സ്വകാര്യ ക്ലീനിക്കുകളിലും സ്വകാര്യ ആശുപത്രികളിലും ഫാർമസിസ്റ്റുകൾ പടിക്ക് പുറത്ത്
കൊല്ലം : സ്വകാര്യ ക്ലീനിക്കുകളിലും ചെറുതും വലുതുമായ
സ്വകാര്യ ആശുപത്രികളിലും ഫാർമസിസ്റ്റുകളുടെ സേവനമില്ലാതെ മരുന്നുകൾ വിതരണം ചെയ്യുന്നു. ക്ളിനിക്കുകളിൽ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് സ്വന്തം മുറിയിൽ വച്ചു തന്നെ മരുന്ന് നൽകണമെന്നാണ് ചട്ടമെങ്കിലും ബഹുഭൂരിപക്ഷം ക്ലീനിക്കുകളിലും പാലിക്കപ്പെടുന്നില്ല. മരുന്ന് വില മനസിലാകാതിരിക്കാൻ ഗുളികകൾ സ്ട്രിപ്പിൽ നിന്ന് പൊട്ടിച്ച് കുപ്പികളിലാക്കി സൂക്ഷിച്ച ശേഷം പേപ്പർ കവറുകളിലാക്കി നൽകുകയാണ് ചെയ്യുന്നത്.പല മെഡിക്കൽ സ്റ്റോറുകളിലും പല വിലയാണ് എന്ന് സ്ഥിരമായി മരുന്ന് വാങ്ങുന്നവർ പറയുന്നു. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഫാർമസികളിൽ മരുന്നുകൾക്ക് പകൽ കൊള്ളയാണ് എന്ന് രോഗികൾ ചൂണ്ടികാട്ടുന്നു.
ജില്ലയിൽ അയ്യായിരത്തോളം ഫാർമസിസ്റ്റുകൾ കേരള ഫാർമസിസ്റ്റ് അസോസിയേഷനിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആയിരകണക്കിന് മെഡിക്കൽ സ്റ്റോറുകളും ഉണ്ട്. എന്നാൽ ഭൂരിപക്ഷം ഫാർമസിസ്റ്റുകൾക്കും സ്ഥിരവരുമാനം ഇല്ല. മെഡിക്കൽ ഷോപ്പിന് ലൈസൻസ് ലഭിക്കാൻ ഫാർമസിസ്റ്റുകളുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് ശേഷം കുറഞ്ഞ വേതനം നൽകുകയാണ് പതിവ്. ഒരു ഫാർമസിസ്റ്റിന് ശരാശരി പതിനായിരം രൂപയോളം മാസം നൽകേണ്ടി വരും. എന്നാൽ മെഡിക്കൽ സ്റ്റോർ തുടങ്ങാൻ ലൈസൻസ് എടുത്തശേഷം മാസം രണ്ടായിരമോ മൂവായിരമോ മാത്രമാണ് നൽകുന്നത്. മെഡിക്കൽ സ്റ്റോറിൽ വരേണ്ട, പ്രതിഫലം വീട്ടിലെത്തിച്ചുകൊള്ളാമെന്ന ആനുകൂല്യവും നൽകാറുണ്ട്.
സർക്കാർ ആശുപത്രികളോട് ചേർന്നുള്ള മെഡിക്കൽ ഷോപ്പുകളിൽ പ്രതിദിനം ഇരുപത്തയ്യായിരത്തിന് മുകളിലാണ് കച്ചവടം. ഡോക്ടർമാർ കുറിച്ചുകൊടുക്കുന്ന കമ്പനികളുടെ മരുന്നുകൾക്ക് പകരം നിരവാരം കുറഞ്ഞ ഗുളികകളാണ് മിക്ക മെഡിക്കൽ സ്റ്റോറുകാരും നൽകുന്നത്.
@ ആംപ്യൂളുകൾ പ്രധാന വരുമാന മാർഗം
മയക്കുമരുന്നായി ഉപയോഗിക്കുന്ന ആംപ്യൂളുകൾ യാതൊരു മാനദണ്ഡവുമില്ലാതെയാണ് മെഡിക്കൽ സ്റ്റോറുകളിൽ
വിൽക്കുന്നത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഇത്തരം മരുന്നുകൾ നൽകാവു. നാലും അഞ്ചും ഇരട്ടി വില നൽകിയാണ് ആംപ്യൂളുകൾ ആവശ്യക്കാർ വാങ്ങുന്നത്.
@ പരിശോധന ശക്തമല്ല
ഡ്രഗ്സ് ഇൻസ്പെക്ടർമാരുടെ പരിശോധന ജില്ലയിൽ കാര്യക്ഷമമല്ലെന്നും ആരോപണമുണ്ട്. ഇവരെ കൂടാതെ കേരള സ്റ്റേറ്റ് ഫാർമസി കൗൺസലിന്റെ ഇൻസ്പെക്ടറും പരിശോധനയ്ക്കായുണ്ട്. എന്നാൽ സ്വകാര്യ ക്ളിനിക്കുകളിലും മെഡിക്കൽ സ്റ്റോറുകളിലും നടക്കുന്ന മരുന്നു വിതരണത്തിലെ അപാകതകൾ കണ്ടില്ലെന്ന് നടിക്കുകയാണ്.
No comments:
Post a Comment