@ പാലത്തിന് ബലക്ഷയം, കൈവരികൾ തകർന്നു
@പാലവും പരിസരപ്രദേശങ്ങളും അന്ധകാരത്തിൽ
ചാത്തന്നൂർ: ജില്ലയിലെ പ്രധാന റോടുകളിൽ ഒന്നായ
ചാത്തന്നൂർ - കൊട്ടാരക്കര റോഡിൽ ചാത്തന്നൂർ - ആദിച്ചനല്ലൂർ പഞ്ചായത്തുകളെ വേർതിരിക്കുന്ന കുമ്മല്ലൂർ പാലം അധികൃതരുടെ അനാസ്ഥ മൂലം തകർച്ചയുടെ വക്കിൽ
തിരക്കേറിയ ഇ പാലത്തിലൂടെ
വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലം കുലുങ്ങുന്നതായാണ് നാട്ടുകാർ പറയുന്നത്. ഒരു ബസ് കടന്നുപോകാൻ മാത്രമുള്ള വീതിയാണ് പാലത്തിലുള്ളത്.
വലിയ വാഹനം കടന്നുപോകുകയാണെങ്കിൽ ഗതാഗതക്കുരുക്കുണ്ടാകും. ഒരുവശത്തെ വാഹനം കടന്നുപോകുന്നതുവരെ മറുവശത്ത് വാഹനം കാത്തുകിടക്കണം. സർവീസ് ബസുകളും സ്കൂൾ ബസുകളുമടക്കമുള്ള ആയിര കണക്കിന് വാഹനങ്ങൾ ദിവസവും ഇടുങ്ങിയ പാലത്തിലൂടെ കടന്നുപോകുന്നുണ്ട്. വാഹനങ്ങൾ പോകുമ്പോൾ പാലം കടക്കാൻ കാൽനടയാത്രക്കാരും ബുദ്ധിമുട്ടുന്നു.
ഒരു ബസ് പാലത്തിലൂടെ കടന്നുപോയാൽ കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയില്ല. രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം സഞ്ചരിക്കാനും കഴിയില്ല. പാലത്തിന്റെ വീതിക്കുറവ് മൂലം നിരവധി തവണ അപകടങ്ങളുണ്ടായിട്ടുണ്ട്. പാലത്തിന്റെ
ഒരു വശത്തിലൂടെ പൈപ്പ് - കേബിൾ ലൈനുകൾ ഉൾപ്പെടെ കടന്നുപോകുന്നതും കാൽനടയാത്രക്കാർക്ക് തടസമുണ്ടാക്കുകയാണ്.
പാലം വീതികൂട്ടി പുതുക്കിപ്പണിയണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. റോഡ് നിരവധി തവണ വീതികൂട്ടി ടാർ ചെയ്തെങ്കിലും പാലം പഴയപടി തുടരുകയാണ്. പാലത്തിന്
ബലക്ഷയവുമുണ്ട്
പാലത്തിന്റെ കൈവരികൾ പൂർണ്ണമായും തകർന്ന നിലയിലാണ്.
ഇത്തിക്കരയാറ്റിന് കുറുകെ കുമ്മലൂർ തോണിക്കടവിലാണ് പാലം സ്ഥിതി ചെയ്യുന്നത്. പാലത്തിന് അഞ്ചു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്.
ജില്ലയിലെ പ്രധാന പാലങ്ങളിൽ ഒന്നായ പാലത്തിന്റെ ബലക്ഷയത്തിന് കാരണമായത് വർഷങ്ങളായി നടന്ന് വരുന്ന അനധികൃത മണൽ ഖനനമാണ്.
പാലത്തിന്റെ അടിഭാഗത്തെ കെട്ടുകൾ ഇളകി മാറി തകർന്ന നിലയിലാണ്
പാലത്തിന്റെ അടിഭാഗത്തെ സിമന്റ് പാളികൾ ഇളകിവീഴുകയാണ്. ബീമുകൾ പലതും തകർന്ന് ഇരുമ്പ് കമ്പികൾ പുറത്തുകാണാവുന്ന സ്ഥിതിയാണ്. കൂടാതെ പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് കൈവരിയും പാറക്കെട്ടുമായും ബന്ധവും വിച്ഛേദിക്കപ്പെട്ട് വലിയ വിളൽ രൂപപ്പെട്ടു കഴിഞ്ഞു. ഈ ഭാഗത്ത് പാറ കൊണ്ട് കെട്ടിയ സൈഡ് ഭിത്തി പൂർണമായും തകർന്ന് ആറിനുളിലേക്ക് ഇടിഞ്ഞു താഴ്ന്നിരിക്കുകയാണ്. വാഹനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിനായി ഇവിടെ മെറ്റൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്.
