Sunday, 2 September 2018

തുടങ്ങിവച്ച പദ്ധതികളിലും ശ്രദ്ധ വേണം


തുടങ്ങിവച്ച പദ്ധതികളിലും ശ്രദ്ധ വേണം

പ്രളയം തകർത്ത പ്രദേശങ്ങളിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പോലെ തന്നെ പ്രധാനപ്പെട്ടതാണ് സംസ്ഥാനത്ത് പല ഘട്ടങ്ങളിൽ എത്തിനിൽക്കുന്ന നിർമ്മാണ പദ്ധതികളും. പ്രളയം സൃഷ്ടിച്ച ഞെട്ടലിൽ നിന്ന് സംസ്ഥാനവും ജനങ്ങളും മെല്ലെ മെല്ലെ കരകയറിക്കൊണ്ടിരിക്കുകയാണ്. നാശനഷ്ടങ്ങളുടെ തോത് അതിഭീകരമായ നിലയിലുള്ളതാണെങ്കിലും കൂട്ടായ ശ്രമങ്ങൾ വഴി എല്ലാം പഴയ പടിയിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള സമഗ്ര പുനർ നിർമ്മാണ പദ്ധതിയാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം തന്നെ അടിയന്തര പ്രാധാന്യം നൽകേണ്ട വേറെയും ചില വികസന പദ്ധതികൾ ഇവിടെ ഉണ്ട്. പാതിവഴി പോലുമെത്താത്ത വിഴിഞ്ഞം തുറമുഖ പദ്ധതി, ദേശീയ പാത വികസനം തുടങ്ങിയവ അതിൽപ്പെടുന്നു. സംസ്ഥാനത്തിന്റെ പുരോഗതിക്കും സാമ്പത്തികാഭിവൃദ്ധിക്കും വലിയ സംഭാവനകൾ നൽകാൻ കഴിയുന്ന ഈ രണ്ടു പദ്ധതികളുടെയും പൂർത്തീകരണം അടിയന്തരാവശ്യമായിത്തീർന്നിട്ടുണ്ട്. നിർഭാഗ്യവശാൽ എടുത്തുപറയാവുന്ന പുരോഗതി ഇവ രണ്ടിനും കൈവരിക്കാനായിട്ടില്ല. 
പ്രഖ്യാപനമനുസരിച്ച് ഈ സെപ്തംബർ ഒന്നിന് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കേണ്ടതായിരുന്നു. 2015 ഡിസംബർ അഞ്ചിന് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തപ്പോൾ ആയിരം ദിവസങ്ങൾ തികയുമ്പോൾ വിഴിഞ്ഞത്തെ പുതിയ തുറമുഖത്ത് ആദ്യ കപ്പൽ അടുക്കുമെന്നായിരുന്നു പ്രഖ്യാപനം. മീൻപിടിത്ത ബോട്ടുകളും നാടൻ വള്ളങ്ങളുമല്ലാതെ മറ്റൊന്നും തീരമണഞ്ഞില്ല ഇതുവരെ. ആവേശപൂർവം പണി തുടങ്ങിയ തുറമുഖ നിർമ്മാണം അനന്തമായ കടലിൽ ദിശ തെറ്റിയ കപ്പൽ കണക്കെ ലക്ഷ്യമില്ലാതെ ഇഴഞ്ഞുനീങ്ങുകയാണ്. പണി നടന്ന ദിവസങ്ങളെക്കാൾ പണി നടക്കാത്ത ദിവസങ്ങളാണ് അധികം. നാല്പതു ശതമാനം പണികളാണ് ആയിരം ദിനത്തിനിടെ മുഴുമിപ്പിക്കാനായത്. കാരണങ്ങൾ പലതും ചൂണ്ടിക്കാണിക്കാനായുണ്ടെങ്കിലും തുറമുഖ നിർമ്മാണ കമ്പനിയുടെയും സർക്കാരിന്റെയും ഭാഗത്തു കാണുന്ന പ്രകടമായ ഉദാസീനത സംസ്ഥാനത്തിന്റെ ഈ സ്വപ്ന പദ്ധതിയെ കാര്യമായി ഉലയ്ക്കുന്നുണ്ടെന്നുള്ളത് വാസ്തവമാണ്. 

