ഒരു നിയന്ത്രണവുമില്ലാതെ ഇന്ധനവില വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാർട്ടി തിങ്കളാഴ്ച ഭാരത ബന്ദിന് ആഹ്വാനം നൽകിയിരിക്കുകയാണ്. ഇതുതന്നെ പറ്റിയ സമയമെന്ന് കരുതി ഇടതുപാർട്ടികളും അന്ന് രാജ്യവ്യാപകമായി ഹർത്താൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ബന്ദായാലും ഹർത്താലായാലും ഫലം ഒന്നുതന്നെ. രാജ്യത്തെ കുറച്ചുഭാഗങ്ങളിലെങ്കിലും പ്രത്യേകിച്ചും കേരളത്തിൽ, സാധാരണ ജനജീവിതം താറുമാറാകും. വായ്ത്തല പൂർണമായും നഷ്ടമായ കോടാലികണക്കെയായ ബന്ദ് കൊണ്ടോ ഹർത്താൽ കൊണ്ടോ രാജ്യത്ത് ഇന്നേവരെ ഏതെങ്കിലുമൊരു ആവശ്യം നേടിയതായി ചരിത്രമില്ല. ഇന്ധനവില വർദ്ധനയുടെ പേരിൽത്തന്നെ ഇതിനകം ഡസൻകണക്കിന് ഹർത്താലുകൾ നടന്നിട്ടുണ്ട്. കൂലിവേലക്കാരുടെ ഒരുദിവസത്തെ അന്നം മുടങ്ങുന്നതുമാത്രം മിച്ചം. കോൺഗ്രസിന്റെ ഭാരത ബന്ദിന് പുതിയ സമയക്രമം നിശ്ചയിച്ചതാണ് എടുത്തുപറയാവുന്ന പുതുമ. രാവിലെ ഒൻപതുമുതൽ ഉച്ചതിരിഞ്ഞ് മൂന്നുവരെയാണ് അതിന്റെ സമയം. ഇടത് പാർട്ടികളുടെ ഹർത്താൽ പക്ഷേ പതിവിൻപടി രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ നേരത്തോടുനേരമാണ്. ഇരുപക്ഷവും ചേർന്നുള്ള സമരമുറയെത്തുടർന്ന് തിങ്കളാഴ്ച ഒരു കാര്യവും നടക്കാൻ പോകുന്നില്ലെന്ന് ചുരുക്കം.
ഇടതുപാർട്ടികൾ അധികാരത്തിലിരിക്കുന്ന കേരളത്തിലാകും പ്രതിഷേധം ആളിക്കത്താൻ പോകുന്നതെന്ന് നിശ്ചയമാണ്. ഇരുഭാഗക്കാരും ഏതാണ്ട് തുല്യശക്തികളായതിനാൽ ബന്ദും ഹർത്താലും വിജയിക്കാൻ പ്രയാസമൊന്നുമില്ല. അല്ലെങ്കിൽത്തന്നെ പത്തുപേർ മാത്രമുള്ള സംഘടനയുടെ ആഹ്വാനപ്രകാരവും ഇവിടെ എത്രയോ സമ്പൂർണ ഹർത്താലുകൾ നടന്നിരിക്കുന്നു. പ്രസക്തമായ ഒരു ചോദ്യം ഇത്തവണത്തെ ബന്ദ് -ഹർത്താലിൽ നിന്ന് കേരളത്തെ ഒഴിവാക്കാനുള്ള മഹാമനസ്കത കോൺഗ്രസും സംസ്ഥാനം ഭരിക്കുന്ന ഇടതുപാർട്ടികളും കാണിക്കുമോ എന്നതാണ്. മഹാപ്രളയത്തിന്റെ ദുരിതങ്ങളത്രയും ഏറ്റുവാങ്ങി നടുവൊടിഞ്ഞുകിടക്കുന്ന സംസ്ഥാനത്തിന് ഇൗ ഘട്ടത്തിൽ ഇത്തരത്തിലൊരു പ്രതിഷേധമുറ അധിക ഭാരമാകില്ലേ എന്ന് സംഘാടകർ ശാന്തമായി ചിന്തിക്കണം. