Saturday, 29 July 2023

അപകടാവസ്ഥയിലായി പഞ്ചായത്ത്‌ കമ്മ്യുണിറ്റി ഹാൾ പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തമാകുന്നു

ചാത്തന്നൂർ: അപകടാവസ്ഥയിലായി പഞ്ചായത്ത്‌ കമ്മ്യുണിറ്റി ഹാൾ പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ശ്രീഭൂതനാഥക്ഷേത്രത്തിന് സമീപം 
ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ ലക്ഷങ്ങൾ ചിലവഴിച്ചു നിർമ്മിച്ച കമ്മ്യുണിറ്റി ഹാൾ ആണ് കാലപഴക്കവും സംരക്ഷണം ഇല്ലാതെയും നശിക്കുന്നത്.
പൂർണ്ണമായും അപകടാവസ്ഥയിലായ കെട്ടിടം പോളിച്ചു മാറ്റി പുതിയ കെട്ടിടം പണിയണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.അഡ്വ. ആർ. ഗോവിന്ദൻ എക്സ് എം എൽ എ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്നപ്പോൾ പഞ്ചായത്തിനായി കമ്മ്യുണിറ്റി ഹാൾ പണിഞ്ഞത്.തുടക്ക സമയത്ത്  പഞ്ചായത്തിനു നല്ലൊരു വരുമാനമാർഗമായിരുന്നു. സ്വകാര്യ ഹാളുകളെക്കാൾ വാടക കുറവായതിനാൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ പൊതു ജനങ്ങൾക്ക് 
ഏറെ പ്രയോജനകരവുമായിരുന്നു.മാറി മാറി വന്ന ഭരണസമിതികൾ കമ്മ്യുണിറ്റി ഹാൾ സമയാസമയം അറ്റകുറ്റ പണികൾ നടത്താത്ത് മൂലം കെട്ടിടം നശിക്കുകയും ഇപ്പോൾ പൂർണ്ണമായും അപകടാവസ്ഥയിലായി.പൊതുജനങ്ങൾക്ക് വാടകയ്ക്ക് കൊടുക്കുന്നത് നിർത്തിയത് മൂലം പഞ്ചായത്ത്‌ അധികൃതർ ആദ്യം 
അംഗൻവാടിയും പിന്നാലെ  ആയുർവേദ ആശുപത്രിയും ഇ കെട്ടിടത്തിലേക്ക് മാറ്റി.അതോടെ കമ്മ്യുണിറ്റി ഹാൾ പൊതുജനങ്ങൾക്ക് അന്യമായി പഞ്ചായത്തിന്റെ ചണ്ടി ഡിപ്പോയായി മാറി.ഇപ്പോൾ കുടുംബശ്രീയുടെ വാർഡ്‌ തല മീറ്റിംഗുകളും പഠനക്ലാസുകളും 
മറ്റുമാണ് ഇവിടെ നടക്കുന്നത്.

@  കെട്ടിടം അപകടാവസ്ഥയിലായിട്ടും അധികൃതർ ഉറങ്ങി തന്നെ 

സമയാസമയം അറ്റകുറ്റപണികൾ നടത്താത്തത് മൂലം 
ചുമരുകൾക്ക് വിള്ളൽ വീണും, മുൻഭാഗം തകർന്നും, സിമന്റ് പാളികൾ 
അടർന്ന് വീണുമുള്ള പഴഞ്ചൻ കെട്ടിടം നാടിനെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തുന്നു.ഇവിടെ കുടുംബശ്രീപരിപാടികൾക്കും ട്രയിനിo ഗിനുമായി എത്തുന്നവർ ആശങ്കയിലാണ്. പിഞ്ചു കുഞ്ഞുങ്ങൾ പഠിക്കുന്ന അംഗനവാടിയുടെ റൂമുകളുടെയും ആയുർവേദ ആശുപത്രിയുടെ റൂമുകളുടെയും ഭിത്തികൾ വിള്ളൽ വീണ് അപകടാവസ്ഥയിലാണ്.ആഡിറ്റോറിയത്തിന്റെ ഷീറ്റിട്ട
മേൽക്കൂര പലയിടത്തും വിള്ളൽ വീണ നിലയിലാണുള്ളത്.പഞ്ചായത്ത്‌ പ്രസിഡന്റ്‌ അടക്കമുള്ള അധികാരികൾ പലതവണ ഇവിടെ വന്ന് പോയിട്ടും കെട്ടിടത്തിന്റെ ശോചനീയവസ്ഥ അറിഞ്ഞ മട്ടില്ല. അടിയന്തിരമായി കെട്ടിടം പുനർനിർമ്മാണം നടത്തി ജനങ്ങൾക്ക് ഉപയോഗപ്രദമാക്കണമെന്ന ആവശ്യം ശക്തമാണ്.

പാർട്ടിയ്ക്ക് വഴങ്ങി ചിറക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്സി.സുശീലാ ദേവി രാജിവച്ചു

പാർട്ടിയ്ക്ക് വഴങ്ങി 
ചിറക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
സി.സുശീലാ ദേവി രാജിവച്ചു

ചാത്തന്നൂർ : ഇടതുമുന്നണി ഭരണം നടത്തുന്നചിറക്കര ഗ്രാമ പഞ്ചായത്തിലെ സി പി ഐ ക്കാരിയായ പ്രസിഡന്റ് സി.സുശീല ദേവി സ്ഥാനം രാജിവച്ചു. ഇതോടെ വിവാദങ്ങൾക്ക് വിരാമമായി. അടുത്ത പ്രസിഡന്റ് സ്ഥാനം സി പി എമ്മിനാണ്.
 ഇടതുമുന്നണിയുടെ ധാരണ അനുസരിച്ച് കാലാവധി കഴിഞ്ഞിട്ടും സി പി ഐ ക്കാരിയായ ചിറക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. സുശീലാദേവി രാജി വച്ചിരുന്നില്ല. ഇതേ ചൊല്ലി  ചിറക്കരയിൽ സി പി എം - സി പി ഐ പോര് മുറുകിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിയെക്കുറിച്ചും ചിറക്കരയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ചർച്ച ചെ യ്യാനും തീരുമാനം എടുക്കാനുമായി ഇടതുമുന്നണിയുടെ ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി യോഗം ചേരുകയും ചെയ്തിരുന്നു.
ഇടതുമുന്നണി ഭരണം നടത്തുന്ന ചിറക്കരയിൽ പതിനാറംഗ പഞ്ചായത്ത് കമ്മിറ്റിയാണ്. ഇടതുമുന്നണിയിലെ സി പി എമ്മിന് അഞ്ചും സി പി ഐയ്ക്ക് രണ്ടും സീറ്റുകളാണ്. സ്വതന്ത്രന് പഞ്ചായത്ത്‌ വൈസ്പ്രസിഡന്റ് സ്ഥാനം നല്കിയാണ് ഇടതുമുന്നണി ഭരണം നടത്തുന്നത്. പ്രതിപക്ഷത്ത് കോൺഗ്രസിന് ആറും ബി ജെ പിയ്ക്ക് രണ്ടാംഗങ്ങളുമാണ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ ബി ജെ പി വിട്ടു നിന്നത് കൊണ്ടാണ് ഇടതുമുന്നണിയ്ക്ക് ഭരണം നേടാനായത്.

ഇടതുമുന്നണി ഭരണം തുടങ്ങിയതു മുതൽ പഞ്ചായത്ത് കമ്മിറ്റിയിലും പഞ്ചായത്തിലും സി പി എം, സി പി ഐ പോര് ആരംഭിച്ചിരുന്നു.. പഞ്ചായത്ത് ഭരണം അഴിമതി നടത്തുന്നുവെന്ന് സി പി എം പല ഉദാഹരണങ്ങൾ ഉയർത്തി ആരോപണമുന്നയിച്ചിട്ടുണ്ട്. സി പി എമ്മിനെതിരെ സിപിഐയും നിരവധി ആരോപണങ്ങൾ ഉയർത്തിയിട്ടുണ്ട്. ഇടതുമുന്നണി ഭരണം നടത്തുന്ന പഞ്ചായത്ത് കമ്മിറ്റി സി പി എം അംഗങ്ങൾ ബഹിഷ്കരിച്ചിട്ടുണ്ട്. 
 പലപ്പോഴും സി പി ഐ ക്കാരിയായ പഞ്ചായത്ത് പ്രസിഡന്റിന്റെ രക്ഷയ്ക്കെത്തിയിട്ടുള്ളത് കോൺഗ്രസ് അംഗങ്ങളാണ്. ചിറക്കര സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലും സി പി എമ്മിനെതിരെ സി പി ഐ മത്സരിച്ചു പരാജയമടഞ്ഞു.
ചിറക്കര ഗ്രാമ പഞ്ചായത്തിൽ സി പി ഐയ്ക്ക് പ്രസിഡന്റ് സ്ഥാനം രണ്ടര വർഷമായിരുന്നു. ഈ കാലാവധി കഴിഞ്ഞിട്ടും പ്രസിഡന്റ് രാജിവയ്ക്കാത്തതാണ് സി പി എം പ്രാദേശിക ഘടകങ്ങളെ ചൊടിപ്പിച്ചിരുന്നത്. കോൺഗ്രസിന്റെ പിന്തുണയോടെ സിപിഐക്കാരിയായ പ്രസിഡന്റ് സി പി എമ്മിന്റെ പല താല്പര്യങ്ങളും തകർത്തിട്ടുണ്ട്. താല്ക്കാലിക നിയമനങ്ങളിൽ പോലും സി പി എമ്മിന്റെ താല്പര്യങ്ങൾ അട്ടിമറിച്ചു നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. എത്രയും വേഗം പ്രസിഡന്റിനെ ഒഴിവാക്കി സി പി എമ്മിന്റെ പ്രസിഡന്റിനെ അവരോധിക്കാൻ ശ്രമിക്കുമ്പോഴാണ് പ്രസിഡന്റ് രാജിവയ്ക്കാതെ സ്ഥാനത്ത് തുടർന്നിരുന്നത്. ചിറക്കരയിലെ നിർമ്മാണം പൂർത്തിയാക്കിയ
പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ഉടൻ രാജി വയ്ക്കണമെന്ന് ഇടതുമുന്നണി മണ്ഡലം കമ്മിറ്റി നിർദ്ദേശം നല്കിയിരുന്നു. കഴിഞ്ഞാഴ്ച ഉദ്ഘാടനം കഴിഞ്ഞു.
പിന്നാലെ സിപിഐ നേത്രത്വം രാജി ആവശ്യം ഉന്നയിച്ചതോടെ 
  സുശീലാ ദേവി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയായിരുന്നു.

 
 

എൻ എസ് എസ് ചാത്തന്നൂർ യൂണിയനിൽ നടന്നു വരുന്ന രാമായണമേളയോടനുബന്ധിച്ച് എൻ എസ്.എസ് താലൂക്ക് യൂണിയൻ ആഡിറ്റോറിയത്തിൽ രാമായണ സദസ്സ് സംഘടിപ്പിച്ചു

ചാത്തന്നൂർ: എൻ എസ് എസ് ചാത്തന്നൂർ യൂണിയനിൽ നടന്നു വരുന്ന രാമായണമേളയോടനുബന്ധിച്ച് എൻ എസ്.എസ് താലൂക്ക് യൂണിയൻ ആഡിറ്റോറിയത്തിൽ  രാമായണ സദസ്സ് സംഘടിപ്പിച്ചു.  ആചാര്യ സ്‌മൃതി  മണ്ഡപത്തിൽ ഭദ്രദീപം തെളിയിച്ച് സമാരംഭിച്ച സദസ്സ് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളിയുടെ അധ്യക്ഷതയിൽ ആരംഭിച്ചു. കെൽ മുൻ മാനേജിംഗ് ഡയറക്ടർ കുരുമ്പോലിൽ ടി.കെ .ശ്രീകുമാർ രാമായണത്തെ ആസ്പദമാക്കി ആധുനിക കാലഘട്ടവും, അവിടെ രാമായണത്തിന്റെ പ്രസക്തിയും ആധുനിക ശാസ്ത്രത്തിനേയും വിശകലനം ചെയ്ത് രാമായണ സദസിന് നേതൃത്വം നൽകി.ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ്,യൂണിയൻ സെക്രട്ടറി ടി. അരവിന്ദാക്ഷൻപിള്ള, യൂണിയൻ കമ്മിറ്റി അംഗങ്ങൾ, എൻ എസ് എസ് പ്രതിനിധിസഭാ അംഗങ്ങൾ, വനിത യൂണിയൻ പ്രസിഡന്റ് ബി. ആർ സുജ, വനിതാ യൂണിയൻ ഭാരവാഹികൾ,  എം.എസ്.എസ്. എസ് മേഖലാ കോഡിനേറ്റേർസ്,  കരയോഗ- വനിതാ സമാജം ഭാരവാഹികൾ, ആധ്യാത്മിക പഠന കേന്ദ്രം വിദ്യാർത്ഥികൾ- അധ്യാപകർ,  ബാലസമാജം പ്രവർത്തകർ, എൻ എസ് എസ് ആർട്സ് കോളജ് പ്രിൻസിപ്പൽ ഡോ.രാമചന്ദ്രൻ പിള്ള, അധ്യാപകർ എന്നിവർ പങ്കെടുത്തു. തുടർന്ന് കുട്ടികൾക്കും, വനിതകൾക്കുമായി രാമായണത്തെ ആസ്പദമാക്കി പ്രശ്നോത്തരി,പാരായണം, പ്രഭാഷണം, എന്നീ മത്സരങ്ങൾ നടന്നു.
ഫോട്ടോ:എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ചാത്തന്നൂർ മുരളി ഉത്ഘാടനം ചെയ്യുന്നു.

Thursday, 27 July 2023

സർക്കാരിന്റെ ജനവിരുദ്ധ മനോഭാവം മുതലെടുത്ത് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും സംസ്ഥാനത്ത് വ്യാപകം - സി.കൃഷ്ണകുമാർ

സർക്കാരിന്റെ ജനവിരുദ്ധ മനോഭാവം മുതലെടുത്ത് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും സംസ്ഥാനത്ത് വ്യാപകം - സി.കൃഷ്ണകുമാർ 

കൊട്ടിയം : സർക്കാരിന്റെ ജനവിരുദ്ധ മനോഭാവം മുതലെടുത്ത് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും സംസ്ഥാനത്ത് വ്യാപകമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ പറഞ്ഞു.പുഞ്ചിരിച്ചിറയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണകുമാർ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും കുതിച്ചുയരുന്ന വിലയിൽ യാതൊരു മാറ്റവുമില്ലാതെ തുടരുന്നതിനിടെ അരിയുടെ വിലയും നിയന്ത്രണമില്ലാതെ വർധിച്ചിരിക്കുന്നത്. ജനജീവിതം അക്ഷരാർത്ഥത്തിൽ ദുസ്സഹമാക്കിയിരിക്കുകയാണ്.
വിപണിയിൽ ലഭ്യമായ എല്ലാത്തരം അരിയുടെയും വില ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുന്നു. കാരണങ്ങൾ എന്തുതന്നെ പറഞ്ഞാലും ഭരിക്കുന്നവരുടെ പിടിപ്പുകേടാണിത്. ജനങ്ങളുടെ കഷ്ടപ്പാടുകൾ കാണാൻ കൂട്ടാക്കാതെ കച്ചവടക്കാരോട് ചേർന്നുനിന്ന് വലിയ ചൂഷണത്തിന് വഴിയൊരുക്കുകയാണ്  സംസ്ഥാന സർക്കാർ ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. കൊട്ടിയം ഏരിയ
ജനറൽ സെക്രട്ടറി ഹരിലാൽ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി.ബി ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എസ്. പ്രശാന്ത്, സംസ്ഥാന സമിതി അംഗങ്ങളായ വെറ്റമുക്ക് സോമൻ, ബി. ഐ. ശ്രീനാഗേഷ്, മണ്ഡലം പ്രസിഡന്റ്‌ ശ്യാംപ്രവീൺ,സ്ഥാനാർഥി രഞ്ജിത്, ബിജെപി ജില്ലാ കമ്മിറ്റി അംഗം മൈലക്കാട് ഗോപാലകൃഷ്ണപിള്ള,നവീൻ. ജി. കൃഷ്ണ, മൈലക്കാട് രാജു,
കൊട്ടിയം സുനിൽ എന്നിവർ സംസാരിച്ചു.
ഫോട്ടോ :ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണകുമാർ ബിജെപിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉത്ഘാടനം ചെയ്യുന്നു.


പിണറായി സർക്കാരിന്റെ ദുർഭരണത്തിന് എതിരെ ബിജെപി പൂതക്കുളം പഞ്ചായത്ത്‌ സമിതി സംഘടിപ്പിച്ച ജനകീയസഭ

പരവൂർ : പിണറായി സർക്കാരിന്റെ ദുർഭരണത്തിന് എതിരെ ബിജെപി പൂതക്കുളം പഞ്ചായത്ത്‌ സമിതി 
സംഘടിപ്പിച്ച ജനകീയസഭ ഒ ബി സി മോർച്ച  ജില്ലാ പ്രസിഡന്റ്  പ്രകാശ് പാപ്പാടി ഉദ്ഘാടനം ചെയ്തു.പൂതക്കുളം നോർത്ത് ഏരിയ പ്രസിഡന്റ്‌ 
 ശിവൻ പാലോട്ട്കാവ് അദ്ധൃക്ഷതവഹിച്ചു. ബിജെപി ജില്ലാ കമ്മിറ്റി അംഗവും ഗ്രാമപഞ്ചായത്ത്‌ അംഗവുമായ സജീഷ് മാങ്കൂട്ടം  രാഷ്ട്രീയ വിശദീകരണം നടത്തി
 മണ്ഡലം ജനറൽ സെക്രട്ടറി ഷൈമാരാജ്, മണ്ഡലം വൈസ് പ്രസിഡന്റ് ഉദയകുമാർ, 
സൗത്ത് ഏരിയ പ്രസിഡന്റ്‌ 
അനിൽകുമാർ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ മഞ്ജുഷ സത്യശീലൻ, ഗീത, യുവമോർച്ച മണ്ഡലം പ്രസിഡന്റ് കണ്ണൻ പാലോട്ട്കാവ്, പട്ടികജാതി മോർച്ച മണ്ഡലം പ്രസിഡന്റ് ശൃാം ചന്ദ്രൻ എന്നിവർ സംസാരിച്ചു.
ഫോട്ടോ :ഒ ബി സി മോർച്ചകൊല്ലം ജില്ലാ പ്രസിഡന്റ്‌ പ്രകാശ് പാപ്പാടി ഉത്ഘാടനം ചെയ്യുന്നു.

Wednesday, 26 July 2023

ശുഭയാത്ര സന്ദേശവുമായി പള്ളിമൺ സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്

ശുഭയാത്ര സന്ദേശവുമായി പള്ളിമൺ സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്

കൊട്ടിയം : ഹെൽമറ്റില്ലാതെ വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പുമായി പള്ളിമൺ സ്കൂളിലെ സ്റ്റുഡന്റ് പോലീസ്.
കണ്ണനല്ലൂർ പോലീസിന്റെ സഹകരണത്തോടെ പള്ളിമൺ - ആയൂർ റോഡിലാണ് കേഡറ്റുകൾ ശുഭയാത്ര പ്രോഗ്രാം നടത്തിയത്. 
ഇരുചക്ര വാഹനം ഓടിച്ചവരേയും കാർ, ഓട്ടോ, ലോറി, ബസ് ഡ്രൈവർമാർക്കുമാണ്  കേഡറ്റുകൾ സുരക്ഷാ മുന്നറിയിപ്പ് നൽകിയത്. 
ലഹരി ഉപയോഗിച്ചതിന് ശേഷം വാഹനം ഓടിക്കരുതെന്നും അമിത വേഗത അപകടം ക്ഷണിച്ചു വരുത്തുമെന്നും മോട്ടോർ വാഹന നിയമങ്ങൾ പാലിക്കണമെന്നും കേഡറ്റുകൾ നിർദ്ദേശം നൽകി. ഇരു ചക്ര വാഹനത്തിൽ ഹെൽമറ്റ് ഉണ്ടായിരുന്നിട്ടും അതു ധരിക്കാത്തവരെ കേഡറ്റുകൾ സ്നേഹോപദേശം നൽകി ഹെൽമറ്റ് ധരിപ്പിച്ചാണ് യാത്രയാക്കിയത്.
ഹെൽമറ്റും സിറ്റ് ബെൽറ്റും ധരിച്ചവർക്ക് മധുരവും ആശംസാ കാർഡുകളും കേഡറ്റുകൾ സമ്മാനിച്ചു. ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തവർക്ക് സുരക്ഷാ മുന്നറിപ്പ് കാർഡും നൽകി.
എസ് പി സി കൊല്ലം സിറ്റി അസിസ്റ്റന്റ് നോഡൽ ഓഫീസർ വൈ. സാബു, സബ് ഇൻസ്‌പെക്ടർ അശോകൻ, എ എസ് ഐ ഹരിസോമൻ പ്രഥമ അധ്യാപിക  എം. വി സത്യവതി, പി ടി എ പ്രസിഡന്റ്‌ എസ്. മുരളീധരൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ മാരായ ഷെമിയ, എ. ശരണ്യ രാജ്, മഞ്ജു തുടങ്ങിയവർ നേതൃത്വം നൽകി.

