കൊല്ലം : കണ്ണിന് നല്ല കാഴ്ചയില്ലെങ്കിലും ഡ്രൈവിംഗ് ലൈസൻസ് റെഡി . ഷുഗറും പ്രഷറും കൊളസ്ട്രോളുമൊക്കെ അലട്ടിയാലും ലൈസൻസ് കിട്ടാൻ ഒരു പ്രയാസവുമില്ല. പുതുക്കാനാണെങ്കിൽ, പഴയ ലൈസൻസും പാസ്പോർട്ട് സൈസ് ഫോട്ടോയും കൈനിറയെ പണവുമുണ്ടായാൽ മതി .ഏജന്റുമാർ ആർ ടി ഓഫീസിന്റെ പൂമുഖപ്പടിയിൽ നിങ്ങളെയും കാത്തുനിൽപ്പുണ്ടാവും.
ഏജന്റുമാരെ പണമേൽപ്പിച്ച് കണ്ണ് പരിശോധനയുടെ വ്യാജ റിപ്പോർട്ടും കള്ള മെഡിക്കൽ സർട്ടിഫിക്കറ്റുമുണ്ടാക്കി ഡ്രൈവിംഗ് ലൈസൻസ് സംഘടിപ്പിക്കുന്നവരുടെ എണ്ണം ദിനംപ്രതി പെരുകുകയാണ് . സ്വകാര്യ ഡോക്ടർമാരുടെ സഹായത്തോടെയാണിതെന്ന്
ആർ ടി ഒ മാർക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. അമ്പത് വയസ് കഴിഞ്ഞവർക്കും ബാഡ്ജിന് അപേക്ഷിക്കുന്നവർക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധനമാണ്. പുതിയ ലൈസൻസിനും ലൈസൻസ് പുതുക്കാനുമായി കൊല്ലം ആർ ടി ഒയിൽ ദിനംപ്രതി മുന്നൂറോളം അപേക്ഷകളാണെത്തുന്നത്. ഇതിൽ നൂറോളം എണ്ണം വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റിലൂടെയാണ് നേടുന്നതെന്ന് അധികൃതർക്ക് കണ്ടെത്തിയിട്ടുണ്ട്. ചില സർട്ടിഫിക്കറ്റ് ഉടമകളെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം അറിവായത്. വ്യാജ സർട്ടിഫിക്കറ്റിലൂടെ ഇതിനകം എത്രപേർ ലൈസൻസ് നേടിയിട്ടുണ്ടെന്നതിന് ഒരു കണക്കുമില്ല. അപേക്ഷകന്റെ നിഴൽപോലും കാണാതെ തയാറാക്കുന്ന ഈ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റിലൂടെ വൻതുകയാണ് ഏജന്റുമാരും ചില ഡോക്ടർമാരും നേടുന്നത്. ഡോക്ടർക്ക് ഏജന്റ് മാസംതോറുമാണ് പണം നൽകുക. ഡോക്ടർമാർക്ക് നൽകാനുള്ള ഫീസടക്കം ലൈസൻസിന് 1500 രൂപ മുതൽ 3000 രൂപവരെ ഏജന്റുമാർ വാങ്ങുന്നുണ്ടെന്നാണറിയുന്നത്.കൊല്ലം ആർ ടി ഓഫീസ് ചുറ്റിപ്പറ്റി നാൽപ്പതോളം ഏജന്റുമാരുണ്ട് .
ഗുരുതരമായ കാഴ്ച വൈകല്യങ്ങളുള്ളവർ അപസ്മാര രോഗികൾ എന്നിവർക്ക് ലൈസൻസ് കിട്ടാൻ പ്രയാസമാണ്. കണ്ണടവച്ചാലും 6/ 6 കാഴ്ചശക്തിയില്ലാത്തവർക്ക് ലൈസൻസ് കിട്ടില്ല. കോങ്കണ്ണ്, വർണാന്ധത , നിശാന്ധത എന്നിവയുണ്ടോ എന്നൊക്കെ പരിശോധിച്ചാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. അതുപോലെതന്നെയാണ് മറ്റ് രോഗമുള്ളവരുടെ കാര്യത്തിലും. അപേക്ഷകനെ നേരിട്ട് പരിശോധിച്ചാണ് സർട്ടിഫിക്കറ്റുകൾ നൽകേണ്ടത്. അല്ലെങ്കിൽ, വണ്ടിയോടിച്ച് ഇവർ സ്വയം അപകടത്തിൽപ്പെടുമെന്ന് മറ്റുള്ളവർക്കും അപകടമുണ്ടാക്കും.
ശിക്ഷ ഏഴുവർഷംവരെ
ഡ്രൈവിംഗ് ലൈസൻസിനുള്ള വ്യാജ സർട്ടിഫിക്കറ്റ് പിടികൂടിയാൽ വ്യാജരേഖ ചമച്ചതിന് ഏഴുവർഷംവരെ തടവ് ശിക്ഷ ലഭിക്കും. ലൈസൻസിന് അപേക്ഷിച്ചയാൾ മാത്രമല്ല , അതുണ്ടാക്കിക്കൊടുത്ത ഏജന്റും ഡോക്ടറും പിടിയിലാവും. അതിനിടെ, വ്യാജ സർട്ടിഫിക്കറ്റ് ഒഴിവാക്കാൻ മോട്ടോർ വാഹനവകുപ്പുതന്നെ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ ആലോചിക്കുന്നുണ്ട്. ഒരു ചെറിയ ഫീസ് ഈടാക്കി ഡോക്ടർമാരുടെ സേവനം ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത് . ആർ ടി ഓഫീസിനോടനുബന്ധിച്ചായിരിക്കും ഡോക്ടർമാരുടെ സേവനം.
No comments:
Post a Comment