പരശുരാമൻ കൈയിൽ കിട്ടിയൊരു കോടാലിയെടുത്ത് എറിഞ്ഞത് വഴി ഉരുവം കൊണ്ടതായത് കൊണ്ടുതന്നെ അറുപഴഞ്ചൻ മോഡലാണ് ഇക്കാലം വരെയും ഈ കേരളമെന്ന് സകല മാലോകരും മനസ്സിലാക്കിയ നഗ്നസത്യമായിരുന്നു. ഓൾഡ് ഈസ് ഗോൾഡ് എന്ന തത്വത്തിൽ വിശ്വസിക്കാത്തത് കൊണ്ടാണ് അതിനെയൊന്ന് ന്യൂജെൻ മോഡലാക്കാമെന്ന് പിണറായി സഖാവ് തീരുമാനിച്ചത്. നവകേരളമെന്ന് സഖാവ് പറഞ്ഞപ്പോൾ അത് അഞ്ജനമാണോ മഞ്ഞളാണോ എന്നറിയാത്തവർ ഗൗനിക്കാതെ നിന്നിട്ടുണ്ട്.
പക്ഷേ പ്രളയത്തിന് ശേഷം ക്ഷുദ്രജീവികൾ പ്രത്യക്ഷപ്പെടുമെന്ന് ധരിച്ചുവശായവരെല്ലാം ഇന്ന് ഹതാശരാണെന്നാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ഇക്കഴിഞ്ഞ ദിവസം പോയവർ സാക്ഷ്യം പറയുന്നത്. പിണറായി സഖാവ് മനസ്സിൽ കണ്ട നവകേരളം മാനത്ത് കെട്ടിപ്പൊക്കാൻ അഹമഹമിഹയാ അദ്ധ്വാനിക്കുന്ന മഹദ്ശരീരങ്ങളെ അവിടെ കണ്ടതോടെയാണ് സകല ശങ്കകളും ചന്ദ്രഗിരിപ്പുഴയും കടന്ന് വടക്കോട്ട് നീങ്ങിയത്. പിണറായി സഖാവ് പോലും ഇത്രയും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു എന്നാണ് സഖാവിന്റെ മട്ടും മാതിരിയും നോക്കി ചില കേസരികൾ നിരൂപിച്ചുകൊണ്ടിരിക്കുന്നത്. പ്രകൃതിയെന്തെങ്കിലും കുരുത്തക്കേട് കാണിച്ചാൽ വെറുതെ കണ്ണുരുട്ടി പേടിപ്പിക്കുന്ന ദേഹികളൊന്നുമല്ല ശ്രീകോവിലിന്റെ അലങ്കാരങ്ങളായി പരിലസിക്കുന്നതെന്ന് എന്ന് തോന്നിപ്പിച്ച മാത്രയിൽ ഗാഡ്ഗിലിന് പോലും മൂത്രശങ്ക കലശലായെന്ന് വർത്തമാനമുണ്ട്.
മാണിപ്രമാണിയുടെ കാര്യം നോക്കൂ. കർഷകനെന്തെങ്കിലും കുറവുണ്ടായാൽ ആഹാരമിറങ്ങാത്ത ദേഹമാണ്. പ്രളയം കണ്ടപ്പോൾ പിണറായിസഖാവ് കവാത്ത് മറന്നെന്ന് മാണിപ്രമാണി നിരൂപിച്ചത് അങ്ങനെയായിരുന്നു. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളിലൊന്നും നിർമ്മാണം പാടില്ലെന്ന് പിണറായിസഖാവ് ഉത്തരവിട്ടെന്ന് മാണിപ്രമാണി മനസ്സിലാക്കിയ ആ നിമിഷം കർഷകവിലാപങ്ങൾ ആ ദേഹിയെ വലച്ചുലച്ചുകളഞ്ഞു. ഇടുക്കിയിൽ അങ്ങനെയായാൽ ഏത് കർഷകന് ജീവിക്കാനൊക്കുമെന്ന സങ്കടത്താൽ എസ്കേപ്പിസം, എസ്കേപ്പിസം എന്ന് വിളിച്ചുപറഞ്ഞ് പിണറായിസഖാവിന് നേർക്ക് ശാപവാക്കുകൾ ചൊരിയുകയായിരുന്നു പാലാമാണിക്യം. മാണിപ്രമാണി ആടിനെ പട്ടിയാക്കുന്നുവെന്ന് സഖാവിന് തോന്നിപ്പോയത് സഖാവിന്റെ കുറ്റം, അല്ലാതെന്ത്.