Tuesday, 25 July 2023

കൊല്ലം തുറമുഖത്ത് ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിന് സംസ്ഥാന സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിന് അംഗീകൃത ചെക്ക് പോസ്റ്റിന്റെ പദവി നൽകി പ്രവർത്തനം ആരംഭിക്കും -നിത്യാനന്ദ റായി



കൊല്ലം തുറമുഖത്ത് ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിന് സംസ്ഥാന 
സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ  ഒരുക്കിയാൽ ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിന് അംഗീകൃത ചെക്ക് പോസ്റ്റിന്റെ പദവി നൽകി പ്രവർത്തനം ആരംഭിക്കും -
നിത്യാനന്ദ റായി 

കൊല്ലം : കൊല്ലം തുറമുഖത്ത് ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മാനവ വിഭവശേഷിയും സംസ്ഥാന സർക്കാർ ഒരുക്കുന്ന മുറക്ക് ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിന് അംഗീകൃത ചെക്ക് പോസ്റ്റിന്റെ പദവി നൽകി പ്രവർത്തനം ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി നിത്യാനന്ദറായി ലോകസഭയിൽ അറിയിച്ചു. ഒരു ചെക്ക് പോസ്റ്റ് അംഗീകൃത ചെക്ക് പോസ്റ്റ് ആയി പ്രഖ്യാപിക്കുന്നത് ഒരു തുടർ നടപടിയാണ് . നിലവിലെ നിബന്ധനകൾ പ്രകാരമുള്ള സൗകര്യങ്ങൾ സംസ്ഥാന സർക്കാർ ഒരുക്കിയാൽ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിന് അംഗീകാരം നൽകും . 
കൊല്ലം തുറമുഖത്ത് ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് ആരംഭിക്കുന്നതിന് ആവശ്യമായ മാനഭവിഭവശേഷി തിട്ടപ്പെടുത്തി
സംസ്ഥാന സർക്കാരിനെ 
അറിയിച്ചിട്ടുണ്ട്. പൊതുവായ മേൽനോട്ടത്തിന് രണ്ട് സബ് ഇൻസ്പെക്ടർ , കൗണ്ടർ ഡ്യൂട്ടിക്ക്  എട്ടു സബ്ഇൻസ്പെക്ടർമാർ , കൗണ്ടർ നിയന്ത്രണത്തിന് നാല് കോൺസ്റ്റബിൾ എന്നിവരുടെ സേവനം ആവശ്യപ്പെട്ടിരുന്നു.
അടിസ്ഥാന സൗകര്യമായി ആവശ്യപ്പെട്ടത് എത്തിച്ചേരുന്ന യാത്രക്കാർക്കായി നാല് കൗണ്ടർ യാത്ര പോകുന്നവർക്കായി നാല് കൗണ്ടർ എന്നിവയും യാത്രക്കാരുടെ വർധന അനുസരിച്ചും വിമാനത്തിന്റെ ശേഷി അനുസരിച്ചും കൂടുതൽ കൗണ്ടറുകൾ,
12 x 10 അടി വിസ്തീർണ്ണമുള്ള കമ്പ്യൂട്ടർ സെർവർ റൂം, സ്റ്റാഫ് റൂം, ശുചിമുറി സൗകര്യതോടുകൂടി 15 x 12 അടി വിസ്തീർണ്ണമുള്ള ഡിറ്റൻഷൻ റൂം, ഇമിഗ്രേഷൻ ഓഫീസ് 15 x 12 അടി, ഇമിഗ്രേഷൻ ബാക്ക് റൂം ഓപ്പറേഷൻ 20 x 15 അടി , പരിശീലനം, വിശ്രമം മീറ്റിംഗ് എന്നിവയ്ക്കുള്ള വിവിധ ആവശ്യങ്ങൾക്കുള്ള 15 X 15 അടി വിസ്തീർണ്ണം ഉള്ള മുറി, റിക്കാർഡ് റൂം 10 X 10 അടി , യുപിഎസ് റൂം 5 X 8 അടി, ഇമിഗ്രേഷൻ കൗണ്ടറിൽ മുന്നിൽ യാത്രക്കാർക്ക് വരി നിൽക്കാനുള്ള സൗകര്യം, ഇമിഗ്രേഷൻ സ്ഥലത്ത് യാത്രക്കാർക്ക് ശുചിമുറി സൗകര്യം, ഓഫീസുകളുടെ പ്രവർത്തനത്തിനുള്ള ഫർണിച്ചറുകളും , സർവ്വവർ റൂം ഇമിഗ്രേഷൻ ഓഫീസ് എന്നിവിടങ്ങളിൽ തടസ്സം കൂടാതെയുള്ള വൈദ്യുതി വിതരണം, ഇൻറർകോം സൗകര്യം എന്നിവയാണ്. ഒപ്പം തന്നെ 
ജീവനക്കാർക്ക് താമസിക്കാനുള്ള കോർട്ടേഴ്സ് നിർമ്മിക്കുകയോ അല്ലാത്തപക്ഷം താമസത്തിനായി വാടക കെട്ടിടം എടുത്ത് നൽകുകയോ ചെയ്യേണ്ടതാണ് .എന്നാൽ നാളിതുവരെയായി ഫെസിലിറ്റേഷൻ സെൻറർ കേരള മാരിടൈം ബോർഡ് റെഗുലേറ്ററി ഏജൻസിക്ക് കൈമാറിയിട്ടില്ല. പോർട്ട് ഗേറ്റ് കോംപ്ലക്സിലാണ് എമിഗ്രേഷൻ കൗണ്ടർ, യാത്രക്കാർക്ക് വരി നിൽക്കാനുള്ള സ്ഥലം, ശുചിമുറി, ഇതര സൗകര്യങ്ങൾ എന്നിവ ഒരുക്കിയിരിക്കുന്നത്.കൊല്ലം തുറമുഖ അധികാരികൾ നാല് സിസിടിവി ക്യാമറകളാണ് തുറമുഖ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ളത്. അഞ്ച് സിസിടിവി ക്യാമറകൾ കൂടി സ്ഥാപിക്കണം. യാത്രക്കാർക്ക് വരാനും പോകാനും കപ്പൽ ജീവനക്കാർക്കും തുറമുഖ ജീവനക്കാർക്കും ആയി ഒരു ഗേറ്റ് ആണ് നിലവിലുള്ളത്. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി കൂടുതൽ ഗേറ്റുകൾ ആവശ്യമാണ്. 11 ഏക്കർ സ്ഥലത്തിൻറെ സുരക്ഷയ്ക്കായി നിരായുധരായ രണ്ട് ജീവനക്കാർ മാത്രമാണ് കൊല്ലം തുറമുഖത്ത് ഉള്ളത്. സുരക്ഷ വർധിപ്പിക്കണം. കൊല്ലം തുറമുഖത്തിന്റെ സംരക്ഷണ ചുമതല സംസ്ഥാന ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന് നൽകണമെന്ന ആവശ്യത്തിന് നാളിതുവരെ കേരള സർക്കാർ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. അന്താരാഷ്ട്ര കപ്പലുകൾക്ക് സേവനം നൽകാൻ തക്കവിധം കൊല്ലം തുറമുഖത്തിന്റെ സംരക്ഷണം സിഐഎസ്എഫ് , കേരള പോലീസ്, സംസ്ഥാന ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് എന്നീ ഏതെങ്കിലും സേനകൾക്ക് കൈമാറണമെന്നും കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും 
 കേന്ദ്ര ആഭ്യന്തര സഹമന്ത്രി ലോകസഭയിൽ പറഞ്ഞു.

@ പോർട്ടിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ മെല്ലെപോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ പറഞ്ഞു. പൊതു നിബന്ധനകൾ പ്രകാരമുള്ള സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്ന ഗുരുതര മായ കാലതാമസം മൂലം കൊല്ലം തുറമുഖത്തിന്റെ വികസനം വഴിമുട്ടിയിരിക്കുകയാണ്. എമിഗ്രേഷൻ ചെക്ക് പോസ്റ്റ് അംഗീകരിക്കുവാൻ നിബന്ധനപ്രകാരമുള്ള സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ്‌ ബി. ബി ഗോപകുമാർ പറഞ്ഞു.


മൈലക്കാട് യു പിഎസിൽ സൃഷ്ടികൾ സമഷ്ടിയിലേക്ക് പദ്ധതി.

മൈലക്കാട് യു പിഎസിൽ സൃഷ്ടികൾ സമഷ്ടിയിലേക്ക് പദ്ധതി.

കൊട്ടിയം : മൈലക്കാട് പഞ്ചായത്ത് യു പി എസിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ തൂലിക -മാഗസിൻ പ്രകാശനം ചെയ്തു.വായനാദിനത്തിൽ ആരംഭിച്ച 131 ദിവസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായിട്ടാണ് മാസിക തയ്യാറാക്കിയത്.കുട്ടികളുടെയും രക്ഷിതാക്കളുടെയും സൃഷ്ടികളാണ് മാസികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സൃഷ്ടികൾ സമഷ്ടിയിലേക്ക് എന്ന പദ്ധതിക്കാണ് സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി തുടക്കമിട്ടത്.സ്കൂൾ എസ്.എം.സി ചെയർമാൻ സുനിൽ ഡ്രീംസിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചാത്തന്നൂർ ഉപജില്ല വിദ്യാഭ്യാസ ആഫീസർ  റോസമ്മ രാജൻ പ്രകാശന കർമ്മം നിർവഹിച്ചു.ബി ആർ സി കോർഡിനേറ്റർ പ്രീത മോൾ, ഹെഡ്മാസ്റ്റർ ജി.എസ് .ആദർശ്, വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ അരുണാ ദേവി, മാതൃസമിതി കൺവീനർ ഡയാന, സിമി സന്തോഷ് കുമാർ, സൗമ്യകൃഷ്ണൻ, രശ്മി, സീതാലക്ഷ്മി എന്നിവർ സംസാരിച്ചു.

ഒല്ലാൽ മേൽപ്പാലം .പരവൂർ നിവാസികളുടെ വർഷങ്ങളായുള്ളസ്വപ്നം സാക്ഷാത്കാരത്തിലേക്ക്

ഒല്ലാൽ മേൽപ്പാലം .പരവൂർ നിവാസികളുടെ വർഷങ്ങളായുള്ള
സ്വപ്നം സാക്ഷാത്കാരത്തിലേക്ക്
@പരവൂരിന് വീണ്ടും കേന്ദ്രസർക്കാർ സമ്മാനം 
പരവൂർ : ഒല്ലാൽ റെയിൽവെ മേൽപ്പാലത്തിന് കേന്ദ്ര റെയിൽവെ മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് പരവൂർ നിവാസികൾ. വർഷ ങ്ങളായിപ്രഖ്യാപനത്തിൽ ഒതുങ്ങി കിടക്കുകയായിരുന്നു മേൽപ്പാല നിർമാണം. .
പതിറ്റാണ്ടുകളായി പരവൂർ മുൻസിപ്പാലിറ്റിയിലെ ജനങ്ങൾ മേൽപ്പാലമെന്ന ആവശ്യവുമായി രംഗത്തുണ്ട്. മേൽപ്പാലമില്ലാത്തതിനാൽ . മണിക്കൂറോളം റെയിൽവേ ഗേറ്റിനുസമീപം കാത്തുനിൽ ക്കേണ്ടിവരുന്നത് പരവൂർ-പാരിപ്പള്ളി-ചാത്തന്നൂർ റോഡിലെ വാഹനയാത്രികരുടെ വർഷങ്ങളായുള്ള ദുരിതമാണ്. പാരിപ്പള്ളി മെഡിക്കൽ കോ
ളേജിലേക്കു പോകുന്ന ആംബുലൻ സുകളുൾപ്പെടെ ഇവിടെ കാത്തുകി ടക്കാറുണ്ട്. മേൽപ്പാലത്തിൻ്റെ അനുമതിക്കായി റെയിൽവേക്ക് കത്തെഴുതിയതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ അറി യിച്ചിരുന്നു. മേൽപ്പാല നിർമാണാനുമതി ലഭിക്കുന്നതിന് റെയിൽവേയുമായി ചർച്ച നടത്താൻ പൊതുമരാമത്ത് സെക്രട്ടറിയെ നോഡൽ ഓഫിസറായി ചുമതലപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു . പ്രഖ്യാപനം കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ ഇടപെടാഞ്ഞതിനെ തുടർന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ 
പ്രധാനമന്ത്രിയ്ക്കും റെയിൽവേ മന്ത്രാലയത്തിനും നിവേദനം നൽകിയിരുന്നു ഇതിനെ തുടർന്നാണ് 
ഇപ്പോൾ  മേൽപ്പാലത്തിന്റെ റെയിൽവെ മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചത്. മേൽപ്പാലം നിർമാണത്തിനായി
36.75 കോടി കിഫ്ബി അനുവദിച്ചിരുന്നു. അനുവദിച്ചത്
513.04 മീറ്റർ നീളത്തിലും 
10.20 മീറ്റർ വീതിയിലുമാണ് മേൽപ്പാലം നിർമിക്കുക.
 കേന്ദ്രസർക്കാർ പദ്ധതിയിൽപ്പെടുത്തി നിർമ്മിക്കുന്ന 
പാരിപ്പള്ളി - പരവൂർ - ചാത്തന്നൂർ റോഡിന്റെ റോഡിന്റെ വികസനത്തിന് തടസമായി നിന്നിരുന്നത്. ഒല്ലാൽ റെയിൽവേ ഗേറ്റാണ്. റോഡ് വികസനത്തിന് ഒപ്പം ഇവിടെ റെയിൽവേയുടെ മേൽപാലം കൂടി വരുന്നതോടെ പരവൂർ - പാരിപ്പള്ളി റോഡ് ഹൈടെക്കാകും. . ആയിരകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റെയിൽവേ ഗേറ്റ് പലപ്പോഴും 20 മിനിറ്റ്മു തൽ അര മണിക്കൂർ 
വരെയാണ് അടച്ചിടുന്നത്.
ഒല്ലാൽ ഓവർ ബ്രിഡ്ജ് യാഥാർത്ഥ്യമാകുന്നതോടെ  ഈ പ്രശ്നത്തിന് ഒരു പരിഹാരമാകും..
പാരിപ്പളി മെഡിക്കൽ കോളേജിലേയ്ക്ക് ഗുരുതരാവസ്ഥയിൽ കൊണ്ട് പോവുന്ന രോഗികൾ പരവൂർ റെയിൽവേ ഗേറ്റിൽ കുടുങ്ങിക്കിടന്ന് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടായിട്ടുണ്ട്. കൊല്ലത്തു നിന്ന് തീരദേശഭാഗങ്ങളായ ഇരവിപുരം, കൂട്ടിക്കട, മയ്യനാട്, മുക്കം, പൊഴിക്കര, തെക്കുംഭാഗം, കാപ്പിൽ, ഇടവ തുടങ്ങിയ സ്ഥലങ്ങളിലുളവർക്ക് ഒല്ലാൽ ഓവർ ബ്രിഡ്ജ് വന്നാൽ പാരിപ്പളിയിൽ പെട്ടെന്നെത്താം. ഒല്ലാൽ ഓവർബ്രിഡ്ജ് യാഥാർത്ഥ്യമായാൽ മുരടിച്ചു നിൽക്കുന്ന പരവൂരിന്റെ വികസനത്തിന് അതൊരു നാഴികക്കല്ലാവും.ചാത്തന്നൂർ -
പരവൂർ - പാരിപ്പള്ളി റോഡിലെ ഏക റെയിൽവേ ഗേറ്റാണിത്.  മെഡിക്കൽ കോളേജിലേയ്ക്ക് പോവുന്ന രോഗികളും യു കെ എഫ് എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിനികളും ഗേറ്റടവ് കാരണം മണിക്കൂറുകളോളം ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. 
പാരിപ്പള്ളി മീനമ്പലം, ചിറക്കര, ബ്ലോക്ക്മരം, അമ്മാരത്ത്മുക്ക്, പൂതക്കുളം, ഊന്നിൻമൂട്, തോണിപ്പാറ
എന്നീ സ്ഥലങ്ങളിൽ നിന്ന് വരുന്നവർ പരവൂർ റെയിൽവേ ഗേറ്റിൽ കുടുങ്ങിക്കിടക്കുന്നത് പതിവ് കാഴ്ച്ചയാണ്. ഇവർക്ക് കൃത്യസമയത്ത് റെയിൽവേ സ്റ്റേഷനിൽ വന്നെത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. പൊഴിക്കരയിൽ മിനി ഫിഷിംഗ് ഹാർബർ നിലവിൽ വന്നാൽ ഒല്ലാൽ ഓവർ ബ്രിഡ്ജ് മത്സ്യമേഖലയ്ക്കും ഒരു നേട്ടമാവും. 

ഫോട്ടോ : ഒല്ലാൽ റെയിൽവെ ഗേറ്റ് അടച്ചിട്ടപ്പോൾ വാഹനങ്ങൾ ഗേറ്റ് തുറക്കാൻ കാത്തു കിടക്കുന്നു.



Monday, 24 July 2023

കേന്ദ്രസർക്കാർ ഫണ്ടിൽ ചാത്തന്നൂർ തിരുമുക്ക്പരവൂർ-പാരിപ്പള്ളി റോഡിന്റെ പുനർനിർമാണപ്രവർത്തനം തുടങ്ങി.


ചാത്തന്നൂർ: കേന്ദ്രസർക്കാർ ഫണ്ടിൽ 
ചാത്തന്നൂർ തിരുമുക്ക്
പരവൂർ-പാരിപ്പള്ളി റോഡിന്റെ പുനർനിർമാണപ്രവർത്തനം തുടങ്ങി.
കേന്ദ്രസർക്കാർ റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി 22.2 കോടി രൂപ ചെലവഴിച്ചാണ് നിർമാണപ്രവർത്തനം നടത്തുന്നത്. ദേശീയപാത നിർമാണവിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണപ്രവർത്തികൾ നടക്കുന്നത്.
 ഒൻപതുമാസത്തെ കരാർ കാലാവധിയാണുള്ളത്. കരാർ പ്രകാരം അടുത്ത വർഷം മാർച്ചിൽ നിർമാണം പൂർത്തീകരിക്കും.പൊതുമരാമത്ത് ചാത്തന്നൂർ റോഡ് സെക്ഷന്റെ അധീനതയിലുള്ള റോഡ് പുനർനിർമാണ
പ്രവർത്തനങ്ങൾക്കായാണ്
ദേശീയപാത വിഭാഗം ഏറ്റെടുത്തിരിക്കുന്നത്. 
ചാത്തന്നൂർ തിരുമുക്കുമുതൽ പൊഴിക്കരക്ഷേത്രംവരെയുള്ള 9.2 കിലോമീറ്ററും പരവൂർ ജങ്ഷനിൽനിന്ന് പാരിപ്പള്ളിവരെയുള്ള 10.25 കിലോമീറ്റർ
റോഡുമാണ് കരാർപ്രകാരം
പുനർനിർമിക്കുന്നത്. ഇതുമായി
ബന്ധപ്പെട്ട് ഓടയുടെയും
കലുങ്കുകളുടെയും
നിർമാണ പ്രവർത്തനങ്ങളാണ് തുടങ്ങിയത്. ബി എം ആൻഡ് ബി സി
ടാറിങ്ങാണ് പ്രധാനമായും
റോഡുപണിയിൽ
ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ
പ്രധാന ജങ്ഷനുകളിലും വെള്ളകെട്ടുള്ള പ്രദേശങ്ങളിലും ഇന്റർലോക്ക് 
കട്ട പാകലും ഷോൾഡർ
കോൺക്രീറ്റും നടത്തും.
റോഡിന്റെ ലെവൽസ് പ്രിപ്പറേഷൻ വർക്ക് നടന്നുകഴിഞ്ഞാലുടൻ റോഡുപണിയും തുടങ്ങും. റോഡ് വീതികൂട്ടൽ ഇല്ലാത്തതിനാൽ നിലവിലുള്ള വീതി കണക്കാക്കിയാണ് ഓടനിർമാണം നടക്കുന്നത്. റോഡ് കൈയേറ്റവുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നുംതന്നെ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതിനാൽ മറ്റ് തടസ്സങ്ങളില്ലാതെയാണ് ഓടനിർമാണം പുരോഗമിക്കുന്നതെന്നും ദേശീയപാത വിഭാഗം അധികൃതർ പറഞ്ഞു.

@ റോഡ് നിർമ്മാണത്തിന് തടസമായി പാഴ്മരങ്ങളും കെ. എസ് ഇ ബിയും പോസ്റ്റുകളും ജലഅതോറിറ്റിയുടെ പഴയ പൈപ്പുകളും 

ചാത്തന്നൂർ - പരവൂർ - പാരിപ്പള്ളി റോഡിൽ വ്യാപകമായി വസ്തു കൈയ്യേറിയിട്ടുണ്ടെന്ന് റവന്യു അധികാരികൾ തന്നെ സമ്മതിക്കുകയാണ്.നിരവധി പാഴ്മരങ്ങളും നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങളും ഉണ്ട് ഇതെല്ലാം തന്നെ റോഡ് വികസനത്തിന് തടസമാണ്. പല മരങ്ങളും റോഡ് സൈഡിൽ തന്നെയാണ് നിൽക്കുന്നത്.റോഡ് നിർമ്മാണത്തിന് ഭീഷണിയാണ്. വൈദ്യുതി ബോർഡിന്റെ പോസ്റ്റുകളും ട്രാൻസ്ഫോർമറും കൂടാതെ അടിക്കടി പൊട്ടുന്ന 
ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പുകളും ഇ റോഡിൽ കൂടി പോയിട്ടുണ്ട് പൈപ്പുകൾ നിരന്തരം പൊട്ടുന്നത് പതിവായി മാറിയിട്ടുണ്ട്.റോഡിന് പല സ്ഥലങ്ങളിലും പല വീതിയിയാണ് ഉള്ളത്.പലയിടത്തും സർവ്വേ നടത്തി പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലങ്ങൾ തിരിച്ചു പിടിച്ചു റോഡിന് വീതി കൂട്ടണമെന്ന ആവശ്യം ശക്തമാണ്.നിലവിലുള്ള റോഡിന്റെ വീതിയനുസരിച്ച് നിർമ്മാണപ്രവർത്തി നടക്കുമ്പോൾ ആശാസ്ത്രിയമായിരിക്കും എന്നാണ് ഇ രംഗത്തെ വിദഗ്ദർ ചൂണ്ടികാട്ടുന്നത്.കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു കൊണ്ട് ശാസ്ത്രിയമായി റോഡ് നിർമ്മിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.




Sunday, 23 July 2023

ട്രാഫിക് നിയന്ത്രിക്കാൻ ആരുമില്ലാതെ നഗരം, ജനം റോഡിൽ വീണാലെന്ത്, വീണ് പിടഞ്ഞാലെന്ത്....?

ട്രാഫിക് നിയന്ത്രിക്കാൻ ആരുമില്ലാതെ കൊല്ലം നഗരം

@ മനുഷ്യന്റെ ജീവന് വില വേണം.  അതായിരിക്കണം ആദ്യത്തെ പരിഷ്കാരം.

കൊല്ലം: കൊല്ലം നഗരത്തിൽ 
ഗതാഗത പരിഷ്കാരമൊക്കെ വരുമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
മനുഷ്യ ജീവന് ഒരു വിലയുമില്ലാത്ത രീതിയിൽ ട്രാഫിക് പരിഷ്കാരം മാറി . എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെയെല്ലാം വാഹനങ്ങളുടെ പ്രളയം തന്നെ. കാൽ നടയാത്രക്കാരൻ നോക്കി നടന്നില്ലെങ്കിൽ  ഏതുനിമിഷവും അപകടക്കെണിയിൽപ്പെടാം, ആയുസ് അറ്റ് പോകാം. നഗരപ്രദേശത്തിലെ 
ഒരു റോഡിലൂടെയും നടക്കാൻ വയ്യ. എങ്ങും വാഹനങ്ങൾ. അവിടെ വാഹനം, ഇവിടെ വാഹനം.ചുറ്റും വാഹനം. സൂക്ഷിച്ചില്ലെങ്കിൽ ജീവിതം വഴിയിൽ പൊലിഞ്ഞതുതന്നെ.  പോക്ക് ആ രീതിയിലാണ്. റോഡുകളെല്ലാം കുപ്പിക്കഴുത്തുപോലെ ഇടുങ്ങിയതാണ്. വികസിപ്പിക്കാനിടമില്ല. പക്ഷേ, വാഹനങ്ങൾ പെരുകി,  ഒരന്തവും കുന്തവുമില്ലാത്ത രീതിയിൽ. അവയെല്ലാം  വന്ന് നിറയുമ്പോൾ ശ്വാസം മുട്ടുകയാണ് എന്നാണ് ജനങ്ങൾ പറയുന്നത്. നഗരത്തിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുന്ന വഴിയോരക്കച്ചവടവും അനധികൃത വാഹന പാർക്കിങ്ങും നിയന്ത്രിക്കാൻ തീരുമാനിച്ചെങ്കിലും ഇതുവരെ ഇത് ഫലപ്രദമായി നടപ്പാക്കാൻ പോലീസിനോ, നഗരസഭയ്‌ക്കോ കഴിഞ്ഞിട്ടില്ല. പലയിടത്തും വാഹനയാത്ര തടസ്സപ്പെടുന്ന നിലയിലാണ് വഴിയോരക്കച്ചവടവും അനധികൃത പാർക്കിങ്ങുമുള്ളത്

@ റെയിൽവേ സ്റ്റേഷന് മുന്നിൽ 
ജനങ്ങൾക്ക് 
റോഡ് മുറിച്ച് കടക്കാൻ പറ്റുന്നില്ല. അതെന്ത്?

റെയിൽവേ സ്റ്റേഷന് മുന്നിൽ 
ലക്കും ലഗാനവും ഇല്ലാതെയാണ് 
വാഹനങ്ങൾ ചീറിപ്പായുന്നത്. അവിടുന്ന് വാഹനം ഇവിടുന്ന് വാഹനം, മറ്റേ റോഡിൽ നിന്നും വാഹനം. ഇതൊക്കെ നിയന്ത്രിക്കാൻ ഇവിടെയാരുമില്ലേ. ഇല്ല അതാണ് പ്രശ്നം. ഒരു പൊലീസുകാരൻ പോലുമില്ല.ഈസ്റ്റ് പോലിസ് സ്റ്റേഷന്റെ മുന്നിലുള്ള ഇവിടെ  പൊലീസുകാരൊക്കെ എവിടെയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
കണ്ടവരുണ്ടോ കണ്ടവരുണ്ടോ ട്രാഫിക് പൊലീസിനെ കണ്ടവരുണ്ടോ. ആരും കാണുന്നില്ല. ഇതാണ് കൊല്ലത്തിന്റെ
പ്രധാന ജംഗഷനായ റെയിൽവേ സ്റ്റേഷന്റെ മുന്നിലെ 
 ഇപ്പോഴത്തെ അവസ്ഥ.
ട്രാഫിക്കുമില്ല, പൊലീസുമില്ല, യാത്രക്കാർ വേണമെങ്കിൽ സൂക്ഷിച്ചുപൊയ്ക്കോളണം.
സൂക്ഷിച്ചില്ലെങ്കിൽ ആർക്കാ ചേതം, ഇല്ലേ. പൊലീസിനോടോ കളി.
പ്രധാന ജംഗ്ഷനുകളെല്ലാം അങ്ങനെ തുറന്ന് കിടക്കുകയാണ്. തുറന്നിട്ടിരിക്കുകയാണ് എന്ന് പറയുന്നതാവും ശരി. പോളയത്തോട് ജംഗ്ഷനിൽ തിരക്കാണ് ഇവിടെ 
കാണാനും കേൾക്കാനും ട്രാഫിക് പൊലീസില്ല. ചിന്നക്കടയിലും സിവിൽ സ്റ്റേഷനിലും  വാഹനങ്ങൾ തന്നെ വില്ലൻ. രാമൻകുളങ്ങര ജംഗ്ഷൻ 
ഗതാഗത കുരുക്കിന്റെ ഒരു കേന്ദ്രമാണ്. തലങ്ങും വിലങ്ങും വാഹനങ്ങൾ.  ഇവിടെയുളളവർ ദിവസവും പേറുന്ന ദുരിതം ആരോട് പറയാനാണ്.