ആയിരം ദിനങ്ങൾ കൊണ്ട് ഒന്നാം ഘട്ടം പൂർത്തിയാവുകയില്ലെന്ന് നിർമ്മാണ കമ്പനി മുൻകൂർ ജാമ്യമെടുത്തിരുന്നു. സാങ്കേതികവും ഭൗതികവുമായ നിരവധി കാരണങ്ങളും അവർ മുന്നോട്ടുവച്ചിരുന്നു. ഇവയിൽ പലതും യാഥാർത്ഥ്യവുമായിരുന്നു. തടസങ്ങൾ നീക്കുന്നതിനോ തക്കസമയത്ത് ഇടപെടുന്നതിനോ സർക്കാർ സംവിധാനങ്ങളും ശ്രമിച്ചുകണ്ടില്ല. സമയപട്ടിക ആകെ തെറ്റിച്ചുകൊണ്ടാണ് ആദ്യം തൊട്ടേ നിർമ്മാണ പ്രവൃത്തികൾ മുന്നോട്ടുപോയത്. ഇതിനിടയിൽ ഉണ്ടായ പ്രകൃതികോപങ്ങൾ വലിയ വിനയാകുകയും ചെയ്തു. ഇടയ്ക്കും മുറയ്ക്കുമുണ്ടായ രൂക്ഷമായ കടൽക്ഷോഭത്തിൽ നിർമ്മാണ സാമഗ്രികൾ പലതും നശിച്ചു. കടൽ കുഴിക്കലും പൈലിംഗും അസാദ്ധ്യമായതോടെ ഏറെ തൊഴിൽ ദിനങ്ങളാണ് നഷ്ടപ്പെട്ടത്. യന്ത്രസാമഗ്രികൾക്കു തുടർച്ചയായി കേടുപാടുകൾ പറ്റിയതും പുലിമുട്ടു നിർമ്മാണത്തിനായുള്ള വലിയ പാറകൾ യഥാസമയം കിട്ടാതായതും പ്രതികൂല ഘടകങ്ങളാണ്. പദ്ധതി ലക്ഷ്യപ്രാപ്തിയിലെത്തിക്കുന്നതിനാവശ്യമായ നിശ്ചയദാർഢ്യവും അർപ്പണബോധവും ഒരിടത്തും ദൃശ്യമല്ലെന്നതാണ് വിഴിഞ്ഞം പദ്ധതി നേരിടുന്ന ഏറ്റവും വലിയ ദുര്യോഗം. തുടക്കം തൊട്ടേ വിട്ടൊഴിയാതെ നിൽക്കുന്ന ശകുനപ്പിഴ വിഴിഞ്ഞം പദ്ധതിക്കു സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങൾ കുറച്ചൊന്നുമല്ല. ഇതിൽ മനുഷ്യരുണ്ടാക്കുന്നവയും പ്രകൃതി സൃഷ്ടിച്ചവയുമുണ്ട്. നിർമ്മാണത്തിനാവശ്യമായ പാറ യഥാസമയം ലഭ്യമാക്കാൻ സർക്കാർ വിചാരിച്ചാൽ സാധിക്കുമായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിലും ആവശ്യത്തിനു പാറ ഉണ്ട്. ഇവിടങ്ങളിലെ ക്വാറികളുമായി ധാരണയിലെത്തിയതുമാണ്. കളക്ടർമാർ കമ്പനിക്ക് അനുമതി പത്രവും നൽകി. അഞ്ചാറുമാസമായി ഇതൊക്കെ നടന്നിട്ട്. ഇതുവരെ തടസങ്ങൾ മാറിയിട്ടില്ല. സർക്കാരിന്റെ സമയോചിത ഇടപെടലുകളുണ്ടായിരുന്നെങ്കിൽ കാര്യം നടക്കുമായിരുന്നു. ഇനി പ്രളയത്തിന്റെയും ദുരിതത്തിന്റെയും പേരിലാവും മെല്ലെപ്പോക്ക്. ഇപ്പോഴത്തെ ദുരിതാശ്വാസത്തിരക്കു കഴിഞ്ഞാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് തുറമുഖ മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ഇത്തരം അഴകുഴമ്പൻ സമീപനം കൊണ്ട് തുറമുഖ നിർമ്മാണം സമയത്തും കാലത്തും തീരുകയില്ല. ലക്ഷ്യം കുറിച്ച് ഒരു പദ്ധതി ഏറ്റെടുത്താൽ അത് യഥാകാലം പൂർത്തിയാക്കുക എന്നത് വ്രതനിഷ്ഠ ആവശ്യപ്പെടുന്ന സദ്‌ ഗുണമാണ്. പദ്ധതി അതാതിന്റെ വഴിക്കു നീങ്ങിക്കൊള്ളുമെന്നു കരുതുന്നതുകൊണ്ടാണ് അതു നീണ്ടു നീണ്ടു പോകുന്നത്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ പോക്കു കണ്ടാൽ ഇനി ആയിരം ദിവസങ്ങൾ കൂടി എടുത്താലേ അതിന്റെ ഒന്നാം ഘട്ടം പൂർത്തിയാകൂ. ഒന്നാം ഘട്ട നിർമ്മാണത്തിൽ 625 പൈലുകൾ ഇതിനകം പൂർത്തിയാക്കേണ്ടതായിരുന്നു. തീർന്നതാകട്ടെ മുന്നൂറ്റിനാല്പത്താറും. നിർമ്മാണം നടന്ന പുലിമുട്ടിന്റെ ഒരു ഭാഗം കടൽ കൊണ്ടുപോയതിനാൽ പുനർ നിർമ്മിക്കേണ്ടിവരും. വാർഫിന്റെയും അനുബന്ധ കെട്ടിടങ്ങളുടെയും പണി ഇനി വേണം തുടങ്ങാൻ.
വിഴിഞ്ഞം പോലെ തന്നെ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവൃത്തികളും തുടങ്ങാൻ കഴിഞ്ഞിട്ടില്ല. സ്ഥലമെടുപ്പു തർക്കങ്ങളും അലൈൻമെന്റിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പവും പൂർണമായും പരിഹരിക്കപ്പെട്ടില്ല. ദേശീയപാത നിർമ്മാണം ഹൈവേ അതോറിട്ടിയുടെ ആഭിമുഖ്യത്തിലാകയാൽ പ്രളയദുരന്ത ദുർഘടവുമായി ബന്ധപ്പെടുത്തി വൈകിക്കേണ്ട കാര്യമില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി പണി തുടങ്ങാനാവശ്യമായ സാഹചര്യം ഒരുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. പ്രളയത്തിലും തകരാത്ത നല്ല റോഡുകൾ ഈ ദുരിതകാലത്ത് എത്രമാത്രം ഉപകരിച്ചുവെന്ന് ബോദ്ധ്യമായതാണ്. ഏതു പ്രതികൂല കാലാവസ്ഥയിലും തകരാത്ത റോഡുകളാണ് വികസനത്തിന്റെ അടിത്തറയാകുന്നത്.

No comments:

Post a Comment