ജനാധിപത്യത്തിന്റെ ശ്രീകോവിലിന് അലങ്കാരമായി പരിലസിക്കുന്ന പരിസ്ഥിതിഭിഷഗ്വരന്മാരെ സത്യത്തിലാരും തിരിച്ചറിയാത്തതാണ്. അറുപഴഞ്ചൻ മോഡലിൽ ജീവിച്ച് ജീവിതം പാഴാക്കിക്കളയേണ്ടവരല്ല ഇജ്ജാതി ദേഹങ്ങളെന്ന് പ്രളയശേഷമെങ്കിലും കുറഞ്ഞപക്ഷം ഐക്യരാഷ്ട്രസഭ തിരിച്ചറിയണം.
കക്കാടംപൊയിലിൽ വെള്ളത്തിൽ പാർക്കുണ്ടാക്കി പ്രളയത്തിന് മുമ്പേ നവകേരള സൃഷ്ടിക്ക് ആഞ്ഞ് ശ്രമിച്ച ദേഹിയാണ് നിലമ്പൂരംഗം അൻവറദ്ദേഹം. കുറ്റം പറയരുത്, അതിന്റെ അഹങ്കാരം ലവലേശമില്ലാത്ത പാവം മാനവഹൃദയം. പ്രളയാനന്തരം ശക്തിപ്പെടുന്ന ഗ്രഹങ്ങളുടെ കൂട്ടത്തിൽ പണ്ഡിതശിരോമണികൾ ഇദ്ദേഹത്തെ പെടുത്തേണ്ടതാണ്. അങ്ങനെ ന്യൂജെൻ ആകുന്നെങ്കിൽ ആവട്ടെ. ജെ.സി.ബിയോ കൈക്കോട്ടോ പോലും വയ്ക്കാത്ത ഡീപ്പ് ഫോറസ്റ്റിനകത്ത് എന്തുകൊണ്ടാണ് ഉരുൾപൊട്ടിയതെന്ന ഈ ദേഹിയുടെ ചോദ്യം ദിക്കുകൾ പൊട്ടുമാറുച്ചത്തിലായിരുന്നു. പുരോഗമനപ്രവർത്തനങ്ങളുടെ ഭാഗമാണ് കാലാവസ്ഥാവ്യതിയാനം എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവരോടാണ് ചോദ്യമെങ്കിലും ശ്രീകോവിലിന്റെ നാല് ചുവരുകൾ കിടുകിടാ വിറച്ചുപോയി. അൻവറദ്ദ്യം പുരോഗമനപ്രസ്ഥാനത്തിന്റെ ഭാഗമായത് പോലും ഇത്തരം പിന്തിരിപ്പൻജാതികളോടുള്ള നീരസം ഉള്ളിൽ കത്തിനിന്നതിനാൽ മാത്രമാണ്.
