഹ്യൂം കോണ്‍ഗ്രസിന്റെ ആദ്യസെക്രട്ടറിയുടെ ചുമതല വഹിച്ചു.
1897ല്‍ അമരാവതിയില്‍ നടന്ന കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ അദ്ധ്യക്ഷസ്ഥാനം വഹിച്ച ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ആ പദവിയിലെത്തുന്ന ആദ്യ മലയാളി എന്ന വിശേഷണത്തിന് അര്‍ഹനായി.
1907മുതല്‍ 1916വരെ കോണ്‍ഗ്രസ് രണ്ടുവിഭാഗങ്ങളായി ഭിന്നിച്ചുനിന്നു. ബാലഗംഗാധര തിലകന്റെ നേതൃത്വത്തില്‍ തീവ്രവാദികളും ഗോപാലകൃഷ്ണ ഗോഖലെയുടെ നേതൃത്വത്തില്‍ മിതവാദികളുമായി മത്സരിച്ചു. ഇക്കാലത്തു സംഘടനയുടെ നിയന്ത്രണം മിതവാദികള്‍ക്കായിരുന്നു. അന്നുതുടങ്ങിയ വിഭാഗീയത കോണ്‍ഗ്രസിനെ പലതാക്കി, ചെറുതാക്കി. എന്നിട്ടും ആ പാര്‍ട്ടി നിലനില്‍ക്കുന്നുവെങ്കില്‍ അത് ഇന്നത്തെ നേതൃത്വത്തിന്റെ മഹിമകൊണ്ടല്ലെന്ന് ആരും സമ്മതിക്കും.
ഗ്രൂപ്പിസം അതാണ് കോണ്‍ഗ്രസിന്റെ കരുത്ത് എന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പറയുന്നതാണ്. കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞ് ചാകുന്നു എന്ന അവസ്ഥയിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പുപോലും നടത്താന്‍ കഴിയാത്തവിധം ഗ്രൂപ്പ് പോര് മുറുകി.
തെരഞ്ഞെടുപ്പ് എന്ന് കേള്‍ക്കുമ്പോള്‍ അവര്‍ക്ക് പേടിയാണ്. തോല്‍ക്കുന്ന ചരിത്രം മാത്രമാണല്ലോ അടുത്തകാലത്തെല്ലാം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പാണെങ്കിലോ തോല്‍ക്കുമെന്ന ഭീതിമാത്രമല്ല രക്തം ചീറ്റലാണുണ്ടാവുക എന്നതാണ് മുതിര്‍ന്നനേതാക്കളുടെ പേടി. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് തീര്‍ന്നതോടെ കൂട്ടക്കലാപമാണവിടെ നടക്കുന്നത്. ''സ്ഥാനമാനങ്ങളെച്ചൊല്ലി കലഹിച്ച് മാനംകെട്ട് നടക്കുന്നിതു ചിലര്‍'' എന്ന ചൊല്ല് അന്വര്‍ഥമാക്കുകയാണ് കോണ്‍ഗ്രസ്. പ്രത്യേകിച്ച് കേരളാപാര്‍ട്ടി.
മൂപ്പിളമ തര്‍ക്കമായി അത് വളര്‍ന്നുപന്തലിച്ചു. പരിഹാരംതേടി നേതാക്കളുടെ പടതന്നെ ദല്‍ഹിയിലേക്ക് ഓടി. അലക്കൊഴിഞ്ഞ് കാശിക്ക് പോകാന്‍ നേരമില്ലാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പരിഭവിക്കുമ്പോഴാണ് വിഴുപ്പുമായി കുറേ മലയാളികളും അവിടേക്ക് വച്ചുപിടിച്ചിരിക്കുന്നത്.
രാജ്യസഭയില്‍ ഒരാളെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസിനാകും. പി.ജെ. കുര്യന്‍ സ്ഥാനം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, രാജ്യസഭയെന്താ വൃദ്ധസദനമാണോ എന്നാണ് യുവതുര്‍ക്കികളുടെ ചോദ്യം. പറഞ്ഞുപറഞ്ഞ് തന്തയ്ക്കുവിളിക്കുന്ന സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. കത്തിയെരിഞ്ഞടങ്ങാന്‍ പോകുന്ന പുരയില്‍ നിന്ന് ഒരു കഴുക്കോലെങ്കിലും കിട്ടിയാല്‍ ഭാഗ്യമെന്ന നിലയിലാണ് പോര്‍ വിളിയെല്ലാം. 133 വര്‍ഷം മുമ്പ് സായിപ്പുണ്ടാക്കിയ പാര്‍ട്ടിയെ മദാമ്മയുടെ കൈകൊണ്ട് കുഴിച്ചുമൂടുമെന്ന് പലരും പറഞ്ഞത് ശരിയാകുന്ന കാലമായോ? ആയെന്നുവേണം കരുതാന്‍. കാത്തിരിക്കാം.
No comments:
Post a Comment