Friday, 11 April 2014

യെശോധാമ്മയ്ക്ക് സാഷ്ട്ടാoഗ പ്രണാമം



                                                         

സ്ത്രീപക്ഷവാദികള്‍ ഇനി അടങ്ങിയിരിക്കുമോ. ഒരു പാവം സ്ത്രീയെ വിവാഹം കഴിച്ച് ഉപേക്ഷിച്ച് അവിവാഹിതനെന്ന് നുണ പറഞ്ഞ് നടക്കുന്ന ഒരാളാണ് രാജ്യത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഗുജറാത്തിലെ തീര്‍ത്തും ഗ്രാമീണ സംസ്‌ക്കാരത്തില്‍ വളര്‍ന്ന യശോദ ബെന്‍ ചിമാന്‍ലാല്‍ മോഡിക്ക് ലിംഗസമത്വവാദവും സ്ത്രീപക്ഷവീക്ഷണങ്ങളും ഒട്ടും വശമുണ്ടാകില്ല, ഇനി വേണം അതൊക്കെ പറഞ്ഞു പഠിപ്പിച്ച് ബോധവത്ക്കരിച്ച് പറ്റുമെങ്കില്‍ രണ്ട് കൊടിയും പിടിപ്പിച്ച് അവരെ തെരുവിലിറക്കാന്‍.
നാല്‍പ്പത്തിയഞ്ച് വര്‍ഷം മുമ്പ് താന്‍ വിവാഹം കഴിച്ച പെണ്‍കുട്ടിയോട് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി ചെയ്തതിന്റെ ന്യായാന്യായങ്ങള്‍ പരിശോധിക്കുന്നില്ല. ഒരു സ്ത്രീ എന്ന നിലയില്‍ യശോദ ബെന്‍ എങ്ങനെ മാതൃകയാകുന്നു എന്ന വസ്തുത വിശകലം ചെയ്യുകയാണ് ഉചിതമെന്ന് കരുതുന്നു. ഒരു സ്ത്രീക്ക് തന്റെ ജീവിതത്തിലുണ്ടാകുന്ന ദുരന്തങ്ങളോട് പല വിധത്തില്‍ പ്രതികരിക്കാം. വിധിയെ പഴിച്ച് ചുരുണ്ടുകൂടി മറ്റുള്ളവരുടെ സഹതാപം നേടി ഒന്നുമാകാതെ ജീവിതത്തിന്റെ ഇടവഴികള്‍ കൂനിക്കൂടി നടന്നു തീര്‍ക്കാം. ദുര്‍ബലരും ചഞ്ചലമനസ്‌ക്കരും സര്‍വ്വോപരി ജീവിക്കാന്‍ അര്‍ഹതയില്ലാത്തവരുടേയും പാതയാണിത്. പ്രതികാര ബുദ്ധിയോടുകൂടി. നഷ്ടപ്പെട്ടതിനേക്കാള്‍ മെച്ചപ്പെട്ടത് പിടിച്ചെടുക്കാനുള്ള വാശിയുമാകാം. അതുള്ളവര്‍ക്ക് തെറ്റും ശരിയുമില്ല, നേട്ടമാണ് ലക്ഷ്യം. ഇനിയൊരു വിഭാഗം വിധിക്ക് കീഴടങ്ങി മറ്റുള്ളവര്‍ക്ക് വിധേയരായി മുന്നിലെത്തുന്നതൊക്കെ സ്വീകരിക്കുന്നു.
ഇതൊന്നുമല്ലാത്ത നിഷ്‌കാമകര്‍മ്മത്തിന്റെയും ത്യാഗത്തിന്റെയും വലിയൊരു വഴി ബാക്കിയുണ്ട്. എല്ലാവരുടെയും കണ്ണിലത് പെടില്ല. പെട്ടാലും എത്താനെളുപ്പമല്ല. പ്രാര്‍ത്ഥനയും ധ്യാനവും നിസ്സംഗതയും ചേര്‍ന്നൊരു മനസ്സുണ്ടാകണം, ശരിയും തെറ്റും സ്വയം ചികഞ്ഞ് മാറ്റാനറിയണം. അതുള്ളതുകൊണ്ടാണ് ഗുജറാത്തിലെ കുഗ്രാമത്തില്‍ കഴിയുന്ന ഒരു വിരമിച്ച അധ്യാപിക ലോകശ്രദ്ധയിലേക്ക് കടന്നു വന്നത്. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി എന്ന് വിശേഷിപ്പിക്കപ്പെടുന്ന നരേന്ദ്രമോദി നാലരപതിറ്റാണ്ടിന് ശേഷം യശോദ ബെന്‍ എന്നൊരു പേരെഴുതിയപ്പോള്‍ ഒരു സ്ത്രീയുടെ ത്യാഗപൂര്‍ണ്ണമായ ജീവിതത്തിന്റെ സാഫല്യനിമിഷമായി അത്.
