ടൗൺ ഹാൾ നവീകരണം കോടികൾ ചോർത്തുന്നു?
പത്ത് വർഷത്തിനിടെ എണ്ണമറ്റ നവീകരണങ്ങൾ
ചെലവിനത്തിൽ പാഴായിപ്പോയത് കോടികൾ
1. ചെലവ്: 3.5 കോടി രൂപ
2.ആവശ്യമെങ്കിൽ 4.3 കോടി രൂപ ചെലവഴിക്കും
കൊല്ലം: സി. കേശവൻ സ്മാരക ടൗൺ ഹാളിന്റെ നവീകരണം കോടികൾ ചോർത്തുന്നതായി പരാതി. അടിക്കടി നടത്തുന്ന നിർമ്മാണത്തിന് പിന്നിൽ സാമ്പത്തിക താത്പര്യങ്ങളാണെന്നാണ് വിമർശനം. പത്ത് വർഷത്തിനിടെയുള്ള മൂന്നാമത്തെ വലിയ നവീകരണമാണ് ഇപ്പോൾ നടക്കുന്നത്. ഇക്കാലമത്രയും നഗരസഭ മുടക്കിയ തുക ഉപയോഗിച്ചിരുന്നെങ്കിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയൊരു കൺവൻഷൻ സെന്റർ നിർമ്മിക്കാനാകുമായിരുന്നുവെന്നാണ് ജനങ്ങൾ പറയുന്നത്.
3.5 കോടി രൂപ ചെലവിലാണ് ഇപ്പോൾ ആധുനികവത്കരണവും മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കലുമുൾപ്പടെ നടക്കുന്നത്. ആവശ്യമെങ്കിൽ 4.3 കോടി രൂപ ഇതിനായി നീക്കിവയ്ക്കാനും നഗരസഭാ കൗൺസിലിൽ തീരുമാനമുണ്ട്. എൻ. പത്മലോചനനും പ്രസന്ന ഏണസ്റ്റും മേയർമാരായിരുന്ന കാലത്തും കോടികളുടെ നവീകരണമാണ് നടത്തിയത്. അന്നും പല വിമർശനങ്ങളും ഉയർന്നിരുന്നു.
ടൗൺ ഹാൾ മാസങ്ങളായി അടച്ചിട്ട് നടത്തുന്ന പ്രധാന ജോലികൾക്ക് പുറമെ ശീതീകരണ സംവിധാനങ്ങളുടെയും ഭക്ഷണശാലയുടെയും നവീകരണം, പഴയ കസേരകൾ മാറ്റി സ്ഥാപിക്കൽ, സീലിംഗുകൾ മാറ്റൽ,
ഭക്ഷണശാലയിൽ പുതിയ ടേബിളുകൾ സ്ഥാപിക്കൽ എന്നിവയ്ക്കായി കോടികളുടെ ഇടപാടാണ് ഇതുവരെ നടന്നത്. ആധുനിക രീതിയിലേക്ക് ടൗൺ ഹാൾ മാറ്റേണ്ടത് അനിവാര്യമാണെങ്കിലും ഒരോ തവണയും കോടികൾ പൊടിച്ച് നടത്തുന്നത് നഗരസഭയുടെ ധൂർത്താണെന്നാണ് ആരോപണം. നവീകരണത്തിനായി ഹാൾ അടയ്ക്കുന്നതിന് മുൻപ് 25000 രൂപയും നികുതിയും ആയിരുന്നു പ്രതിദിന വാടക. ജോലികൾ പൂർത്തിയാകുമ്പോൾ വാടകയും വർദ്ധിപ്പിക്കാനാണ് സാദ്ധ്യത.
ആധുനികവത്കരണത്തിന് കോടികൾ
ഈ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച 3.5 കോടി രൂപയുടെ നവീകരണമാണ് പുരോഗമിക്കുന്നത്. ഇതിന് പുറമേ പുതിയ ജനറേറ്റർ, വൈദ്യുതീകരണം എന്നിവയ്ക്കായി അരക്കോടി രൂപ വേറെയും ചെലവാകും. ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനാണ് നവീകരണത്തിന്റെ ചുമതല. ഓഡിറ്റോറിയത്തിന്റെ ആധുനികവത്കരണം, ശീതീകരിച്ച ഭക്ഷണശാല, മാലിന്യ സംസ്കരണത്തിന് മികച്ച നിലവാരത്തിലുള്ള പ്ലാന്റ്, ചുറ്റുമതിൽ തുടങ്ങിയവയാണ് കരാറിൽ ഉൾപ്പെടുന്നത്.
സി.കേശവന്റെ നഗരത്തിലെ സ്മാരകം
നിവർത്തന പ്രക്ഷോഭ നായകനും സ്വാതന്ത്ര്യസമരസേനാനിയും തിരുക്കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി.കേശവന്റെ നഗരത്തിലെ സ്മാരകമാണ് ടൗൺ ഹാൾ. 1979ൽ നഗരസഭാ ചെയർമാനായിരുന്ന എൻ. തങ്കപ്പൻ വക്കീലിന്റെ നേതൃത്വത്തിലാണ് ഇത് നിർമ്മിച്ചത്. പിന്നീട് ഇതിന് മുന്നിൽ സി.കേശവന്റെ പൂർണ്ണകായ പ്രതിമയും സ്ഥാപിച്ചു.
നവീകരണം ഉടൻ പൂർത്തീകരിക്കും
ടൗൺ ഹാളിന്റെ നവീകരണം ഒക്ടോബർ 31 ന് പൂർത്തീകരിക്കും. നിലവിൽ ചെലവഴിക്കുന്ന തുക ഉപയോഗിച്ച് പുതിയ ടൗൺ ഹാൾ നിർമ്മിക്കാനാകില്ല. ഇത്തരത്തിൽ ഒരു പുതിയ ടൗൺ ഹാളും ഭക്ഷണശാലയും നിർമ്മിക്കണമെങ്കിൽ കുറഞ്ഞത് 20 കോടി രൂപയെങ്കിലും വേണ്ടി വരും. പത്ത് വർഷം മുൻപ് 2 കോടി ഉപയോഗിച്ച് നവീകരണം നടത്തിയപ്പോഴും ഇതേ ആരോപണം ഉയർന്നിരുന്നു
വി. രാജേന്ദ്രബാബു, മേയർ
No comments:
Post a Comment