Sunday, 2 September 2018

നിയമസഭ

സംസ്ഥാനത്തെ ദുരന്തഭൂമിയാക്കിയ പ്രളയം ചർച്ച ചെയ്യാൻ നിയമസഭ ഇന്ന് സമ്മേളിക്കുകയാണ്. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട വിലപ്പെട്ട നിർദ്ദേശങ്ങൾ സ്വാഭാവികമായും ഇൗ സമ്മേളനത്തിൽ ഉയർന്നുവരേണ്ടതാണ്. ദുരന്തനാളുകളിൽ ദൃശ്യമായ രാഷ്ട്രീയത്തിനതീതമായ സമീപനവും വിശാലവീക്ഷണവുമാണ് നിയമസഭാംഗങ്ങളിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. സമ്മേളനത്തിൽ ഉരുത്തിരിയുന്ന അഭിപ്രായങ്ങൾകൂടി കണക്കിലെടുത്താകും ദുരന്തമേഖലകളിലെ പുനർനിർമ്മാണങ്ങൾക്ക് രൂപരേഖ തയ്യാറാക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭയുടെ സാധാരണ സമ്മേളനങ്ങളിൽ കാണാറുള്ള രാഷ്ട്രീയാതിപ്രസരത്തിനുപകരം വിഷയത്തെ ഗൗരവപൂർവം കാണാനും ക്രിയാത്മകമായ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കാനും അംഗങ്ങൾ പ്രത്യേകം താത്പര്യമെടുക്കണം. സഭയ്ക്ക് പുറത്ത് ഇതിനകം തുടങ്ങിവച്ചിട്ടുള്ള രാഷ്ട്രീയ വിവാദങ്ങളിലേക്കും പതിവു വിഴുപ്പലക്കിലേക്കും ചർച്ചകൾ വഴിമാറാതിരിക്കാനുള്ള ബോധപൂർവമായ ശ്രമവും സമൂഹം പ്രതീക്ഷിക്കുന്നു. ദുരന്തമേഖലകളെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ പറയാനും നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കാനും കാണും. ദുരന്തകാഴ്ചകൾക്ക് നേർസാക്ഷികളായിരുന്നല്ലോ അവരിലധികം പേരും. രക്ഷാ പ്രവർത്തനങ്ങളിലും തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ജനപ്രതിനിധികളും സ്തുത്യർഹവും മാതൃകാപരവുമായ പങ്കുവഹിച്ചിരുന്നു. പുനരധിവാസ പ്രവർത്തനങ്ങളിലും അവരിൽ പലരും ഇപ്പോഴും സജീവമായിത്തന്നെ രംഗത്തു തുടരുന്നുമുണ്ട്. പ്രളയം തകർത്തെറിഞ്ഞ പ്രദേശങ്ങളുടെ മാത്രം പുനർനിർമ്മാണമല്ല സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. പുതിയൊരു കേരളത്തിന്റെ സൃഷ്ടിയാണ് ലക്ഷ്യമിടുന്നത്. പ്രാദേശിക ആവശ്യങ്ങൾക്ക് പ്രധാന പരിഗണന നൽകുന്നതിനൊപ്പം തന്നെ വിശാലലക്ഷ്യം നേടുന്നതിനു സഹായകമായ നിർദ്ദേശങ്ങൾ നിയമസഭാ ചർച്ചകളിൽ ഉയർന്നുവരേണ്ടതുണ്ട്. നല്ല ഗൃഹപാഠം ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. വീഴ്ചകളും കുറ്റങ്ങളും കുറവുകളും പെരുപ്പിച്ചുകാട്ടി രാഷ്ട്രീയ നേട്ടങ്ങൾക്ക് ശ്രമിക്കാതെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കും തകർന്നടിഞ്ഞ നാടിനും രക്ഷാമാർഗം കാണിക്കാനാകണം ജനപ്രതിനിധികൾ ശ്രമിക്കേണ്ടത്. രണ്ടുലക്ഷത്തോളം പേർ ഇനിയും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. വീടെന്ന് പറഞ്ഞ് മടങ്ങിച്ചെല്ലാൻ ഒന്നുംതന്നെ ശേഷിച്ചിട്ടില്ലാത്തവരാണ് അവരിലേറെയും . അവരുടെ കണ്ണീരൊപ്പാനുള്ള അടിയന്തര നടപടികൾക്കാകണം പ്രഥമ പരിഗണന. പുനഃക്രമീകരിച്ച ഒാണാവധികഴിഞ്ഞ് സ്കൂളുകളും കോളേജുകളുമൊക്കെ ഇന്നലെ തുറന്നതോടെ പൊതുജീവിതം നഷ്ടമായ താളലയങ്ങൾ വീണ്ടെടുക്കുകയാണ്. അപ്പോഴും രൂക്ഷമായ പ്രളയം വിഴുങ്ങിയ ചില പ്രദേശങ്ങളിലെ മുന്നൂറോളം സ്കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകളായിത്തന്നെ തുടരുകയാണ്. അവിടങ്ങളിലെ കുട്ടികൾക്ക് ബദൽ സംവിധാനം ഒരുക്കേണ്ടതുണ്ട്. അതുപോലെ വെള്ളപ്പൊക്കത്തിൽ നശിച്ച പാഠപുസ്തകങ്ങൾ ഉൾപ്പെടെയുള്ള പഠന സാമഗ്രികൾ കുട്ടികൾക്ക് എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടി ഉണ്ടാകണം.
