Sunday, 2 September 2018

പകർച്ചവ്യാധികളെ നേരിടുന്നതിലും കരുത്തു കാട്ടാം

പകർച്ചവ്യാധികളെ നേരിടുന്നതിലും കരുത്തു കാട്ടാം

എലിപ്പനി ബാധിച്ച് ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് ഇരുപതിലധികം പേർ മരണമടഞ്ഞുവെന്ന വാർത്ത ആശങ്ക ജനിപ്പിക്കുന്നതാണ്. പ്രളയാനന്തരം സംഭവിച്ചേക്കാവുന്ന മറ്റൊരു ദുരന്തമായ പകർച്ചവ്യാധികളെക്കുറിച്ച് ആരോഗ്യവകുപ്പും ഈ രംഗത്തെ വിദഗ്ദ്ധരുമെല്ലാം ദിവസേന മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് എലിപ്പനി മൂലം നിരവധി പേർ അപമൃത്യുവിനിരയായതായ റിപ്പോർട്ടുകൾ. പ്രളയമേഖലയിലെ വെള്ളത്തിൽ നിന്നാകാം പലർക്കും രോഗം പിടിപെട്ടിട്ടുള്ളത്. പ്രളയബാധിത പ്രദേശങ്ങളിലേക്കു മടങ്ങുന്നവരും അവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി പോകുന്നവരും പകർച്ചവ്യാധികൾക്കെതിരെ മതിയായ തോതിൽ മുൻകരുതലെടുക്കണമെന്ന് നിർദ്ദേശിച്ചതാണ്. ജലസ്രോതസ്സുകളും പരിസ്ഥിതിയുമൊക്കെ അപ്പാടെ മലിനമായ പ്രളയ മേഖലകളിൽ പരമാവധി കരുതലോടെയാണ് പ്രവർത്തകർ ശുചീകരണ ദൗത്യത്തിൽ ഏർപ്പെടുന്നത്. മുൻകരുതലെടുക്കുന്നതിൽ ശ്രദ്ധിക്കാത്തവരെയാണ് രോഗം പിടികൂടുന്നത്. എലിപ്പനിയുടെ ലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസം വിവിധ ജില്ലകളിലായി 134 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരിൽ പലർക്കും എലിപ്പനി ബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്. പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങളിൽ കാണിച്ച അതേ ശുഷ്കാന്തിയും കരുതലും ആരോഗ്യ സുരക്ഷാ പ്രവർത്തനങ്ങളിലും കാണിക്കേണ്ട സന്ദർഭമാണിത്. ദുരന്തമേഖലകളിൽ വീടുകൾ മാത്രമേ ശുചീകരണം പൂർത്തിയായി വാസയോഗ്യമായിട്ടുള്ളൂ. കെട്ടിക്കിടക്കുന്ന വെള്ളവും മാലിന്യങ്ങളും ഇപ്പോഴും ഭീഷണിയായി അവിടെത്തന്നെയുണ്ട്. എലിപ്പനി മാത്രമല്ല മറ്റു ജലജന്യരോഗങ്ങൾക്കുള്ള സാദ്ധ്യതയും വളരെയധികമാണ്. പ്രളയത്തിൽ നിന്നു രക്ഷപെട്ട് പുതുജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നവർ നേരിടേണ്ടിവരുന്ന വലിയ വെല്ലുവിളികളാണ് സാംക്രമിക രോഗങ്ങൾ. പ്രളയ മേഖലകളിൽ ജലവുമായി സമ്പർക്കത്തിൽപ്പെട്ടവരാണ് എലിപ്പനി മൂർച്ഛിച്ച് ജീവൻ നഷ്ടമായവരിൽ അധികവും എന്ന് കാണാവുന്നതാണ്. അവിടങ്ങളിൽ തുടർന്നും കഴിയേണ്ടിവരുന്നവരെ സംബന്ധിച്ചിടത്തോളം പരമാവധി മുൻകരുതലുകൾ എടുക്കുക എന്നതു മാത്രമാണ് പ്രതിവിധി. എലിപ്പനിയെ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ് മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങൾ അക്ഷരം പ്രതി