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. കുട്ടനാട് ഒഴികെ മറ്റിടങ്ങളിലെല്ലാം പ്രളയജലം മാത്രമേ ഒഴിഞ്ഞുപോയിട്ടുള്ളു. കുട്ടനാട്ടിലാകട്ടെ മുട്ടുനീർ വെള്ളത്തിലാണ് പല കുടുംബങ്ങളും. മടങ്ങിയെത്തിയ കുടുംബങ്ങളിൽ പലതും വീടുകൾ വാസയോഗ്യമാക്കാനുള്ള കഠിനാദ്ധ്വാനത്തിലാണ്. വീട്ടുപകരണങ്ങൾ പൂർണമായും നഷ്ടപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങളുണ്ട്. സർക്കാർ നൽകാമെന്നേറ്റ പതിനായിരം രൂപ സഹായം എത്തേണ്ട കുടുംബങ്ങൾ അനവധിയാണ്. വിവിധ മേഖലകളിൽ പ്രളയംമൂലമുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പിൽ റവന്യു ഉദ്യോഗസ്ഥർ മുഴുകിയിരിക്കുകയാണ്. സർക്കാരിന്റെ എല്ലാ വകുപ്പുകളും ഇതുപോലുള്ള ചുമതലകളിൽ വ്യാപൃതരാണ്. നഷ്ടപ്പെട്ട പാഠപുസ്തകങ്ങളും വിലപ്പെട്ട രേഖകളുമൊക്കെ വീണ്ടും ഉണ്ടാക്കാൻ ദുരിതബാധിതർ നെട്ടോട്ടം ഒാടുന്നതിനിടെ കടന്നുവരുന്ന ഹർത്താൽ എത്രമാത്രം ജനദ്റോഹകരമാണെന്ന് മനസിലാക്കാനുള്ള വിവേകം രാഷ്ട്രീയ നേതാക്കൾക്ക് നഷ്ടമായോ? ബന്ദിൽ നിന്നും ഹർത്താലിൽനിന്നും കേരളത്തെ ഒഴിവാക്കണമെന്ന് ഇവിടത്തെ നേതാക്കൾ എന്തുകൊണ്ട് കേന്ദ്ര നേതൃത്വങ്ങളോട് അഭ്യർത്ഥിച്ചില്ല? കോൺഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷൻ അറിയപ്പെടുന്ന ഹർത്താൽ വിരുദ്ധനായിട്ടുപോലും അനവസരത്തിലുള്ള ബന്ദ് നടത്താൻ മുന്നിട്ടിറങ്ങേണ്ടിവരുന്നത് വിധി വൈപരീത്യം തന്നെയാകാം. അനേകം കഷ്ടപ്പാടുകളിലൂടെ നാളുകൾ തള്ളിനീക്കുന്ന പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങൾ ഇതൊന്നും സഹിക്കില്ല. തീർച്ച.
പ്രളയദുരന്തം മുൻനിറുത്തി സംസ്ഥാന സർക്കാർ ഒരുവർഷത്തേക്ക് എല്ലാവിധ ആഘോഷപരിപാടികൾക്കും പൂർണ വിലയ്ക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. കുട്ടികളുടെ കലോത്സവ നടത്തിപ്പുപോലും ഇതുമൂലം അനിശ്ചിതത്വത്തിലായിക്കഴിഞ്ഞു. സർക്കാർ ആഭിമുഖ്യത്തിലുള്ള സകല ആഘോഷങ്ങളും ഉപേക്ഷിക്കാനാണ് തീരുമാനം. ഇങ്ങനെ ഒരുവിധ ആഘോഷവും പാടില്ലെന്ന് വിലക്കിയ സർക്കാരിന് ജനജീവിതം നിശ്ചലമാക്കുന്ന ഹർത്താലിന് ഒാശാന പാടാൻ എങ്ങനെ കഴിയും. ആഘോഷങ്ങൾ പാടില്ല, ബന്ദും ഹർത്താലുമാകാം എന്ന് വരുന്നതിലെ ജനവിരുദ്ധത സാമാന്യബുദ്ധിയുള്ളവർക്ക് അംഗീകരിക്കാനാകില്ല. പേമാരിയും പ്രളയവും സൃഷ്ടിച്ച 25000 കോടിയിൽപ്പരം രൂപയുടെ നാശനഷ്ടം നികത്താൻ വിപുലമായ തോതിൽ ധനസമാഹരണത്തിനൊരുങ്ങുന്ന അവസരത്തിൽ ബന്ദ് നടത്തി ഒരുദിവസത്തെ ഉത്പാദനവും ലക്ഷക്കണക്കിന് തൊഴിലാളികളുടെ വേതനവും നഷ്ടപ്പെടുത്തുന്ന സമരമുറകൾ അവലംബിക്കുന്നത് ദുരിതബാധിതരോടുള്ള അവഹേളനം മാത്രമല്ല, ആപത്തിൽ ഒപ്പം നിന്നവരോട് കാണിക്കുന്ന കൃതഘ്നത കൂടിയാണ്.