മൂന്നാറിലെ പ്ലംജൂഡി റിസോർട്ടിനകത്ത് നിന്ന് വിപ്ലവം വിരിയിക്കാനുള്ള തന്റെ ശ്രമത്തെ തല്ലിക്കെടുത്താൻ ചില പ്രതിലോമശക്തികൾ കുറേനാളായി ശ്രമിച്ചു വരുന്നത് ഈ പ്രളയകാലത്ത് മൂർദ്ധന്യത്തിലെത്തിയെന്ന് മൂന്നാർഫെയിം രാജേന്ദ്രൻസഖാവിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണ് കണ്ടത്. ജനകീയ ജനാധിപത്യവിപ്ലവം വിരിയിച്ചെടുക്കുമ്പോൾ മുന്നിൽ ഇമ്മാതിരി വയ്യാവേലികളുണ്ടാവുന്നത് സഖാവിന് ചിന്തിക്കാൻ പോലുമാവില്ല. ഏതോ ഗാഡ്ഗിലോ കസ്തൂരിയോ മറ്റോ ആണ് പ്രതിലോമശക്തികളെന്ന് തിരിച്ചറിഞ്ഞ മാത്രയിലാണ് സഖാവ് പ്രത്യാക്രമണത്തിന് ഒരുമ്പെട്ടത്. പ്രളയാനന്തരം ഇത്തരം ക്ഷുദ്രജീവികളുടെ വരവ് എന്ത് വില കൊടുത്തും തടയണമെന്നതിനാൽ സഖാവ് ശ്രീകോവിലിനകത്ത് ഇതേപ്പറ്റി ഘോരഘോരം വാചാലനായി. പ്ലംജൂഡിക്ക് നോട്ടീസ് കൊടുത്താലൊന്നും പ്രകൃതിയുടെ കുരുത്തക്കേടില്ലാതാകില്ലെന്ന് അതിനാൽ സഖാവ് അറുത്തുമുറിച്ച് പറഞ്ഞു, അല്ല പിന്നെ!
ഗാഡ്ഗിലിനെ പോലുള്ള ശാസ്ത്രജ്ഞരെ മാറ്റിനിറുത്തണമെന്നാണ് പൂഞ്ഞാർപുലി പി.സി.ജോർജിന്റെ വിനയാന്വിതമായ അപേക്ഷ. ഫോറസ്റ്റിനകത്തെങ്ങനെ ഇങ്ങനെ ഉരുൾപൊട്ടിയെന്നതാണ് ഇദ്ദേഹത്തിന് ഇപ്പോഴും പിടികിട്ടാത്തത്. പ്രളയാനന്തരം ദേഹിയുടെ കുംഭയ്ക്ക് ചില്ലറ രൂപാന്തരം സംഭവിച്ചുവോയെന്ന ചിന്ത അന്നേരം പലരിലുമുണ്ടായെന്നും ഇല്ലെന്നും പറയുന്നുണ്ട്.
പ്രളയം കുവൈറ്റ് ചാണ്ടിച്ചായനിൽ അസാമാന്യമായ ഉൾവിളികളാണുയർത്തിയതത്രെ. ക്വാറികൾ കാരണമാണ് മഴ പെയ്യാത്തതെന്ന് പറഞ്ഞ് നടന്നവരെ ഓർത്താണ് ചാണ്ടിച്ചായന്റെ മനസ്സ് നീറിപ്പുകയുന്നത്. ഇപ്പോളെങ്ങനെയിരിക്കുന്നുവെന്ന് അതിനാൽ ചാണ്ടിച്ചായൻ അവരോട് ചോദിക്കാതിരുന്നില്ല. വേമ്പനാട്ട് കായലിൽ മണ്ണ് വാരി പ്രളയത്തെ തടയുകയെന്ന വിലപ്പെട്ട നിർദ്ദേശവും വച്ച് അദ്ദേഹം സായൂജ്യമടഞ്ഞത് നന്നായി.
ഗാഡ്ഗിലോ കസ്തൂരിയോ പറഞ്ഞതാണ് കാര്യമെന്ന് പറഞ്ഞാൽ ഇനിയെങ്കിലും അംഗീകരിക്കേണ്ടല്ലോ എന്നോർക്കുമ്പോൾ പേരാവൂരിൽ നിന്നെത്തിയ സണ്ണിച്ചായൻഗാന്ധിക്ക് അനല്പമായ ആഹ്ലാദവും അതിലേറെ ചാരിതാർത്ഥ്യവുമുണ്ട്.
