ചാത്തന്നൂർ : ക്രിസ്തുദേവന് വെളിച്ചമേകാൻ എം പി യും എം എൽ എയും തമ്മിൽ മത്സരം.ചാത്തന്നൂർ - കട്ടച്ചൽ റോഡിൽ പോലീസ് സ്റ്റേഷന് സമീപം ഓർത്തഡോക്സ് പള്ളിയുടെ മുൻപിൽ റോഡിന്റെ ഇരു സൈഡിലുമാണ് എൻ. കെ. പ്രേമചന്ദ്രൻ എംപി യും ജി. എസ്. ജയലാൽ എം എൽ എ യും മത്സരിച്ച് ഒരേ സ്ഥലത്ത് രണ്ട് ഉയരവിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത്.
പോലീസ് സ്റ്റേഷനും വലിയ പള്ളിയുമായി ബന്ധപ്പെട്ട പ്രധാന ജംഗ്ഷൻ എന്ന നിലയിൽ ഇവിടെ ഉയരവിളക്ക് സ്ഥാപിക്കണമെന്നത് വർഷങ്ങളായി പള്ളി ഭാരവാഹികളും പൊതുജനങ്ങളും ആവശ്യപ്പെട്ട് വരുന്നതാണ്. എം.എൽ.എ.ക്കും എം.പി.ക്കും നിവേദനങ്ങളും സമർപ്പിച്ചിരുന്നു.
എം പി ഫണ്ട് അനുവദിച്ചു എന്ന വിവരം പുറത്തുവന്നതോടെ എം.എൽ.എ. പക്ഷക്കാർ തട്ടിക്കൂട്ട് ഉയരവിളക്കുമായി രംഗത്ത് എത്തുകയായിരുന്നു. ഒട്ടും അനുയോജ്യമല്ലാത്ത ഒരു സ്ഥലത്ത് ഇലക്ട്രിക് പോസ്റ്റ് ഇടുകയും അതിൽ ലൈറ്റുകൾ പിടിപ്പിക്കുകയും ചെയ്തു കൊണ്ടാണ് എം എൽ എ ഫണ്ട് ഉപയോഗിച്ചുള്ള ഉയരവിളക്ക് സ്ഥാപിക്കപ്പെട്ടത്.അടിയന്തിര പ്രാധാന്യത്തോടെ ഉത്രാടം നാളിൽ
ഉദ്ഘാടനം നടത്തുകയും ചെയ്തു.
അനുയോജ്യമായ സ്ഥലത്ത് ഉയർന്ന നിലവാരത്തിലാണ് എം പി ഫണ്ട് ഉപയോഗിച്ചുള്ള ഉയരവിളക്ക് സ്ഥാപിച്ചിരിക്കുന്നത്. ദേശിയപാതയെ കട്ടച്ചൽ റോഡുമായി ബന്ധപ്പെടുത്തുന്ന പ്രധാന ജംഗഷൻ കൂടിയാണ് ഇത്.
ഫണ്ട് എം.എൽ.എ.യുടേത് ആയാലും എം.പി.യുടേത് ആയാലും പൊതുജനങ്ങളുടെ നികുതിപ്പണമാണ്. കൂടിയാലോചനകളോ ആസൂത്രണമോ കൂടാതെ കേവലം രാഷ്ട്രീയ ലാഭത്തിനായി പൊതുസമ്പത്ത് ദുർവിനിയോഗം ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്.
ഫോട്ടോ :ഓർത്തഡോക്സ് പള്ളിവാതുക്കൽ ഒരേ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന രണ്ട് ഉയരവിളക്കുകൾ.
@ തെരുവ് വിളക്കുകൾ ഒഴിവാക്കി കിട്ടാനും നിവേദനം
ചാത്തന്നൂർ- കട്ടച്ചൽ റോഡിൽ പ്ലാമൂട് ജംഗ്ഷനിൽ എം എൽ എ ഫണ്ട് ഉപയോഗിച്ചുള്ള ഉയരവിളക്ക് സ്ഥാപിച്ചെങ്കിലും മുമ്പുണ്ടായിരുന്നതും ഇപ്പോൾ ആവശ്യമില്ലാത്തതും ആയ വിളക്കുകൾ ഒഴിവാക്കിയിട്ടില്ല. തൻമൂലം വൈദ്യുതി നഷ്ടവും പഞ്ചായത്തിന് സാമ്പത്തികം നഷ്ടവും നേരിടുന്നു.
വൈദ്യുതി ഉപഭോഗം നിയന്ത്രിച്ചു ലോഡ് ഷെഡിങ് ഒഴിവാക്കാൻ സഹകരിക്കണമെന്ന് സർക്കാരും വൈദ്യുത ബോർഡും നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ഉത്തരവാദപ്പെട്ടവരിൽ നിന്ന് ഇത്തരത്തിൽ അശ്രദ്ധയും അലംഭാവവും ഉണ്ടാകുന്നത് എത്രയും പെട്ടെന്ന് ആവശ്യമില്ലാത്ത വിളക്കുകൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു
ഫോട്ടോ : പ്ലാമൂട് ജംഗ്ഷനിൽ അടുത്തടുത്ത് പ്രകാശിച്ചു കൊണ്ടിരിക്കുന്ന തെരുവ് വിളക്കുകൾ.
No comments:
Post a Comment