പാലം പുനർനിർമ്മിക്കുമെന്ന പ്രഖ്യാപനങ്ങൾ ഏറെ പഴകിയെങ്കിലും യാതൊരു നടപടികളും നാളിതുവരെ ഉണ്ടായിട്ടില്ല. പാലത്തിന്റെ വീതികൂട്ടി അടിയന്തരമായി പുനർനിർമ്മാണം നടത്തണമെന്നും പാലത്തിന് കീഴെയു അനധിക്യത മണൽ ഖനനത്തിന് അറുതിവരുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
@ അൻപത് വർഷത്തെ പഴക്കം
1973 ൽ ടി.കെ. ദിവാകരൻ മന്ത്രിയായിരുന്നപ്പോഴാണ് കുമ്മല്ലൂർ പാലം കമ്മിഷൻ ചെയ്തത്. ചാത്തന്നൂരിനെ ആദിച്ചനലൂർ പഞ്ചായത്തുമായും അതുവഴി കൊട്ടാരക്കരയുമായും കിഴക്കൻ മേഖലയുമായും ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്.
@ ബഡ്ജറ്റിൽ തുക അനുവദിച്ചു ഭരണാനുമതി ലഭിച്ചു നടപടി ഉണ്ടായില്ല
കുമ്മല്ലൂര് പാലം പുതുക്കി പണിയാന് ബഡ്ജറ്റിൽ തുക വകയിരുത്തി ഭരണാനുമതി ലഭിച്ചുവെങ്കിലും എല്ലാം
ബഡ്ജറ്റ് പ്രഖ്യാപനത്തിൽ ഒതുങ്ങി. 2020ലെ ബഡ്ജറ്റിൽ കുമ്മല്ലൂർ പാലത്തിനും പള്ളിക്കമണ്ണടി പാലത്തിനും 13കോടി രൂപ അനുവദിച്ചു ഭരണാനുമതി ലഭിച്ചിട്ടും യാതൊരുവിദ നടപടികളും ഉണ്ടായിട്ടില്ല.ബജറ്റിൽ തുക വകയിരുത്തി ഭരണാനുമതി ലഭിച്ചു രണ്ട് വർഷം പിന്നിടുമ്പോഴും പാലം നിർമ്മാണത്തിന് യാതൊരു നടപടിയും സ്വീകരിക്കാത്തത് ജി. എസ്. ജയലാൽ എം എൽ എ യുടെ കഴിവ് കേട് ആണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
@ അന്ധകാരത്തിലാണ് പാലവും പരിസരപ്രാദേശങ്ങളും.
പാലം കുലുങ്ങുമ്പോഴും വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുവാൻ ചാത്തന്നൂർ -ആദിച്ചനല്ലൂർ പഞ്ചായത്ത് അധികാരികൾ ശ്രദ്ധിക്കുന്നില്ല. സുരക്ഷാപരിശോധനയിൽ പാലത്തിൽ കൂടെയുള്ള യാത്ര സുരക്ഷിതത്വമല്ലായെന്ന് മുന്നറിയിപ്പ് നൽകിയിട്ടും മുന്നറിയിപ്പ് ബോർഡുകൾ
സ്ഥാപിക്കാനോ ഭാരം കൂടിയ വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താനോ, രാത്രിയിൽ ലൈറ്റ് സ്ഥാപിക്കാനോ പഞ്ചായത്ത് അധികാരികൾ ശ്രദ്ധിച്ചിട്ടില്ല പൂർണ്ണമായും അന്ധകാരത്തിലാഴ്ന്ന് കിടക്കുന്ന റോഡിലൂടെയുള്ള യാത്ര തീർത്തും ദുഷ്കരമാണ് അടിയന്തിരമായി ലൈറ്റ് പുന:സ്ഥാപിച്ചു കൊണ്ട് രാത്രിസുരക്ഷിതത്വമാക്കണം ഒപ്പം സുരക്ഷാമുന്നറിയിപ്പ് നൽകി ഭാരം കൂടിയ വാഹനങ്ങൾ ഇത് വഴി പോകുന്നത് നിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
@ ഫോട്ടോ : കുമ്മല്ലൂർ പാലം. കരിങ്കൽ കെട്ട് ഇടിഞ്ഞതിനാൽ വാഹനങ്ങളുടെ സുരക്ഷയ്ക്ക് സ്ഥാപിച്ചിരിക്കുന്ന ബോർഡും കാണാം
@പൂർണ്ണമായും അന്ധകാരത്തിൽ കിടക്കുന്ന കുമ്മല്ലൂർ പാലം
No comments:
Post a Comment