ഏതായാലും ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ നിന്ന് കിട്ടിയ ഈ വിലപിടിപ്പുള്ള നിർദ്ദേശങ്ങൾ പി. സഖാവിന് നവകേരളമുണ്ടാക്കൽ മഹായത്നത്തിന് എന്തുകൊണ്ടും മുതൽക്കൂട്ടാകുമെന്ന് ഉറപ്പിക്കാവുന്നതാണ്. അതിൽ ആർക്കുമൊരു ശങ്ക വേണ്ടതില്ല.
സി.ഐ.എയും കമ്മ്യൂണിസ്റ്റ് ആരോഗ്യവും
കമ്മ്യൂണിസ്റ്റ് ആരോഗ്യം നല്ലപോലെയുള്ള ആളുകളെ നിപ വൈറസ് തൊട്ട് എലിപ്പനി പരത്തുന്ന സാദാ പെരുച്ചാഴിക്ക് വരെ ഭയങ്കര പേടിയാണ്. ആരെയും കൂസാത്ത ഒരൊറ്റ വൈറസേ ഈ ഭൂമുഖത്തുള്ളൂ എന്ന് ശശി സഖാവിന് നല്ലപോലെ അറിയാം. സി.ഐ.എ എന്നാണിതിന്റെ വിളിപ്പേര്. മുഖ്യ വർഗശത്രുക്കളുടെ ഗണത്തിലാണ് ശശി സഖാവ് ഈ വൈറസിനെ പെടുത്തിയിരിക്കുന്നതെങ്കിലും അക്കാര്യം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ഈ വൈറസിനെ പ്രതിരോധിക്കാനുള്ള പ്രതിരോധഗുളികകൾ ഇന്നേ വരെ പുറമേക്കാരും കണ്ടുപിടിച്ചിട്ടില്ല. പക്ഷേ മണ്ണാർക്കാട്ടെ വിപ്ലവവീര്യം തുളുമ്പിനിൽക്കുന്ന ഔഷധഗവേഷണ ശാലയിൽ ശശി സഖാവ് ഇതെല്ലാം കണ്ടുപിടിച്ച് വച്ചിട്ടുണ്ട്. മരുന്നുകളും കുറിപ്പടിയുമെല്ലാം അറിയാവുന്നത് ശശി സഖാവിന് മാത്രവുമാണ്. പിണറായി സഖാവിന് പോയിട്ട് ഇ.പി. ജയരാജൻസഖാവിന് പോലും ഈ രഹസ്യം പറഞ്ഞ് കൊടുക്കാൻ പി.കെ. ശശി സഖാവ് തയാറായിട്ടില്ല. ഇനിയൊട്ട് തയാറാവുകയുമില്ല.
സി.ഐ.എകളെ ഒരു കാതം അകലെ മാത്രമേ നിറുത്താവൂ എന്ന് മാത്രമേ ശശി സഖാവ് എല്ലാവരോടും പറയാറുള്ളൂ. അത് കോടിയേരി സഖാവിനോടായാലും അങ്ങനെ തന്നെയാണ്. പക്ഷേ ശശി സഖാവ് സി.ഐ.എകളെ വിളിച്ച് കുശലാന്വേഷണം നടത്തുകയും ശശിസഖാവിന് മാത്രമറിയാവുന്ന ഭാഷയിൽ ചിലതെല്ലാം സംസാരിക്കാറും പതിവായിരുന്നു. സി.ഐ.എ ആയത് കൊണ്ടുതന്നെ ശശി സഖാവിനെ കുടുക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റും. ശശി സഖാവ് അതെല്ലാം ചിരിച്ച് തള്ളും. കൈലാസമെടുത്ത് അമ്മാനമാടിയ രാവണന്റെ ഭാവമാണ് പോലും സഖാവിന് അന്നേരം. അത് കമ്യൂണിസ്റ്റ് ആരോഗ്യം നല്ലത്പോലെയുള്ളത് കൊണ്ടായിരുന്നു.
