Sunday, 2 September 2018

ചാത്തന്നൂരിന്റെ സമഗ്ര വികസന നിര്‍ദേശവുമായി ആര്‍ട്ട്


ചാത്തന്നൂര്‍ > ചാത്തന്നൂരിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ആര്‍ട്ടിന്റെ കര്‍മപദ്ധതികള്‍. രാഷ്ട്രീയ പ്രതിനിധികള്‍, വ്യാപാരി–വ്യവസായികള്‍, വിദ്യാര്‍ഥികള്‍, സാംസ്കാരിക സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍ നിന്നും സമാഹരിച്ച ആശയങ്ങള്‍  ഉള്‍ക്കൊണ്ടാണ് വികസനപദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്.

മാലിന്യ സംസ്കരണത്തിനായി മാര്‍ക്കറ്റ് വിപുലപ്പെടുത്തി എയ്റോബിക് ബിന്‍ സ്ഥാപിക്കണമെന്ന ആശയം ആര്‍ട്ട് മുന്നോട്ടുവയ്ക്കുന്നു. ഹോട്ടലുകളില്‍നിന്ന് ഉള്‍പ്പെടെ മാലിന്യം ഓടയിലൂടെ ഒഴുക്കിവിടുന്നത് തടയണം. കുടിവെള്ള സ്രോതസായ ചാത്തന്നൂര്‍ തോടിന്റെ സംരക്ഷണത്തിന് മാസ്റ്റര്‍പ്ളാന്‍ തയ്യാറാക്കണം. തലച്ചിറ കുളം വൃത്തിയാക്കുക, ചാത്തന്നൂര്‍ ടൌണില്‍നിന്നും ഒഴുക്കിവിടുന്ന മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍തന്നെ നിര്‍മാര്‍ജനം ചെയ്യുക എന്നീ നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു.

പള്ളിക്കമണ്ണടി പാലം യാഥാര്‍ഥ്യമാക്കണം. അപ്രോച്ച്റോഡുകള്‍ക്കായി സ്ഥലം ഏറ്റെടുക്കല്‍ ത്വരിതപ്പെടുത്തണം. ചാത്തന്നൂരിലെ ഗതാഗത പ്രശ്നങ്ങള്‍ കൂടിയാലോചനയിലൂടെ പരിഹരിക്കണം. പഞ്ചായത്ത് കളിസ്ഥലം നിര്‍മിക്കുക, വ്യാപാരികളെ കൂടി ഉള്‍പ്പെടുത്തി മാലിന്യനിര്‍മാര്‍ജനം നടപ്പാക്കുക, റോഡ്നിര്‍മാണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കുക, വഞ്ചിക്ളേ മൈന്‍സില്‍ നീന്തല്‍കുളം നിര്‍മിക്കുക, ചാത്തന്നൂര്‍ പിഎച്ച്സിയില്‍ കിടത്തിചികിത്സ ആരംഭിക്കുക, ചാത്തന്നൂരിലെ മികച്ച ഗ്രന്ഥശാലകള്‍ ഡിജിറ്റലൈസേഷന്‍ നടപ്പാക്കുക, മിനി സിവില്‍സ്റ്റേഷന്‍ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങുക എന്നീ നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു. ചാത്തന്നൂര്‍ ആസ്ഥാനമാക്കി താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യത്തിന് ഏറെനാളത്തെ പഴക്കമുണ്ട്. മിനി സിവില്‍സ്റ്റേഷനില്‍ ഒരു കുടക്കീഴില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ താലൂക്ക് രൂപീകരണം സജീവമായി പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ആര്‍ട് റിക്രിയേഷന്‍ തിയറ്റര്‍ പ്രസിഡന്റ് അഡ്വ. പി കെ ഷിബു അധ്യക്ഷനായി. സെക്രട്ടറി ജി നിര്‍മല്‍കുമാര്‍, ബിനു ഇടനാട്, എ സുരേഷ്, സി എന്‍ ജനാര്‍ദനന്‍പിള്ള, കെ ചാക്കോ, ബാഹുലേയന്‍പിള്ള, സജന്‍ലാല്‍, കെ ബാലകൃഷ്ണന്‍, പി കെ സനു, ജി രാജശേഖരന്‍ എന്നിവര്‍ സംസാരിച്ചു. വികസനവുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാന്‍ താല്‍പര്യമുള്ളവര്‍ gnirmal k@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Read more:

No comments:

Post a Comment