യശോദ ബെന്നിനെ മോദിക്കെതിരെ കരുവാക്കാന്‍ ശ്രമം തുടങ്ങിയിട്ട് നാളുകളേറെയായി. സരിതമാര്‍ മേയുന്ന നാട്ടില്‍ ഒന്നു നിന്നു കൊടുത്താല്‍ മതിയായിരുന്നു യശോദയ്ക്ക് കോടികള്‍ സമ്പാദിക്കാന്‍. ഒന്നുമാഗ്രഹിച്ചില്ല അവര്‍. ആരോടും ഒന്നും പറഞ്ഞുമില്ല. മോദിയുടെ ഗുണ്ടകള്‍ ഭയപ്പെടുത്തി നിശബ്ദയാക്കിയെന്നായിരുന്നു ആരോപണം. ഒടുവില്‍ തുറന്നു സംസാരിക്കാന്‍ ഒരു അവസരം ലഭിച്ചപ്പോള്‍ മോദി വിരുദ്ധര്‍ നന്നേ നിരാശപ്പെട്ടു. ഉപേക്ഷിച്ചു പോയ ഭര്‍ത്താവിനെക്കുറിച്ച് പരാതി പറയുകയല്ല ആ മനുഷ്യന്റെ കഴിവുകളെ അഭിമാനത്തോടെ ചൂണ്ടിക്കാണിക്കുകയായിരുന്നു യശോദ. അദ്ദേഹം ഒരുനാള്‍ പ്രധാനമന്ത്രി ആകുമെന്ന് തനിക്കുറപ്പുണ്ടെന്നായിരുന്നു അവര്‍ അഭിമാനത്തോടെ അന്ന് പറഞ്ഞത്.
നരേന്ദ്രമോഡി യശോദയെ ഭാര്യായി അംഗീകരിച്ചപ്പോള്‍ അവരുടെ പ്രതികരണമറിയാന്‍ പാഞ്ഞെത്തിയവരൊക്കെ വീണ്ടും നിരാശരായി. യശോദ നാട്ടിലില്ല. അറിയപ്പെടാത്ത ഏതോ പ്രദേശത്തേക്ക് അവര്‍ മാറിയിരിക്കുന്നത്രെ. ഒളിപ്പിച്ചതാകാമെന്നും വ്യാഖ്യാനമുണ്ട്. തീര്‍ത്ഥയാത്രയ്ക്ക് പോയതാണെന്ന് ഗ്രാമീണരില്‍ ചിലര്‍ പറയുന്നു. ഭര്‍ത്താവില്‍ നിന്ന് ഒന്നും പ്രതീക്ഷിച്ചിരുന്നില്ല യശോദ ബെന്‍, പക്ഷേ എന്നെങ്കിലും ഒരിക്കല്‍ അദ്ദേഹത്തിന്റെ ഭാര്യയായി അംഗീകരിക്കപ്പെടണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നതായും അടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നു.
