ജില്ലയിലെ പ്രധാന നെല്ലറയായ ചിറക്കര പഞ്ചായത്തിലെ പോളച്ചിറ ഏലാ ഇപ്പോൾ ലഹരിവിൽപ്പനക്കാരുടെയും ഗുണ്ടാസംഘങ്ങളുടെയും താവളമായി മാറി. ആയിരത്തിഅഞ്ഞൂറോളം ഏക്കർ വിസ്തൃതിയുള്ള ഏലായുടെ നാലുവശവും ഒരുവാഹനം പോകത്തക്കതരത്തിൽ ബണ്ട് റോഡുണ്ട്. ഏകദേശം ഒൻപതര കിലോമീറ്റർ. ഏലായ്ക്കുകുറുകെ ബണ്ട് എക്രോസ് റോഡും.
പ്രധാന നെല്ലറ എന്നതിനെക്കാൾ പ്രധാന മത്സ്യം വളർത്തുകേന്ദ്രമാണ്. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രകൃതിരമണീയമായ പ്രദേശവുമാണ്. ഡിസംബർമുതൽ മൂന്നുമാസത്തോളം ദേശാടനപ്പക്ഷികളുടെ ഇഷ്ടതാവളവുമാണ്. ഇവയെ കാണാൻ സന്ദർശകരും പക്ഷിനിരീക്ഷകരും ധാരാളമായെത്തും.
എന്നാൽ ഇപ്പോൾ പോളച്ചിറ ലഹരി മാഫിയയുടെ നിയന്ത്രണത്തിലാണ്. ബൈക്കുകളിലെത്തുന്ന സംഘങ്ങൾ ലഹരിപദാർഥങ്ങൾ വിൽക്കുകയും ഉപയോഗിക്കുന്നവർ ഇവിടെ തങ്ങി അക്രമവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയും ചെയ്യുന്നു. ബണ്ട് എക്രോസ് റോഡിലെ മുഴുവൻ തെരുവുവിളക്കുകളും നശിപ്പിച്ചു. പകൽപോലും ഇതുവഴി സഞ്ചരിക്കാനാവാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ. തലച്ചിറമുതൽ വിജനമായ പ്രദേശത്തെല്ലാം ലഹരിക്കടിമകളായവരുടെ താവളങ്ങളാണ്.
പുറമേയാണ് ക്രിമിനൽ സംഘങ്ങളും പോളച്ചിറയെ തിരഞ്ഞെടുത്തിരിക്കുന്നത്. മനോജിന്റെ സംഘം അലങ്കാരപ്പക്ഷി വിൽപ്പനക്കാരനായ രഞ്ജിത്ത് ജോൺസനെ (40) തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയത് പോളച്ചിറയിൽ െവച്ചാണ്. നെടുങ്ങോലം സ്വദേശിയെ തട്ടിക്കൊണ്ടുവന്ന് മാരകമായി പരിക്കേൽപ്പിച്ചതും പോളച്ചിറയിൽ എത്തിച്ചായിരുന്നു.
തകർന്ന ബണ്ട് റോഡും ബണ്ട് റോഡുകളിൽ വെളിച്ചമില്ലാത്തതും മൂന്ന് പോലീസ് സ്റ്റേഷൻ പരിധികളിലായി വ്യാപിച്ചുകിടക്കുന്നതുമാണ് ലഹരി മാഫിയകൾക്കും ക്രിമിനലുകൾക്കും പോളച്ചിറ ഇഷ്ടതാവളമാക്കാൻ പ്രേരണയായിട്ടുള്ളത്.
പോലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്
ചാത്തന്നൂർ, പരവൂർ, പാരിപ്പള്ളി പോലീസ് സ്റ്റേഷൻ പരിധികളിൽ വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് പോളച്ചിറ. ഇവിടെ ശക്തമായ പോലീസ് പട്രോളിങ് രാത്രിയും പകലും നടത്തുന്നുണ്ട്. ഗതാഗതസൗകര്യമില്ലാത്തതും വെളിച്ചമില്ലാത്തതും പ്രധാന പ്രശ്നങ്ങളാണ്. എക്സൈസുമായി ചേർന്നും ഇവിടെ പരിശോധന നടത്തിയിരുന്നു. പോലീസ് പട്രോളിങ്ങും നിരീക്ഷണവും കൂടുതൽ ശക്തമാക്കും.
-ജവഹർ ജനാർദ് എ.സി.പി. ചാത്തന്നൂർ
എക്സൈസിന്റെയും പോലീസിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്
പോളച്ചിറയിലെ കഞ്ചാവു കച്ചവടത്തെക്കുറിച്ചും ലഹരി ഉപയോഗങ്ങളെക്കുറിച്ചും പോലീസ്- എക്സൈസ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മാസംതോറുമുള്ള അവലോകനയോഗത്തിൽ ഇത് ചുണ്ടിക്കാട്ടാറുമുണ്ട്. വാർഡുതല ജാഗ്രതാസമിതികൾ രുപവത്കരിച്ച് ഇതിനെ ചെറുക്കാൻ ശ്രമിക്കും.
പോളച്ചിറയിൽ ശ്രദ്ധ കേന്ദ്രീകരിക്കും
പോളച്ചിറ ഏലായിലെ ലഹരി മാഫിയകളെക്കുറിച്ച് പരാതികൾ ലഭിച്ചിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് പരിശോധന നടത്താറുമുണ്ട്. ഇനി പ്രത്യേക നിരീക്ഷണവും പട്രോളിങ്ങും ശക്തമാക്കും
No comments:
Post a Comment