ആയിരംവട്ടം പയറ്റി പരാജയപ്പെട്ട സമരമുറകളെത്തന്നെ രാഷ്ട്രീയ കക്ഷികൾ വീണ്ടും ആശ്രയിക്കുന്നതിലെ വങ്കത്തം അവർക്ക് മനസിലാകുന്നില്ലെങ്കിലും ജനങ്ങൾ മനസിലാക്കുന്നുണ്ട്. കാലവും സാഹചര്യങ്ങളും മാറിയതിന് അനുസൃതമായി സമരമുറകളിലും പുതുമ കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. ഇന്ധനവില വർദ്ധനയുടെ പേരിലാണല്ലോ തിങ്കളാഴ്ചത്തെ ബന്ദും ഹർത്താലും. എല്ലാവിഭാഗം ജനങ്ങളുടെയും ജീവിതം ദുരിതമയമാക്കുന്നതാണ് ദിവസേനയുള്ള എണ്ണവില വർദ്ധന. ജനദ്റോഹകരമായ ഇൗ നടപടിക്കെതിരെ വലിയ ജനമുന്നേറ്റംതന്നെ ആവശ്യമാണ്. എന്നാൽ ബന്ദിലൂടെ ഇന്ധനവില കുറയ്ക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. അങ്ങനെ സാധിക്കുമായിരുന്നുവെങ്കിൽ ഏകപക്ഷിയമായ ഇൗ നടപടിക്ക് കേന്ദ്രം ഒരുങ്ങുമായിരുന്നില്ല. കേന്ദ്രത്തിന്റെ തെറ്റായ ഇന്ധനനയത്തിനെതിരെ ജനങ്ങളെ അണിനിരത്താൻ ബന്ദോ ഹർത്താലോ നടത്തണമെന്നില്ല. ഇന്ധനവില കുറയ്ക്കാൻ തയ്യാറല്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ വോട്ടില്ല എന്ന തീരുമാനത്തിൽ ജനങ്ങളെ കൊണ്ടുചെന്നെത്തിക്കാനുള്ള വിപുലമായ പ്രചാരണ തന്ത്രമാണ് ആവിഷ്കരിക്കേണ്ടത്. അതിന് വീടുവീടാന്തരം കയറി ആളുകളെ ബോധവാന്മാരാക്കണം. പ്രതിഷേധിക്കാനുള്ള ക്രിയാത്മക വഴികൾ ധാരാളമുള്ളപ്പോൾ ജനങ്ങളുടെ നിത്യജീവിതത്തിനുമേൽ നിരപ്പലക നിരത്തിയുള്ള സമരമുറകൊണ്ട് ഒരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ല. ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം സംഭാവനയായി ആവശ്യപ്പെടുന്ന സർക്കാർ ഹർത്താൽ ദിനത്തിലെ വേതനം ഏത് നിലയിലാകും ഉൾക്കൊള്ളിക്കുക? അന്ന് ഹാജരാകാൻ കഴിയാത്തവരോട് ആനുകൂല്യം കാണിക്കുമോ? ആഘോഷങ്ങളൊന്നും വേണ്ട, ഹർത്താൽ ആകാം എന്ന കാഴ്ചപ്പാട് വല്ലാതെ ചൊറിച്ചിലുണ്ടാക്കുന്നു.
No comments:
Post a Comment