ഉപേക്ഷിക്കപ്പെട്ട് നാല്‍പ്പത്തിയഞ്ച് വര്‍ഷത്തിന് ശേഷവും ഭര്‍ത്താവിന്റെ ഉന്നമനത്തിനായി പാര്‍ത്ഥനയും വ്രതവും യശോദ മുടക്കിയിട്ടില്ല. മോദി പ്രധാനമന്ത്രിപദവിയിലെത്താനായി കടുത്ത വ്രതത്തിലാണ് യശോദയെന്നാണ് റിപ്പോര്‍ട്ട്. മാസങ്ങളായി അരിയാഹാരം ഉപേക്ഷിച്ചു. വ്രതത്തിന്റെ ഭാഗമായി നാല് മാസമായി ചെരുപ്പ് ധരിക്കുന്നതും വേണ്ടെന്നു വച്ചു. ദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ് ഭക്ഷണം. യശോദയുടെ നിസ്വാര്‍ത്ഥ പ്രാര്‍ത്ഥനയും വ്രതവുമാണ് മോദിയെക്കൊണ്ട് സത്യം പറയാന്‍ പ്രേരിപ്പിച്ചതെന്നാണ് അവരുടെ മുതിര്‍ന്ന സഹോദരന്‍ കമലേഷ് മോദി പറയുന്നു. വലിയ സന്തോഷമുണ്ടെന്നും കുടുംബം മുഴുവന്‍ മോദിക്കായി പ്രാര്‍ത്ഥിക്കുന്നു എന്നും പചലചരക്ക് കടക്കാരനായ കമലേഷ് അഭിമാനത്തോടെ കൂട്ടിച്ചേര്‍ക്കുന്നു. പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ സ്വപ്നം കാണുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനും യശോദ ബെന്നിനോടുള്ളത് ആദരവ് മാത്രം. ഉപേക്ഷിക്കപ്പെട്ടിട്ടും യശോദ ഒരിക്കലും മോദിയെക്കുറിച്ച് മോശം വാക്കുകള്‍ പറഞ്ഞിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു നരേന്ദ്രമോദിയുടെ സഹോദരി വസന്ത. അവര്‍ ശരിക്കുമൊരു ഭാരതസ്ത്രീയാണെന്നാണ് വസന്തയുടെ വിലയിരുത്തല്‍.
വിവാദങ്ങള്‍ തുടങ്ങിയിട്ടേയുള്ളു. യശോദ ബെന്‍ എവിടെയെന്നാണ് എല്ലാവരുടെയും അന്വേഷണം. കാണാനില്ലെന്ന പ്രചാരണമാണ് ശക്തം. ഭാര്യയുണ്ടെന്ന് തുറന്നു സമ്മതിച്ച നരേന്ദ്രമോദി അവര്‍ക്കെതിരെ നീങ്ങുമെന്ന് കരുതാനാകില്ല. സ്വകാര്യതക്ക് വേണ്ടി യശോദ സ്വയമോ അല്ലെങ്കില്‍ കുടുംബാംഗങ്ങളോ അവരെ മാറ്റി നിര്‍ത്തിയതുമാകാം. ആരോപണങ്ങള്‍ തുടരട്ടെ. അതെന്തായാലും യശോദ ബെന്‍ ഒരു സാധാരണ സ്ത്രീയല്ല. കൗമാരപ്രായത്തില്‍ തന്നെ ഉപേക്ഷിച്ചു പോയ ഭര്‍ത്താവിന്റെ ഉപദേശം അവര്‍ ശിരസാ വഹിച്ചു, പഠിച്ചു സ്വന്തം നിലയില്‍ ജോലിയും വരുമാനവും നേടി. മറ്റൊരു ജീവിതത്തെക്കുറിച്ച ചിന്തിച്ചില്ല. ഭര്‍ത്താവിന്റെ ലക്ഷ്യങ്ങള്‍ക്ക് തടസ്സമാകാതെ എന്നും മാറി നിന്നു.
                                          

ഗുജറാത്തിലെ ബനാസ്‌ക്കന്ത ജില്ലയില്‍ മുസ്ലീങ്ങള്‍ ഏറെയുള്ള, പൊടി പറക്കുന്ന രജോസന ഗ്രാമത്തില്‍ നിന്നാണ് ആദ്യമായി യശോദ തിരിച്ചറിയപ്പെട്ടത്. 2009 ലായിരുന്നു അത്. 1991 മുതല്‍ വിരമിക്കുന്നതുവരെ ഈ ഗ്രാമത്തിലെ തകരഷീറ്റിട്ട കക്കൂസോ കുളിമുറിയോ ഇല്ലാത്ത ഒറ്റമുറി വീട്ടിലായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഭാര്യയുടെ താമസം. മുഷിഞ്ഞ ചേലയും അഴുക്കു പറ്റിയ ചെരുപ്പും ചുളിഞ്ഞ മുഖഭാവവുമുള്ള യശോദ മുഖ്യമന്ത്രിയുടെ ഭാര്യയോ എന്ന് ഗ്രാമവാസികള്‍ ആദ്യം അവിശ്വസിച്ചു. ഗോധ്ര കലാപത്തിന്റെ പേരില്‍ മുസ്ലീംവിരോധി എന്ന് ആക്ഷേപിക്കപ്പെടുന്ന മോദിയുടെ ഭാര്യ പക്ഷേ അക്ഷരം പഠിപ്പിച്ച് വെളിച്ചത്തിലേക്ക് കൈപിടിച്ചു നയിച്ചവരില്‍ അധികവും മുസ്ലീം കുട്ടികളായിരുന്നു. 2009 പൊതു തെരഞ്ഞെടുപ്പ് സമയത്ത് തന്നെ അന്വേഷിച്ചെത്തിയ മാധ്യമപ്രവര്‍ത്തകനോട് മനസ്സു തുറക്കാന്‍ അന്ന് യശോദ തയ്യാറായില്ല. എന്നാല്‍ മോദി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായതിന് ശേഷം യശോദ ഇക്കാര്യം തുറന്നു പറയുകയായിരുന്നു.