സി.ഐ.എമാർ എന്തെടുത്ത് പയറ്റിയാലും ശശി സഖാവിനെ കുടുക്കാനുള്ള വേലപ്പന്റെ വേല പോലെയായി മാത്രമേ പിണറായി സഖാവായാലും കോടിയേരി സഖാവായാലും എന്തിനേറെ പറയുന്നു എം.സി. ജോസഫൈൻ സഖാവായാൽ പോലും കരുതി വരാറുള്ളൂ. അതിന് കാരണവും മറ്റൊന്നുമല്ല, ആ കമ്യൂണിസ്റ്റ് ആരോഗ്യത്തിലുള്ള വിശ്വാസം ഒന്ന് കൊണ്ട് മാത്രമായിരുന്നു. മനുഷ്യരായാൽ തെറ്റ് പറ്റുമെന്ന് ജോസഫൈൻസഖാവിന് വനിതാ കമ്മിഷനിലെത്തിയപ്പോൾ ബോദ്ധ്യമായ നഗ്നസത്യമായിരുന്നു എങ്കിലും ശശി സഖാവിനോടുള്ള സി.ഐ.എയുടെ വേലകളി കണ്ടപ്പോൾ മാത്രമാണ് ആ നഗ്നസത്യം മാലോകരോട് അവർ വിളിച്ചുപറഞ്ഞത്.
അങ്ങനെയിരിക്കെയാണ്, സി.ഐ.എ ഒരെട്ടിന്റെ പണിയൊപ്പിച്ചുകളഞ്ഞത്. ശശിസഖാവിന്റെ ഒടിവിദ്യയെപ്പറ്റിയൊക്കെ നല്ല ബോദ്ധ്യമുണ്ടായിട്ടും ഈ സി.ഐ.എ യെച്ചൂരിസഖാവിനെ പറ്റിച്ചുകളഞ്ഞു. മാനായെത്തിയ സി.ഐ.എയെ സി.ഐ.എ ആണെന്നറിയാതെ യെച്ചൂരിസഖാവ് കോടിയേരി സഖാവിന്റടുത്തേക്ക് പറഞ്ഞുവിട്ടുവെന്നാണ് കരുതുന്നത്. അതല്ല വൃന്ദസഖാവിനെയാണ് സി.ഐ.എ പറ്റിച്ചതെന്നും ആ സഖാവാണ് കോടിയേരി സഖാവിന്റടുക്കലേക്ക് മാനിന്റെ വേഷം മാറിയെത്തിയ സി.ഐ.എമാരീചനെ പറഞ്ഞുവിട്ടതെന്നും പറയപ്പെടുന്നുണ്ട്.
ഏതായാലും ശശി സഖാവ് പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ. നിലവിലുള്ള കമ്മ്യൂണിസ്റ്റ് ആരോഗ്യം കൊണ്ട് ഈ സി.ഐ.എയെ ചെറുത്തുതോല്പിക്കുക എളുപ്പമാവില്ലെന്നാണ് പറയുന്നത്. അല്ലെങ്കിലും സി.ഐ.എകളെ എല്ലാ ആരോഗ്യമുള്ള കമ്യൂണിസ്റ്റുകാരും ഒന്ന് കരുതിയിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പി.ശശി സഖാവും കോട്ടമുറിക്കൽ സഖാവും തൊട്ട് പി.കെ. ശശി സഖാവ് വരെയുള്ളവരുടെ അനുഭവങ്ങൾ അതാണ് വിരൽ ചൂണ്ടുന്നത്. കമ്യൂണിസ്റ്റുകാരെ ശരിപ്പെടുത്തുകയാണ് ഈ സി.ഐ.എകളുടെ ആത്യന്തികലക്ഷ്യം. പ്രത്യേകിച്ച് ശശി എന്ന് പേരായ കമ്യൂണിസ്റ്റുകളെ.