@ പൊലീസിനോട് പരാതി പഞ്ഞാൽ
പ്രയോജനമില്ലാത്ത അവസ്ഥ

ഒരു പൊലീസുകാരനെ പ്രധാന ജങ്ഷനുകളിൽ നിർത്തണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
 പൊലീസിന് ഇപ്പോൾ ഇതിലൊന്നും സമയമില്ലെന്ന്. അവർ മുക്കിന് മുക്കിന്   ഒളിച്ച് നിൽക്കുകയാണ്.ട്രാഫിക് നിയന്ത്രിക്കാനല്ല, ട്രാഫിക് നിയമം ലംഘിച്ച് ഓടിക്കുന്നവരെ പിടിക്കാൻ. എന്ത് നല്ല പൊലീസ് !  പൊലീസ് നീണാൾ വാഴട്ടെ. ജനം റോഡിൽ വീണാലെന്ത്, വീണ് പിടഞ്ഞാലെന്ത് മരിച്ചാലെന്ത്‌ 


@ വൺവേ ട്രാഫിക് പരിഷ്‌കാരങ്ങൾ എല്ലാം താളം തെറ്റി.

കൊല്ലം പള്ളിമുക്ക്,പോളയത്തോട്,
റെയിൽവേ സ്റ്റേഷൻ, എസ് ബി ഐ ജങ്ഷൻ എന്നിവടങ്ങളിലെ ട്രാഫിക് സിഗ്നൽ സംവിധാനങ്ങൾ തകരാറിലായി ഗതാഗത സംവിധാനം 
താളം തെറ്റിയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.ഇവിടങ്ങളിൽ ട്രാഫിക് സിഗ്നൽ സംവിധാനം നോക്ക് കുത്തിയായി നിൽക്കുകയാണ്.
ഹൈസ്കൂൾ ജങ്ങഷനിൽ തോന്നും പോലെ പ്രവർത്തിക്കുന്ന ട്രാഫിക് സിഗ്നൽ സംവിധാനം ട്രാഫിക് സിഗ്നൽ സംവിധാനങ്ങൾ സമയാസമയം അറ്റകുറ്റപണികൾ നടത്താത്തത് മൂലം അടിക്കടി തകരാറിലാകുന്നുവെന്ന പരാതിയുണ്ട്.പലപ്പോഴും അപകടം ഒഴിവാക്കുന്നത് തലനാരിഴയ്ക്കാണ്.
ചിന്നകടയിലും കച്ചേരി ജംഗഷനിലും 
ഗതാഗത നിയന്ത്രണം താളംതെറ്റിയ നിലയിലാണ്.ചിന്നകട ബസ് ബേയിൽ ഉണ്ടാവുന്ന അനധികൃത പാർക്കിങ് ആണ് പ്രാധാന പ്രശ്നം.
കടപ്പാക്കടയിൽ ട്രാഫിക് സംവിധാനം ഉണ്ടാങ്കിലും സിഗ്നൽ തെറ്റിച്ചു ചീറി പായുന്ന വാഹനങ്ങൾ അപകടം വരുത്തി വയ്ക്കുന്നു.
ഇതുകാരണം ഇവിടങ്ങളിൽ വാഹനത്തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി അനുഭവപ്പെടുകയാണ്.


ദുരന്തത്തിലേക്ക് കാലുനീട്ടി ഈ പാലങ്ങൾ, അപകടസാദ്ധ്യത കണ്ടില്ലെന്ന് നടിച്ച് അധികൃതർ

ദുരന്തത്തിലേക്ക് കാലുനീട്ടി ഈ പാലങ്ങൾ, അപകടസാദ്ധ്യത കണ്ടില്ലെന്ന് നടിച്ച് അധികൃതർ 

ചാത്തന്നൂർ : ആയുസ് കഴിഞ്ഞ പാലങ്ങൾ അപകടഭീഷണി ഉയർത്തുമ്പോഴും അധികൃതർ അറിഞ്ഞ മട്ടില്ല. ചാത്തന്നൂർ -ചിറക്കര റോഡിൽ ഉളിയനാട് ശിവക്ഷേത്രം ജംഗഷനിലെ പാലവും തൊട്ടടുത്ത് തന്നെയുള്ള തേമ്പ്ര ജംഗഷനിലെ പാലവുമാണ് അപകടഭീഷണി ഉയർത്തി തകർന്ന് കിടക്കുന്നത്. നടപ്പാതയില്ലാത്ത പ്രശ്നമുണ്ട് പഴക്കംചെന്ന ഇ പാലങ്ങൾക്ക്. എൺപതു കൊല്ലം പിന്നിട്ട  ഉളിയനാട് ശിവക്ഷേത്രം ജംഗഷനിലെ പാലം അപകടപ്പാലമായി മാറിയിട്ട്  വർഷങ്ങളായി.40 വർഷത്തിലധികം പഴക്കമുള്ളതാണ് രണ്ടു പാലങ്ങളും റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കൊപ്പം പണിത പാലങ്ങൾ രണ്ടും പൂർണ്ണമായും തകർന്ന് കിടക്കുകയാണ് ഉളിയനാട് ക്ഷേത്രത്തിന് മുന്നിലെ പാലത്തിന്റെ കൈവരി തകർന്ന് കാട് കയറി കിടക്കുകയാണ് പാലം ഉണ്ടായ ശേഷം യാതൊരു അറ്റകുറ്റപണികളും ഇവിടെ നടന്നിട്ടില്ല പാലത്തിലൂടെ ഭാരമുള്ള വാഹനങ്ങൾ പോകുമ്പോൾ കുലുക്കമാണ് എന്നാണ് നാട്ടുകാർ പറയുന്നത്. തേമ്പ്ര പാലത്തിൽ അറ്റകുറ്റപണികൾ നടത്തിയുട്ടെങ്കിലും പാലത്തിന്റെ അടിഭാഗം ദ്രവിച്ചു തുരുമ്പെടുത്ത കബികൾ വെളിയിൽ കാണുന്ന നിലയിലാണ്. നിരവധി തവണ റോഡ് വീതി കൂട്ടി ടാർ ചെയ്തുവെങ്കിലും പാലത്തിന്റെ പുനർനിർമ്മാണം അവഗണിക്കുകയായിരുന്നു.

@ നിയോജകമണ്ഡലത്തിലെ തന്നെ പ്രധാന റോഡായ ചാത്തന്നൂർ- ചിറക്കര - പുത്തൻകുളം റോഡ് 

റോഡിന് വീതി കൂടുതലും പാലത്തിന്റെ വീതി കുറവുമാണ്.
റോഡിന് വീതി കൂടുതൽ ആണെങ്കിൽ പാലങ്ങൾക്ക് വീതി കുറവുമാണ് ഒരേ സമയം ഇരു സൈഡിൽ നിന്നും വാഹനങ്ങൾ വന്നാൽ ഒരു സൈഡിൽ വാഹനം നിർത്തിയിട്ടാൽ മാത്രമേ മറ്റ് സൈഡിലെ വാഹനത്തിന് പോകാൻ പറ്റുന്ന അവസ്ഥയാണ്. ദിവസവും ആയിരകണക്കിന് വാഹനങ്ങൾ ഇത് വഴി പോകുന്നുണ്ട്. ഭാരം കൂടിയ വാഹനങ്ങൾ പോകുന്നത് നിരോധിക്കണമെന്ന ആവശ്യവും ശക്തമാണ്. വർക്കല ശിവഗിരിയിലേക്ക് പോകുന്ന പ്രാധാന ബൈപാസ് റോഡ് കൂടിയാണിത്. ഏതു നിമിഷവും അപകടം സംഭവിച്ചേക്കാമെന്ന നിലയിലാണ് ഈ രണ്ടു പാലങ്ങളുമി
പ്പോൾ. അടിക്കെട്ട് പൊളിഞ്ഞും കൈവരി തകർന്നുമാണ്  രണ്ടു പാലങ്ങളുടെയും കിടപ്പ്. അടിയന്തിരമായി 
 ഗതാഗതനിയന്ത്രണം നടത്തി
ചരക്കുവാഹനങ്ങളുടെ നിരന്തരസഞ്ചാരത്തിൽ നിയന്ത്രണം നടത്തി പല പാലങ്ങളും പുനർനിർമ്മാണം നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.


പാരിപ്പള്ളിയിൽ കഞ്ചാവ് വേട്ട കഞ്ചാവ് മൊത്തകച്ചവടക്കാർ പിടിയിൽ

പാരിപ്പള്ളിയിൽ കഞ്ചാവ് വേട്ട കഞ്ചാവ് മൊത്തകച്ചവടക്കാർ പിടിയിൽ 

ചാത്തന്നൂർ: പാരിപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട മൂന്ന് പേര് അറസ്റ്റിലായി. പൂത്തൻകുളം നെടുവള്ളി ചാലിൽ രാജാലയം വീട്ടിൽ രാജേഷ് (36), പാരിപ്പള്ളി എഴിപ്പുറം പാലവിളപുത്തൻവീട്ടിൽ വിശ്വoഭരൻ മകൻ ഷിബു (44),പാരിപ്പള്ളി എഴിപ്പുറം സലാഹുദ്ധീൻ മൻസിലിൽ നവാസ് മകൻ സലാഹുദ്ധീൻ (29)എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
15കിലോ മുന്നൂറ് ഗ്രാം കഞ്ചാവുമായാണ് ഇവരെ ചാത്തന്നൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്‍തത്.
ഇന്നലെ രാവിലെ പത്തരയോടെ പാരിപ്പള്ളി മൂക്കടയിൽ വച്ച് തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് മാരുതി കാറിൽ കഞ്ചാവുമായി വരവേയാണ് എക്സൈസ് സംഘം സിനിമ സ്റ്റൈലിൽ പിടികൂടിയത്.ആന്ധ്രയിൽ നിന്നും ട്രയിനിൽ കൊണ്ട് വന്ന കഞ്ചാവ്
തിരുവനന്തപുരത്ത് 
 നിന്ന് ഇടനിലക്കാരൻ വഴി വാങ്ങി 
  ഒഴിഞ്ഞ പ്രദേശത്ത് വാഹനം നിർത്തി
 ഏജന്റുമാർ മുഖേന കാറുകളിലും മറ്റും
ചെറു ഏജന്റുമാർക്ക് എത്തിച്ചു നൽകുകയാണ് 
ഇങ്ങനെ എത്തിക്കുന്ന കഞ്ചാവ് ചെറു  പാക്കറ്റുകളാക്കിയാണ് ഇവർ ആവശ്യക്കാർക്ക് കൊടുക്കുന്നത്.
കൊല്ലം ജില്ലയിലെ 
വിവിധ ഭാഗങ്ങളിലേക്ക് 
കഞ്ചാവ് എത്തിക്കുന്ന വൻസംഘത്തിലെ കണ്ണികളാണിവരെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മുൻപും നിരവധി തവണ കഞ്ചാവ് കൊണ്ട് വന്ന് ആവശ്യക്കാർക്ക് കൈമാറി വരികയായിരുന്നു.
 പിടിയിലായവർ നിരവധി ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടവരുമാണ് ഒന്നാം പ്രതിയായ രാജേഷ് പാരിപ്പള്ളിയിൽ ഓട്ടോ റിക്ഷ ഡ്രൈവറാണ് ഓട്ടോ റിക്ഷ ഓടുന്നതിനിടയിൽ കഞ്ചാവ് മൊത്തമായും ചില്ലറയായും വില്പന നടത്തി വരികയായിരുന്നു.
പ്രതികൾക്ക് കഞ്ചാവ് വാങ്ങാനുള്ള സാമ്പത്തിക സഹായം നൽകിയവരേയും പിടികൂടുമെന്ന് കമ്മീഷ്ണർ വ്യക്തമാക്കി. കേസിൽ ഇനിയും പ്രതികളുണ്ടെന്നും ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, പ്രൈവന്റ്റീവ് ഓഫിസർമാരായ വിനോദ്, ശിഹാബുദ്ധീൻ, ആരോമൽ, നവാസ്, ബിജോയ്, വനിത എക്സൈസ് ഓഫിസർമാരായ ദിവ്യ, ജിഷ, റാണി സൗന്ദര്യ എന്നിവർ നേത്രത്വം നൽകി.

Friday, 21 July 2023

അവയവദാന ശസ്ത്രക്രീയ സാധാരണക്കാർക്ക് വേണ്ടി സർക്കാർ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കും - വീണജോർജ്

അവയവദാന ശസ്ത്രക്രീയ സാധാരണക്കാർക്ക് വേണ്ടി സർക്കാർ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കും - വീണജോർജ് 

ചാത്തന്നൂർ : അവയവദാന ശസ്ത്രക്രീയ സാധാരണക്കാർക്കും ഉപയോഗപ്രദമാക്കുന്ന രീതിയിൽ
സർക്കാർ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ ശിശുഷേമ വകുപ്പ് മന്ത്രി വീണജോർജ് പറഞ്ഞു.ചിറക്കരയിലെ പ്രതമികാരോഗ്യകേന്ദ്രം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നിലവിൽ സ്വകാര്യ മേഖലയിൽ ലക്ഷകണക്കിന് രൂപ ചിലവാക്കി ചിലവേറിയ രീതിയിലാണ് അവയവമാറ്റ ശസ്ത്രക്രീയയും അതിനോടനുബന്ധിച്ചുള്ള ചികിത്സകളും നടക്കുന്നത് ഇത് സാധാരണകാർക്ക് പ്രയോജനപ്പെടുത്തക്കരീതിയിൽ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നീ മെഡിക്കൽ കോളേജുകളിലും ഇതിനുള്ള ചികിത്സ സൗകര്യങ്ങൾ ഏർപ്പെടുത്തി 
കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.രോഗത്തിനുള്ള ചികിത്സയ്ക്ക് ഒപ്പം രോഗം വരാതിരിക്കാനുള്ള രോഗപ്രതിരോധ നടപടികൾ കൂടി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ശൈലി ആപ്പിലൂടെ സംസ്ഥാന സർക്കാർ നടപ്പാക്കി കൊണ്ടിരിക്കുകയാണ്.ചിറക്കരയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ
ലാബ് സൗകര്യം ഏർപ്പെടുത്തി 
കുടുംമ്പാരോഗ്യകേന്ദ്രമാക്കി ഉയർത്തി 
ഇ ഹെൽത്ത് പദ്ധതി കൂടി നടപ്പാക്കി കൊണ്ട് പേപ്പർ രഹിത ആശുപത്രിയാക്കി മാറ്റുമെന്നും വീണജോർജ് പറഞ്ഞു.ജി.എസ്. ജയലാൽ എം എൽ എ അധ്യക്ഷത വഹിച്ചു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ഷിനു. കെ. എസ് റിപ്പോർട്ട് അവതരിപ്പിച്ചു, ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീജഹരീഷ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. എം. കെ. ശ്രീകുമാർ, ജില്ല പഞ്ചായത്ത്‌ അംഗം ആശാദേവി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ എസ്. ശർമ്മ, സി. ശകുന്തള, ബിജെപി മണ്ഡലം പ്രസിഡന്റ്‌ ശ്യാംപ്രവീൺ, ഗ്രാമപഞ്ചായത്ത്‌ അംഗം എൽ. രാഗിണി, എം. ആർ. രതീഷ്, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം ഓഫിസർ ദേവ് കിരൺ, പഞ്ചായത്ത്‌ സെക്രട്ടറി ആർ സുനിൽകുമാർ എന്നിവർ സംസാരിച്ചു.ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സുശീലദേവി സ്വാഗതവും മെഡിക്കൽ ഓഫിസർ ഡോ. അഞ്ജനബാബു നന്ദിയും പറഞ്ഞു.ആശുപത്രിയ്ക്ക് വേണ്ടി വസ്തു വിട്ട് നൽകിയ ഡോ. രവീന്ദ്രനെ ചടങ്ങിൽ ആദരിച്ചു.
ഫോട്ടോ :ആരോഗ്യ ശിശുക്ഷേമവകുപ്പ് മന്ത്രി വീണജോർജ് ഉത്ഘാടനം ചെയ്യുന്നു.

Wednesday, 19 July 2023

ജില്ലയിൽ സുനാമി ഇറച്ചി കച്ചവടം

നിയമങ്ങളെ നോക്ക് കുത്തിയാക്കി 
ജില്ലയിൽ സുനാമി ഇറച്ചി കച്ചവടം 

കൊല്ലം : നിയമം അനുശാസിക്കുന്ന നിബന്ധനകളെല്ലാം കാറ്റില്‍പ്പറത്തി അനധികൃത മാംസവില്‍പ്പന. ഓണത്തിന്റെ മറവിലാണ് ചത്ത മൃഗങ്ങളെ കശാപ്പുചെയ്‌തെടുക്കുന്ന 'സുനാമി ഇറച്ചി' ജില്ലയിൽ വന്‍തോതില്‍ വിപണിയില്‍ വിറ്റഴിക്കുന്നത്.
സുനാമിയിറച്ചിയുടെ കച്ചവടം ഉണ്ടെന്ന് 
 ജനങ്ങള്‍ ആരോപണം ഉന്നയിക്കുമ്പോള്‍ . എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. 
തമിഴ് നാട്ടിൽ നിന്നും 
ഏജന്റുമാര്‍ മുഖേന  വമ്പിച്ച വിലക്കുറവില്‍ വാങ്ങുന്ന സുനാമി ഇറച്ചി പലയിടത്തും വലിയൊരളവില്‍
നല്ല മാംസവുമായി ഇടകലര്‍ത്തി നല്‍കുന്നതായാണ് വിവരം. അംഗീകൃത അറവുശാലകളില്‍നിന്ന് മാംസമെത്തിക്കുന്നതിന് പകരം വൃത്തിഹീനമായ സാഹചര്യത്തില്‍ കശാപ്പുചെയ്ത മൃഗങ്ങളുടെ മാംസമാണ് പലയിടത്തും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതെന്ന് പരാതിയുണ്ട്.
ഓണത്തിന്റെ മറവിൽ പലയിടത്തും രോഗം ബാധിച്ചവയെയും ഗര്‍ഭിണികളായ മൃഗങ്ങളെയും കശാപ്പിന് വിധേയമാക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട് എന്നാൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വാഹനങ്ങളില്‍ മാംസം കയറ്റിക്കൊണ്ടുപോവുന്നത് ശീതീകരിച്ച സംവിധാനങ്ങളോടെ വേണമെന്നാണ് നിയമം. എന്നാല്‍ മൂടിയിടാതെ തുറന്ന വാഹനങ്ങളില്‍ മാംസം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക്കൊണ്ടുപോവുന്നുവെന്ന് പരാതിയുണ്ട്. പകര്‍ച്ചവ്യാധികള്‍ ഒഴിവാക്കുന്നതിനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളൊന്നും ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്നില്ല.
മാംസം വില്‍ക്കുന്ന സ്റ്റാളുകളില്‍ വെള്ളം പറ്റിപ്പിടിക്കാത്ത വലിയ ടൈല്‍ വിരിക്കണമെന്നാണ് നിയമം. നിലം അഞ്ചടി ഉയരത്തിലാവുകയും വേണം. വായുസഞ്ചാരവും വാതിലും വേണമെന്നുള്ളത് നിര്‍ബന്ധമാണ്. മാംസം കഴുകിയെടുക്കാന്‍ ചൂടുള്ള വെള്ളവും സ്റ്റാളുകളില്‍ സജ്ജമാക്കണമെന്നും നിയമമുണ്ട് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തുന്നതിന് 
ഒപ്പം തന്നെ അറവ് ശാലകൾ 
മാംസാവശിഷ്ടങ്ങള്‍ പൊതുനിരത്തുകളിലോ പുറത്തോ അലക്ഷ്യമായി നിക്ഷേപിക്കരുതെന്ന നിയമവും പാലിക്കപ്പെടുന്നില്ല. റോഡരികിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും ജലാശയങ്ങളും മാംസാവശിഷ്ടങ്ങളുടെ നിക്ഷേപകേന്ദ്രങ്ങളായിമാറുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്. അറവുമാലിന്യങ്ങള്‍ വൃത്തിഹീനമായി കൂട്ടിയിടുന്നതുമൂലം തെരുവുനായ്ശല്യവും രൂക്ഷമാണ്. ഇറച്ചി സ്റ്റാളുകളില്‍നിന്ന് പുറന്തള്ളുന്ന രക്തവും മറ്റും ഓടകളിൽ അറപ്പുളവാക്കുന്നവിധം കെട്ടിക്കിടക്കുന്നു.


ആകാശം കറുത്താല്‍ ചിറക്കര ഇരുട്ടില്‍

ആകാശം  കറുത്താല്‍ ചിറക്കര  ഇരുട്ടില്‍

ചാത്തന്നൂർ : ഇളംതെന്നലോ ചാറ്റല്‍ മഴയോ ഉണ്ടാകരുതെന്നാണ് ചിറക്കരയിലെ പതിനായിരത്തോളം 
വരുന്ന ഉപഭോക്താക്കളുടെ പ്രാര്‍ഥന. കാറ്റോ മഴക്കാറോ എത്തിയാല്‍ വൈദ്യുതി മുടക്കം ഇവിടെ പതിവാണ്. ഇതിനൊപ്പം വൈദ്യുതി ജീവനക്കാരുടെ അലംഭാവം കൂടിയാകുമ്പോള്‍ അപ്രഖ്യാപിത പവര്‍കട്ട് മണിക്കൂറുകള്‍ നീളും. അപ്രഖ്യാപിത പവര്‍കട്ടും വൈദ്യുതിമുടക്കവും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കാട്ടി നിരവധി ഉപഭോക്താക്കള്‍ സെക്ഷന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു പ്രയോജനവുമില്ല. കാറ്റും മഴയും ഉണ്ടാകുന്ന ഘട്ടങ്ങളില്‍ മരങ്ങള്‍ക്കും തെങ്ങുകള്‍ക്കും മുകളില്‍ വീഴുന്ന വൈദ്യുതിലൈനുകള്‍ മാറ്റുന്ന ജോലികളും മറ്റ് അറ്റകുറ്റപ്പണികളും യഥാസമയം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരുന്നു. ചിലപ്പോള്‍ മഴക്കാറ് കാണുമ്പോള്‍ തന്നെ കെ എസ് ഇ ബി ചിറക്കരയിലേക്കുള്ള 
 മെയിന്‍ ഫീഡര്‍ ഓഫ് ചെയ്യുന്നതോടെ സെക്ഷന്‍ പരിധി മുഴുവന്‍ ഇരുട്ടിലാകും. ചാത്തന്നൂർ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ജീവനക്കാരുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനവും അപ്രഖ്യാപിത വൈദ്യുതി തടസത്തിന് ഇടയാക്കുന്നുണ്ട്.

