Tuesday, 13 January 2026

അശാസ്ത്രീയമായ മൺമതിൽ കൊട്ടിയത്ത് ഇന്ന് മനുഷ്യചങ്ങല

അശാസ്ത്രീയമായ മൺമതിൽ കൊട്ടിയത്ത് ഇന്ന് മനുഷ്യചങ്ങല

കൊട്ടിയം: അശാസ്ത്രീയമായ മൺമതിൽ നിർമ്മാണത്തിലൂടെ കൊട്ടിയം നഗരത്തെ മരണച്ചുഴിയിലാക്കുന്ന അധികൃത നിലപാടിനെതിരെ കൊട്ടിയം സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഇന്ന്
 വമ്പിച്ച പ്രതിഷേധവും മനുഷ്യ ചങ്ങലയും സംഘടിപ്പിക്കുന്നു. മേവറം, ഉമയനല്ലൂർ, പറക്കുളം മൈലക്കാട് തുടങ്ങിയ ജനകീയ സമര സമിതികൾ സംയുക്തമായാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. കൊട്ടിയത്തിൻ്റെ നിലനിൽപ്പിനായുള്ള സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ, വയോധികർ, കുടുംബങ്ങൾ, ആശുപത്രി ജീവനക്കാർ, പ്രവാസി കുടുംബങ്ങൾ, ഓട്ടോ-ടാക്സി-ബസ് തൊഴിലാളികൾ തുടങ്ങി ജീവിതത്തിൻ്റെ വിവിധ തുറകളിലുള്ളവർ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ കണ്ണികളാകും. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകിട്ട് നാല് മണി വരെ കൊട്ടിയത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് ചങ്ങലയിൽ പങ്കുചേരാൻ കൊട്ടിയം മർച്ചന്റ്റ് അസോസിയേഷൻ ആഹ്വാനം ചെയ്തിട്ടുണ്ട്. നഗര വികസനത്തിനായി യാതൊരുവിധ ടൗൺ പ്ലാനിംഗും നടത്താതെയും ബസ് ബേകൾ, കാത്തിരുപ്പ് കേന്ദ്രങ്ങൾ, ടാക്സി സ്റ്റാൻഡുകൾ എന്നിവ ഉറപ്പാക്കാതെയും നടത്തുന്ന ഈ നിർമ്മാണം കൊട്ടിയത്തെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. ചതുപ്പുനിലമായ ഇവിടെ മൺമതിൽ ഉയരുന്നത് മൂലം വരാനിരിക്കുന്ന വെള്ളപ്പൊക്ക ഭീഷണിയും പ്രകൃതി ദുരന്ത സാധ്യതയും ഒട്ടും തള്ളിക്കളയാനാവില്ല. നഗരം വാണിജ്യപരമായി തകർന്നതിന് പുറമെ, വിദ്യാർത്ഥികളും രോഗികളും അത്യാവശ്യ ഘട്ടങ്ങളിൽ പോലും കിലോമീറ്ററുകളോളം അധികം സഞ്ചരിക്കേണ്ടി വരുന്ന ദുരവസ്ഥയാണുള്ളത്.
കൊട്ടിയം വഴി കടന്നുപോകുന്ന വാഹനങ്ങളിൽ 80 ശതമാനവും കൊട്ടിയം നഗരത്തെ ആശ്രയിക്കുന്നവയാണ്, തൂണിൽ മേൽപാലം പുനർനിർമിച്ച് അടിവശം പാർക്കിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വിനിയോഗിക്കാതെ നഗരത്തിലെ തിരക്കിന് പരിഹാരമാകില്ല. ഒരു വൻകിട നഗരമായി വളർന്നു പന്തലിക്കേണ്ട കൊട്ടിയത്തെ ഇല്ലാതാക്കുന്ന ഈ 'മരണമതിൽ' പൊളിച്ചുമാറ്റി ശാസ്ത്രീയമായ തൂൺപാലം ( നിർമ്മിക്കുന്നത് വരെ വിശ്രമമില്ലാത്ത പോരാട്ടം തുടരുമെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു.
ഇന്ന്  വൈകിട്ട് 3:30 ന് മനുഷ്യ ചങ്ങല തീർത്ത് പ്രതിജ്ഞ ചൊല്ലും.
തുടർന്ന് സമരവേദിയിൽനടക്കുന്ന പൊതുസമ്മേളനം പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. കൊട്ടിയത്തെ പുനഃ സൃഷ്ടിക്കാൻ നടക്കുന്ന പ്രക്ഷോഭത്തിൽ മുഴുവൻ നാട്ടുകാരും പങ്കെടുക്കണമെന്ന് സംയുക്ത സമര സമിതി അഭ്യർത്ഥിക്കുന്നതായി പത്ര സമ്മേളനത്തിൽ സമര സമിതി ചെയർമാൻ എസ് കബീർ, കൺവീനർ എസ് പളനി ട്രഷറർ ബിജു സൂര്യ, രക്ഷാധികാരികൾ ആയ അഡ്വ കൊട്ടിയം എൻ അജിത്കുമാർ, അലോഷ്യസ് റൊസാരിയോ, വിവിധ സമര സമിതി നേതാക്കളും പങ്കെടുത്തു.

No comments:

Post a Comment