ബെഹ്റപ്പൊലീസ് വന്നേപ്പിന്നെ ഇന്നാട്ടിലെ പൊലീസേമ്മാമ്മാരെല്ലാം കുഞ്ഞാടുകളായത് കണ്ട് പിണറായി സഖാവ് സന്തോഷാധിക്യത്താൽ ഗദ്ഗദകണ്ഠനായെന്ന് പറയുന്നുണ്ട്. വരാപ്പുഴയിലെ ശ്രീജിത്തിനോട് സ്നേഹവാത്സല്യം പ്രകടിപ്പിച്ചപ്പോഴോ കോട്ടയത്തെ കെവിന്റെ പിറകേ പോകാതെ ഗുണകോഷ്ഠം ചൊല്ലിപ്പഠിച്ചിരുന്നപ്പോഴോ പിണറായി സഖാവ് ഇത്രയ്ക്ക് പ്രതീക്ഷിച്ചിരുന്നില്ല. ജലന്ധറിലെ ഫ്രാങ്കോബിഷപ്പിന്റെ മുന്നിലെ പൊലീസേമ്മാമ്മാരുടെ യോഗാഭ്യാസം കണ്ടതോടെയാണ് സഖാവിന്റെ കണ്ണുനീർ ധാരധാരയായി ഒഴുകിയതത്രെ. അതിനിയും ഘോരഘോരം തുടരാൻ യോഗ കണ്ട മാത്രയിൽ സഖാവ് ഉത്തരവിട്ടെന്നാണ് കേൾവി. ജനമൈത്രി പൊലീസായാൽ അങ്ങനെയാവണം.
ഓമന കൊലക്കേസായാലും മല്യാജി നാട് വിട്ട കേസായാലും സി.ബി.ഐക്ക് അന്വേഷിക്കാൻ അതിന്റേതായ ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. അതിങ്ങനെ ചാടിക്കേറി കസ്റ്റഡിയിലെടുപ്പ്, ലോക്കപ്പിലിടി, ഗരുഡൻതൂക്ക്, ഡസ്കിലുരുട്ടൽ മാതിരി ഏർപ്പാടുകളല്ല. കോൺഷബിൾ കുട്ടൻപിള്ളയും ഇടിയൻ മാത്തനേഡും ചേർന്ന് നടത്തുന്ന സാദാ പൊലീസിന്റെ മട്ടും മാതിരിയും സി.ബി.ഐക്ക് അറിയില്ലെന്ന് മാത്രമല്ല, കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ല. എന്തിനും ഏതിനും ഡമ്മി മസ്റ്റാണ് സി.ബി.ഐക്ക്. കട്ടൻചായയ്ക്ക് പരിപ്പുവട നിർബന്ധമില്ലായിരിക്കാം. പക്ഷേ സി.ബി.ഐക്ക് ഡമ്മി അങ്ങനെയല്ല.
അത് ന.മോ.ജിക്കും ജയ്റ്റ്ലിജിക്കും എന്തിനേറെ വി.മുരളീധർ- കെ.സുരേന്ദ്രൻജിമാർക്ക് വരെ നല്ലപോലെ അറിയാവുന്ന നഗ്നയാഥാർത്ഥ്യമാണ്. അതുകൊണ്ടാണ് മല്യാജി നാട് വിടുന്നതിന് മുമ്പ് തന്നെ ആ നാട് വിടാൻ പോകുന്ന കേസ് അന്വേഷിക്കാൻ സി.ബി.ഐയെ ചട്ടം കെട്ടിയത്. നാട് വിടും മുമ്പേ സി.ബി.ഐക്ക് വിട്ടാലുള്ള ഗുണം ആളിന്റെ സൈസിനൊത്ത ഡമ്മി തന്നെ സി.ബി.ഐക്ക് ഒപ്പിച്ചെടുക്കാനൊരു മോഡൽ കിട്ടുമല്ലോ എന്നുള്ളതാണ്. അങ്ങനെയാണ് മല്യാജികേസിൽ സി.ബി.ഐ ഇടപെട്ടുകളഞ്ഞത്.
