ശബരിമല, ക്രിസ്മസ് സീസണുകൾ ആരംഭിച്ച് യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ച സമയത്ത് കെഎസ്ആർടിസിയുടെ ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നുള്ള സർവീസുകൾ തുടർച്ചയായി മുടങ്ങുന്നത് മൂലം യാത്രക്കാർക്ക് ദുരിതമായി. ആവശ്യത്തിനു ജീവനക്കാരും ബസുകളും
ഇല്ലാത്തതിനാലാണ് സർവീസ് മുടങ്ങുന്നതെന്നാണ് അധികൃതർ പറയുന്നത്. ഇന്നലെ മാത്രം കൊല്ലം ജില്ലയിലെ വിവിധ ഡിപ്പോകളിൽ 20ലധികം സർവീസുകളാണ് മുടങ്ങിയത്. ആവശ്യത്തിനു ഡ്രൈവർമാരും കണ്ടക്ടർമാരും ഇല്ലാത്തതാണ് സർവീസുകൾ മുടങ്ങാൻ കാരണം.
ഓർഡിനറി സർവീസുകളാണ് കൂടുതലായും മുടങ്ങുന്നത്. ഇത് യാത്രക്കാരെയും വിദ്യാർഥികളെയും ദുരിതത്തിലാക്കുകയാണ്.
ഇപ്പോൾ സ്കൂളുകളിൽ ഉൾപ്പെടെ പരീക്ഷകൾ നടക്കുന്ന സമയമാണ്. പല റൂട്ടുകളിലും കെഎസ്ആർടിസിയെ മാത്രം ആശ്രയിച്ചു യാത്ര ചെയ്യുന്ന ജീവനക്കാരും വിദ്യാർഥികളും ദുരിതത്തിലാണ്. ഇതിനിടെ ശബരിമല സീസണിൽ സർവീസുകൾ മുടങ്ങുന്നത്. ഒഴിവാക്കാൻ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് ഒരു മാസം മുൻപ് ടെസ്റ്റും ഇന്റർവ്യൂവും നടത്തി ഇതിന്റെ ലിസ്റ്റ് കോർപറേഷന്റെ അനുമതിക്കായി തിരുവനന്തപുരത്ത് ചീഫ് ഓഫിസിലേക്ക് അയച്ചിട്ട് നടപടി ആയിട്ടില്ല.
ഈ ലിസ്റ്റ് അംഗീകരിച്ച് ചീഫ് ഓഫിസിൽ നിന്ന് അനുമതി ലഭിച്ചാൽ സ്പെഷൽ സർവീസുകൾ ഉൾപ്പെടെ ആരംഭിക്കാൻ കഴിയുമെന്ന് പറയുന്നു. എന്നാൽ സീസൺ പകുതി ആയിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് നടപടിയും ഉണ്ടായിട്ടില്ല. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കോർപ്പറേഷന് അല്പമെങ്കിലും ആശ്വാസം കിട്ടുന്ന സർവീസുകൾ പോലും നടത്താൻ അധികൃതർക്ക് താല്പര്യമില്ല.
ഇതിനു പുറമേ കൊല്ലം ഡിപ്പോയിൽ നിന്ന് വർഷങ്ങളായി സർവീസ് നടത്തിയിരുന്ന സർവീസുകൾ പുനരാരംഭിക്കാനും നടപടിയില്ല. ഈ സർവീസുകൾ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി പ്രഖ്യാപിച്ചതാണ്.
മാസങ്ങൾ പലതു കഴിഞ്ഞെങ്കിലും ചില ബാഹ്യശക്തികളുടെ ഇടപെടലിനെ തുടർന്നാണ് ഇതിനുള്ള നടപടി ഉണ്ടാകാത്തതെന്ന ആരോപണവും ശക്തമാണ്. സർവീസ് ആരംഭിക്കണമെന്ന് ഡിപ്പോ അധികൃതരോട് ജില്ലയിൽ നിന്നുള്ള മന്ത്രിമാരും എം എൽ എ മാരും
നേരിട്ട് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാരില്ല എന്ന വാദത്തിൽ കടിച്ചുതുങ്ങുകയാണ്.
No comments:
Post a Comment