ബോട്ടില്ല.ജട്ടികൾ ഏറെ.തുലച്ചത് ലക്ഷങ്ങൾ നോക്കുകുത്തികളായി പരവൂരിലെ ബോട്ടുജട്ടികൾ

ബോട്ടില്ല.ജട്ടികൾ ഏറെ.തുലച്ചത് ലക്ഷങ്ങൾ നോക്കുകുത്തികളായി പരവൂരിലെ ബോട്ടുജട്ടികൾ

പരവൂർ: ലക്ഷങ്ങൾ ചെലവഴിച്ചു നിർമ്മിച്ച ബോട്ടുജട്ടികൾ ആർക്കും പ്രയോജനമില്ലാതെ നോക്കുകുത്തികളായി നശിക്കുന്നു. നഗരമദ്ധ്യത്തിലെയും പൂതക്കുളം ഗ്രാമപഞ്ചായത്തിലെയും ജലാശയങ്ങളിൽ മാത്രമുണ്ട് ഉദ്ഘാടനം ചെയ്യപ്പെട്ടതും അല്ലാത്തതുമായമായി അരഡസനോളം ബോട്ടുജട്ടികൾ. പത്തുലക്ഷത്തിൽപ്പരംരൂപ മുടക്കി നിർമ്മിച്ചവയാണ് ഓരോന്നും. ഉൾനാടൻ ജലഗതാഗതവകുപ്പ് നാല് വർഷംമുമ്പ് നിർമ്മാണം പൂർത്തിയാക്കിയ മനോഹരമായ ബോട്ടുജട്ടികൾ എന്തിനുവേണ്ടിയായിരുന്നു വെന്നു ഇനിയും ആർക്കും മനസിലായിട്ടില്ല. ഒരുബോട്ടുപോലും ഈ ജട്ടികളിൽ അടുത്തിട്ടില്ല .യാത്രക്കായി ആരും എത്താറുമില്ല. പതിനാറ്റാണ്ടുകളായി ബോട്ടിന്റെ ശബ്ദം പോലും കേട്ടിട്ടില്ലാത്ത മണിയംകുളം തോടിന്റെ കരയിലും ഇടവ-നടയറ കായൽക്കരയിലും ലക്ഷങ്ങൾ ചെലവഴിച്ച് സൈഡ് വാൾ നിർമ്മിച്ചിട്ടുണ്ട്-ബോട്ടുകൾ പോകുമ്പോൾ ഉണ്ടാകുന്ന ഓളസമ്മർദ്ദത്തിൽ നിന്ന് തീരങ്ങളെ സംരക്ഷിക്കാൻ പരവൂർ തെക്കുംഭാഗം നേരുകടവ് പീന്തമുക്ക്കടവിലാണ് മറ്റൊരു ബോട്ട് ജട്ടി. സംസ്ഥാന ജലപാതയായ കൊല്ലം - കോവളം ജലപാതയുടെ തലങ്ങും വിലങ്ങും ടൂറിസ്റ്റ് ബോട്ടുകൾ കടന്നു പോകുമെന്ന് കരുതിയാണ് ബോട്ടുജട്ടികൾ നിർമ്മിച്ചത്. ഇപ്പോൾ ചില ബോട്ടുജട്ടികളുടെ സമീപം കാടുവളർന്നത് സാമൂഹിക വിരുദ്ധരുടെ താവളങ്ങളായി മാറിയിട്ടുണ്ട്. എന്നാൽ കലയ്ക്കോട് പി എച്ച് സിയിലേക്കും പള്ളികളിലേയ്ക്കും കയർ, കശുഅണ്ടി മേഖലകളിലേയ്ക്കും പോകുന്നവർക്ക് അനുഗ്രമായിരുന്നു നേരുകടവ് ബോട്ട് ജട്ടി. നെല്ലേറ്റിൽ ഇടയാടി കാപ്പിൽ ജട്ടികൾ വിദ്യാർത്ഥികൾക്കും കയർ, കശുഅണ്ടി തൊഴിലാളികൾക്കും അനുഗ്രമായിരുന്നു. ശുദ്ധമായ വെള്ളമുള്ള ഇടവ - നടയറ കായലിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ബോട്ടുകൾ സർവ്വീസ് നടത്താവുന്നതാണ്. 12-)o ധനകാര്യകമ്മിഷനിൽ ഉൾപ്പെടുത്തി പ്രത്യേകം അനുവദിച്ച തുക കൊണ്ടാണ് ബോട്ടുജട്ടികൾ നിർമ്മിച്ചത് . ഫണ്ട് ലാപ്സാകാതിരിക്കാനാണ് തിടുക്കത്തിൽ ജെട്ടികൾ നിർമ്മിച്ചതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. മണിയംകുളം തോട്ടിലെ ചിലയിടങ്ങളിലും ബോട്ട് ജട്ടി നിർമ്മിക്കാൻ തുക അനുവദിച്ചിരുന്നു.പ്രയോജനകരമല്ലെന്ന് കണ്ട് അവ പീന്നീട് ഒഴിവാക്കുകയായിരുന്നുവത്രെ.

ബോട്ട് ജെട്ടികൾ പുതുക്കി പണിഞ്ഞു കൊണ്ട് കടത്ത് വള്ളം മാറ്റി 
 ബോട്ട് സർവ്വീസ് ഏർപ്പെടുത്തണം
അപ്പു സജീഷ് മാങ്കൂട്ടം
(ബിജെപി പാർലമെന്ററി പാർട്ടി ലീഡർ 
പൂതക്കുളം ഗ്രാമ പഞ്ചായത്ത്)
പൂതക്കുളം ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി യന്ത്രവൽക്കൃതബോട്ടുകൾ സർവ്വീസ് നടത്തുന്നതിന് പദ്ധതി ആവിഷ്കരിച്ചതാണ്. എന്നാൽ ഉദ്യോഗസ്ഥരുടെ താല്പര്യമില്ലായ്മകാരണം പദ്ധതി തുടക്കത്തിലേ പാളി.എന്നാൽ ലോക ബാങ്കിന്റെ ധനസഹായം ഉപയോഗപ്പെടുത്തി ഈ പദ്ധതി നടപ്പിലാക്കാൻ ഇനിയും കഴിയും .ഇപ്പോൾ രാത്രിയിൽ ആശുപത്രികളിലും മറ്റും പോകാൻ നെല്ലേറ്റിൽ നിന്ന് പഴയ വള്ളത്തിൽ കാപ്പിൽ കടവിലെത്തേണ്ടതുണ്ട്.. ബോട്ട് സർവ്വീസ് ഉണ്ടായിരുന്നെങ്കിൽ ജനങ്ങൾക്ക് വളരെ സൗകര്യപ്രദമാകുമായിരുന്നു .രണ്ടുപേർക്ക് സ്ഥിരം ജോലിനൽകാനും പഞ്ചായത്തിന് കഴിയും
വർക്കലയിൽ നിന്ന് എളുപ്പം എത്താംകൂടാതെ ബോട്ട് സർവ്വീസ് ആരംഭിച്ചാൽ വിദേശികൾ ഉൾപ്പടെയുള്ളവർക്ക് വർക്കലയിൽ നിന്ന് വട്ടം ചുറ്റാതെ പരവൂരിൽ എളുപ്പംവരാം. ടൂറിസവും വികസിക്കും.

പരിശോധനകളെയെല്ലാം മറികടന്ന് ജില്ലയിലേക്ക് വ്യാജഭക്ഷ്യ എണ്ണ എണ്ണയൊഴുകുന്നു.

പരിശോധനകളെയെല്ലാം മറികടന്ന് ജില്ലയിലേക്ക് വ്യാജഭക്ഷ്യ എണ്ണ എണ്ണയൊഴുകുന്നു.

@ വ്യാജഎണ്ണ 
സംഭരണം ഓണ വിപണി ലക്ഷ്യമിട്ട് 

കൊല്ലം : പരിശോധനകളെയെല്ലാം മറികടന്ന് പാചകത്തിനായി വ്യാജഭക്ഷ്യ എണ്ണയൊഴുകുന്നു. ഓണം മുന്നിൽ കണ്ട് കൊണ്ട് ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഗോഡൗണുകളിലാണ്
വ്യാജഭക്ഷ്യ എണ്ണ സംഭരിക്കുന്നത്.
പരിശോധനയിൽ പോലും കണ്ടെത്താനാവാത്ത മായം കലർത്തി കൊള്ളലാഭത്തിനായി നടത്തുന്ന കച്ചവടച്ചതി കണ്ടെത്താൻ
നമ്മുടെ നാട്ടിൽ സംവിധാനങ്ങളുമില്ല. തമിഴ്നാട്ടിൽ നിന്നും വരാൻ പോകുന്ന ഓണം സീസൺ ലക്ഷ്യമിട്ട് ദിനവും ആയിരകണക്കിന് ലിറ്റർ എണ്ണയാണ് ഗോഡൗണുകളിൽ എത്തുന്നത്.
തമിഴ് നാട്ടിൽ നിന്നും 
കിലോയ്ക്ക് 85 രൂപയുള്ള കൃത്രിമ എണ്ണ കൊണ്ട് വന്ന് വെളിച്ചെണ്ണയിൽ കലർത്തിയാണ് വിൽക്കുന്നത്.
കൃത്രിമ എണ്ണയിൽ 20 ശതമാനം മാത്രം വെളിച്ചെണ്ണ കലർത്തി വിൽക്കുന്നതാകട്ടെ കിലോയ്ക്ക്
120 മുതൽ 150 രൂപയ്ക്കും. പരിശോധിച്ചാലും പോലും കണ്ടെത്താൻ കഴിയാത്ത എണ്ണയാണ് വെളിച്ചെണ്ണയിൽ ചേർക്കുന്നതെന്നാണു കച്ചവടക്കാർ പറയുന്നത്.  പ്രത്യേകിച്ച് മണമോ രുചിയോ ഇല്ലാത്ത വ്യാജഎണ്ണയിലേക്ക് 
 കൊപ്ര ചിപ്സ് ചേർത്ത് ഇളക്കുകയോ ഇരുപത് ശതമാനം നല്ല വെളിച്ചെണ്ണ കലർത്തുകയോ ചെയ്താൽ യഥാർഥ വെളിച്ചെണ്ണയുടെ മണവും നിറവും കിട്ടുമത്രേ. ലാബ് പരിശോധനയിൽ പോലും തട്ടിപ്പ് കണ്ടെത്താനാകില്ലെന്നും കച്ചവടക്കാർ പറയുന്നു. കൊളളലാഭം മാത്രം ലക്ഷ്യമിട്ടാണ് വെളിച്ചെണ്ണ വിപണിയിലെ കച്ചവടക്കാർ  വ്യാജനെ ആശ്രയിക്കുന്നത്. ആട്ടിയെടുക്കുന്ന നല്ല 
വെളിച്ചെണ്ണ ഒരു കിലോ ഇരുന്നൂറ് രൂപയ്ക്ക് മുകളിലാണ് വിലയെങ്കിൽ
വ്യാജ എണ്ണയുടെ വില 80-85 രൂപയാണ്
അതായത് വെളിച്ചെണ്ണയെന്ന പേരിൽ പാക്ക് ചെയ്ത് വിവിധ ബ്രാന്റുകളിൽ 
വിപണിയിലിറക്കിയാൽ കിലോ ഒന്നിന് കിട്ടുന്ന ലാഭം 40മുതൽ 80 രൂപയിലേറെയാണ്.വെളിച്ചെണ്ണയിൽ മാത്രമല്ല. നല്ലെണ്ണയിലും, സൂര്യകാന്തി എണ്ണയിലും വ്യാജ എണ്ണ 
ചേർത്തുളള ഈ തട്ടിപ്പ് വ്യാപകമാണ്. ജില്ലയിൽ പ്രചാരത്തിലുളള ഏറിയ പങ്ക് പാക്കറ്റ് എണ്ണയിലും ഈ കൃത്രിമം നടക്കുന്നുണ്ടെന്നും കച്ചവടക്കാർ പറയുന്നു.

@ വെളിച്ചെണ്ണ വിപണിയിൽ നിരവധി രൂപത്തിലും ഭാവത്തിലും വ്യാജ എണ്ണ

ജനങ്ങളുടെ വെളിച്ചെണ്ണ പ്രിയം മുതലെടുപ്പ് നടത്തി കവറിലും കുപ്പിയിലും പ്രമുഖ ബ്രാന്റുകളുടെ പേരുകളിലും വിപണിയിൽ വ്യാജൻ ഉണ്ടെന്ന് കച്ചവടക്കാർ തന്നെ സമ്മതിക്കുന്നു. പൊരിപ്പ് കടകളിലേക്കും പലഹാരശാലകളിലുമാണ് വ്യാജഎണ്ണ വൻതോതിൽ വിറ്റഴിക്കുന്നത്. ഓണവിപണിയിൽ കച്ചവടത്തിനായി പ്രമുഖ ബ്രാന്റുകൾ തന്നെ വ്യാജനെയിറക്കുമെന്ന് കച്ചവടക്കാർ പറയുന്നു.ലക്ഷകണക്കിന് ലിറ്റർ വ്യാജഎണ്ണ ഇതിനായി ജില്ലയിലെത്തി കഴിഞ്ഞു ഇതിന്റെ വിതരണവും തുടങ്ങി കഴിഞ്ഞു.
@ കടകളിൽ ഭഷ്യ സുരക്ഷാവകുപ്പിന്റെ പരിശോധനയില്ലാത്തതാണ് വ്യാജ എണ്ണ കൂടുതലായി വിൽക്കുന്നതിന്റെ കാരണം. ജില്ലയിലെ ചെക്ക് പോസ്റ്റുകൾ വഴിയാണ് യാതൊരു രേഖകളും ഇല്ലാതെ വ്യാജ എണ്ണ കടത്തുന്നത്. കച്ചവടക്കാർ ലാഭം ലക്ഷ്യമിട്ട് കച്ചവടം ചെയ്യുമ്പോൾ പരിശോധനയിലൂടെ ഗുരുതരമായ ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്ന വ്യാജഎണ്ണയ്ക്ക് തടയിടാൻ  സർക്കാർ സംവിധാനത്തിനും 
ഭഷ്യസുരക്ഷാവകുപ്പിനും കഴിയുന്നില്ല.









Monday, 17 July 2023

ചാത്തന്നൂരിൽ കാന്താരീസ് മിനികഫേ പ്രവർത്തനം ആരംഭിച്ചു.

ചാത്തന്നൂരിൽ കാന്താരീസ് മിനികഫേ പ്രവർത്തനം ആരംഭിച്ചു.
ചാത്തന്നൂർ : ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീയുടെ സംരഭമായ കാ‍ന്താരിസ് മിനികഫേ
 ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു.ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ദിജു. ടി ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീജഹരീഷ്, ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നിർമ്മല വർഗീസ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സിനിഅജയൻ, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സിന്ധുഉദയൻ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ സജീവ് കുമാർ,ലീലാമ്മചാക്കോ, പഞ്ചായത്ത്‌ സെക്രട്ടറി സജീവ്, സി ഡി എസ് ചെയർപേഴ്സൺ 
ലൈല,സി ഡി എസ് അംഗങ്ങളായ 
കവിതദേവി, അർച്ചന, സേതുലക്ഷ്മി, ഷൈനി എന്നിവർ നേത്രത്വം നൽകി.
ഫോട്ടോ : ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ദിജു. ടി ഉത്ഘാടനം ചെയ്യുന്നു.

എൻ.എസ്.എസ്ചാത്തന്നൂർ താലൂക്ക് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ രാമായണമാസാചരണം ആരംഭിച്ചു

ചാത്തന്നൂർ: എൻ.എസ്.എസ്
ചാത്തന്നൂർ താലൂക്ക് 
കരയോഗ യൂണിയന്റെ നേതൃത്വത്തിൽ രാമായണമാസാചരണം ആരംഭിച്ചു എൻ.എസ്.എസ് ആസ്ഥാനത്തിലെ ആചാര്യ സ്മൃതി മണ്ഡപത്തിൽ പ്രസിഡൻറ്  ചാത്തന്നൂർ മുരളി  ഭദ്രദീപം കൊളുത്തി രാമായണ മാസാചരണത്തിന് തുടക്കം കുറിച്ചു.  28ന്  രാവിലെ 9 മണി മുതൽ എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഓഡിറ്റോറിയത്തിൽ രാമായണ സദസും  രാമായണത്തെ അടിസ്ഥാനമാക്കിയുള്ള പ്രശ്നോത്തരിയും,വിവിധ മത്സരങ്ങളും നടക്കുന്നതാണ്.
ചടങ്ങിൽ എൻ എസ് എസ് പ്രതിനിധിസഭാ അംഗം ബാലകൃഷ്ണൻ നായർ, കമ്മിറ്റി അംഗങ്ങളായ  ജെ .അംബിക ദാസൻ പിള്ള,ബി. വിജയൻ പിള്ള,  യൂണിയൻ സെക്രട്ടറി ടി.അരവിന്ദാക്ഷൻപിള്ള, എൻ.എസ്.എസ് ഇൻസ്പെക്ടർ എസ് .ശ്രീജിത്ത്, ആധ്യാത്മിക പഠന കേന്ദ്രം യൂണിയൻ  കോഡിനേറ്റർ പൂതക്കുളം അനിൽകുമാർ,
 എം.എസ്.എസ്. എസ് കോഡിനേറ്റർ അംബികാ മൗലീധരൻ എന്നിവർ നേത്രത്വം നൽകി.
ഫോട്ടോ: എൻ എസ് എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ചാത്തന്നൂർ മുരളി ഭദ്രദീപപ്രകാശനം നടത്തുന്നു.

മുണ്ടയ്ക്കൽ പാപനാശം കടപ്പുറത്ത് ബലിതർപ്പണത്തിനായി ആയിരങ്ങളെത്തി

കൊട്ടിയം : മുണ്ടയ്ക്കൽ പാപനാശം കടപ്പുറത്ത് ബലിതർപ്പണത്തിനായി ആയിരങ്ങളെത്തി. തന്ത്രി തടത്തിൽ മഠo ടി.കെ.ചന്ദ്രശേഖര സ്വാമിയുടെ മുഖ്യകാർമികത്വത്തിലാണ് പിതൃതർപ്പണ ചടങ്ങുകൾ നടന്നത്.പതിനഞ്ചോളം തന്ത്രിമാർ കാർമികരായി. ബലിതർപ്പണത്തിനെത്തിയവർക്ക് പിതൃക്കളെ സ്മരിക്കു, വൃക്ഷതൈ നടു എന്ന സന്ദേശവുമായി വനം വകുപ്പിൽ നിന്നുള്ള പതിനയ്യായിരത്തോളം വൃക്ഷ തൈകളും, ലക്ഷമിതരു തൈകകളും ,ഔഷധ കാപ്പിയുംവിതരണം ചെയ്തു.ഉണ്ണി ശാന്തിയുടെ നേതൃത്വത്തിൽ തിലഹവന ഹോമവും നടന്നു. ബലിതർപ്പണം കഴിഞ്ഞ് കുളിക്കാനുള്ള സൗകര്യം, ഡോക്ടർമാരുടെയും, ആംബുലൻസിൻ്റെയും സേവനവും, പൊലീസ്, ഫയർഫോഴ്‌സ് മുങ്ങൽ വിദഗ്ദർ എന്നിവരുടെ സേവനവും ലഭ്യമാക്കിയിരുന്നു. മുണ്ടക്കൽ പാപനാശം ഗുരുദേവമന്ദിരംകമ്മറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

പരവൂർ: പരവൂർ കോങ്ങാൽ പനമൂട് കുടുംബ മഹാദേവ ക്ഷേത്രയോഗത്തിന്റെ നേതൃത്വത്തിൽ പനമുട്ടിൽ കടപ്പുറത്ത് കർക്കിടക വാവ് ബലിയർപ്പിക്കുവാൻ ആയിര കണക്കിനാളുകളെത്തി. 
 പുലർച്ചെ 4.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടന്ന ബലിതർപ്പണ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയവർക്കായി  വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.
ഒരേ സമയം  ആയിരത്തി ഒരുന്നൂറ് 
പേർക്ക് ബലി തർപ്പണത്തിന് സൗകര്യ പ്രദമായ രീതിയിൽ പന്തൽ ഉൾപ്പെടെയുള്ള സൗകര്യങ്ങളും, തിലഹോമം നടത്തുവാനുള്ള പൂജാ സംവിധാനവും സജ്ജമാക്കിയിരുന്നു.. പൂർണ്ണമായും ഹരിത ചട്ടം പാലിച്ചുകൊണ്ടാണ് ക്ഷേത്ര പരിസരത്തും, പനമുട്ടിൽ കടപ്പുറത്തും ബലിതർപ്പണ ചടങ്ങുകൾ നടന്നത്.  സി. സി. റ്റി. വി ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. സേവഭാരതി പരവൂർ മുൻസിപ്പാലിറ്റി, പോലീസ്, ഫയർഫോഴ്സ്, എക്സൈസ്, കെ എസ്. ആർ. റ്റി സി, കെ. എസ്. ഇ ബി, ആരോഗ്യം, വിനോദസഞ്ചാരം, തുടങ്ങിയ വകുപ്പുകളുടെ സേവനവും ലഭ്യമായിരുന്നു. . ചേർത്തല ബിജു ജലാധരന്റെ മുഖ്യകാർമ്മികത്വത്തിൽ
എഴുപതോളം  വരുന്ന കർമ്മികർ ബലിതർപ്പണത്തിന് നേതൃത്വം നൽകി..   

മയ്യനാട്: താന്നി സ്വർഗപു രം ദേവീക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തിൽ താന്നി കടപ്പുറത്ത് ബലിതർപ്പണ ചടങ്ങുകൾ നടന്നു. .തിങ്കളാഴ്ച വെളുപ്പിന് മൂന്നു മണി മുതലാണ് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. പുലർച്ചേ തന്നെ നിരവധി പേർ ബലിയർപ്പിക്കാനെത്തിയിരുന്നു.ക്ഷേത്രം മേൽശാന്തി അനിൽകുമാർ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്..750 പേർക്ക് ഒരേ സമയം ബലിതർപ്പണം നടത്തുന്നതിനായുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിരുന്നത്..തിലഹവനം നടത്തുവാനുള്ള സൗകര്യവുമുണ്ടായിരുന്നു. പൊലീസ്, ഫയർഫോഴ്സ്, കോർപ്പറേഷൻ, നീന്തൽ വിദഗ്ദർ, ആംബുലൻസ് എന്നിവയുടെ സേവനവും,  കുടിവെള്ളം, വെളിച്ചം, വാഹന പാർക്കിംഗ് എന്നിവയും സജ്ജമാക്കിയിരുന്നു.   

ചിത്രം. മുണ്ടക്കൽ പാപനാശനം കടപ്പുറത്ത് പിതൃതർപ്പണത്തിനെത്തിയവർ

നിലംപൊത്താറായി കുമ്മല്ലൂർ പാലം

നിലംപൊത്താറായി കുമ്മല്ലൂർ പാലം എന്നിട്ടും അധികൃതർക്ക് മൗനം.

 ചാത്തന്നൂർ :  ജില്ലയിലെ പ്രധാന റോഡുകളിൽ ഒന്നായ
ചാത്തന്നൂർ - കൊട്ടാരക്കര റോഡിൽ ചാത്തന്നൂർ - ആദിച്ചനല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന 
കുമ്മല്ലൂർ പാലം അധികൃതരുടെ അനാസ്ഥമൂലം തകർച്ചയുടെ വക്കിൽ. തിരക്കേറിയ പാലത്തിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലം കുലുങ്ങുന്നതായാണ് നാട്ടുകാർ പറയുന്നത്.അൻപത് വർഷത്തിലധികം 
പഴക്കമുള്ള പാലത്തിന്റെ കൈവരികൾ പൂർണമായും തകർന്ന നിലയിലാണ്.  അടിഭാഗത്തെ കെട്ടുകൾ ഇളകി മാറി തകർന്ന നിലയിലാണ്. സിമന്റ് പാളികളും ഇളകിവീഴുകയാണ്.
പാലത്തിന്റെ കൈവരികൾ തകർന്ന് 
 തൂങ്ങിനിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ അധികൃതർ മാത്രം ഈ കാഴ്ച കാണുന്നില്ല.
പാലത്തിന്റെ കൈവരി തകർന്നതിനാലും അടിഭാഗം ദ്രവിച്ചതിനാലും ഏതുസമയവും അപകടം സംഭവിക്കാൻ സാധ്യതയുള്ള ഇതിലൂടെ ആളുകൾ യാത്രചെയ്യുന്നത് ഭയത്തോടെയാണ്.
ഇടുങ്ങിയ റോഡിൽ കണ്ണൊന്നു തെറ്റിയാൽ വാഹനങ്ങളും യാത്രക്കാരും പാലത്തിൽ നിന്നും താഴേക്ക് പതിക്കുമെന്ന കാര്യത്തിൽ സംശയമില്ല. പാലത്തിൽനിന്ന്‌ വിട്ടുനിൽക്കുന്ന കൈവരികൾ ആറിലോട്ട് ചാഞ്ഞുനിൽക്കുകയാണ്. കോൺക്രീറ്റ് കൊണ്ടുള്ള കൈവരികളാണ് പാലത്തിന്റെ ഇരുവശവും. ഇരുമ്പുകമ്പികൾ ദ്രവിച്ചതിനെത്തുടർന്നാണ് കൈവരികൾ തകർന്നുവീഴാൻ തുടങ്ങിയത്. റോഡ് വീതികൂട്ടി ടാറിങ് നടത്തിയിട്ടും  പാലം
പുനർനിർമിച്ചിട്ടില്ല ഇത് മൂലം
 റോഡിന്റെ ഇരുവശങ്ങളിൽ നിന്നും ഒരേസമയം വാഹനങ്ങൾ വന്നാൽ കുടുങ്ങിയതു തന്നെ. കൈവരികൾ തകർന്നതിനാൽ ഒരു വാഹനം പോയിട്ടുവേണം മറുസൈഡിൽ നിന്നും വരുന്ന വാഹനത്തിന് യാത്ര തുടരാൻ.
പാലത്തിന്റെ അടിഭാഗത്തെ സിമന്റ് പാളികൾ ഇളകിവീഴുകയാണ്. ബീമുകൾ പലതും തകർന്ന് ഇരുമ്പ് കമ്പികൾ പുറത്തുകാണാവുന്ന സ്ഥിതിയാണ്. കൂടാതെ പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് കൈവരിയും പാറക്കെട്ടുമായും ബന്ധവും വിച്ഛേദിക്കപ്പെട്ട് വലിയ വിളൽ രൂപപ്പെട്ടു കഴിഞ്ഞു. ഈ ഭാഗത്ത് പാറ കൊണ്ട് കെട്ടിയ സൈഡ് ഭിത്തി പൂർണമായും തകർന്ന് ആറിനുളിലേക്ക് ഇടിഞ്ഞു താഴ്ന്നിരിക്കുകയാണ്. വാഹനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിനായി ഇവിടെ മെറ്റൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്.
വാഹനങ്ങൾ കടന്നുപോവുമ്പോൾ പാലത്തിന് കുലുക്കം അനുഭവപ്പെടുന്നുണ്ട്. തലനാരിഴ വ്യത്യാസത്തിലാണ് പല അപകടങ്ങളിൽനിന്നും യാത്രക്കാർ രക്ഷപ്പെടുന്നത്.പാലത്തിന്റെ ബലക്ഷയത്തിന് പ്രധാന കാരണം വർഷങ്ങളായുള്ള അനധികൃത മണൽ ഖനനമാണ്. പാലം പുനർനിർമ്മിക്കുന്നതിനുള്ള നടപടിയെടുക്കണമെന്നാണ് 
നാട്ടുകാരുടെ ആവശ്യം.


