എഴുകോണ്‍ > കൈത്തറി കളങ്ങളില്‍നിന്ന് ഉയരുന്നത് തൊഴിലാളികളുടെ ദീനരോദനം. യുഡിഎഫ് സര്‍ക്കാര്‍ തകര്‍ത്തെറിഞ്ഞ പരമ്പരാഗത വ്യവസായങ്ങളുടെ പട്ടികയില്‍ പ്രഥമസ്ഥാനത്താണ് ജില്ലയിലെ കൈത്തറി സംഘങ്ങള്‍. എല്ലാം കടക്കെണിയിലായി. കൈത്തറി സംഘങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഒരു ഇടപെടലും ഉണ്ടാകുന്നില്ല.
മയ്യനാട്, കൊല്ലം, കൊട്ടാരക്കര, ചാത്തന്നൂര്‍ സര്‍ക്കിളുകളിലായി 36 കൈത്തറി സംഘങ്ങള്‍ ഉണ്ടായിരുന്നു. സംഘങ്ങളുടെ എണ്ണം ഇന്ന് 22 ആയി ചുരുങ്ങി. ശേഷിക്കുന്ന സംഘങ്ങളില്‍ പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ബാങ്കുകള്‍ സംഘങ്ങള്‍ക്ക് നല്‍കിയ വായ്പ പലിശയും കൂട്ടുപലിശയുമൊക്കെയായി ജപ്തിയുടെ വക്കിലെത്തി.
പ്രവര്‍ത്തിക്കുന്ന സംഘങ്ങളില്‍ വൃദ്ധരായ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഒരു മീറ്റര്‍ തുണി നെയ്യാന്‍ 30 രൂപയില്‍ താഴെയാണ് കൂലി ലഭിക്കുന്നത്. വിദഗ്ദ്ധതൊഴിലാളിക്കുപോലും ദിവസം നാലോ അഞ്ചാ മീറ്റര്‍ മാത്രമെ നെയ്യാന്‍ കഴിയൂ. അതിനാല്‍ പുതിയ തലമുറ ഈ തൊഴിലിലേക്ക് കടന്നുവരാന്‍ മടിക്കുന്നു. തൊഴിലാളികളുടെ വ്യവസായ നവീകരണത്തിനോ സര്‍ക്കാരിനു താല്‍പ്പര്യമില്ല. കൈത്തറി നെയ്ത്തില്‍ സര്‍ക്കാര്‍ പരിശീലനപദ്ധതികളുമില്ല. ആധുനിക തറികളില്‍ പരശീലനം ലഭിച്ചയാള്‍ പരമ്പരാഗത തറികള്‍ മാത്രമുള്ള സംഘങ്ങളില്‍ ജോലി നോക്കേണ്ട അവസ്ഥയാണ്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ കൈത്തറി വ്യവസായത്തെ പ്രോത്സാഹിപ്പിക്കാന്‍ വലിയ ഇടപെടലുകള്‍ നടത്തിയിരുന്നു. വിശേഷാവസരങ്ങളില്‍ കൈത്തറിസംഘങ്ങള്‍ 20 ശതമാനത്തിലധികം റിബേറ്റ് നല്‍കിയാണ് തുണികള്‍ വില്‍ക്കുന്നത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം സംഘങ്ങള്‍ക്ക് റിബേറ്റ് തുക നല്‍കുന്നില്ല. കൈത്തറി സംഘങ്ങള്‍ക്ക് ഹാന്‍ഡക്സ് നല്‍കാനുള്ള തുകയും കുടിശികയാണ്. കുടിശിക നല്‍കിയാല്‍തന്നെ സംഘങ്ങള്‍ക്ക് ആശ്വാസമാകും. അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കൈത്തറി വ്യവസായവും ചരിത്രത്തില്‍ ഇടം നേടുന്ന കാലം വിദൂരമല്ല.
No comments:
Post a Comment