ഡമ്മിയെ തട്ടിക്കൂട്ടിയൊപ്പിക്കാനൊരു നേരവും കാലവുമൊക്കെയെടുക്കും. ആ ഗ്യാപ്പിൽ സി.ബി.ഐക്കാർ ചില വേലകളൊക്കെ ഒപ്പിക്കും. ഓമന കൊലക്കേസിൽ സേതുരാമയ്യർ ഒപ്പിച്ചത് പോലെ ആരും കളി മനസ്സിലാക്കാതിരിക്കാനുള്ള വേലയാണത്. അങ്ങനെയാണ് ലുക്കൗട്ട് നോട്ടീസെന്നോ മറ്റോ പേരായൊരു ഓല ഇറക്കിക്കളിച്ചത്. ഡമ്മി റെഡിയായതോടെ ഈ ഓലയുടെ ആവശ്യമില്ലല്ലോ. ന.മോ.ജിക്ക് അക്കാര്യമറിയാം. പക്വതയില്ലാത്ത സുബ്രഹ്മണ്യംസ്വാമിമാർക്ക് അറിയാൻ തരമില്ല. അതുകൊണ്ട് ഡമ്മി റെഡിയായതോടെ ലുക്കൗട്ട് ഓലയങ്ങ് പിൻവലിച്ചു. ന.മോ.ജി പറഞ്ഞിട്ടൊന്നുമല്ല, ഉണ്ണിയെ കണ്ടാൽ സി.ബി.ഐക്ക് ഊരിലെ പഞ്ഞം മനസ്സിലാവുന്നതേയുള്ളൂ.
ഡമ്മിയെ ഒപ്പിക്കുന്ന പാട് ചില്ലറയല്ലെന്ന് തിരിച്ചറിയാനുള്ള വിവേകം രാഹുൽമോനില്ലാത്തത് കാരണമാണ് പാർലമെന്റിന്റെ ഇട്ടാവട്ടത്ത് മല്യാജി ജെയ്റ്റ്ലിജിയെ കണ്ട് ഗുഡ്ബൈ പറയാൻ വന്നുവെന്നൊക്കെ കരഞ്ഞ് നടക്കുന്നത്. വന്നത് അതിനായിരുന്നില്ല. നിന്നും ഇരുന്നുമെല്ലാമുള്ള ഡമ്മിമോഡൽ സി.ബി.ഐക്കാർക്ക് രൂപപ്പെടുത്തേണ്ടേ. അതിന് മല്യാജി തന്നെ വേണമല്ലോ. അതിനാണ്. ജെയ്റ്റ്ലിജിക്ക് നല്ല സൗന്ദര്യബോധമുള്ളത് കൊണ്ട് മല്യാജിയുടെ പല സൈസ് മോഡലുകൾ സി.ബി.ഐക്കാർ ഒപ്പിച്ചെടുത്തു.
ഒമ്പതിനായിരം കോടിയും കൊണ്ട് ഉലകം തെണ്ടാൻ പോകുന്നത് ചെറിയ കാര്യമല്ല. പിണറായിസഖാവിന്റെ പ്രളയാനന്തര ഭിക്ഷാപാത്രത്തിലേക്ക് യു.എ.ഇക്കാർ എന്തെങ്കിലും ചില്ലറ കോടി കൊടുക്കാൻ ഇങ്ങോട്ട് വരുന്നത് പോലെയല്ല അത്. ഇങ്ങോട്ട് കോടികളും കൊണ്ട് വരാനെന്താ ഇത് വെള്ളരിക്കാപട്ടണമാണോ? 9000കോടിയും കൊണ്ട് ലണ്ടനിൽ കറങ്ങാൻ മല്യാജി പോകുന്നതിനൊരു നിലയും വിലയുമൊക്കെയുണ്ടാകും. അതുപോലെ ഇങ്ങോട്ട് വന്നാരും കളിക്കണ്ട, കേട്ടോ.