@ 1973ൽ ടി.കെ. ദിവാകരൻ മന്ത്രിയായിരുന്നപ്പോഴാണ് കുമ്മല്ലൂർ പാലം കമ്മീഷൻ ചെയ്തത്.കൊല്ലം -തിരുവനന്തപുരം ദേശിയപാതയിലെ പ്രധാന പട്ടണമായ 
ചാത്തന്നൂരിനെ ആദിച്ചനല്ലൂർ പഞ്ചായത്തുമായും അതുവഴി കൊട്ടാരക്കരയുമായും കിഴക്കൻ മേഖലയുമായും ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്.

@ 2020ൽ നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ ഫണ്ട് അനുവദിച്ചു ഭരണാനുമതി ലഭിച്ചുവെന്ന് ചാത്തന്നൂർ എം എൽ എ പറഞ്ഞു തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു എന്നിട്ടും അനക്കമില്ല. 2020ലെ ബജറ്റിൽ കുമ്മല്ലൂർ പാലത്തിനും പള്ളിക്കമണ്ണടി പാലത്തിനും 13കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. പാലം കുലുങ്ങുമ്പോഴും വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കാൻ ചാത്തന്നൂർ അധികാരികൾ - ആദിച്ചനല്ലൂർ പഞ്ചായത്ത് ശ്രദ്ധിക്കുന്നില്ല.
പാലം പുനർനിർമിക്കുമെന്ന പ്രഖ്യാപനങ്ങൾ നിരവധിയുണ്ടെങ്കിലും നടപടിയുണ്ടായില്ല. പാലം വീതികൂട്ടി അടിയന്തരമായി പുനർനിർമാണം നടത്തണമെന്നും അനധികൃത മണൽ ഖനനത്തിന് അറുതിവരുത്തണമെന്നുമാണ്
നാട്ടുകാരുടെ ആവശ്യം.

@കുമ്മല്ലൂർപാലം അപകടാവസ്ഥയിൽ
അടിയന്തിരമായി പുനർനിർമ്മാണം നടത്തണം - ബിജെപി 
കുമ്മല്ലൂർപാലം പുനർനിർമ്മാണം നടത്തുന്നതിനുള്ള നടപടികൾ ആരംഭിക്കണം ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചുവെന്നുള്ള  
ചാത്തന്നൂർ എം എൽ എ യുടെ 
വാഗ്ദാനങ്ങൾ മാത്രമാണ് ഇപ്പോൾ ഉള്ളത് ഭാരം കൂടിയ വാഹനങ്ങൾ പാലത്തിൽ കൂടി പോകുന്നത് നിയന്ത്രിക്കാൻ ഉള്ള നടപടികൾ സ്വീകരിച്ചു കൊണ്ട് പാലം പുനർ നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ്‌ ശ്യാംപ്രവീൺ ആവശ്യപ്പെട്ടു.

ഫോട്ടോ : കുമ്മല്ലൂർ പാലം, കരിങ്കൽ കെട്ട് ഇടിഞ്ഞതിനാൽ വാഹനങ്ങളുടെ സുരക്ഷയ്ക്ക് സ്ഥാപിച്ചിരിക്കുന്ന ബോർഡും കാണാം




Wednesday, 12 July 2023

ഇനി വഴി തെറ്റാതെ പോകാം; ഒപ്പമുണ്ട് യുകെഎഫിന്റെ 'അയിഗ'



 ഇനി വഴി തെറ്റാതെ പോകാം; ഒപ്പമുണ്ട് യുകെഎഫിന്റെ 'അയിഗ'

കൊല്ലം: പാരിപ്പള്ളി യുകെഎഫ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ നടന്ന പ്രൊജക്ട് എക്സ്പോയില്‍ താരമായി 'അയിഗ'. കോളേജിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്‍റിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത ഇന്‍ട്രാക്ടീവ് ഗൈഡിങ് അസിസ്റ്റന്‍റ് റോബോട്ടാണ് അയിഗ. നൂതന ആശയങ്ങളെ മുന്‍നിര്‍ത്തി വിദ്യാര്‍ഥികള്‍ സ്വയം വികസിപ്പിച്ചെടുത്ത വിവിധ നിര്‍മിതികളാണ് എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചത്.
           ഏറെ സവിശേഷതകളോടെയാണ് അയിഗയെ വികസിപ്പിച്ചിരിക്കുന്നത്. അപരിചിത സ്ഥലത്ത് എത്തുന്ന ഒരു വ്യക്തിക്ക് വഴികാട്ടിയാകും അയിഗ. റോബോട്ടില്‍ ഘടിപ്പിച്ചിട്ടുള്ള സ്ക്രീനില്‍ സ്ഥലത്തിന്‍റെ വിവരം നല്‍കിയാല്‍, അവിടേക്ക് പോകാനുള്ള വഴി ദൃശ്യങ്ങളിലൂടെയും ശബ്ദ സന്ദേശത്തോടെയും നമുക്ക് പറഞ്ഞു തരും എന്നുള്ളതാണ് പ്രധാന സവിശേഷത. ഗൂഗിള്‍ ടെക്സ്റ്റ് സ്പീച്ച് സംവിധാനം ഉപയോഗിച്ചാണ് ശബ്ദ സന്ദേശ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. റോബോട്ടിന്‍റെ പ്രവര്‍ത്തനത്തിനായി  ഉപയോഗിക്കുന്ന ആന്‍ഡ്രോയിട് സോഫ്റ്റ്വെയറും വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്തതാണ്. വ്യക്തികളുടെ മുഖം തിരിച്ചറിഞ്ഞ് അറ്റന്‍റന്‍സ് രേഖപ്പെടുത്തുന്ന സംവിധാനവും റോബോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിരീക്ഷണ ക്യാമറകളും റോബോട്ടില്‍ ഘടിപ്പിച്ചിട്ടുണ്ട്. റിമോട്ട് കണ്‍ട്രോളും സ്മാര്‍ട്ട് ഫോണും ഉപയോഗിച്ച് 6 അടി ഉയരവും 30 കിലോ ഭാരവുമുള്ള റോബോട്ടിനെ നിയന്ത്രിക്കാന്‍   സാധിക്കും.
           ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി ഡോ.നീതു രാജ്.ആര്‍, അസിസ്റ്റന്‍റ് പ്രൊഫസര്‍ രേഷ്മാ മോഹന്‍, പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ നീതു സൂസന്‍ അലക്സ് എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളായ ആരോണ്‍.പി.ബിനു, അര്‍ച്ചന.എസ്, അലീന.ബി, അനന്ദു.എസ് എന്നിവരുടെ സംഘമാണ് അയിഗ എന്ന റോബോട്ടിനെ വികസിപ്പിച്ചത്. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ.ജിബി വര്‍ഗീസ്, ഡീന്‍ ഡോ.ജയരാജു മാധവന്‍, പ്രിന്‍സിപ്പാള്‍ ഡോ.ഇ.ഗോപാലകൃഷ്ണ ശര്‍മ, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.അനീഷ്.വി.എന്‍ എന്നിവര്‍ പങ്കെടുത്തു.
ഫോട്ടോ : പാരിപ്പള്ളി യുകെഎഫ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ നടന്ന പ്രൊജക്ട് എക്സ്പോയില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്‍റിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത ഇന്‍ട്രാക്ടീവ് ഗൈഡിങ് അസിസ്റ്റന്‍റ് റോബോട്ട് അയിഗ. പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ നീതു സൂസന്‍ അലക്സ്, അസിസ്റ്റന്‍റ് പ്രൊഫസര്‍ രേഷ്മാ മോഹന്‍, ഡീന്‍ ഡോ.ജയരാജു മാധവന്‍, ഡിപ്പാർട്ട്മെന്‍റ് മേധാവി ഡോ.നീതു രാജ്.ആര്‍, വിദ്യാര്‍ഥികളായ അര്‍ച്ചന.എസ്, അലീന.ബി, ആരോണ്‍.പി.ബിനു എന്നിവര്‍ സമീപം.

Tuesday, 11 July 2023

നിയമ വിരുദ്ധ കെട്ടിട നികുതിപരവൂർ നഗരസഭാ സൂപ്രണ്ടിന്15000 രൂപ പിഴ ശിക്ഷ വിധിച്ചു

 നിയമ വിരുദ്ധ കെട്ടിട നികുതി
പരവൂർ നഗരസഭാ സൂപ്രണ്ടിന്
15000 രൂപ പിഴ ശിക്ഷ വിധിച്ചു


പരവൂർ : പരവൂർ നഗരസഭയിലെ സൂപ്രണ്ടും പബ്ലിക് ഇൻഫർമേഷൻ ഓഫീസറുമായ എസ്. ധന്യയ്ക്ക് 15000 രൂപ പിഴ ശിക്ഷ വിധിച്ചു സംസ്ഥാന വിവരാവകാശ കമ്മീഷൻ . നഗരസഭയിൽനിയമ വിരുദ്ധമായി കെട്ടിടനികുതി ഈടാക്കുകയും ഇത് സംബന്ധിച്ച് നൽകിയ പരാതികൾ യഥാസമയം പരിഹരിക്കാതിരിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾക്കും കൃത്യസമയത്ത് മറുപടി നല്കിയിരുന്നില്ല.

വിവരാവകാശനിയമപ്രകാരമുള്ള വിവരങ്ങൾ യഥാസമയം നല്കാതിരുന്നതിനാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ ശിക്ഷ വിധിച്ചത്. പിഴത്തുകകുറ്റക്കാരി ഒരു മാസത്തിനകം വിവരാവകാശകമ്മീഷന് അടയ്ക്കണം. അല്ലെങ്കിൽ നഗരസഭ സെക്രട്ടറി ഇവരുടെ ശമ്പളത്തിൽ നിന്നും പിഴത്തുക ഈടാക്കി വിവരാവകാശ കമ്മീഷനിൽ അടയ്ക്കണമെന്നുമാണ് ഉത്തരവ്.

പഴയ കെട്ടിടങ്ങൾക്കും പുതിയ കെട്ടിടങ്ങൾക്കും നിയമ വിരുദ്ധമായി ഒരേ നികുതിയാണ് പരവൂർ നഗരസഭ ഈടാക്കി കൊണ്ടിരുന്നത്. പഴയ കെട്ടിടങ്ങളോട് ചേർത്ത് പലരും പുതിയ നിർമ്മിതികൾ നടത്തുകയോ കൂട്ടി ചേർക്കലുകൾ വരുത്തുകയോ ചെയ്തിട്ടുണ്ട്. ഇത്തരം കെട്ടിടങ്ങൾക്കെല്ലാം പുതിയ നിരക്കിലുള്ള നികുതിയാണ് നഗരസഭ ഈടാക്കി കൊണ്ടിരിക്കുന്നത്. എന്നാൽ ഇത് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഉത്തരവിന് വിരുദ്ധമാണ്. പഴയ കെട്ടിടങ്ങൾക്ക് പഴയ നിരക്കിലും കൂട്ടിചേർത്തതോ അല്ലാത്തതോ ആയ പുതിയ നിർമ്മിതികൾക്ക് പുതിയ നിരക്കിലും നികുതി ഈടാക്കണമെന്നാണ് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ 2015-ലെഉത്തരവ്.

നിയമ വിരുദ്ധമായി നികുതി പിരിവ് നടത്തുന്നതിനെതിരെ നിരവധി കെട്ടിടം ഉടമകൾ നികുതി തിരുത്തണമെന്നാവശ്യപ്പെട്ട് പരാതികൾ നല്കിയിരുന്നു. പരാതികൾ 189 ദിവസം കഴിഞ്ഞിട്ടും പരിഗണിക്കാതിരുന്നതിനെ തുടർന്ന് വിവരാവകാശ നിയമപ്രകാരത്തിന്റെ അടിസ്ഥാനത്തിൽ 
കെട്ടിട ഉടമകൾ നികുതി തിരുത്തണമെന്നാവശ്യപ്പെട്ട് പരാതികൾ നല്കിയിരുന്നു. പരാതികൾ 189 ദിവസം കഴിഞ്ഞിട്ടും പരിഗണിക്കാതിരുന്നതിനെ തുടർന്ന് വിവരാവകാശ നിയമപ്രകാരം കാരണമന്വേഷിച്ച് അപേക്ഷനല്കി. സിറ്റിസൺ പോർട്ടലിന്റെ സാങ്കേതിക തകരാർ മൂലം അപേക്ഷ കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെന്നായിരുന്നു മറുപടി. സിറ്റിസൺപോർട്ടലിന് സാങ്കേതികമായി ഈ കാലയളവിൽ ഒരു തകരാറും പരവൂർ നഗരസഭയിൽ സംഭവിച്ചിട്ടില്ലെന്ന് ഇൻഫർമേഷൻ കേരള മിഷൻ (ഐ കെ എം ) മറുപടി നല്കിയിരുന്നു.

സംസ്ഥാന വിവരാവകാശ കമ്മീഷന് ലഭിച്ച പരാതിയെ തുടർന്ന് നഗരസഭയോട് റിപ്പോർട്ട് തേടിയ കമ്മീഷന് സിറ്റിസൺപോർട്ടൽ കൈകാര്യം ചെയ്യുന്നതിന് ജീവനക്കാർക്ക് സാങ്കേതിക പരിജ്ഞാനം ലഭിച്ചിട്ടില്ലെന്ന വിചിത്ര മറുപടിയാണ് നല്കിയത്. ഐ കെ എം -നെ മറുപടിയിൽ കുറ്റപ്പെടുത്തിയിട്ടുമുണ്ട്. മറുപടിയിൽ തൃപ്തിവരാത്ത വിവരാവകാശ കമ്മീഷൻ നേരിട്ട് സിറ്റിംഗിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥ ഹാജരായില്ല. തുടർന്നാണ് കമ്മീഷൻ അംഗം പി.ആർ. ശ്രീലത 15000 രൂപ പിഴ ശിക്ഷ വിധിച്ചത്.

 

Thursday, 6 July 2023

കാറ്റിലും മഴയിലും മരം വീണുഏഴ് വൈദ്യുതി തൂണുകൾ നിലംപൊത്തി

കാറ്റിലും മഴയിലും മരം വീണു
ഏഴ് വൈദ്യുതി തൂണുകൾ  നിലംപൊത്തി

ചാത്തന്നൂർ: കഴിഞ്ഞ അർദ്ധരാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണു. വൈദ്യുതിലൈനിന് മുകളിലൂടെ മരം വീണതിനാൽ ഏഴ് വൈദ്യുതി തൂണുകൾ നിലം പതിച്ചു. വൈദ്യുതി ലൈനുകൾ പൊട്ടുകയും ചെയ്തു.

ചാത്തന്നൂർ താഴം ആനന്ദ ഗിരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപമാണ് മരം വീണത്. രാത്രി പന്ത്രണ്ടരയോടെയാണ് പോസ്റ്റുകൾ വിണതും കമ്പികൾ പൊട്ടിയതും. അതിനാൽ അപകടം ഒഴിവായി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന്‌വൈദ്യുതി ബോർഡ്‌ ജീവനക്കാർ എത്തി വൈദ്യുതിവിതരണം വിച്ഛേദിച്ചു.

സമീപത്തെ പുരയിടത്തിൽ നിന്നും മണ്ണെടുത്തതാണ് മരം കടപുഴകി വീഴാൻ കാരണമായതെന്നും മണ്ണെടുപ്പു മൂലം ഇനിയും മരങ്ങൾ നിലംപതിക്കാൻ സാധ്യതയുണ്ടെന്നും പരിസരവാസികൾ കുറ്റപ്പെടുത്തി.

നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയ പാതയാകെ വെള്ളക്കെട്ടായി മാറി. നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതിനാൽ ഓട നിർമ്മാണം എങ്ങുമെത്തിയില്ല. ഇതാണ് റോഡിലും പരിസരത്തെ വീടുകളിലും വെള്ളം കയറാനും തങ്ങി നില്ക്കാനും ഇടയാക്കിയിരിക്കുന്നത്. വെള്ളക്കെട്ടിലെ കുഴികളിൽ വീണ് അപകടം സംഭവിക്കുന്നത്പതിനായി. കഴിഞ്ഞ രാത്രി പന്ത്രണ്ടുമണിയോടെ ചാത്തന്നൂർ തിരു മുക്കിന് സമീപം റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. അല്പ സമയത്തിനകം അതേ കുഴിയിൽ മറ്റൊരു ബൈക്ക് യാത്രക്കാരനും വീണു.
 

അൻപതോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികൾഅസൗകര്യങ്ങൾക്ക് നടുവിൽ മൃഗതുല്യരായി താമസിക്കുന്നു

ചാത്തന്നൂർ : അൻപതോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികൾ
അസൗകര്യങ്ങൾക്ക് നടുവിൽ 
മൃഗതുല്യരായി താമസിക്കുന്നു. മീനാട് പോളച്ചിറ ഏലായ്ക്ക് സമീപമുള്ള താത്കാലികമായി കെട്ടിയ രണ്ടു ഷെഡുകളിലാണ് അൻപതോളം വരുന്ന ജാർഖണ്ട് സ്വദേശികൾ കഴിഞ്ഞ മൂന്ന് മാസമായി താമസിക്കുന്നത് അൻപതിലധികം വരുന്ന തൊഴിലാളികൾ നിലത്ത് വിരിച്ച പായിലാണ് ഉറങ്ങുന്നത്.കട്ടിലുകളോ മറ്റ് സൗകാര്യങ്ങളോ ഇവർക്കില്ല.ഇവർക്ക് മലമൂത്ര വിസർജ്യത്തിനായി മൂന്ന് കക്കൂസുകൾ മാത്രം ചെളികളമായി കിടക്കുന്ന പാചകശാല.തൊടുപുഴ സ്വദേശിയായ കരാറുകാരന്റെ ഉടമസ്ഥതയിൽ നടക്കുന്ന നിർമ്മാണപ്രവർത്തികൾക്കായി കൊണ്ട് വന്ന തൊഴിലാളികളാണ് ഇവർ സ്ഥലം വാടകയ്ക്ക് എടുത്ത് ടെന്റ് അടിച്ചാണ് ഇവരെ താമസിപിച്ചിരിക്കുന്നത്. നിർമ്മാണകമ്പനികൾക്ക് ലേബർ സപ്ലെ ചെയ്യുന്ന കമ്പനിയുടെ തൊഴിലാളികളാണ് എന്നും ഇവർ പറയുന്നു അടിമകളെ പോലെ ജോലി ചെയ്യുന്നു എന്നല്ലാതെ ആരുടെ കമ്പനിയാണെന്ന് തൊഴിലാളികൾക്ക് അറിയില്ല.ഇവിടെ വൈദ്യുതി കണക്ഷൻ ഇല്ലാത്തത് മൂലം ജനറേറ്റർ ആണ് ഉപയോഗിക്കുന്നത് അത് രാത്രി മാത്രമാണ് പ്രവർത്തിക്കുന്നത്.മൃഗതുല്യരായി ക്യാമ്പുകളിൽ ഇത് പോലെ ആയിരകണക്കിന് തൊഴിലാളികൾ താമസിക്കുന്നുണ്ടെന്ന് തൊഴിലാളികൾ തന്നെ സമ്മതിക്കുന്നു ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന ഇവരുടെ ഇടനിലക്കാർ ആരെന്നും ഇവർക്ക് അറിയില്ല.പഞ്ചായത്തിന്റെയോ മറ്റും അനുമതി ഇല്ലാതെയാണ് ഇവർ ഇവിടെ താമസിക്കുന്നത് ഇവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി മാറ്റി താമസിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഫോട്ടോ : തൊഴിലാളികൾ ക്യാമ്പിൽ 

കൊല്ലം-ആയൂർ സംസ്ഥാന ഹൈവേയിൽ റോഡിൻ്റെ സംരക്ഷണഭിത്തി തകർന്ന് മണ്ണിടിഞ്ഞ് റോഡരികിൽ താഴ്ചയിലുള്ള വീടുകളിലേക്ക് വീഴാൻ തുടങ്ങിയതോടെ പത്തോളം കുടുംബങൾ അപകട ഭീഷണിയിൽ.

കൊട്ടിയം: കൊല്ലം-ആയൂർ സംസ്ഥാന ഹൈവേയിൽ റോഡിൻ്റെ സംരക്ഷണഭിത്തി തകർന്ന് മണ്ണിടിഞ്ഞ് റോഡരികിൽ താഴ്ചയിലുള്ള വീടുകളിലേക്ക് വീഴാൻ തുടങ്ങിയതോടെ പത്തോളം കുടുംബങൾ അപകട ഭീഷണിയിൽ. ഇതിൽ അഞ്ചോളം കുടുംബങ്ങൾ വീടൊഴിഞ്ഞ് ബന്ധുവീടുകളിലേക്ക് താമസം മാറി. റോഡ് വളരെ ഉയരത്തിലുള്ള മുട്ടയ്ക്കാവ് ആശാരി പൊയ്ക, നാൽപ്പങ്ങൽ ഭാഗത്താണ് റോഡിൻ്റെ വശങ്ങൾ തകർന്ന് മണ്ണിടിഞ്ഞ് വീടുകൾക്കു മുകളിലേക്ക് വീണുകൊണ്ടിരിക്കുന്നത്.ഇവിടെ റോഡിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ഇരുപതോളം ബസ്സുകളും, ഭാരം കയറ്റിയ നൂറുകണക്കിന് ലോറികളും സർവീസ് നടത്തുന്ന റോഡാണിത്.മെറ്റൽ ക്രഷറുകളും സാൻ്റ് ഫാക്ടറികളുമുള്ള ഈ ഭാഗത്ത് തമിഴ്നാട്ടിൽ നിന്നും പാറ കയറ്റി വരുന്ന നിരവധി ലോറികൾ ദിവസവും വരുന്നുണ്ട്. ഭാരം കയറ്റിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ കുലുക്കവും മണ്ണിടിഞ്ഞു വീഴുന്നതും പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.ബുധനാഴ്ചയും, വ്യാഴാഴ്ചയും മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന്
ജനപ്രതിനിധികൾ 
 സ്ഥലത്തെത്തുകയും വിവരം ജില്ലാ കളക്ടർ അടക്കമുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.കെ എസ് റ്റി പിയുടെ കീഴിലുള്ള ഈ റോഡിൽ കഴിഞ്ഞ ഏതാനും വർഷം മുമ്പ് മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ റോഡിൽ ടാർ വീപ്പകൾ വച്ച് റിബൺ കെട്ടി അപകട മുന്നറിയിപ്പ് നൽകിയതല്ലാതെ യാതൊരു പരിഹാരമാർഗങ്ങളും ഉണ്ടായില്ല. അടുത്തിടെ ഇവിടെ താഴ് വശത്തു നിന്നും പരിശോധനക്കെന്ന പേരിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് അധികൃതർ മണ്ണെടുത്തിരുന്നു. ഈ ഭാഗത്താണ് ഇപ്പോൾ മണ്ണിടിഞ്ഞു വീഴുന്നത്. മണ്ണിടിച്ചിൽ ആരംഭിച്ചതോടെ മുപ്പത്തിയഞ്ച് അടി താഴ്ചയിലുള്ള ഏതാനും വീട്ടുകാർ അപകടപേടിയിൽ വീട്‌ വിട്ടു പോയ നിലയിലാണ്. മണ്ണിടിച്ചിൽ തടയുവാൻ അടിയന്തിര നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങുവാനാണ് പ്രദേശവാസികളുടെ തീരുമാനം.  
ഫോട്ടോ : റോഡ് വിണ്ടുകീറി യ നിലയിൽ
ഫോട്ടോ : മുട്ടയ്ക്കാവ് നാൽപ്പങ്ങൽ ഭാഗത്തെ മണ്ണിടിച്ചിൽ

Tuesday, 4 July 2023

ചെങ്ങന്നൂർ_ഭഗവതി

#ചെങ്ങന്നൂർ_ഭഗവതി

ചെങ്ങന്നൂർ മഹാക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ പാർവ്വതീ പരമേശ്വരന്മാരാണ്. എന്നാൽ ആ മഹാദേവിയുടെ പേരിനു മാത്രമേ പ്രസിദ്ധിയുള്ളൂ. ദേവീസാന്നിദ്ധ്യം കൂടിയുള്ള സ്ഥലങ്ങളിലെല്ലാം ഇങ്ങിനെയിരിക്കുന്നതു സാധാരണമാണ്. തിരുമാന്ധാംകുന്ന്, കൊടുങ്ങല്ലൂർ, പനയന്നാർക്കാവ് ഈ ക്ഷേത്രങ്ങളിൽ പ്രധാനമായി പ്രതിഷ്ഠ ശിവനാണല്ലോ. എങ്കിലും ആ സ്ഥലങ്ങളിലെല്ലാം പരാശക്തിക്കാണു പ്രസിദ്ധി. അതുപോലെതന്നെ ചെങ്ങന്നൂരും ഭഗവതിയെ കുറിച്ചല്ലാതെ ശിവനെക്കുറിച്ചു ആരുമൊന്നും പറഞ്ഞു കേൾക്കുന്നില്ല. ആ മഹാമായയുടെ പ്രസിദ്ധിയും മാഹാത്മ്യവും ഒട്ടും ചില്ലറയല്ലതാനും. അവയെക്കുറിച്ചു പിന്നാലെ പ്രസ്താവിയ്ക്കാം. ഈ ദേവീ ദേവന്മാർ ഇവിടെ ആവിർഭവിച്ചതിന്റെ കാരണം തന്നെ ആദ്യമെ പറഞ്ഞു കൊള്ളുന്നു.