പശ്ചിമഗുജറാത്തിലെ ബ്രഹ്മന്‍വാഡ ഗ്രാമത്തില്‍ സഹോദരനുമൊത്ത് ഒരു ചെറിയ വീട്ടില്‍ താമസിക്കുകയാണ് യശോദ. സര്‍ക്കാറിന്റെ പെന്‍ഷന്‍ ആശ്രയിച്ചാണ് ജീവിതം. ഏകാന്തജീവിതത്തിന്റെ അവശതയ്ക്കിടയിലും ഭര്‍ത്താവിന്റെ വളര്‍ച്ച അഭിമാനത്തോടെ കാണുകയാണവര്‍, അദ്ദേഹത്തിന്റെ ക്ഷേമത്തിനായി എന്നും പ്രാര്‍ത്ഥിക്കുന്നു. കണ്ടിട്ടും കേട്ടിട്ടും പതിറ്റാണ്ടുകളായെങ്കിലും തരി പോലും വറ്റാത്ത സ്‌നേഹവും ബഹുമാനവുമുണ്ട് ഭര്‍ത്താവിനോട് ആ മനസ്സില്‍. അനുയായികള്‍ക്കും പ്രതിയോഗികള്‍ക്കും നരേന്ദ്രമോദി പലതുമാകാം. അല്ലെങ്കില്‍ നരേന്ദ്രമോദി ആരുമാകട്ടെ. എന്തിന്റെ പേരിലായാലും യശോദയെ മോദി അംഗീകരിക്കുമ്പോള്‍ പാവപ്പെട്ട ഒരു സ്ത്രീയുടെ കാലങ്ങളായുള്ള കാത്തിരിപ്പിന് അറുതിയാകുകയാണ്. യശോദയെ അംഗീകരിച്ച മോദിക്ക് അവരെ സംരക്ഷിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ഇനി കാതോര്‍ക്കാം , യശോദ ബെന്നിനെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ നരേന്ദ്രമോദിയെത്തി എന്ന വാര്‍ത്തയ്ക്കായി.
നരഭോജി എന്നും, വർഗ്ഗീയവാദി എന്നും എന്നും നാഴികക്കു നാൽപ്പതു വട്ടം മോഡിയെ വിളിക്കുന്ന ഒറ്റയൊരുത്തനും അബദ്ധത്തിൽ പോലും യശോദബെന്നിന്റെ മുന്നിൽ ചെന്നു പെടല്ല്. രാഷ്ട്രത്തിനു വേണ്ടി കുടുംബജീവിതം ത്യജിച്ച ഭർത്താവിനു വേണ്ടി എന്നും പ്രാർത്ഥിക്കുന്ന, പശുക്കൾക്ക്‌ ആഹാരം കൊടുത്തതിനു ശേഷം മാത്രം ആഹരം കഴിക്കുന്ന, രാജ്യസേവനത്തിനായി അദേഹം പ്രധാനമന്ത്രി പദത്തിൽ എത്തും വരെ അരിയാഹാരവും, ചായയും, ഉപേക്ഷിച്ച്‌ നഗ്നപാദയായി ദ്വാരക്ക്‌ തീർത്ഥാടനത്തിനു ഇറങ്ങിയ അവർ നിങ്ങളെ കണ്ടാൽ ഉപേക്ഷിച്ച ചെരുപ്പെടുത്ത്‌ മോന്തക്കു പൂശും... ബ്രിട്ടാസേ നിന്നോട് കൂടിയാണ്, കേള്‍ക്കുന്നണ്ടല്ലോ അല്ലെ? 
                                                                  

No comments:

Post a Comment