Thursday, 8 December 2022

പൊട്ടി പൊളിഞ്ഞ വേളമാനൂർ നെട്ടയം റോഡ്

ചാത്തന്നൂർ: കൊല്ലം - തിരുവനന്തപുരം 
ജില്ലാ അതിർത്തിയിലെ പ്രധാന റോ‌‌ഡായ കല്ലുവാതുക്കൽ പഞ്ചായത്തിലെ വേളമാനൂർ - നെട്ടയം റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകാത്തതിനാൽ ദുരിതനുമനുഭവിക്കുകയാണ് നാട്ടുകാരും വഴിയാത്രികരും. തിരുവനന്തപുരം ജില്ലയിലെ വർക്കല നിയോജകമണ്ഡലത്തിലെ പള്ളിക്കൽ പഞ്ചായത്തിലും കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിലുമായാണ് റോഡ് കിടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഭാഗം ഭംഗിയായി ടാർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏഴ് 
 വർഷത്തോളം പൊട്ടിപൊളിഞ്ഞു 
കുണ്ടും കുഴിയുമായി കിടന്ന കൊല്ലം ജില്ലയിലെ റോഡിന്റെ ഭാഗത്ത് നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെത്തുടർന്ന് 
ജി. എസ്. ജയലാൽ എം എൽ എ യുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് 
ടാറിംഗിനുള്ള നടപടികൾ തുടങ്ങിയിരുന്നു.ഇതിന്റെ ഭാഗമായി രണ്ടുമാസം മുമ്പാണ് ജെ സി ബി യുമായെത്തി കരാറുകാരൻ റോഡ് മാന്തിപ്പൊളിച്ചിട്ടത്. അടുത്ത ദിവസങ്ങളിൽത്തന്നെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ നാളിതുവരെയായിട്ടും യാതൊരുവിധ പുരോഗമനവും ഇല്ലാത്തതിനാൽ ഇപ്പോൾ കാൽനടയാത്രപോലും ചെയ്യാൻ കഴിയാത്ത നിലയിലാണ് വേളമാനൂർ ഉണ്ണിത്താംവീട് ഭാഗം മുതൽ നെട്ടയം ജംഗ്ഷൻ വരെയുള്ള റോഡ്. ഓട്ടോറിക്ഷകൾ പോലും ഓട്ടം വിളിച്ചാൽ ഈ ഭാഗത്തേയ്ക്ക് വരില്ല. തുലാവർഷം തുടങ്ങിയതിനാൽ ഇപ്പോൾ ടാറിംഗ് നടത്തിയാൽ റോഡ് വേഗം നശിച്ചുപോകുമെന്നും മഴ കഴിഞ്ഞ് നിർമ്മാണം നടത്താമെന്നുമാണ് പണി
നിർത്തിവയ്ക്കുന്നതിന് മുൻപ് 
അധികൃതർ നൽകിയ വിശദീകരണം. തുലാം കഴിഞ്ഞു വൃശ്ചികം പകുതി കഴിഞ്ഞു റോഡ് മാന്തിപൊളിച്ച നിലയിലാണ്. 'ബൈക്ക് യാത്രികർ വീണ് തലയ്ക്ക് പരിക്കേറ്റ നിരവധി 
സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. കരാറുകാരനോടും സ്ഥലം എം എൽ എയോടും  പലതവണ പറഞ്ഞിട്ടും ഫലമൊന്നുമുണ്ടായില്ല.
 എത്രയും വേഗം ഈ റോഡിന്റെ പണി പുനരാരംഭിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

@ജി എസ് ജയലാൽ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി ഇരുപത്തിയഞ്ചു ലക്ഷം രൂപ ചിലവാക്കിയാണ് റോഡ് നിർമ്മിക്കുന്നത്. ഫണ്ട് അനുവദിച്ചപ്പോൾ തന്നെ ഫ്ലക്സ് ബോർഡ് വച്ച് പത്രവാർത്തകളും നൽകി ആഘോഷപൂർവ്വം നിർമ്മാണ ഉത്ഘാടനം നടത്തിയ റോഡാണിത്. നാട്ടുകാർ നിരവധി തവണ എം എൽ എയെ കണ്ട് നിവേദനം നൽകിയിട്ടും കരാറുകാരനെ പഴിചാരി രക്ഷപ്പെടുകയാണ് എം എൽ എ.
നിർമാണം പുനരാരംഭിച്ചില്ലെങ്കിൽ 
നാട്ടുകാർ ശക്തമായ പ്രഷോഭത്തിന് ഒരുങ്ങുകയാണ്.
ഫോട്ടോ: മാന്തി പൊളിച്ചു ഇട്ടിരിക്കുന്ന റോഡ്.

No comments:

Post a Comment