പാലിക്കാൻ ജനങ്ങൾ തയ്യാറാകണം. പ്രളയജലത്തിലിറങ്ങുന്നവർ ആഴ്ചയിൽ രണ്ട് ഡോക്സിസൈക്ളിൻ ഗുളിക കഴിക്കുന്നത് നല്ല പ്രതിരോധമാകുമെന്നാണ് വിദഗ്ദ്ധന്മാരുടെ ശുപാർശ. എലിപ്പനിയെത്തുടർന്ന് ഇപ്പോൾ മരണമടഞ്ഞവരിൽ ഒരാളൊഴികെ മറ്റാരും ഈ ഗുളിക കഴിച്ചിരുന്നില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രളയമേഖലകളിലെ ജനങ്ങളെ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ബോധവാന്മാരാക്കാൻ ആരോഗ്യവകുപ്പ് ഊർജ്ജിതമായി രംഗത്തിറങ്ങണം. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾത്തന്നെ വൈദ്യസഹായം തേടാൻ ജനങ്ങളും ജാഗ്രത കാണിക്കണം. ഡെങ്കി, ചിക്കുൻഗുനിയ തുടങ്ങിയ പകർച്ചപ്പനികൾ പോലെ എലിപ്പനിയും സംസ്ഥാനത്ത് വളരെപ്പേരുടെ ജീവനെടുക്കാറുണ്ട്. ഈ വർഷം തന്നെ എലിപ്പനി മൂലം വിവിധ ജില്ലകളിലായി 97 പേർ മരണമടഞ്ഞതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. പ്രളയാനന്തര ഘട്ടത്തെ കൂടുതൽ ആപത്‌ശങ്കയോടെ കാണേണ്ടിവന്നിരിക്കുകയാണ്. പരിസര ശുചീകരണത്തിലെ ആത്മഹത്യാപരമായ വീഴ്ചകൾ തന്നെയാണ് പകർച്ചവ്യാധികളെ ക്ഷണിച്ചുവരുത്തുന്നത്. പ്രളയകാലത്ത് ജലസ്രോതസുകളിലെ മാലിന്യത്തിന്റെ ആധിക്യം ഏവരും കണ്ടതാണ്. പതിനായിരക്കണക്കിനു ടൺ മാലിന്യങ്ങളാണ് പ്രളയജലത്തിനൊപ്പം വന്നടിഞ്ഞത്. ഇവയുടെ നല്ലൊരു ഭാഗം നദികളിൽത്തന്നെ തിരിച്ചെത്തിയിരിക്കാനാണു സാദ്ധ്യത. മാലിന്യസംസ്കരണം ശാസ്ത്രീയമാകാതിരിക്കുന്നിടത്തോളം കാലം മനുഷ്യനും പരിസ്ഥിതിക്കും നിത്യഭീഷണിയായി അത് നിലനിൽക്കും. സാംക്രമിക രോഗങ്ങൾ അനിയന്ത്രിതമായ തോതിൽ പൊട്ടിപ്പുറപ്പെട്ടാൽ ഫലപ്രദമായി നേരിടാനുള്ള സംവിധാനങ്ങളെക്കുറിച്ച് ഇപ്പോഴേ ആലോചിക്കാവുന്നതാണ്. ചികിത്സാസൗകര്യങ്ങളും ഔഷധങ്ങളും എല്ലാ ആശുപത്രികളിലും മതിയായ തോതിൽ ലഭ്യമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. എലിപ്പനി മൂലമുള്ള ഇപ്പോഴത്തെ മരണങ്ങളും പ്രളയദുരന്തത്തിൽപ്പെടുത്തി ആശ്രിതർക്ക് സഹായധനം നൽകുന്ന കാര്യവും പരിഗണിക്കണം. കാരണം രോഗം പിടിപെട്ട് മരണമടഞ്ഞവരിൽ പലരും ദുരിതാശ്വാസയജ്ഞത്തിൽ പങ്കെടുത്തവരാണ്. മാരകമായ 'നിപ്പ'യെ സ്തുത്യർഹമായ രീതിയിൽ പ്രതിരോധിക്കാനും രോഗം വ്യാപിക്കാതിരിക്കാനും ആരോഗ്യവകുപ്പിനു കഴിഞ്ഞു. അതുപോലെ പ്രളയാനന്തര കാലത്തെ ആരോഗ്യ പ്രശ്നങ്ങളും സമർത്ഥമായി നേരിടാൻ കഴിയണം. ആരോഗ്യ വിഷയത്തിൽ മലയാളികൾ പൊതുവേ ജാഗ്രതയുള്ളവരായതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ എളുപ്പമാണ്. പ്രളയത്തെ നേരിട്ട അതേ മനക്കരുത്തോടെ പകർച്ചവ്യാധികൾക്കെതിരെയും പൊരുതാൻ കഴിയണം

No comments:

Post a Comment