പി.കെ. ശശിക്കെതിരെ പരാതി കൊടുത്ത പൊതുപ്രവർത്തകയായ പെൺകുട്ടിയ്ക്കൊപ്പം പാർട്ടി നിൽക്കണമെന്നാവശ്യപ്പെട്ട് സാഹിത്യകാരി ശാരദക്കുട്ടി രംഗത്ത്. ഡി.വൈ.എഫ്.ഐയും ഇടതുവനിതാസംഘടനയും അഭിമാനമുണ്ടെങ്കിൽ മനുഷ്യത്വമുണ്ടെങ്കിൽ പെൺകുട്ടിക്കൊപ്പം നിൽക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
വനിതാ കമ്മീഷൻ അദ്ധ്യക്ഷയ്ക്കെതിരെയും രൂക്ഷവിമർശനങ്ങളാണ് ശാരദക്കുട്ടി ഉയർത്തിയിരിക്കുന്നത്. അധ്യക്ഷയെ ഇത്ര നിസ്സഹായ മുഖഭാവത്തോടെ മുൻപൊരിക്കലും കണ്ടിട്ടില്ലെന്നും കാർന്നോന്മാർ സമ്മതിക്കാതെ ഒന്നും ചെയ്യാൻ പറ്റില്ലെങ്കിൽ ഇങ്ങനൊരു കമ്മിഷൻ അനാവശ്യ ബാധ്യതയല്ലേയെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
ഫെയ്സ്ബുക്കിന്റെ പൂർണരൂപം
ഏതെല്ലാം തരത്തിലുള്ള ഭയങ്ങളാകാം പി കെ ശശിക്കെതിരെ പരാതി കൊടുത്ത പൊതുപ്രവർത്തകയായ പെൺകുട്ടി നേരിടുന്നത്?
DYFI, ഇടതുവനിതാ സംഘടനകൾ ഒക്കെ അഭിമാനമുണ്ടെങ്കിൽ, മനുഷ്യത്വമുണ്ടെങ്കിൽ ആ പ്രവർത്തകക്കൊപ്പം പരസ്യമായി നിലപാടെടുക്കണം. പാർട്ടിക്കുള്ളിൽ നിന്നു തന്നെ എതിർശബ്ദങ്ങൾ ഉയർന്നു വരേണ്ടത് ഇത്തരം സന്ദർഭങ്ങളിലാണ്. ആ വലിയ സമരങ്ങൾ പാർട്ടിയെ ആന്തരികമായി ശുദ്ധീകരിക്കുക തന്നെ ചെയ്യും. ഭീരുക്കളുടെ ഒരാൾക്കൂട്ടമാകരുത് കമ്യൂണിസ്റ്റ് പാർട്ടി. നിങ്ങളിൽ ഇനിയും പ്രതീക്ഷ അവശേഷിക്കുന്ന സ്ത്രീ പ്രവർത്തകർ മറ്റുള്ളവരുടെ മുന്നിൽ വാക്കു മുട്ടി നിൽക്കാൻ ഇടവരുത്തരുതേ ദയവു ചെയ്ത്.
'ചൊടിയില്ലാത്ത വിരലാൽ
ചൊറിയാൻ വയ്യ ചൊട്ടാനും' എന്ന അവസ്ഥയിലാക്കരുത് പ്രവർത്തകരെ.
വനിതാ കമ്മീഷൻ അധ്യക്ഷയെ ഇത്ര നിസ്സഹായ മുഖഭാവത്തോടെ മുൻപൊരിക്കലും കണ്ടിട്ടില്ല. മുൾക്കിരീടമിതെന്തിനു നൽകീ എന്ന പാട്ടു പാടുമ്പോഴത്തെ നായികയുടെ മുഖഭാവം. കാർന്നോന്മാർ സമ്മതിക്കാതെ ഒന്നും ചെയ്യാൻ പറ്റില്ലെങ്കിൽ ഇങ്ങനൊരു കമ്മിഷൻ അനാവശ്യ ബാധ്യതയല്ലേ? കക്ഷിരാഷ്ട്രീയ പാർട്ടികൾ അവരുടെ ആണത്തം അൽപ്പമൊന്നു കുറയ്ക്കുന്നതാണ് നല്ലത്.
No comments:
Post a Comment