പണ്ടു പാർവ്വതീ സ്വയംവരത്തിനായിട്ടു ശ്രീ പരമേശ്വരനും തദ്ദർശാനാർഥം ബ്രഹ്മാവും, വിഷ്ണുവും, ഇന്ദ്രാദിദേവന്മാരും, സിദ്ധന്മാർ, സാദ്ധ്യന്മാർ, കിന്നരന്മാർ, കിമ്പുരു‌ഷന്മാർ, യക്ഷന്മാർ, ഗന്ധർവന്മാർ മുതലായ ദേവയോനികളും, അപ്സരസ്സുകളും സകല മഹർ‌ഷികളും മറ്റും ഹിമവൽ പാർശ്വത്തിങ്കൽ ചെന്നു ചേർന്നപ്പോൾ അവരുടെ ഭാരം കൊണ്ടു ഭൂഗോളം വടക്കോട്ടു മറിഞ്ഞേക്കുമോ എന്നു സംശയിച്ചു ബ്രഹ്മാദികളായ ത്രിമൂർത്തികൾ അത്യന്തം തപശ്ശക്തിയുള്ള മഹാനായ അഗസ്ത്യമഹർ‌ഷിയെ വിളിച്ചു തെക്കു പമ്പാനദിയുടെ തെക്കെക്കരയിലുള്ള ശോണാദ്രിയിൽച്ചെന്നു, ഈ സ്വയംവരം കഴിഞ്ഞു ഹിമവൽ പാർശ്വത്തിങ്കൽനിന്നു എല്ലാവരും പിരിഞ്ഞുപോകുന്നതുവരെ ഇരിക്കാൻ നിയോഗിച്ചു. അതുകേട്ടു അഗസ്ത്യമഹർ‌ഷി "ശോണാദ്രിയിൽ ചെന്നു ഇരിക്കുന്നതിനു വിരോധമില്ല. എങ്കിലും ദേവിയുടെ സ്വയംവരമഹോത്സവം കാണാതെ പോകുന്ന കാര്യത്തിൽ അപാരമായ മനസ്താപമുണ്ട് എന്നു പറഞ്ഞു. അപ്പോൾ ബ്രഹ്മാവ് അതിനെക്കുറിച്ചു മനസ്താപം വേണ്ട, ഇവിടെയുണ്ടാകുന്ന ഘോ‌ഷങ്ങളെല്ലാം അവിടെ കാണിച്ചു തരാം" എന്നു പറഞ്ഞു. ഉടനെ മഹർ‌ഷി എന്നാൽ മതി എന്നു സമ്മതിച്ചു അവിടെനിന്നു പോയി ശോണാദ്രിയിലെത്തി തപോനിഷ്ഠയോടുകൂടിതന്നെ അവിടെയിരുന്നു. സ്വയംവരാനന്തരം ശ്രീപരമേശ്വരനും, ശ്രീപാർവ്വതിയും, ബ്രഹ്മാവും, വിഷ്ണുവും, ഇന്ദ്രാദിദേവന്മാരും മറ്റും ശോണാദ്രിയിൽ അഗസ്ത്യമഹർ‌ഷിയുടെ അടുക്കൽ സാഘോ‌ഷം ചെന്നുചേർന്നു. അപ്പോൾ ശ്രീപാർവതി തൃപ്പൂത്ത് (ഋതു) ആയി. പിന്നെ ഋതുശാന്തിക്കല്യാണം അവിടെ വെച്ചു കെങ്കേമമായിനടത്തി. അതിന്റെ ഘോ‌ഷങ്ങളെല്ലാം കണ്ടപ്പോൾ അഗസ്ത്യമഹർ‌ഷിക്കു സ്വയംവരോത്സവം കാണാഞ്ഞിട്ടുണ്ടായ മനസ്താപം തീർന്നു. അനന്തരം ബ്രഹ്മാദികൾ അവിടെ നിന്നു പിരിഞ്ഞു പോവുകയും ചെയ്തു. അവിടം അന്നു വലിയ വനപ്രദേശമായിരുന്നു. പിന്നെയും വളരെക്കാലം അങ്ങിനെ തന്നെ കിടന്നിരുന്നു.

അനന്തരം ശ്രീപരശുരാമൻ പരദേശങ്ങളിൽ നിന്നു ബ്രാഹ്മണരേയും മറ്റും കേരളത്തിൽ കൊണ്ടുവന്നതിന്റെ ശേ‌ഷം അവരിൽ ചിലർ ഈ സ്ഥലം വെട്ടി തെളിച്ചു ജനവാസയോഗ്യമാക്കിതീർത്തു. പിന്നെ കേരള രാജ്യത്തെ വടക്കു മുപ്പത്തിരണ്ട്, തെക്കു മുപ്പത്തിരണ്ട് ഇങ്ങനെ അറുപത്തി നാലു ഗ്രാമങ്ങളാക്കി വിഭജിച്ചപ്പോൾ ഈ സ്ഥലവും ഒരു ഗ്രാമവും മലയാളബ്രാഹ്മണസങ്കേതവും, അഞ്ഞിപ്പുഴ തമ്പുരാൻ ഈ ദേശത്തിന്റെ അധിപനുമായിത്തീർന്നു. "ശോണാദ്രി" എന്നുള്ള ഗീർവ്വാണപദം മലയാളത്തിലായപ്പോൾ "ചെങ്കുന്നു" എന്നായി. അതു ഒരു ഊരു (ഗ്രാമം) കൂടിയായപ്പോൾ ചെങ്കുനൂരെന്നായി. അതു കാലക്രമേണ ചെങ്ങനൂരായി പരിണമിച്ചു.

ഇപ്പോൾ ചെങ്ങന്നൂർ ക്ഷേത്രമിരിക്കുന്ന സ്ഥലം വഞ്ഞിപ്പുഴ തമ്പുരാന്റെ അധീനതയിലുൾപ്പെട്ടതായിരുന്നതിനാൽ അവിടുന്നു ആ സ്ഥലം "നയനാരുപിള്ള" എന്നൊരാൾക്കു പാട്ടത്തിനു കൊടുത്തിരുന്നു. ആ നയനാരുപിള്ളയുടെ ജോലിക്കാരത്തിയായ ഒരു കുറത്തി ഒരു ദിവസം അവളുടെ അരിവാൾ മൂർച്ച കൂട്ടാനായി അവിടെ കണ്ട ഒരു കല്ലിന്മേൽ ഇട്ടു തേച്ചു. അപ്പോൾ ആ കല്ലിൽ നിന്നും രക്തം പ്രവഹിച്ചു തുടങ്ങി. അവൾ അതു കണ്ടു പേടിച്ചു പരിഭ്രമിച്ചു ഓടിച്ചെന്ന് ഈ വിവരം നായനാരുപിള്ളയോടു പറഞ്ഞു. നയനാരുപിള്ള അതു വഞ്ഞിപുഴ തമ്പുരാന്റെ അടുക്കലറിയിച്ചു. തമ്പുരാൻ ഉടനെ ബ്രാഹ്മണരോടുകൂടി ആ സ്ഥലത്തെത്തി. അപ്പോഴേയ്ക്കും പൗരപ്രധാനന്മാരായ പല യോഗ്യന്മാരും അവിടെ വന്നു കൂടി. തമ്പുരാന്റെ കൂടെ ചെന്ന ബ്രാഹ്മണരിൽ ഒരാൾ അവിടുത്തെ സ്വജനവും പ്രസിദ്ധ തന്ത്രിയുമായിരുന്ന താഴമൺ പോറ്റിയായിരുന്നു. അദ്ദേഹം മന്ത്രതന്ത്രങ്ങളിലെന്ന പോലെ സകലശാസ്ത്രങ്ങളിലും അതി നിപുണനായ ഒരു ദിവ്യനുമായിരുന്നു. അദ്ദേഹം ആ ശിലയും രക്തപ്രവാഹവും കണ്ടിട്ടു സ്വല്പനേരം ധ്യാനനിഷ്ഠനായി ഇരുന്നതിനു ശേ‌ഷം "ഇതു കേവലം കാട്ടുശിലയല്ലെന്ന് ഈ രക്തപ്രവാഹം കൊണ്ടു തന്നെ സ്പഷ്ടമാകുന്നുണ്ടല്ലോ. ഇതു സ്വയം ഭൂവായ ശിവലിംഗമാണ്. ഇങ്ങിനെ കാണപ്പെടുന്ന ഈശ്വരബിംബത്തിങ്കൽ ഉടനെ ഒരു നിവേദ്യമെങ്കിലും കഴിക്കാഞ്ഞാൽ പെട്ടന്നു അപ്രത്യക്ഷമായിപ്പോയെന്നും വരാം. ഈ രക്തപ്രവാഹം നില്ക്കുന്നതിനു തൽക്കാലം മുപ്പത്തിയാറു പറ നെയ്യു ഈ ബിംബത്തിനു ആടേണ്ടിയിരിക്കുന്നു. സമന്ത്രം ഘൃതധാര ചെയ്യാതെ ഈ രക്തസ്രാവം നില്ക്കുകയില്ല"എന്നു പറഞ്ഞു.ഉടനെ വഞ്ഞിപ്പുഴതമ്പുരാൻ നിവേദ്യത്തിനു വേണ്ടുന്ന സാധനങ്ങളും ആടുന്നതിനു മുപ്പത്തിയാറുപറ നെയ്യും അവിടെ വരുത്തിക്കൊടുത്തു. താഴമൺപോറ്റി അവയെടുത്തു നിവേദ്യവും നെയ്യാട്ടവും നടത്തുകയും ഉടനെ രക്തസ്രാവം നിലയ്ക്കുകയും ചെയ്തു.

അനന്തരം വഞ്ഞിപുഴതമ്പുരാൻ താഴമൺപോറ്റി മുതലായവർ യോഗം കൂടി അവിടെ ക്ഷേത്രം പണിയിക്കുന്നതിനുള്ള ആലോചന തുടങ്ങി. അപ്പോൾ താഴമൺ പോറ്റി "ഇവിടെ പരമശിവൻ മാത്രമല്ല ഇളകൊണ്ടിരിക്കുന്നത്, ശ്രീ പാർവ്വതിയുടെ സാന്നിദ്ധ്യവുമുണ്ട്. അതിനാൽ ക്ഷേത്രം പണിയുമ്പോൾ ശിവന്റെ ശ്രീകോവിലോടുകൂടി ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനും ഒരു ഗർഭഗൃഹമുണ്ടായിരിക്കണം" എന്നു പറഞ്ഞു.

ഇങ്ങനെ യോഗക്കാർ ഓരോന്നു പറയുകയും ആലോചിക്കുകയും ചെയ്തുകൊണ്ടിരുന്ന അവസരത്തിൽ സാക്ഷാൽ ഉളിയന്നൂർ പെരുന്തച്ചൻ ദൈവഗത്യാ അവിടെ വന്നുചേർന്നു. മഹാനായ പെരുന്തച്ചനെ കണ്ടപ്പോൾ അവിടെയുണ്ടായിരുന്നവരെല്ലാവരും "അയേ! മൃഗ്യമാണാ ലതാ പാദയോഃ പ്രാതാ (തേടിയ വള്ളി കാലിൽ ചുറ്റി) എന്നു വിചാരിച്ചു ഏറ്റവും സന്തോ‌ഷത്തോടു കൂടി അദ്ദേഹത്തെ സാദരം സത്കരിച്ചു ഇരുത്തി, അവിടെയുണ്ടായ സംഗതികളും തങ്ങളുടെ ആലോചനയും അദ്ദേഹത്തെ ഗ്രഹിപ്പിക്കുകയും അമ്പലം പണിയുന്നതിനു ഒരു കണക്കു ചാർത്തിക്കൊടുക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. പെരുന്തച്ചൻ രണ്ടുമൂന്നു ദിവസം അവിടെ താമസിച്ച് അമ്പലം, കൂത്തമ്പലം, ഗോപുരങ്ങൾ മുതലായവയുടെ കണക്കുകൾ ചാർത്തിക്കൊടുക്കുകയും "താമസിയാതെ ഇനിയും വന്നുകൊള്ളാം" എന്നു പറഞ്ഞിട്ടു അവിടെ നിന്നു പോവുകയും ചെയ്തു.

അനന്തരം ഏതാനും മാസങ്ങൾക്കു ശേ‌ഷം പെരുന്തച്ചൻ പിന്നെയും അവിടെ ചെന്നിരുന്നു. അപ്പോഴേയ്ക്കും അമ്പലം പണി മിക്കവാറും തീർന്നിരുന്നു. മഹാദേവന്റെ ശ്രീകോവിൽ കിഴക്കോട്ടു ദർശനമായി തുരവായിട്ടും ശ്രീപാർവ്വതിയുടെ ശ്രീകോവിൽ തുരവിനു പടിഞ്ഞാട്ടു ദർശനവുമായിട്ടായിരുന്നു പണിതിരുന്നത്. പെരുന്തച്ചൻ നിശ്ചയിച്ചിരുന്നതും അങ്ങിനെ തന്നെയായിരുന്നു. ചുറ്റമ്പലം, തിടപ്പള്ളി മുതലായവയും പണി തീർത്തിരുന്നു. എന്നാൽ കൂത്തമ്പലത്തിന്റെ പണി ആരംഭിക്കുകപോലും ചെയ്തിരുന്നില്ല. അതിന്റെ കണക്കു സാധാരണ രീതിയിലല്ല പെരുന്തച്ചൻ കണക്കു കൊടുത്തിരുന്നത്. കൂത്തമ്പലം കുക്കുടാണ്ഡാകൃതിയിൽ പണിതീർക്കത്തക്കവണ്ണമായിരുന്നു കണക്കുണ്ടാക്കിക്കൊടുത്തിരുന്നത്. അങ്ങനെ പണിതീർക്കുന്നതിന് ആ ദിക്കിലും അടുത്ത പ്രദേശങ്ങളിലുമുണ്ടായിരുന്ന ആശാരിമാർ വിചാരിച്ചിട്ടു സാധിച്ചില്ല. അതിനാൽ പെരുന്തച്ചൻ ഏതാനും മാസങ്ങൾ അവിടെ താമസിച്ചു സ്വയമേവ പണിതും പറഞ്ഞുകൊടുത്തു മറ്റുള്ള ആശാരിമാരെക്കൊണ്ടു പണിയിച്ചും കൂത്തമ്പലം തീർത്തു.

അമ്പലം പണിയെല്ലാം കുറ തീർന്നപ്പോൾ വഞ്ഞിപ്പുഴതമ്പുരാൻ മുതലായവർ ശ്രീപാർവതിയുടെ ഒരു ശിലാവിഗ്രഹം പെരുന്തച്ചൻ തന്നെ ഉണ്ടാക്കിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ഉടനെ പെരുന്തച്ചൻ മതിൽക്കകത്തെല്ലാം ചുറ്റി നടന്നു, ആ സ്ഥലം ആകപ്പാടെ പരിശോധിച്ചതിന്റെ ശേ‌ഷം മതിൽക്കകത്തു വായു കോണിൽ ഒരു സ്ഥലം തൊട്ടു കാണിച്ചിട്ട് അവിടെ വെട്ടി കുഴിച്ചു മണ്ണുമാറ്റിക്കുവാൻ പറഞ്ഞു. തമ്പുരാന്റെ കല്പനപ്രകാരം അങ്ങനെ ചെയ്തപ്പോൾ മണ്ണീനടിയിൽ നിന്നും ആദിപരാശക്തിയുടെ ഒരു ശിലാവിഗ്രഹം യാതൊരു കേടുംകൂടാതെ കണ്ടുകിട്ടി. പെരുന്തച്ചൻ ആ വിഗ്രഹമെടുത്ത് അവിടെ കൊടുത്തിട്ടു പിന്നെയും അവിടെനിന്നു പോയി.

അടുത്തുണ്ടായിരുന്ന ശുഭമുഹൂർത്തത്തിൽ ദേവീപ്രതിഷ്ഠയും ദേവനും ദേവിയ്ക്കും യഥാവിധി കലശം ഉത്സവം മുതലായവയും നടത്തുകയും നിത്യദാനം, മാസവിശേ‌ഷം, ആട്ടവിശേ‌ഷം മുതലായവ നിശ്ചയിച്ചു അവയ്ക്കെല്ലാം പതിവുകളേർപ്പെടുത്തുകയും ചെയ്തു. ആണ്ടുതോറും ധനുമാസത്തിൽ കൊടി കയറി ഇരുപത്തെട്ടു ദിവസത്തെ ഉത്സവം വേണമെന്നാണ് നിശ്ചയിച്ചത്. അങ്ങനെ ഇപ്പൊഴും നടന്നു വരുന്നുണ്ട്. ആ മുറയ്ക്കു സാധാരണ ആറാട്ടു മകരമാസത്തിൽ തിരുവാതിര നാളാകും. എന്നാൽ ചില കൊല്ലം ധനുമാസത്തിൽ രണ്ടു തിരുവാതിര വന്നാൽ ആദ്യത്തെ തിരുവാതിര കൊടിയേറ്റും രണ്ടാമത്തെ തിരുവാതിര ആറാട്ടുമായിരിക്കും.

ഭഗവതിയെക്കുറിച്ചു ജനങ്ങൾക്കു ഭക്തിയും വിശ്വാസവും വർദ്ധിക്കുന്നതിന് ഒരു കാരണവും കൂടി ഉണ്ടായിത്തീർന്നു. ഒരു ദിവസം ശാന്തിക്കാരൻ കുളിച്ചു ചെന്നു ദേവിയുടെ നടതുറന്നു നിർമ്മാല്യം വാങ്ങിയ പ്പോൾ ഉടയാടയിൽ രജസ്സു കാണുകയാൽ സംശയിച്ചു നിർമ്മാല്യ ത്തോടു(പൂവ്, മാല മുതലായവയോടു)കൂടെ ഉടയാട പതിവുപോലെ പുറത്തിടുകയും സംശിയിക്കപ്പെട്ട സംഗതി സ്വകാര്യമായി കഴകക്കാരൻ വാര്യരോടു പറയുകയും ചെയ്തു. വാരിയർ ആ സംഗതി ദേവസ്വക്കാരെ അറിയിക്കുകയും അവരുടെ നിയോഗപ്രകാരം ആ ഉടയാട പൊതിഞ്ഞു കെട്ടി വഞ്ഞിപ്പുഴ മഠത്തിൽ കൊണ്ടുപോയി അകത്തു കൊടുപ്പിച്ചു വലിയതമ്പുരാട്ടിയെ കാണിക്കുകയും വലിയ തമ്പുരാട്ടി നോക്കി പരിശോധിച്ചു ദേവി ഋതുവായതു തന്നെയാണന്നു തീർച്ചപ്പെടുത്തുകയും എങ്കിലും താഴമൺ മഠത്തിൽ കൊണ്ടു പോയി അവിടുത്തെ വലിയ അന്തർജ്ജനത്തെക്കൂടെ കാണിച്ചേക്കണം എന്നു കല്പിച്ചു ഉടയാട മടക്കിക്കൊടുക്കുകയും ചെയ്തു. വാരിയർ ഉടയാട താഴമൺ മഠത്തിലും കൊണ്ടുപോയി ദാസികൾ മുഖാന്തിരം അകത്തു കൊടുത്തു കാണിച്ചു.അവിടുത്തെ വലിയ അന്തർജ്ജനവും നോക്കി വലിയ തമ്പുരാട്ടി കല്പിച്ചതു പോലെ തന്നെ തീർച്ചപ്പെടുത്തി പറഞ്ഞു. ഇങ്ങനെ സംഗതി തീർച്ചയായ തിന്റെ ശേ‌ഷം തന്ത്രിയായ താഴമൺ പോറ്റി അമ്പലത്തിൽ ചെന്നു പടിഞ്ഞാറെ ചുറ്റമ്പലത്തിന്റെ വടക്കെ മൂലയിൽ (വായു കോണിൽ) ഉള്ള ഒരു മുറി ദേവസ്വക്കാർ മുഖാന്തിരം കെട്ടി വിതാനിച്ചു അലങ്കരിപ്പിച്ചു ദേവിയെ ശ്രീ കോവിലനകത്തു നിന്നു എഴുന്നള്ളിച്ചു ആ മുറിയിലിരുത്തി ഉടനെ ശ്രീകോവിലടച്ചു പൂട്ടുകയും ചെയ്തു. പിന്നെ മൂന്നു ദിവസത്തേയ്ക്കു ദേവിയ്ക്കു പൂജ, ദീപാരാധന മുതലായവയെല്ലാം ദേവിയെ എഴുന്നുള്ളിച്ചിരുത്തിയ സ്ഥലത്തു വച്ചു തന്നെ നടത്തി. രാത്രിയിൽ ദേവിയ്ക്കു തുണയായി മൂന്നു ദിവസം പടിഞ്ഞാറെ ചുറ്റമ്പലത്തിൽ കിടക്കുന്നതിനു നാലു നായർ സ്ത്രീകളെ ഏർപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ മൂന്നു ദിവസം കഴിഞ്ഞതിന്റെ ശേ‌ഷം നാലാം ദിവസം രാവിലെ ദേവിയെ തൃപ്പൂത്താറാട്ടിനായി(ഋതുസ്നാനതിനായിട്ട്) പിടിയാനപ്പുറത്തു കയറ്റി പമ്പാനദിയുടെ കൈവഴിയായ മിത്രപ്പുഴക്കടവ്' എന്ന സ്ഥലത്തേയ്ക്കു വാദ്യഘോ‌ഷങ്ങളോടുകൂടി എഴുന്നള്ളിച്ചു കൊണ്ടുപോയി. അന്തർജ്ജനങ്ങളുടെ ഋതുസ്നാനം പോലെ മണ്ണാത്തി മാറ്റു മുതലായ ഉപകരണങ്ങ ളോടും പരിചയപ്പെട്ട സ്ത്രീകളുടെ സാഹചര്യത്തോടും കൂടി ആറാടിച്ചു. തന്ത്രി, പരികർമ്മികൾ മുതലായവർ ചെന്നു സാധാരണമായി ആറാട്ടുകൾക്കുള്ള ചടങ്ങുകളോടു കൂടി പുണ്യാഹം, പൂജ മുതലായവയും കഴിച്ചു ദേവിയെ പിടിയാനപ്പുറത്തുതന്നെ വാദ്യഘോ‌ഷങ്ങളോടുകൂടി തിരികെ എഴുന്നള്ളിച്ചു മതിൽക്കകത്തെത്തിയപ്പോൾ പതിവുള്ള എതിരുത്ത (കാലത്തെയുള്ള) ശീവേലിയ്ക്ക് ദേവനെയും എഴുന്നള്ളിച്ചു. പിന്നെ രണ്ടു എഴുന്നള്ളത്തുകളും കൂടി മൂന്നു പ്രദിക്ഷണം കഴിഞ്ഞു ദേവനെ ദേവന്റെ ശ്രീകോവിലിലേയ്ക്കും ദേവിയെ ദേവിയുടെ ശ്രീകോവിലിലേയ്ക്കും എഴുന്നള്ളിച്ചു. അങ്ങിനെ ആ അടിയന്തിരം അവസാനിച്ചു.

