രാമക്ഷേത്രം ഭരണഘടനയ്ക്കനുസൃതമായി; ബി.ജെ.പി. പ്രകടനപത്രികയില്‍ ഊന്നല്‍ വികസനത്തിന്
ഒന്നാംഘട്ട പോളിങ് ആരംഭിച്ച് മണിക്കൂറുകള്‍ കഴിഞ്ഞശേഷം ബി.ജെ.പി. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി. രാമക്ഷേത്ര നിര്‍മാണം, ഗോവധം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി, ഏകീകൃത സിവില്‍ കോഡ് തുടങ്ങിയ വിഷയങ്ങളില്‍ നിലപാട് മയപ്പെടുത്തി വികസനത്തിന് ഊന്നല്‍ നല്‍കുന്നതാണ് ഏക് ഭാരത്, ശ്രേഷ്ഠ് ഭാരത് എന്നു പേരിട്ടിരിക്കുന്ന പ്രകടനപത്രിക. മുഖ്യമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടേതിന് തുല്ല്യമായ അധികാരങ്ങള്‍ ലഭ്യമാക്കുമെന്നും സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സ്വയംഭരണാവകാശം നല്‍കുമെന്നും സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വിദേശ രാജ്യങ്ങളുമായി വാണിജ്യ ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സൗകര്യമൊരുക്കുമെന്നും പ്രകടനപത്രിയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.പാര്‍ട്ടിയുടെ വളര്‍ച്ചയിലെ നാഴികക്കല്ലായ രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ അനുരഞ്ജനത്തിന്റെ പാത തുറന്നിടുന്ന വാഗ്ദാനമാണ് പാര്‍ട്ടി പ്രകടനപത്രികയില്‍ മുന്നോട്ടുവയ്ക്കുന്നത്. ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ട് അയോധ്യയിലെ ശ്രീരാമക്ഷേത്രം നിര്‍മിക്കാനുള്ള സകല സാധ്യതകളും ആരായുമെന്നാണ് പ്രകടനപത്രികയില്‍ പറയുന്നത്. അതുപോലെ ഗോവധം നിരോധിക്കണമെന്ന ഉറച്ച നിലപാടുള്ള പാര്‍ട്ടി ഗോസംരക്ഷണത്തിനുവേണ്ടി നിയമനിര്‍മാണം നടത്തുമെന്നാണ് പറയുന്നത്. ഒരു ദേശീയ കന്നുകാലി വികസന ബോര്‍ഡ് രൂപവത്കരിക്കുമെന്നും പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നു. ലിംഗസമത്വം ഉറപ്പുവരുത്താന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്നും പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370-ാം വകുപ്പ് റദ്ദാക്കുന്ന കാര്യത്തില്‍ സംവാദം നടത്തുമെന്നാണ് പാര്‍ട്ടി പറയുന്നത്. കശ്മീരി പണ്ഡിറ്റുകളുടെ മാന്യമായ പുനരധിവാസം ഉറപ്പാക്കുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. ന്യൂനപക്ഷ വിഭാഗക്കാര്‍ തുല്ല്യ അവസരം ലഭ്യമാക്കുമെന്നും ദേശീയതലത്തില്‍ മദ്രസകള്‍ നവീകരിക്കാന്‍ പദ്ധതി ആവിഷ്കരിക്കുമെന്നും പ്രകടനപത്രിക പറയുന്നു.
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, സുസ്ഥിര വികസനം ലക്ഷ്യമിടുന്ന പ്രകടനപത്രിക ഗ്രാമങ്ങളിലും നഗരങ്ങളിലും നിലവാരമുള്ള ജീവിതസാഹചര്യവും മുഴുവന്‍ ജനങ്ങള്‍ക്കും അടിസഥാന സൗകര്യങ്ങളും കാര്‍ഷികരംഗത്ത് അഭിവൃദ്ധിയും വാഗ്ദാനം ചെയ്യുന്നു. പത്ത് വര്‍ഷം കൊണ്ട് ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുമെന്നാണ് വാഗ്ദാനം. അഴിമതി നിര്‍മാര്‍ജനം ചെയ്യാന്‍ ഇ-ഗവേണന്‍സ് സംവിധാന ശക്തിപ്പെടുത്തുമെന്നും അടിസഥാന സൗകര്യമേഖലയിലും വിവര സാങ്കതിക രംഗത്തും ഉത്പാദന മേഖലയിലും ഗതാഗത മേഖലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും പ്രകടനപത്രിക ഉറപ്പുനല്‍കുന്നു. വന്‍നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍ ശൃംഖല യാഥാര്‍ഥ്യമാക്കുമെന്നും നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഗ്രാമങ്ങളിലും ലഭ്യമാക്കുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.
സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രകടനപത്രികയില്‍ പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. ആഗോള മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ ബ്രാന്‍ഡ് ഇന്ത്യയെ കൂടുതല്‍ ശക്തമാക്കുമെന്നും ഡോ. മുരളി മനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ അടിമുടി മോഡി ടച്ചുള്ള പ്രകടനപത്രിക പറയുന്നു. ആഭ്യന്തര സുരക്ഷയ്ക്ക് വലിയ പ്രാധാന്യം കല്പിക്കുന്ന പ്രകടനപത്രിക ചെറുകിട വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കില്ലെന്നും ജനിതക മാറ്റം വരുത്തി വിത്തുകള്‍ വേണ്ടത്ര ശാസ്ത്രീയ പരീക്ഷണങ്ങളുടെ അടിസ്ഥാനമില്ലാതെ ഉപയോഗിക്കില്ലെന്നും ഉറപ്പുനല്‍കുന്നു.
പ്രകടനപത്രികയിലെ മറ്റ് പ്രധാന വാഗ്ദാനങ്ങള്‍
വിലക്കയറ്റം തടയാന്‍ പണപ്പെരുപ്പവും ഉയര്‍ന്ന പലിശ നിരക്കുകളും കുറയ്ക്കാനും വിലസ്ഥിരതാ ഫണ്ട് രൂപവത്കരിക്കും. ഭക്ഷ്യോത്പന്നങ്ങള്‍ സൂക്ഷിക്കുന്നതിന് പുറമെ അവ സംഭരിക്കുന്നതിന്റെയും വിതരണം ചെയ്യുന്നതിന്റെയും ചുമതല കൂടി എഫ്.സി. ഐ.യ്ക്ക് നല്‍കും. ഗ്രാമീണ കാര്‍ഷിക വിപണികളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരൊറ്റ ദേശീയ കാര്‍ഷിക വിപണി ആരംഭിക്കും.
അഴിമതി തടയാന്‍ ഇ-ഗവേണന്‍സ് സംവിധാനം ശക്തിപ്പെടുത്തും. നികുതിഘടന കാലോചിതമായി പരിഷ്കരിക്കും. നിലവിലെ നിയമങ്ങളില്‍ പരിഷ്കാരങ്ങള്‍ നിര്‍ദേശിക്കാന്‍ കര്‍മ സമിതി രൂപവത്കരിക്കും.
കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുംവിധം ടൂറിസം, ഉത്പാദന മേഖലകള്‍ വികസിപ്പിക്കും. യുവാക്കള്‍ക്ക് ബഹുമുഖ വിദഗ്ദ്ധ പരിശീലനം നല്കി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ കരിയര്‍ സെന്ററുകളാക്കും.
സര്‍ക്കാര്‍ പദ്ധതികള്‍ യാഥാര്‍ഥ്യമാകാനും അവയുടെ ഗുണഫലം ജനങ്ങളില്‍ എത്താനുമായി സര്‍ക്കാര്‍ സംവിധാനത്തിലെ കുപ്പിക്കഴുത്തുകള്‍ ഇല്ലാതാക്കും ആസൂത്രണവും നടപ്പിലാക്കലും കാര്യക്ഷമമാക്കും.
വിദ്യാഭ്യാസവും ഭക്ഷണവും അവകാശമാക്കുന്ന നിയമം ഫലപ്രദമായി നടപ്പിലാക്കും. പാര്‍ലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കും. കൂടുതല്‍ വനിതാ ഐ.ടി.ഐ.കളും വനിതാ മൊബൈല്‍ ബാങ്കുകളും ആരംഭിക്കും
മൊത്ത ആഭ്യന്തര ഉത്പ്പാദനത്തിന്റെ ആറു ശതമാനം വിദ്യാഭ്യാസത്തിനായി നീക്കിവയ്ക്കും. യുവാക്കള്‍ക്കായി വിദ്യാഭ്യാസത്തോടൊപ്പം ജോലിയും എന്ന പദ്ധതി നടപ്പിലാക്കും. എല്ലാ സംസ്ഥാനങ്ങളിലും എയിംസ് മാതൃകയിലുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ ആരംഭിക്കും. നാഷണല്‍ ഹെല്‍ത്ത് അഷ്വറന്‍സ് മിഷന് ആരംഭിക്കും.
ഭൂമി ഏറ്റെടുക്കലിന് നാഷണല്‍ ലാന്‍ഡ് യൂസ് അതോറിറ്റി രൂപവത്കരിക്കും. പഞ്ചായത്തീരാജ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും. മുഴുവന്‍ ഗ്രാമങ്ങളെയും ബ്രോഡ്ബാന്‍ഡ് വഴി ബന്ധിപ്പിക്കും. ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും എ.ടി. അധിഷ്ഠിത തൊഴില്‍ മേഖലകള്‍ തുറക്കും. പ്രാദേശിക ഭാഷകളില്‍ ഐ.ടിക്ക് പ്രാധാന്യം നല്കി ഇ-ഭാഷ പരിപോഷിപ്പിക്കും
ജഡ്ജിമാരുടെ നിയമനത്തിന് ദേശീയ ജുഡീഷ്യല്‍ കമ്മീഷന് രൂപവത്കരിക്കും. കൂടുതല്‍ വനിതാ ജഡ്ജിമാരെ നിയമിക്കും. രാജ്യത്തെ പോലീസ് സ്റ്റേഷനുകളെ ഒറ്റ ശൃംഖലയ്ക്ക് കീഴിയില്‍ കൊണ്ടുവരും. ജയില്‍ പരിഷ്കരണം ത്വരിതപ്പെടുത്തും.
ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരേസമയം നടത്തുന്നതിനുള്ള സംവിധാനം നടപ്പിലാക്കും. ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള 100 ജില്ലകളെ വികസനത്തിന്റെ പാതയിലേയ്ക്ക് കൊണ്ടുവരും. നിലവിലുള്ള പൊതുവിതരണം സംവിധാനം പരിഷ്കരിക്കും. പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ബൃഹദ് പദ്ധതി നടപ്പിലാക്കും. മുഴുവന്‍ ആദിവാസി ഗ്രാമങ്ങളും വൈദ്യുതിവത്കരിക്കും. ഒറ്റപ്പെട്ടുകഴിയുന്ന ആദിവാസി ഗ്രാമങ്ങള്‍ക്ക് റോഡ് സൗകര്യം ഉറപ്പുവരുത്തും.
ഉര്‍ദു സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കും. ബാലവേലാ നിരോധന നിയമം കൂടുതല്‍ ശക്തമാക്കും. അംഗവൈകല്യം ബാധിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രത്യേക നികുതിയിളവ് അനുവദിക്കും. എല്ലാ ഹൗസിങ് കോളനികള്‍ക്കും സ്പോര്‍ട്സ് സൗകര്യങ്ങള്‍ നിര്‍ബന്ധമാക്കും. യു.ജി.സി. ഉന്നത വിദ്യാഭ്യാസ കമ്മീഷനായി പുന:സംഘടിപ്പിക്കും. ബാങ്കുകളുടെ ആസ്തി ബാധ്യത തീര്‍ക്കാന്‍ പ്രത്യേക സംവിധാനം. കൃഷിക്കാര്‍ക്ക് ഉത്പാദനത്തിന്റെ 50 ശതമാനം ലാഭം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. കാര്‍ഷിക ഭക്ഷ്യോത്പന്ന സംസ്കരണത്തിന് പ്രത്യേക ക്ലസ്റ്ററുകള്‍ രൂപവത്കരിക്കും. എല്ലാ ജില്ലകളിലും വിത്ത് ഗവേഷണ ലാബുകള്‍ ആരംഭിക്കും
വ്യവസായ മേഖലയില്‍ ദേശീയതലത്തിലും സംസ്ഥാന തലത്തിലും ഏകജാലക സംവിധാനം കൊണ്ടുവരും. ഉത്പാദന മേഖലയിലെ വായ്പാനിരക്ക് ഏകീകരിക്കും. 50 വിനോദസഞ്ചാര സര്‍ക്യൂട്ടുകള്‍ക്ക് തുടക്കം കുറിക്കും. മുഴുവന്‍ ഗ്രാമങ്ങളെയും മെച്ചപ്പെട്ട റോഡുകള്‍ വഴി ബന്ധിപ്പിക്കും. വ്യവസായങ്ങള്‍ക്കും വീടുകള്‍ക്കും ഗ്യാസ് ഗ്രിഡുകളില്‍ നിന്ന് ഗ്യാസ് ലഭ്യമാക്കും. മുഴുവന്‍ രാജ്യത്തെയും ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ബന്ധിപ്പിക്കും. ജലമാര്‍ഗമുള്ള ചരക്കുനീക്കം ത്വരിതപ്പെടുത്തും.
നിലവിലുള്ള തൊഴില്‍നിയമത്തില്‍ കാതലായ പരിഷ്കാരം കൊണ്ടുവരും. വ്യവസായ കുടുംബം എന്ന ആശയം നടപ്പിലാക്കും. എല്ലാവര്ക്കും ഉറപ്പുള്ള വീടുകള്‍ ലഭ്യമാക്കും. എല്ലാ വീട്ടിലും ജലലഭ്യത ഉറപ്പാക്കുന്ന പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതി നടപ്പിലാക്കും. കൂടുതല്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കും. ദേശീയ സോളാര്‍ മിഷന് ശക്തിപ്പെടുത്തും.
ദേശീയ അന്വേഷണ ഏജന്‍സിയെ ശക്തിപ്പെടുത്തും. തീവ്രവാദ സംബന്ധമായ കേസുകളുടെ വിചാരണ നീതിയുക്തവും വേഗത്തിലുമാകും. നാല് പ്രതിരോധ സര്‍വകലാശാലകള്‍ ആരംഭിക്കും. ഒരു റാങ്ക്, ഒരു പെന്ഷന് പദ്ധതി നടപ്പിലാക്കും. ദേശീയ മാരിടൈം അതോറിറ്റി രൂപവത്കരിക്കും. തിരഞ്ഞെടുക്കപ്പെട്ട പ്രതിരോധ വ്യവസായങ്ങളില്‍ വിദേശ നിക്ഷേപം സ്വീകരിക്കും. ഇന്ത്യയുടെ ആവണനയം പരിഷ്കരിക്കും. വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരെ ശാക്തീകരിക്കും.
പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയും മുതിര്‍ന്ന നേതാവ് എല്‍ .കെ. അദ്വാനിയും അടക്കമുള്ള മുഴുവന്‍ മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
No comments:
Post a Comment