പ്രളയ ബാധിത ജില്ലകളിൽ ആശ്വാസപ്രവർത്തനങ്ങൾക്കായി ദുരന്ത നിവാരണ ഫണ്ടിൽനിന്ന് 330 കോടി രൂപ കഴിഞ്ഞ ദിവസം അനുവദിച്ചതോടെ പ്രവർത്തനങ്ങൾ വേഗത്തിലാകുമെന്ന് കരുതാം. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടിവന്നവർക്ക് നൽകാമെന്നേറ്റ സഹായധന വിതരണവും വേഗത്തിലാക്കണം. മരണമടഞ്ഞവരുടെ ആശ്രിതർക്കുള്ള സഹായം , വീടുനിർമ്മാണത്തിനുള്ള സഹായം, കൃഷി നഷ്ടമായവർക്കുള്ള സഹായം എന്നിവയൊക്കെ സത്വരമായി നൽകേണ്ടതുണ്ട്. ഒൗദ്യോഗിക സംവിധാനങ്ങൾ ജറ്റ് വേഗത്തിൽ ചലിച്ചാലേ ഇതൊക്കെ സാദ്ധ്യമാകൂ.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനർനിർമ്മാണത്തിനും പണം ഒരുവിധത്തിലും പ്രശ്നമാകില്ലെന്ന് ബോദ്ധ്യപ്പെടുത്തുന്ന വിധത്തിലാണ് ദുരിതാശ്വാസനിധിയിലേക്ക് ഒഴുകിയെത്തുന്ന സംഭാവനകൾ. സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകംതന്നെ ആയിരത്തോളം കോടിരൂപ എത്തിക്കഴിഞ്ഞു. എന്തും നൽകാൻ തയ്യാറായി ലോകസമൂഹവും ഒപ്പമുണ്ട്. പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രായോഗികവും വിശ്വസനീയവുമായ മാതൃകകളാണ് ഇനി ഉരുത്തിരിയേണ്ടത്. വിദഗ്ദ്ധന്മാരുടെ സേവനവും പങ്കാളിത്തവും ഇവിടെയാണ് അനിവാര്യമായി വരുന്നത്. ഇതിനകം തന്നെ ധാരാളം നിർദ്ദേശങ്ങളും അഭിപ്രായങ്ങളും വന്നിട്ടുണ്ട്. പുനർനിർമ്മാണ പദ്ധതികൾക്കാവശ്യമായ ഫണ്ട് കണ്ടെത്താൻ നിരവധി ഉപാധികൾ കണ്ടുവച്ചിട്ടുണ്ട്. ലോകബാങ്കിന്റെയും എ.ഡി.ബിയുടെയും കേന്ദ്ര സർക്കാരിന്റെയും പ്രതിനിധി സംഘങ്ങൾ സംസ്ഥാനത്തെ ദുരന്തമേഖലകൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തുകയാണ്. പുനർനിർമ്മാണ യത്‌നങ്ങളിൽ കേന്ദ്രവും വലിയ പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷ. സംഭാവന സംബന്ധിച്ച മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയ്ക്ക് ഏറ്റവും നല്ല പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ പുതിയൊരു കേരള സൃഷ്ടിക്കായി എല്ലാ അനുകൂല സാഹചര്യങ്ങളും ഒത്തിണങ്ങിവരികയാണ്. ഇതിന്റെയെല്ലാം ക്രോഡീകരണത്തിനും നടത്തിപ്പിനുമായി പരാതികളില്ലാത്ത മികച്ച നിർവഹണ സംവിധാനങ്ങളാണ് ഇനി ഉണ്ടാകേണ്ടത്. ഇത്തരുണത്തിൽ ഇ. ശ്രീധരനെപ്പോലുള്ള പ്രഗൽഭമതികളുടെ നിർദ്ദേശങ്ങൾ പരിഗണിക്കേണ്ടതുണ്ട്. പ്രളയാനന്തര നവകേരള സൃഷ്ടിക്കായി സ്റ്റ്യാറ്റ്യൂട്ടറി അധികാരമുള്ള പ്രത്യേക സമിതി രൂപീകരിക്കാവുന്നതാണ്. ഒാരോ മേഖലയിലും പദ്ധതികളുടെ നടത്തിപ്പ് ചുമതല സമിതിയെ ഏല്പിക്കാനാകും. വിവിധ വകുപ്പുകളിൽനിന്നുള്ള ഏറ്റവും പ്രഗൽഭന്മാർ അടങ്ങുന്നതാകണം സമിതി. ബാഹ്യ ഇടപെടലുകളില്ലാതെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യവും സമിതിക്കുണ്ടാകണം. സമയപട്ടികയുണ്ടാക്കി പ്രവർത്തിച്ചാൽ പ്രളയത്തിൽ തകർന്നുപോയതെല്ലാം മെച്ചപ്പെട്ട നിലയിൽ പുനർനിർമ്മിക്കാൻ അനായാസം സാധിക്കും. ഇത്തരം പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ ഒരു വിഷമവുമുണ്ടാകില്ല. ദുരന്തനാളുകളിൽ സംസ്ഥാനത്തുടനീളം ദൃശ്യമായ മാനവികതയും കറയില്ലാത്ത സഹജീവിസ്നേഹവും പുനർനിർമ്മാണ വേളയിലും മാറ്റുകുറയാതെ ധൈര്യമായി പ്രതീക്ഷിക്കാം. വെള്ളത്തിൽ പൂർണമായും മുങ്ങിപ്പോയ കുട്ടനാടിനെ വീണ്ടെടുക്കാൻ ഇപ്പോൾ നടന്നുവരുന്ന മഹായജ്ഞത്തിന്റെ അത്യപൂർവ്വമാതൃകതന്നെ വലിയ പ്രചോദനമാണ്.

No comments:

Post a Comment