കൊല്ലം : 48 സീറ്റുള്ള സ്വകാര്യ ബസ്. 11 സ്റ്റാന്റിങ്ങടക്കം 60 പേരെ കയറ്റേണ്ടുന്ന വാഹനത്തിൽ അതിലിരട്ടി യാത്രക്കാർ. ഏറെയും വിദ്യാർഥികൾ. കെ എസ് ആർ ടി സി യിൽകൂടി യാത്രാസൗജന്യം ഇല്ലാത്തതിനാൽ ആ തിരക്ക് മുഴുവൻ സ്വകാര്യ ബസിലേക്കായി.
സ്വകാര്യ ബസുകളിൽ ഒരുരൂപ പാസുമായി വിദ്യാർത്ഥികൾ പോകുമ്പോഴുള്ള പ്രശ്നങ്ങൾ ഇപ്പോഴെ തുടങ്ങി കഴിഞ്ഞു.സാമ്പത്തികപ്രശ്‌നം കാരണം നിർത്തിയിട്ട ബസുകളിൽ ഭൂരിഭാഗവും ഓടി തുടങ്ങിയിട്ടില്ല.നിരവധി ബസുകൾ ഇപ്പോഴും കട്ടപ്പുറത്താണ് നൂറോളം ബസുകൾ ജില്ലയുടെ പല ഭാഗങ്ങളിലായി തുരുമ്പിച്ച് കിടക്കുന്നുണ്ട്. പലതും ആക്രിവിലയ്ക്ക് വിറ്റു. ഗ്രാമീണമേഖലയിലെ ബസുകളാണ് ഏറെ തകർന്നുപോയതെന്ന് ഉടമകൾ പറയുന്നു.
ജില്ലയിൽ ട്രാൻസ്പോർട്ട് ബസ് സർവീസുകൾ പകുതിയോളം വെട്ടികുറച്ചതും സ്വകാര്യ ബസുകൾ നാലിലൊന്നായി ചുരുങ്ങിയതും രാവിലെയും വൈകുന്നേരവും യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കി. മിക്ക സ്കൂളുകളും സ്വന്തം വാഹനങ്ങൾ സർവീസ് ആരംഭിക്കാത്തത് കാരണം പെൺകുട്ടികളുൾപ്പെടെയുള്ളവർ സ്വകാര്യ ബസുകളിലും മറ്റുമാണ് സ്കൂളുകളിലെത്തുന്നത്.
കൊല്ലം ഡിപ്പോയിൽ കോവിഡിനുമുൻപ് 102 ഷെഡ്യൂളുകളുണ്ടായിരുന്നത് ഇപ്പോൾ 61 ആയി ചുരുങ്ങി. ഒന്നര ഡ്യൂട്ടിയാക്കുകയും ട്രിപ്പുകൾ കുറയ്ക്കുകയും ചെയ്തതിനാൽ ചെയിൻ സർവീസുകളും നിർത്തി. കൊല്ലം-പത്തനംതിട്ട റൂട്ടിൽ 20 മിനിറ്റ് ഇടവിട്ടുണ്ടായിരുന്ന സർവീസുകൾക്കായി ഇപ്പോൾ പലപ്പോഴും ഇരട്ടിയിലധികം സമയം കാത്തുനിൽക്കേണ്ടിവരുന്നു.
നേരത്തേ രാത്രി 8.35 വരെ സർവീസുണ്ടായിരുന്നു. ഇപ്പോൾ വൈകുന്നേരം 6മണിക്ക് അവസാന സർവീസ്പൂർത്തിയാക്കുന്നു.കൊട്ടാരക്കര ഡിപ്പോയിൽ നേരത്തേ 104 ബസുകൾ സർവീസ് നടത്തിയിരുന്നു. ശരാശരി 87 എണ്ണമേ ഇപ്പോൾ ഓടുന്നുള്ളൂ. 12 മണിക്കൂറായി ഡ്യൂട്ടി നിജപ്പെടുത്തിയതുമൂലം വൈകീട്ട് 6.30-ന് ശേഷമുള്ള സർവീസുകൾ മുടങ്ങി.
കരുനാഗപ്പള്ളിയിൽ 78 ഷെഡ്യൂളുകൾ 51 ആയി കുറഞ്ഞു. ഇവിടെ പതാരം, കാട്ടിൽക്കടവ്, ആനയടി, തുറയിൽക്കടവ്, വള്ളിക്കാവ് ഭാഗങ്ങളിൽ രൂക്ഷമായ യാത്രാക്ലേശമുണ്ട്. ചാത്തന്നൂർ ഡിപ്പോയിൽ കോവിഡിനുമുൻപ് 45 ഷെഡ്യൂളുകൾ ഉണ്ടായിരുന്നത് 35 ആയി കുറച്ചു. ഇതോടെ കൊല്ലം-ആറ്റിങ്ങൽ ചെയിൻ സർവീസ് വലിയ പ്രതിസന്ധിയിലാണ്.പുനലൂരിൽ 63 സർവീസുകൾ 38 ആയി കുറച്ചു. 12 മണിക്കൂർ ഡ്യൂട്ടി നിജപ്പെടുത്തിയത്, ഇവിടെയും രാത്രി ഏഴരയ്ക്കുശേഷമുള്ള സർവീസുകളെ ബാധിച്ചിട്ടുണ്ട്. കുളത്തൂപ്പുഴയിൽ 10 ഷെഡ്യൂളുകൾ കുറച്ചു.കൊല്ലം - കുളത്തുപ്പുഴ ചെയിൻ സർവീസിനെ ഇത് കാര്യമായി ബാധിച്ചു. 84 ട്രിപ്പ് ഉണ്ടായിരുന്നത് 52 ആയി കുറഞ്ഞു.ആര്യങ്കാവിൽ 19 സർവീസുകൾ ഒൻപതായി ചുരുങ്ങി.ആറ്‌് ഫാസ്റ്റ് പാസഞ്ചർ സർവീസ് ഉണ്ടായിരുന്നത് ഒന്നുമാത്രമായി. പത്തനാപുരത്ത് 40 സർവീസുകൾ 27 ആയി ചുരുങ്ങി. പുന്നല, കൊട്ടാരക്കര, ഏനാത്ത് റൂട്ടിൽ യാത്രാക്ലേശം രൂക്ഷമാണിപ്പോൾ
പടം: എടക്കാട് ബസാർ സ്റ്റോപ്പിൽ തിങ്കളാഴ്ച രാവിലെ നിറയെ യാത്രക്കാരുമായെത്തിയ ബസിൽ കയറാനുള്ള യാത്രക്കാരുടെ ശ്രമം
No comments:
Post a Comment