പരവൂര്‍: സ്‌കൂള്‍ സമയങ്ങളില്‍ പൊഴിക്കര, തെക്കുംഭാഗം പ്രദേശങ്ങളില്‍നിന്നും രണ്ടും മൂന്നുപേര്‍ ചേര്‍ന്നു മുഖത്ത് കര്‍ചീഫ് കെട്ടി രാവിലെയും വൈകിട്ടും ബൈക്കുകളില്‍ അമിതവേഗത്തില്‍ ചീറിപ്പായുന്നു. മണിയംകുളം പാലത്തിനു സമീപം ബസ് സ്‌റ്റോപ്പില്‍ ബൈക്കുകളില്‍ കൂട്ടമായെത്തി പരവൂര്‍ ജംഗ്‌ഷനിലേക്ക് മത്സര ഓട്ടമാണ് നടത്തുന്നത്.
കാതടപ്പിക്കുന്ന ശബ്‌ദം ഉണ്ടാക്കുന്ന സൈലന്‍സര്‍ ഘടിപ്പിച്ചാണ് ഇക്കൂട്ടര്‍ ബൈക്ക് റൈഡ് നടത്തുന്നത്. പ്രഭാതസവാരി നടത്തുന്ന മുതിര്‍ന്നവരെ കണ്ടാല്‍ ബൈക്കിന്റെ ശബ്‌ദം ഇരട്ടിയാക്കും.സ്‌കൂള്‍- കോളജ് വിദ്യാര്‍ഥിനികള്‍ക്കു മുമ്പില്‍ അഭ്യാസ പ്രകടനം നടത്തി ശ്രദ്ധയാകര്‍ഷിക്കാനുള്ള ശ്രമത്തിലൂടെയാണ് ഈ ന്യൂ ജനറേഷന്‍ പിള്ളേര്‍ ജനങ്ങളുടെ പേടിസ്വപ്‌നമായിരിക്കുന്നത്. ജമൈക്കന്‍ സംഗീതജ്‌ഞന്‍ ബോബ് മാര്‍ലിയുടെ ചിത്രം ആലേഖനം ചെയ്‌ത ടീ ഷര്‍ട്ടും ആം ബാന്‍ഡും കഴുത്തില്‍ കര്‍ച്ചീഫും അണിഞ്ഞാണ് ഇവരുടെ കറക്കം. ഒപ്പം കഞ്ചാവിന്റെ ഇലയുടെ ചിഹ്‌നമായ മരിജുവാനയുമായി ബന്ധപ്പെട്ട മാല കഴുത്തിലും സ്‌റ്റിക്കര്‍ വാഹനത്തിലും. പാന്റ്‌സും നിക്കറുമല്ലാത്ത ത്രീ ഫോര്‍ത്താണ് മുഖ്യവേഷം. ഇത്തരം വേഷഭൂഷാദികള്‍ നാട്ടുകാര്‍ക്ക് കൗതുകമാണെങ്കിലും അമിത വേഗവും പെണ്‍കുട്ടികള്‍ക്ക് വഴിനടക്കാന്‍ കഴിയാത്തവിധമുള്ള ശല്യവും രക്ഷിതാക്കളുടെ ഉറക്കം കെടുത്തുകയാണ്. സ്കൂളിൽ നിന്നും
ക്ലാസ് കഴിഞ്ഞ് വിദ്യാര്‍ഥികള്‍ പുറത്തിറങ്ങുന്ന സമയമാകുന്നതോടെ വിവിധ മേഖലകളില്‍ നിന്ന് മിന്നല്‍ വേഗത്തില്‍ ബൈക്ക് പായിച്ച് അവര്‍ ടൗണിലേക്ക് എത്തുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ക്കു മുമ്പിലും പിന്നിലുമായി ബൈക്കില്‍ അഭ്യാസ പ്രകടനം. തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ബൈക്കിന്റെ മുന്‍ചക്രം ഉയര്‍ത്തിയും വേഗത്തില്‍ വെട്ടിത്തിരിച്ചും അവര്‍ അഭ്യാസപ്രകടനം ആരംഭിക്കുന്നു. ഇവരുടെ റോഡ്‌ഷോ മൂലം കാല്‍നടയാത്രികരും മറ്റു വാഹനയാത്രക്കാരും
ജീവന്‍ പണയപ്പെടുത്തി സഞ്ചരിക്കേണ്ട ഗതികേടിലാണ്. ശല്യം അസഹ്യമായതോടെ പോലീസ് സ്‌റ്റേഷനിലേക്ക് നാട്ടുകാർ പരാതിയുമായി എത്തി. പോലിസ് നിരവധി പേരെ പിടികൂടി താക്കീതു നൽകി വിട്ടയച്ചു. മുമ്പ് പലതവണ പോലീസ് പിടികൂടി താക്കീത് ചെയ്‌ത് വിട്ടയച്ചവരാണ് വീണ്ടും നിരത്ത് വാഴുന്നത്. ഇവര്‍ക്കെതിരേ പോലീസ് നടപടിയെടുക്കാറുണ്ടെങ്കിലും സമ്പന്ന കുടുംബങ്ങളിലുള്ള ഇവര്‍ പുറത്തിറങ്ങി വീണ്ടും പണിതുടരുന്നു. ഇവരെ നിയന്ത്രിക്കാന്‍ പല മാതാപിതാക്കള്‍ക്കും കഴിയുന്നില്ല. മക്കളോടുള്ള സ്‌നേഹത്താല്‍ ബൈക്ക് വാങ്ങിക്കൊടുത്തവര്‍ ഇപ്പോള്‍ പരിതപിക്കുകയാണ്. ഇക്കൂട്ടർക്ക് പലർക്കും ലൈസൻസ് ഇല്ല ഒപ്പം ഒരു ബൈക്കിൽ തന്നെ നാല് പേര് വരെ യാത്ര ചെയ്യുന്നു.
ഇവരുടെ ശല്യം രൂക്ഷമായതായി പരാതി വ്യാപകമായതോടെ ബൈക്കില്‍ കറങ്ങിയിരുന്ന യുവാക്കളെയും ബൈക്കുകളും പരവൂരിൽ നിന്നും തീരദേശ മേഖലയിൽ നിന്നും പോലീസ് പിടികൂടിയിരുന്നു. ഇതിനുശേഷം ഇവരുടെ ശല്യം കുറഞ്ഞിരുന്നെങ്കിലും ഈ അധ്യായന വര്‍ഷം ആരംഭിച്ചതോടെ വീണ്ടും ശല്യം ആരംഭിച്ചു കഴിഞ്ഞു അടിയന്തിരമായി ഇവരുടെ ശല്യത്തിന് പരിഹാരം ഉണ്ടാക്കി വിദ്യാർത്ഥിനികളുടെയും മറ്റു വാഹന യാത്രികരുടെയും ശല്യത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
No comments:
Post a Comment