അടുത്തമാസത്തിലും ദേവി ഋതുവായി. അപ്പോഴും ശാന്തിക്കാരൻ മുന്മാസത്തിലേതുപോലെ ഉടയാട നിർമ്മാല്യത്തോടെയെടുത്തു പുറത്തിടു കയും സംഗതി വാരിയരോടു സ്വകാര്യമായി പറയുകയും ചെയ്തു. വാരിയർ ഉടയാട വഞ്ഞിപ്പുഴമഠത്തിലെ വലിയ തമ്പുരാട്ടിയേയും താഴമൺ മഠത്തിലെ അന്തർ ‌നത്തിനെയും കാണിച്ചു സംഗതി തീർച്ചപ്പെടുത്തു കയും വിവരം ദേവസ്വക്കാരെ അറിയിക്കുകയും തന്ത്രി മുതലായവർ കൂടി തൃപ്പൂത്താറാട്ടുവരെയുള്ള സകല കാര്യങ്ങളും യഥാപൂർവം ഭംഗിയായി നടത്തുകയും ചെയ്തു. അനന്തരം വഞ്ഞിപ്പുഴത്തമ്പുരാൻ മുതലായവർ യോഗം കൂടി ദേവി പിന്നെയും മാസം തോറും ഋതുവാകുമെന്നു തന്നെ തീർച്ചപ്പെടുത്തി. അതു സംബന്ധിച്ചു വേണ്ടുന്ന ചെലവിലേയ്ക്കായി മുതൽ വകവെച്ചു ദേവസ്വം വക പതിവു കണക്കിൽ ചേർത്തെഴുതിക്കുകയും ദേവിയുടെ പരിചയപ്പെട്ടവരായി ചില വീട്ടുകാരെ നിശ്ചയിക്കുകയും അവർക്കും ചില അനുഭവങ്ങൾ നിശ്ചയിക്കുകയും ചെയ്തു. ആ അടിയന്തിരം പിന്നെ മുറയ്ക്കു നടന്നു കൊണ്ടിരുന്നു.

അങ്ങിനെയിരുന്ന കാലത്തു പെരുന്തച്ചൻ പിന്നെയുമൊരുദിവസം ചെങ്ങന്നൂർ ചെന്നിരുന്നു. അപ്പോൾ പഞ്ചലോഹങ്ങൾ ചേർത്തു ഒരു ദേവീ വിഗ്രഹം വാർത്തുണ്ടാക്കി കൊണ്ടാണ് അദ്ദേഹം ചെന്നത്. ആ ബിംബം തന്ത്രിയായ താഴ്മൺ പോറ്റിയെ ഏല്പിച്ചു കൊടുത്തിട്ട് "ഇനിയും ഏതാനും ശതാബ്ദങ്ങൾ കഴിയുമ്പോൾ ഈ അമ്പലത്തിനു അഗ്നിബാധയുണ്ടാകും. അപ്പോൾ അമ്പലത്തോടുകൂടി ഇപ്പോഴത്തെ ഭഗവതീ പ്രതിഷ്ഠയും നഷ്ടപ്പെട്ടു പോകും. പിന്നീടു അമ്പലം പണി കഴിഞ്ഞു പ്രതിഷ്ഠിക്കുമ്പോൾ ഈ വിഗ്രഹം ഉപയോഗിക്കണം. അക്കാലം വരെ ഈ വിഗ്രഹം വടക്കു വശത്തോടുകൂടി ഒഴുകുന്ന നദിയുടെ കരയോടു ചേർന്നു കാണുന്ന പാറയുടെ സമീപത്തുള്ള കയത്തിലിട്ടേക്കണം. അക്കാലത്തുണ്ടായിരിന്നവർക്കു ഇതൊന്നുമറിഞ്ഞു കൂടായിരിക്കുമല്ലോ. അതിനാൽ അവരുടെ അറിവിനായി ഈ വിവരങ്ങളെല്ലാം ഒരു ഗ്രന്ഥത്തിലെഴുതി സൂക്ഷിച്ചു വയ്ക്കുകയും വേണം" എന്നു പറഞ്ഞിട്ടു പെരുന്തച്ചൻ പോവുകയും ആ താഴമൺ പോറ്റി അപ്രകാരമെല്ലാം ചെയ്യുകയും ചെയ്തു.

അനന്തരം ഏതാനും ശതാബ്ദങ്ങൾ കഴിഞ്ഞപ്പോൾ പെരുന്തച്ചൻ പറഞ്ഞതുപോലെ അമ്പലത്തിനു അഗ്നിബാധയുണ്ടായി. അപ്പോൾ ബിംബഹാനി വരരുതെന്നു കരുതി ജനങ്ങൾ കൂടി ആദ്യം ശിവന്റെ ശ്രീകോവിലിനകത്തു ചെളി കോരികൊണ്ടുവന്നിട്ടു നിറച്ചു. പിന്നെ ദേവിയുടെ ശ്രീകോവിലിനകത്തു കൂടെ അപ്രകാരം ചെയ്യുന്നതിനു ചെന്നപ്പോഴേയ്ക്കും തീജ്വാലകൊണ്ട് ആർക്കും അങ്ങോട്ട് അടുക്കാൻ വയ്യാതെയായിപ്പോയതിനാൽ അമ്പലം വെന്തു വെണ്ണീറായതിനോടു കൂടി ദേവിയുടെ വിഗ്രഹം പൊട്ടിത്തകർന്നുപോയി. അഗ്നിബാധയിൽപ്പെട്ട് അമ്പലവും, കൂത്തമ്പലവും ഗോപുരങ്ങളുമെല്ലാം നിശ്ശേ‌ഷം അഗ്നിക്കിര യായിതീർന്നു.

പിന്നെ വഞ്ഞിപ്പുഴതമ്പുരാൻ മുതലായയോഗക്കാരും മറ്റും കൂടിയാലോചിച്ചു അധികം താമസിയാതെ അമ്പലവും മറ്റും യഥാപൂർവ്വം പുത്തനായി പണികഴിപ്പിചു. കൂത്തമ്പലം പണിയുന്നതിനു അറിയാവുന്ന ആശാരിമാരില്ലാതെയിരുന്നതിനാൽ അതുമാത്രം പണിയിച്ചില്ല. കുക്കുടാണ്ഡാകൃതിയിലുള്ള അതിന്റെ തറ ഇപ്പൊഴും അവിടെ കാണ്മാനുണ്ട്.അമ്പലം പണികഴിഞ്ഞതിന്റെ ശേ‌ഷം ദേവീ വിഗ്രഹം ഉണ്ടാക്കാനുള്ള ആലോചനയായി ലക്ഷണപ്പിഴ കൂടാതെ ശാസ്ത്രപ്രകാരം ബിംബം പണിയാൻ പഠിപ്പും പരിചയവുമുള്ള ശില്പാചാരി എവിടെയുണ്ടന്നു അന്വേ‌ഷിച്ചുകൊണ്ടിരിക്കുന്ന കാലത്തു അന്നു താഴമൺ മഠത്തിൽമൂപ്പായിരുന്ന നീലകണ്ഠൻ പോറ്റി ഒരു ദിവസം അത്താഴം കഴിഞ്ഞു കിടന്നുറങ്ങിയപ്പോൾ അദ്ദേഹത്തിനു ഒരു സ്വപ്നമുണ്ടായി. അദ്ദേഹത്തിന്റെ അടുക്കൽ ആരോ ചെന്നു "ഗ്രന്ഥം നോക്കണം എന്നു പറഞ്ഞതായിട്ടായിരുന്നു സ്വപ്നം. ഉടനെ അദ്ദേഹം ഉണർന്നു നോക്കീട്ട് അവിടെ ആരെയും കണ്ടില്ല. "എന്തോ സാരമില്ല" എന്നു വിചാരിച്ചു അദ്ദേഹം പിന്നെയും കണ്ണടച്ചുറങ്ങിയപ്പോൾ വീണ്ടും മേൽപ്രകാരം സ്വപ്നമുണ്ടായി. അങ്ങിനെ അന്നു മുതൽ നാലഞ്ചു ദിവസം അടുപ്പിച്ചു രാത്രി തോറും നാലുമഞ്ചും പ്രാവശ്യം സ്വപ്നം കണ്ടു. അതിന്റെ സാരമെന്താണന്നു മനസ്സിലായില്ലങ്കിലും "ഗ്രന്ഥം നോക്കണം" എന്നു പറഞ്ഞതായിട്ടാണല്ലോ സ്വപ്നമുണ്ടായത്. ഏതെങ്കിലും ഗ്രന്ഥങ്ങളഴിച്ചു പരിശൊധിക്കുക തന്നെ എന്നു വിചാരിച്ചു അദ്ദേഹം അടുത്ത ദിവസം ഗ്രന്ഥപ്പെട്ടിതുറന്നു ഓരോ ഗ്രന്ഥങ്ങളഴിച്ചു പരിശോധിച്ചു തുടങ്ങി. അപ്പോൽ ഒരു ഗ്രന്ഥത്തിൽ "പെരുന്തച്ചൻ ഒരിക്കൽ ഇവിടെ വന്നിരുന്നു അദ്ദേഹം ഇനി ഏതാനും ശതബ്ദങ്ങൾ കഴിയുമ്പോൾ ഇവിടെ അമ്പലത്തിനു അഗ്നിബാധ ഉണ്ടാവുകയും അമ്പലത്തോടു കൂടി ദേവീവിഗ്രഹവും നഷ്ടപ്പെട്ടു പോവുകയും ചെയ്യും. അപ്പോൾ ആ വിഗ്രഹത്തിനു പകരം ഈ വിഗ്രഹം പ്രതിഷ്ഠിച്ചു കൊള്ളണം എന്നു പറഞ്ഞു പഞ്ചലോഹ നിർമിതമായ ഒരു ദേവീവിഗ്രഹം തന്നിട്ടാണു പോയത്. ആ വിഗ്രഹം ഇവിടെ വടക്കു വശത്തുള്ള പുഴവക്കത്തു കാണുന്ന പാറയുടെ സമീപ മുള്ള കയത്തിൽ നിക്ഷേപിച്ചിട്ടുണ്ട്. ആവശ്യപ്പെടുമ്പോൾ എടുത്തു കൊള്ളണം" എന്നു ഏഴുതിയിരിക്കുന്നതായി കണ്ടു. ആ വിവരം നീലകണ്ഠൻപോറ്റി വഞ്ഞിപ്പുഴ തമ്പുരാൻ മുതലായവരെ അറിയിച്ചു. ഉടനെ തമ്പുരാൻ അനേകമാളുകളെ അയച്ചു കയത്തിൽ മുങ്ങിതപ്പി നോക്കിച്ചു. ഒരു ഫലവുമുണ്ടായില്ല.

അങ്ങിനെയിരിക്കെ കരുനാഗപ്പള്ളിക്കാരായ ചില അരയന്മാർ വഞ്ചികളിൽ കയറി വല വീശി മത്സ്യം പിടിചു നടന്ന കൂട്ടത്തിൽ മേല്പറഞ്ഞ കയത്തിനു സമീപം വഞ്ചികളടുപ്പിച്ചു കരയ്ക്കിറങ്ങി കയത്തിൽ കുളിച്ചു. അപ്പോൾ അതിൽ ഒരുത്തന് കയത്തിന് എത്രമാത്രം ആഴമുണ്ടന്നു നോക്കണമെന്നു തോന്നി. അവൻ ആ കയത്തിൽ മുങ്ങി അടിയിൽ ച്ചെന്നപ്പോൾ ഘനമുള്ള എന്തോ ഒരു വസ്തു അവന്റെ കാലിൽ തടഞ്ഞു. അവൻ അതെടുത്തു കരയ്ക്കു കൊണ്ടുവന്നു. അതു ഒരു ദേവീവിഗ്രഹം തന്നെയായിരുന്നു. ഉടനെ ഈ വിവരം വഞ്ഞിപുഴതമ്പുരാൻ മുതലായവരറിഞ്ഞു. ചിലരെപ്പറഞ്ഞയച്ചു ആ അരയന്മാരെകൊണ്ടു തന്നെ ആ വിഗ്രഹമെടുപ്പിച്ചു പടിഞ്ഞാറെ ഗോപുരത്തിങ്കൽ വരുത്തി. അപ്പോൾ ആ അരയന്മാർ വിശപ്പുകൊണ്ട് ഏറ്റവും വലഞ്ഞിരുന്നു. എങ്കിലും അന്നു ശിവരാത്രി ആയിരുന്നതിനാൽ അവർക്കു കരിയ്ക്ക്, പഴം മുതലായവ ധാരാളമായി കൊടുത്തു സന്തോ‌ഷിപ്പിച്ചു അവരെ പറഞ്ഞയച്ചു.

പിന്നെ നവീകരണക്രിയാദികളോടുകൂടി ശുഭമുഹൂർത്തത്തിങ്കൽ ഭഗവതി യുടെ ബിംബപ്രതിഷ്ഠയും, കലശവും, ഉത്സവവും മറ്റും യഥാവിധി നടത്തുകയും ക്ഷേത്രകാരങ്ങളെല്ലാം യഥാപൂർവ്വം മുറയ്ക്കു നടന്നു തുടങ്ങുകയും ചെയ്തു. എങ്കിലും ആ നവീനപ്രതിഷ്ഠ കഴിഞ്ഞതിൽപ്പിന്നെ അവിടെ പരാശക്തിയുടെ ചൈതന്യം ലേശം പോലും ഇല്ലാതായിതീർന്നു. അവിടെ ഭജനത്തിനായും ദർശനത്തിനായും ആരും വരാതെയും വഴിപാടുകളൊന്നും ഇല്ലാതെയുമായി. ഇങ്ങിനെയൊക്കെ ആയിതീർന്നതു പ്രതിഷ്ഠ മുതലായവ നടത്തിയ തന്ത്രിക്കു തപശക്തിയും, മനഃശുദ്ധിയും മന്ത്രതന്ത്രാദികളിൽ പാണ്ഡിത്യവും പരിചയവുമില്ലാഞ്ഞിട്ടാണെന്നു പറഞ്ഞു ജനങ്ങൾ അദ്ദേഹത്തെ പരിഹസിപ്പാനും തുടങ്ങി. ക്രമേണ നീലകണ്ഠൻ പോറ്റിയ്ക്കു പരപരിഹാസവും തന്നിമിത്തമുള്ള മനസ്താപവും ദുസ്സഹമായിത്തീർന്നു അതിനാലദ്ദേഹം ഭക്തിപൂർവ്വം ദേവിയെ ഭജിക്കുകയും ചില ദിവ്യമന്ത്രങ്ങൾ കൊണ്ട് പതിവായി പു‌ഷ്പാജ്ഞലികളും ചില ദിവ്യ മന്ത്രങ്ങൾ ജപിച്ചു നിവേദ്യങ്ങളിൽ ഉപസ്തരിക്കുകയും മറ്റും ചെയ്തു തുടങ്ങി. അങ്ങിനെ രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോഴെയ്ക്കും അവിടെ ദേവിയുടെ സാന്നിദ്ധ്യവും ചൈതന്യവുമുണ്ടായിത്തുടങ്ങിയതായി ജനങ്ങൾക്കു തോന്നിത്തുടങ്ങി. അപ്പോഴേയ്ക്കും അവിടെ ഭജനത്തിനായും ദർശനത്തിനായും ജനങ്ങൾ കുറേശ്ശെ വന്നു തുടങ്ങി. വഴിപാടുകളുണ്ടായിത്തുടങ്ങി. ദേവി ചിലപ്പോൾ ഋതുവായിത്തുടങ്ങുകയും ചെയ്തു.

ഇങ്ങിനെ നീലകണ്ഠൻപോറ്റിയുടെ അതിനിഷ്ഠയോടു കൂടിയ ഭജനം ഒരു സംവത്സരമായപ്പോഴേയ്ക്കും അവിടെ ദേവിയുടെ ചൈതന്യം പണ്ടത്തേതിൽ പതിന്മടങ്ങു വർദ്ധിച്ചു. പിന്നെ അതു അവിടെ ഒരിക്കലും കുറഞ്ഞിട്ടില്ല. ഇപ്പോഴും അതവിടെ പ്രതിദിനമെന്നപോലെ വർദ്ധിച്ചു കൊണ്ടു തന്നെയിരിക്കുന്നു. പത്തു പതിനഞ്ചു ഭജനക്കാരെങ്കിലും ഒരിക്കലും ഇല്ലാതെ വരാറില്ല, ചിലപ്പോൾ നൂറും നൂറ്റമ്പതും പേരുണ്ടായിയെന്നു വരും. പ്രതിദിനം ദർശനത്തിനായി അസംഖ്യമാളുകൾ വരുന്നുണ്ട്. കണക്കില്ലാത്ത വഴിപാടികളുമുണ്ടാകുന്നുണ്ട്. ഇഷ്ട മംഗല്യവരദായിനിയായ ആ ദേവി സകല ജനങ്ങൾക്കും സകലാഭീഷ്ടങ്ങളും സാധിപ്പിച്ചു കൊടുക്കുന്നുമുണ്ട്. പ്രത്യേകിച്ചും വിവാഹം തടസം നേരിടുന്നവർക്ക് ഉത്തമവിവാഹം നടക്കുമത്രേ.അവിടെ ചെന്നു കണ്ടാൽ ദേവിയെകുറിച്ചുള്ള ഭക്തിയും വിശ്വാസവും പുരു‌ഷന്മാരേക്കാളധികം സ്ത്രീകൾക്കാണെന്നു തോന്നും. ദേവി ഋതുവായിരിക്കുന്ന കാലങ്ങളിൽ അവിടെ ചെന്നു ദർശനം കഴിക്കുന്നതു സന്തതിക്കും സമ്പത്തിനും സഭൗാഗ്യത്തിനും നെടുമാംഗല്യത്തിനും വളരെ നല്ലതാണെന്നുള്ള പ്രസിദ്ധി നിമിത്തം അക്കാലങ്ങളിൽ അവിടെ ദർശനത്തിനായി വരുന്ന സ്ത്രീകൾക്കു കണക്കില്ല. മലയാളമാസത്തിലെ ഉത്രം നാളിൽ "ഉത്രം തൊഴീൽ" ഇവിടെ വിശേഷമാണ്. അന്ന് ദേവിക്ക് നവകാഭിഷേകവും പതിവുണ്ട്. അപ്രകാരം തന്നെ തൃപ്പൂത്താറാട്ടു സംബന്ധിച്ചുള്ള എഴുന്നള്ളത്തിന്റെ മുൻപിൽ താലപ്പൊലി എടുക്കുന്നതിനും അസംഖ്യം ആളുകൾ അവിടെ വന്നു കൂടുന്നുണ്ട്. ദേവിയുടെ തൃപ്പൂത്താറാട്ട് സംബന്ധിച്ചുള്ള എഴുന്നള്ളത്തു കാണുന്നതിനു സ്വർഗ്ഗലോകത്തിലെ ദേവന്മാരോടുകൂടി ദേവസ്ത്രീകളും ആകാശത്തിങ്കൽ വന്നു നിൽക്കുമെന്നാണല്ലോ പ്രസിദ്ധി.

ദേവിയെക്കുറിച്ചുള്ള പ്രസിദ്ധി ലോകത്തിൽ സർവ്വത്ര വ്യാപിക്കുകയും തങ്ങൾ എടുത്തു കൊടുത്ത വിഗ്രഹമാണു അവിടെ പ്രതി‌ഷഠിക്കപ്പെട്ടതെന്നു അറിയുകയും ചെയ്തപ്പോൾ കരുനാഗപ്പള്ളിക്കാരായ അരയന്മാർക്കും ഭഗവതിയെക്കുറിച്ചു ക്രമത്തിലധികമായ ഭക്തിയും പ്രതിപത്തിയുമുണ്ടായിത്തീരുകയും അവർ ശിവരാത്രി തോറും മഹാദേവിയെ വന്ദിക്കുന്നതിനായി ചെങ്ങനൂർ പടിഞ്ഞാറെ നടയ്കൽ പോയി തുടങ്ങുകയും, അവരവിടെ ചെന്നാൽ ദേവസ്വക്കാർ അവർക്ക് കരിക്കും, പഴവും കൊടുത്തു തുടങ്ങുകയും ചെയ്തു. കാലക്രമേണ അതൊരു പതിവായിത്തീർന്നു. ആ മുക്കുവന്മാരുടെ വംശക്കാർ ഇപ്പോഴും ശിവരാത്രി തോറുമവിടെ വരികയും ദേവസ്വത്തിൽ നിന്നുഅവർക്കു കരിക്കും പഴവും കൊടുക്കുകയും ചെയ്തു വരുന്നുണ്ട്.

സ്വയംവരാനന്തരം പാർവതീ പരമേശ്വരന്മാരും ബ്രഹ്മാദി ദേവന്മാരും മറ്റും കൂടി ശോണാദ്രിയിൽ ചെന്നുവെന്നും അപ്പോൾ ദേവി ഋതുവായിയെന്നും അവിടെ വച്ചു ഋതുശാന്തി കല്യാണം നടത്തിയെന്നും മുൻപു പറഞ്ഞിട്ടുണ്ട്. അന്നു ആ ഋതുശാന്തി സംബന്ധിച്ചു ഹോമം കഴിച്ച സ്ഥലം കാലക്രമേണ ഒരു തടാകമായിത്തീർന്നു. ആ തടാകമാണു ചെങ്ങന്നൂർ വടക്കെക്കുളമായിപ്പരിണമിച്ചത്. ആ കുളത്തിനു ഇപ്പോഴും പറഞ്ഞു വരുന്ന പേരു ശക്തികുണ്ഡതീർത്ഥം എന്നാണ്. ആ കുളം സ്വച്ഛമാക്കുന്നതിനായി അടുത്തകാലത്തു വെള്ളം തേകി വറ്റിച്ചു ചേറെടുത്തു മാറ്റിയപ്പോൾ അടിയ്ക്കു മദ്ധ്യഭാഗത്തായി ഒരു ഹോമകുണ്ഡം കാണുകയുണ്ടായി. ഇങ്ങനെ മേല്പറഞ്ഞ സംഗതികളുടെ യാഥാർത്ഥ്യത്തെ തെളിയിക്കുന്ന അനേകം ദൃഷ്ടാന്തങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടായിക്കൊണ്ടുമിരിക്കുന്നുണ്ട്. അവയെല്ലാം യഥാക്രമം വിവരിക്കുന്നതായാൽ ലേഖനം സാമാന്യത്തിലധികം ദീർഘിച്ചു പോകും.