സ്പീക്കർ ശ്രീരാമകൃഷ്ണൻ തികഞ്ഞ സഹൃദയനും അങ്ങേയറ്റത്തെ ഔചിത്യബോധമുള്ളവനുമായത് കൊണ്ടെന്തുണ്ടായി? നിയമസഭയുടെ സദാചാര കമ്മിറ്റിയിലേക്ക് പറ്റിയൊരാളെ കണ്ടെത്തി! സത്യത്തിൽ പൂഞ്ഞാറിലെ പുള്ളിപ്പുലിക്കെന്താണൊരു കുറവ്. കുംഭയ്ക്ക് കുംഭ, കഷണ്ടിക്ക് കഷണ്ടി. കുംഭ മുന്നേ ദേഹി പിന്നെ എന്ന മട്ടിൽ നടന്നുനീങ്ങുന്ന ഉരുപ്പടി 18ലെ പ്രളയാനന്തരം അടിഞ്ഞുകൂടിയ ധൂമകേതുവാണെന്ന് ധരിച്ചെങ്കിൽ തെറ്റിപ്പോയി. ഇത് 99ലെ പ്രളയാനന്തരം ഉണ്ടായതത്രെ. പൂഞ്ഞാറിലും പരിസരത്തുമുള്ള ഈ സർവതന്ത്രസ്വതന്ത്ര ദേഹം നിയമസഭയ്ക്കകത്തെത്തിയപ്പോൾ സത്യത്തിൽ പലരും അതിന്റെ സവിശേഷതകൾ തിരിച്ചറിഞ്ഞിരുന്നില്ല. അത് തിരിച്ചറിഞ്ഞത് കലാരസികനായ നമ്മുടെ സ്പീക്കർ മാത്രമായിരുന്നത് കൊണ്ട് ഈ ദേഹിയെ നിയമസഭയുടെ സദാചാരകമ്മിറ്റിയിൽ തന്നെ പ്രതിഷ്ഠിച്ചു. അല്ലായിരുന്നെങ്കിൽ ആർക്കും വേണ്ടാത്ത വല്ല മേശപ്പുറത്ത് വയ്ക്കുന്ന കടലാസ് കമ്മിറ്റിയിലോ മറ്റോ കുടിയിരുത്തിയേനെ.
സദാചാര കമ്മിറ്റിക്ക് സദാചാരപരമായ കാര്യങ്ങളേ പരിഗണിക്കാവൂ എന്നില്ലെന്നത് പൂഞ്ഞാർപുലിയുടെ കല്ലേപ്പിളർക്കുന്ന കല്പനയായിരുന്നു. ഇനിയഥവാ, അങ്ങനെയൊന്ന് പരിഗണിക്കണമെങ്കിൽ തന്നെ സദാചാരത്തിന് പുലിയുടേതായ ചില നിബന്ധനകളുണ്ടാവണം. കന്യാസ്ത്രീയെ വല്ലതും പുലി വിളിച്ചാലത് സദാചാരകമ്മിറ്റി പരിശോധിക്കുമെന്ന് പറയാൻ മാത്രം സ്പീക്കർ വളർന്നുവെന്ന് പുലി കരുതുന്നില്ല. വന്യമൃഗത്തെ വെടിവച്ച് കൊന്ന് ഇറച്ചിതിന്നാൻ കല്പിച്ച പുലിയായത് കൊണ്ടുതന്നെ സ്പീക്കറെയും അത് ചെയ്യാൻ കല്പിക്കാൻ പുലിക്കറിയാത്തതല്ല. അതുകൊണ്ട് നോക്കിയും കണ്ടുമിരുന്നാൽ സ്പീക്കർക്ക് കൊള്ളാം.
No comments:
Post a Comment