പറവൂർവരെയുള്ള വടക്കൻ പ്രദേശങ്ങളും അവയിലുള്ള അനേകം ക്ഷേത്രങ്ങളും തിരുവതാംകൂറിൽ ചേർത്തതിന്റെ ശേ‌ഷം ദേവസ്വങ്ങളിലെ പതിവു കണക്കുകൾ പരി‌ഷ്കരിച്ചു മാറിയെഴുതി ശരിപ്പെടുത്തിയതു ബ്രിട്ടി‌ഷ് റസിഡണ്ടും തിരുവതാംകൂർ ദിവാനുമായിരുന്ന മൺട്രാ സായ്പായിരുന്നല്ലോ. ചെങ്ങന്നൂർ ദേവസ്വം വക പതിവുകണക്കു പരി‌ഷ്കരിചപ്പോൾ ദേവി ഋതുവായാൽ തൃപ്പൂത്താറട്ടുവരെയുള്ള ചെലവുകളുടെ പതിവ് അദ്ദേഹം തള്ളിക്കളഞ്ഞു. ദേവി ഋതുവാകുമെന്നുള്ളതിൽ അദ്ദേഹത്തിനു ലേശവും വിശ്വാസമുണ്ടായില്ല. അതു ചില ജനങ്ങൾ വെറുതെ പറഞ്ഞുണ്ടാക്കിയതാണന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം. എങ്കിലും ആ പതിവു കണക്കു വെട്ടിക്കുറച്ചപ്പോൾ സായ്പിന്റെ ഭാര്യയായ മദാമ്മയ്ക്കു രക്തസ്രാവമാരംഭിച്ചു. അതിനു പല ചികിത്സകൾ ചെയ്തിട്ടും യാതൊരു ഫലവുമുണ്ടായില്ല. അതിനാൽ സായ്പിന്റെ ഇഷ്ടനും കണക്കെഴുത്തുകാരനുമായിരുന്ന ഒരു നായർ സായ്പിന്റെ അറിവും സമ്മതവും കൂടാതെ ഒരു നല്ല പ്രശ്നക്കാരനെ കൊണ്ടു മദാമ്മയുടെ രോഗത്തിനു കാരണമെന്താണന്നും അതിന്റെ പ്രതിവിധി എന്താണന്നും പ്രശ്നം വയ്പിചു നോക്കി. അപ്പോൾ പ്രശ്നക്കാരൻ രോഗകാരണം ചെങ്ങന്നൂർ ഭഗവതിയുടെ വിരോധമാണന്നും അവിടുത്തെ പതിവു കണക്കു പൂർവ്വസ്ഥിതിയിൽ ആക്കിയാൽ രോഗം ഭേദമാകുമെന്നും വിധിച്ചു. സായ്പിന്റെ ഇഷ്ടനായ നായർ, ആ സംഗതി ഗൂടന്മമായി സായ്പിനെ ഗ്രഹിപ്പിചു. ഇതു കേട്ടിട്ട് സായ്പ് "എന്നാൽ മദാമ്മയുടെ സുഖക്കേട് ഉടനെ ഭേദമാകട്ടെ. ആ ദേവസ്വത്തിലെ പതിവു കണക്കു പൂർവസ്ഥിതിയിൽ ആക്കിയേക്കാം. എന്നു മാത്രമല്ല ആണ്ടു തോറും ദേവി ആദ്യം ഋതുവാകുമ്പോളതു സംബന്ധിച്ചുള്ള ചെലവുകൾ പലിശകൊണ്ടു കഴിയാൻ തക്കവണ്ണമുള്ള സംഖ്യ ഞാൻ എന്റെ കൈയിൽ നിന്നു ആ ദേവസ്വത്തിൽ ഏല്പിക്കുകയും ചെയ്തേക്കാം എന്നു പറയുകയും ഉടനെ ഒരു സംഖ്യ എടുത്തു പ്രത്യേകം കെട്ടിവയ്ക്കുകയും ചെയ്തു. അനന്തരം നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ മദാമ്മയുടെ ദീനം നിശ്ശേ‌ഷം ഭേദമായി. അവർ പൂർവസ്ഥിതിയെ പ്രാപിചു. അപ്പോൾ സായ്പ് "ചെങ്ങന്നൂർ ഭഗവതിയുടെ മാഹാത്മ്യം അത്ഭുതാവഹം തന്നെ" എന്നു പറയുകയും ഉടനെ ചെങ്ങനൂർ ചെന്നു ദേവസ്വത്തിലെ പതിവു കണക്കു പൂർവ്വസ്ഥിതി യിലാക്കുകയും താൻ നിശ്ചയിച്ചു കെട്ടിവച്ച സംഖ്യ ദേവസ്വത്തിലേല്പിക്കുകയും ചെയ്തു.കൊല്ലം 1055-ആമാണ്ടു നാടു നീങ്ങിയ ആയില്യം തിരുനാൾ മഹാരാജാവ് തിരുമനസ്സിലേക്കാലത്തു സൂര്യനാരായണയ്യൻ എന്നു പേരായ ഒരു പരദേശബ്രാഹ്മണൻ സ്വല്പശമ്പളമായ ഒരു സർക്കാരുദ്യോഗത്തോടുകൂടി തിരുവനന്തപുരത്തു താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ പേരിൽ തിരുമനസ്സിലേയ്ക്ക് എന്തോ തിരുവുള്ളക്കേട്(വിരോധം) ഉണ്ടായിത്തീരുകയാൽ അദ്ദേഹത്തെപ്പിടിച്ചു തോവാളകോട്ട (തിരുവതാംകൂറിന്റെ അതിർത്തി) കടത്തിവിടാൻ കല്പ്നയുണ്ടാവുകയും അപ്രകാരം ചെയ്യുകയും ചെയ്തു. അദ്ദേഹം ആരുമറിയാതെ ഉപായത്തിൽ മടങ്ങി വന്നു തിരുവല്ലായിലെത്തി 'വിദ്വാൻ ഭട്ടതിരി' എന്നു പ്രസിദ്ധനായിരുന്ന കുഴിക്കാട്ട് അച്ഛൻ ഭട്ടതിരിയുടെ അടുക്കൽ നിന്നു ചില ദിവ്യമന്ത്രാപദേശങ്ങളും വാങ്ങികൊണ്ടു ചെങ്ങനൂർ ചെന്നു ദേവീസന്നിധിയിൽ ഭജനം തുടങ്ങുകയും ഒരു പു‌ഷ്പാജ്ഞലി തുടങ്ങിക്കുകയും ചെയ്തു. പു‌ഷ്പാജ്ഞലിക്കുള്ള മന്ത്രം ആ ബ്രാഹ്മണൻ സോപനത്തിങ്കൽ നിന്നു ചൊല്ലിക്കൊടുക്കുകയും ശാന്തിക്കാരൻ അതുകേട്ടു ചൊല്ലി പു‌ഷ്പാജ്ഞലി ചെയ്യുകയുമായിരുന്നു. അങ്ങിനെ നാല്പത്തൊന്നു ദിവസം കഴിഞ്ഞപ്പോൾ മഹാരാജാവിന്റെ തിരുമനസ്സിൽ സൂര്യനാരായണനെ വരുത്തി ഉദ്യോഗം കൊടുക്കണമെന്നു തോന്നിത്തുടങ്ങി. ഉടനെ അദ്ദേഹത്തെ എവിടെ നിന്നെങ്കിലും അന്വേ‌ഷിച്ചു കണ്ടുപിടിച്ചു കൊണ്ടു വരണമെന്നു കല്പ്നയാവുകയും, കല്പനപ്രകാരം പല സ്ഥലങ്ങളിലുമെഴുതിയയച്ചും ആളുകളെ അയച്ചും മുറയ്ക്കു അന്വേ‌ഷണം തുടങ്ങുകയും ചെയ്തു. ഭജനം തൊണ്ണൂറു ദിവസമായപ്പോഴെയ്ക്കും ചിലർ ചെങ്ങന്നൂർ എത്തി അദ്ദേഹത്തെ കണ്ടു പിടിക്കുകയും ഉടനെ തിരുവന്തപുരത്തു കൊണ്ടുപോയി ഹാജരാക്കുകയും ഉടനെ കല്പനപ്രകാരം അദ്ദേഹത്തെ കാർത്തികപ്പള്ളി താലൂക്കിൽ തഹശീൽ മജിസ്ത്രട്ടായി നിയമിക്കുകയും ചെയ്തു. പിന്നെ അദ്ദേഹം പല താലൂക്കുകളിൽ തഹശീൽ മജിസ്ത്രട്ടായും ഒടുക്കം കണ്ടെഴുത്തു പേ‌ഷ്ക്കാരായും വളരെക്കാലം ഇരുന്നതിന്റെ ശേ‌ഷമാണ് മരിച്ചത്. മരിക്കുന്നതുവരെ അദ്ദേഹത്തിനു ഉദ്യോഗമുണ്ടായിരുന്നു. അദ്ദേഹം ഉദ്യോഗത്തിലിരുന്ന കാലത്തും ആണ്ടു തോറും മൂന്നു പ്രാവശ്യത്തിൽ കുറയാതെ ചെങ്ങന്നൂർ ചെന്നു ദർശനം കഴിക്കുകയും പു‌ഷ്പാജ്ഞലി നടത്തിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ചിലപ്പോൾ നൂറും ഇരുനൂറും പറ പൂ കൊണ്ടു പു‌ഷ്പാജ്ഞലി കഴിപ്പിച്ചിരുന്നു. ആ സൂര്യനാരായണയ്യന്റെ ഭജനകാലം മുതൽക്കാണു ചെങ്ങനൂർ ഭഗവതിയ്ക്കു പു‌ഷ്പാജ്ഞലി ഒരു പ്രത്യേക വഴിപാടായി ത്തീർന്നത്. ഇപ്പോൾ ജനങ്ങൾ ഓരോ കാര്യങ്ങൾ സാധിക്കുന്നതിനായി അവിടെ യഥാശക്തി രണ്ടണ മുതൽ രണ്ടായിരം പണം വരെ ചെലവു ചെയ്തു പു‌ഷ്പാജ്ഞലി നടത്തിക്കുന്നുണ്ട്. അവിടെ ഇപ്പോൾ ഒരു ദിവസം പത്തുപന്ത്രണ്ട് പേരുടെ പേർക്കെങ്കിലും പു‌ഷ്പാജ്ഞലിയുണ്ടാകാതെയിരിക്കാറില്ല. ചിലപ്പോൾ നൂറും നൂറ്റമ്പതും അതിലധികവും പേരുടെ പേർക്കും ഉണ്ടാകാറുണ്ട്.

എം.സി നാരായണപിള്ള എന്നൊരാൾ ചെങ്ങന്നൂർ തഹശീൽദാരായിരുന്ന കാലത്തു അക്കൊല്ലത്തെ ഉത്സവം പതിവിലധികം കേമമാക്കണമെന്നു വിചാരിച്ചു അതിനു തക്കവണ്ണം വേണ്ടുന്ന ഏർപ്പടുകളെല്ലാം ചെയ്തു ഉത്സവം കെങ്കേമമായി നടത്തിത്തുടങ്ങി. 26-ാമുത്സവമായപ്പോൾ ദേവി ഋതുവായിരിക്കുന്നു എന്നുള്ള അടയാളം ഉടയാടയിൽ കാണുകയും ആ വിവരം വാരിയർ ദേവസ്വക്കാരെ അറിയിക്കുകയും ചെയ്തു. ദേവി ഋതുവായാൽ പിന്നെ അവിടെ ആഘോ‌ഷങ്ങളൊന്നും പതിവില്ലാത്തതിനാൽ ഇതറിഞ്ഞപ്പോൾ തഹശീൽദാർക്കു വളരെ കുണ്ഠിതമുണ്ടായി. അദ്ദേഹം വാരിയരെ വിളിച്ചു ദേ‌ഷ്യപ്പെടുകയും ശകാരിക്കുകയും ഒന്നുമില്ലാതെയാക്കി തീർക്കുന്നതിനു സ്വകാര്യമായി തന്ത്രിയെ ചട്ടം കെട്ടുകയും ചെയ്തു. വാരിയർ ഉടയാട താഴമൺ മഠത്തിൽ കൊണ്ടു ചെന്നപ്പോൾ അകത്തു കാണിക്കാതെ തന്ത്രി വാങ്ങി നോക്കി ഒന്നുമില്ല എന്നു പറഞ്ഞു മടക്കിക്കൊടുത്തയച്ചു. ദേവി ഋതുവായാൽ പതിവുള്ളതു പോലെയൊന്നും ചെയ്യാതെ ഉത്സവം തഹശീൽദാർ വിചാരിച്ചതുപോലെ കേമമായി നടത്

ജൂലയ് 4വിവേകാനന്ദ സ്വാമികളുടെ മഹാസമാധി ദിനം

ജൂലയ് 4
വിവേകാനന്ദ സ്വാമികളുടെ മഹാസമാധി ദിനം

ഭാരതത്തിൻ്റെ ആത്മാവിനെയും ആത്മാഭിമാനത്തെയും തൊട്ടുണർത്തിയ യുവ സംന്യാസിയായിരുന്ന സ്വാമി വിവേകാനന്ദൻ സമാധിയായിട്ട് 121 കൊല്ലം പിന്നിടുന്നു. ശ്രീരാമകൃഷ്ണ പരമഹംസൻ്റെ ശിഷ്യനായിരുന്ന വിവേകാനന്ദനാണ് ശ്രീരാമകൃഷ്ണ മഠവും ശ്രീരാമ കൃഷ്ണ മിഷനും സ്ഥാപിച്ചത്. രാജ്യത്തെ യുവതയെ പ്രസംഗങ്ങള്‍കൊണ്ടും പ്രബോധനങ്ങള്‍കൊണ്ടും സ്വാധീനിച്ച ആത്മീയ ഗുരു ആയിരുന്നു സ്വാമി വിവേകാനന്ദനൻ . 

വിവേകാനന്ദൻ്റെ വരവ് ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും ചരിത്രത്തിൽ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു.ഹിന്ദുമതത്തെ ആധുനിക കാലത്തിന് അനുസൃതമായ തരത്തിൽ നിരീക്ഷിക്കാനും മതസംസ്കാരത്തിന് വ്യാവസായിക യുഗത്തിൽ പുതിയ നിര്‍വചനം നല്‍കാനും വിവേകാനന്ദന് സാധിച്ചു. വിവേകാനന്ദ വീക്ഷണങ്ങൾക്ക് പ്രസക്തിയുള്ള ഒരു കാലഘട്ടത്തിലൂടെയാണ് ലോകം കടന്നു പോകുന്നത്.

വിദ്യാഭ്യാസത്തിനും മതത്തിനും അദ്ദേഹം നൽകിയ നിർവചനങ്ങൾ ഏറെ വിലപ്പെട്ടതാണ് . മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന പരിപൂർണതയുടെ ബഹി:സ്ഫുരണമാകണം വിദ്യാഭ്യാസമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മതമാകട്ടെ മനുഷ്യനിൽ കുടികൊള്ളുന്ന ദൈവികതയുടെ നൈസർഗ്ഗികമായ പ്രകാശനവും .ഇത്രയും അർത്ഥസമ്പുഷ്ടമായ വാക്കുകൾ ഈ രണ്ട് വിഷയങ്ങളെപ്പറ്റി മറ്റാരെങ്കിലും പറ്റാരെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് സംശയമാണ്. വെറും സിദ്ധാന്തം കൊണ്ട് മാത്രം വിശ്വമാനവികത സാദ്ധ്യമാകില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു ."സദുദ്ദേശ്യവും ആത്മാർഥതയും അപരിമേയമായ സ്‌നേഹവുംകൊണ്ട് ലോകത്തെ കീഴടക്കാം. ഈ ഗുണങ്ങൾ ഉൾക്കൊള്ളുന്ന ഒരൊറ്റ വ്യക്തിക്ക് ദശലക്ഷക്കണക്കായ കാപട്യക്കാരുടെയും നിർദയരുടെയും ഇരുണ്ട പദ്ധതികളെ നശിപ്പിക്കുവാനാവും " എന്നദ്ദേഹം ചൂണ്ടിക്കാട്ടി . 

പരിത്യാഗവും സേവനവുമാണ് ഭാരതീയ ആദർശങ്ങളെന്ന് പ്രഖ്യാപിച്ച അദ്ദേഹം അവകളെക്കൊണ്ട് രാഷ്ട്രത്തെ നിറയ്ക്കാൻ ആഹ്വാനം ചെയ്തു . ലോകഗുരുവായി ഭാരതം തീരണമെങ്കിൽ അതിന് ആദ്ധ്യാത്മികതയുടെ കരുത്ത് വേണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു . യഥാർത്ഥമായ വിശ്വമാനവികത സാദ്ധ്യമാകണമെങ്കിൽ ത്യാഗഭൂമിയായ ഭാരതം ലോകഗുരുവാകണമെന്ന് സ്വാമിജിക്കറിയാമായിരുന്നു . അതുകൊണ്ട് കൂടിയാണ് മൃതമായ ഭാരത രാഷ്ട്രചേതനയുടെ കനലുകളെ ഊതിജ്വലിപ്പിക്കാനാവശ്യമായ രീതിയിൽ വിവേകവാണികൾ ഉരുവം കൊണ്ടത് .

ബലമാണ് ജീവിതം ദൗർബല്യം മരണമാണ് എന്ന് പ്രഖ്യാപിച്ച ഭാരത നരസിംഹത്തിന്റെ ജൈത്രയാത്രയിൽ ഉണർന്നെഴുന്നേൽക്കാത്ത യുവമനസുകളുണ്ടായിരുന്നില്ല . വിവേകാനന്ദ സ്വാമികളുടെ ആഹ്വാനങ്ങൾ എത്രയെത്ര സാമൂഹ്യ പരിഷ്കർത്താക്കൾക്കും വിപ്ലവകാരികൾക്കും സന്യാസികൾക്കുമാണ് ജന്മം നൽകിയത് .അടിമത്തത്തിലാണ്ട് അലസതയും മടിയും ബാധിച്ച് അപമാനഭാരത്താൽ കുനിഞ്ഞ ശിരസുമായി ജീവിച്ച ഒരു ജനതയോട് അവനവനിൽ വിശ്വസിക്കാത്തവർക്കൊന്നും ശക്തിയും മഹത്വവും ലഭിച്ചിട്ടില്ല എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു .

മാതൃഭൂമിയെ അദ്ദേഹം പ്രാണവായുവായിക്കണ്ടു . വിപ്ലവകാരികൾക്കും മിതവാദികൾക്കും സാധാരണജനങ്ങൾക്കുമെന്നു വേണ്ട ഭാരതീയ ജീവിതത്തിന്റെ സർവ്വമേഖലകളിലുള്ളവർക്കും അദ്ദേഹം സ്വാതന്ത്ര്യചിന്തയുടെ പൊൻവെളിച്ചം നൽകി . ഒരുപിടിച്ചോറുണ്ടാൽ ത്രൈലോക്യം ജയിക്കാൻ കഴിവുള്ള ദരിദ്രനാരായണന്മാരെപ്പറ്റി ഗാന്ധിജി പഠിച്ചത് വിവേകാനന്ദനിൽ നിന്നായിരുന്നു .ലാലാ ലജ്പത് റായിയും അരവിന്ദ ഘോഷും , തിലകനും സർവ്വേപ്പള്ളി രാധാകൃഷ്ണനുമൊക്കെ വിവേകാനന്ദ പ്രബോധനങ്ങൾ ഹൃദയത്തിലേറ്റിയവരാണ് . സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ തുടക്കം വിവേകാനന്ദനിൽ നിന്നായിരുന്നുവെന്ന് സുഭാഷ് ചന്ദ്രബോസും പറഞ്ഞിട്ടുണ്ട് .

അമേരിക്കയിൽ ഒരു പ്രഭുകുടുംബത്തിൽ അതിഥിയായിരുന്ന സ്വാമിജിക്ക് അവരൊരുക്കിയത് പട്ടുമെത്തയും മറ്റ് വിശിഷ്ട സൗകര്യങ്ങളുമായിരുന്നു . രാത്രി സ്വാമികളുടെ മുറിയിൽ നിന്ന് ഞരക്കം കേട്ട് പരിഭ്രാന്തയായി ഓടിയെത്തിയ ആതിഥേയ കണ്ടത് വെറും നിലത്ത് കിടന്ന് വാവിട്ട് നിലവിളിക്കുന്ന വിവേകാനന്ദനെയായിരുന്നു .കാരണമന്വേഷിച്ച അവരോട് സ്വാമിജി പറഞ്ഞതിങ്ങനെ " നിങ്ങൾ നൽകിയ പട്ടുമെത്തയിൽ കിടന്നപ്പോൾ ഞാൻ എന്റെ ദരിദ്രരായ നാട്ടുകാരെ ഓർത്തു പോയി . അരവയർ പോലും നിറയാത്ത അവർക്ക് കിടക്കാൻ ഒരു പായപോലും ലഭിക്കുന്നില്ല . അവർ എന്റെ രക്തവും മാംസവുമാണ് .ഞാനെങ്ങനെ ഈ പട്ടുമെത്തയിൽ ഉറങ്ങും " ആത്മാവിനെ തൊട്ടുണർത്തുന്ന ഈ മനുഷ്യ സ്നേഹവും ശരിയായ ദേശാഭിമാനവും വിവേകാനന്ദനിൽ നിന്നല്ലാതെ മറ്റാരിൽ നിന്നാണ് നമുക്ക് ദർശിക്കാനാവുക ?

ആധുനിക വികസിത രാഷ്ട്രങ്ങളോടൊപ്പം അടിവച്ചു മുന്നേറുന്ന ഒരു ഭാരതത്തെ അദ്ദേഹം സ്വപ്നം കണ്ടു . ആ സ്വപ്ന ദർശനത്തെപ്പറ്റി 1897 ജനുവരി 25 ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു. " ഏറ്റവും  നീണ്ട രാത്രി അവസാനിക്കുകയായി ദുസ്സഹമായ യാതനകൾ ഒടുങ്ങുന്ന മട്ടായി. മൃതശരീരമെന്ന് വിചാരിച്ചത് ഉണരുകയാണ്. അതാ മാതൃഭൂമിയുടെ ജീവിക്കുന്ന ശബ്ദം കേൾക്കുന്നു. അത് വർദ്ധിച്ചു വരികയാണ് . നോക്കൂ.. ഉറങ്ങിക്കിടന്നവൻ അതാ സടകുടഞ്ഞെഴുന്നേൽക്കുന്നു. ഹിമാലയ സാനുക്കളിൽ നിന്നടിക്കുന്ന കുളിർകാറ്റു പോലെ അത് മൃതപ്രായമായ അസ്ഥികളിലും മാംസപേശികളിലും ജീവൻ പകരുകയായി .ആലസ്യം വിട്ടകന്നു.

നമ്മുടെ മാതൃഭൂമിയായ ഭാരതം അഗാധമായ ദീർഘനിദ്രയിൽ നിന്നും ഉണരുകയാണ് . കുബുദ്ധികൾ ഇത് കാണാൻ തയ്യാറല്ലെന്നു വന്നേക്കാം . ഇനി ഭാരതം അപ്രതിരോധ്യമാണ്. ആർക്കും നമ്മുടെ രാജ്യത്തെ തടയാനാവില്ല. ഇനി ഭാരതം ഉറങ്ങുകയില്ല. ഒരു ബാഹ്യശക്തിക്കും ഇനി ഭാരതത്തെ പുറകോട്ട് തള്ളാനാകില്ല. കാരണം അനന്തശക്തിയോടെ അത് സ്വന്തം കാലിൽ നിൽക്കാൻ തയ്യാറെടുക്കുകയാണ് "

സ്വാതന്ത്ര്യ ലബ്ധിക്ക് കൃത്യം അൻപതു വർഷം മുൻപ് ആ മഹാത്മാവിനുണ്ടായ സ്വപ്ന ദർശനം പിന്നീട് യാഥാർത്ഥ്യമായി .വർദ്ധിത വീര്യന്മാരായ ഭാരത ജനത "ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാൻ നിബോധത " എന്ന മന്ത്രമുരുവിട്ട് സടകുടഞ്ഞുണർന്നപ്പോൾ അടിമത്തത്തിന്റെ നൂറ്റാണ്ടുകൾ നീണ്ട ചങ്ങലക്കെട്ടുകൾ പൊട്ടിത്തകരുകയായിരുന്നു . മഹതിയായ ഭാരതമാതാവാകണം അടുത്ത അൻപത് വർഷത്തേക്ക് നമ്മുടെ ഈശ്വരൻ എന്ന് സ്വാമിജി പറഞ്ഞത് അക്ഷരാർത്ഥത്തിൽ ഏറ്റെടുത്ത ഭാരതം അതിന്റെ വിശ്വരൂപം കാണിക്കുക തന്നെ ചെയ്തു ..

മഹർഷി അരവിന്ദൻ പറഞ്ഞതു പോലെ ..

പരാക്രമശൂരനായ ഒരു വ്യക്തി എന്നെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ അതായിരുന്നു വിവേകാനന്ദൻ, മനുഷ്യർക്കിടയിലെ സിംഹം, അദ്ദേഹം വിട്ടിട്ടുപോയ പ്രത്യേക പ്രവർത്തനം അദ്ദേഹത്തിന്റെ അളവറ്റ സൃഷ്ടിപരതയും ഊർജവുംകൊണ്ട് മുദ്രാങ്കിതമാണ്. എവിടെ, എങ്ങനെ, ഏതുവിധത്തിലെല്ലാമെന്ന് അറിഞ്ഞുകൂടെങ്കിലും അദ്ദേഹത്തിന്റെ അതിബൃഹത്തായ സ്വാധീനം സിംഹതുല്യമായും മഹത്തായും അവബോധജന്യമായും ഭാരതത്തിന്റെ ആത്മാവിൽ സംക്ഷോഭമുണ്ടാക്കിക്കൊണ്ട് പ്രവേശിക്കുന്നു. വിവേകാനന്ദൻ അദ്ദേഹത്തിന്റെ മാതൃഭൂമിയുടെ ആത്മാവിലും അവളുടെ മക്കളുടെ ആത്മാക്കളിലും ജീവിക്കുന്നതു നോക്കൂ!

ഭാരതത്തിന്റെ മൃതപ്രായ അസ്ഥികളിലും മാംസപേശികളിലും ജീവൻ പകർന്ന വാഗ്വൈഖരീ ഗർജ്ജനം മുഴക്കിയ  നരസിംഹമായിരുന്നു സ്വാമിജി .1902.ജൂലൈ നാലിന് അദ്ദേഹത്തിന്റെ ഭൗതിക തേജസ് മാത്രമാണ് നമ്മെ വിട്ടു പോയത് . മാതൃഭൂമിയായ ഭാരതത്തിന്റെ ആത്മാവിലും അവളുടെ മക്കളുടെ അന്തരാത്മാവിലും വിവേകാനന്ദൻ ഇന്നും ജീവിക്കുന്നു ..

#SwamiVivekananda