Sunday, 13 April 2014

HappyVishu-എല്ലാവര്‍ക്കും എന്റെ വിഷുദിന ആശംസകള്‍ -അരുണ്‍സതീശന്‍(ചാത്തന്നൂര്‍)

മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്... 
 ഭൂമിയുടെ നെറുകയില്‍ സൂര്യാനുഗ്രഹം ചൊരിയാനായി മേടവിഷു ഇക്കുറിയും വന്നെത്തിയിരിക്കുന്നു. 

                                         കണികാണേണ്ടതെങ്ങനെ 

കണിയെന്നാല്‍ കാഴ്ച. വിഷുക്കണിയെന്നാല്‍ വിഷു ദിനത്തിലെ പുതുവത്സരത്തിലെ ആദ്യത്തെ കാഴ്ച. ഉണര്‍ന്നെണീറ്റ് കണ്ണു തുറക്കുമ്പോള്‍ കാണുന്നതാണ് ആദ്യത്തെ കണി.
ആ കണി കാണുന്നത് ആദ്യം വീട്ടമ്മയായിരിക്കും. വീട്ടിലെ മുത്തശ്ശിയോ അമ്മയോ മൂത്ത സഹോദരിയോ ഒക്കെ. തലേന്ന് രാത്രി കണി സാധനങ്ങള്‍ ഒരുക്കിവച്ച് വിളക്കില്‍ എണ്ണയൊഴിച്ച് പാകപ്പെടുത്തി വച്ച് അതിനടുത്താവും അവര്‍ കിടന്നുറങ്ങുക. കൈയെത്തുന്നിടത്ത് തീപ്പെട്ടിയും ഉണ്ടാകും. ഉറക്കമുണര്‍ന്നാലുടന്‍ വിളക്കിന്‍റെ തിരി കണ്ടുപിടിച്ച് കണ്ണടച്ച് വിളക്കു കൊളുത്തുന്നു. തീപകരുന്നതിനോടൊപ്പം ദിവ്യമായ കണിയും അവര്‍ കാണുന്നു. പിന്നെ വീട്ടിലെ ഓരോരുത്തരെയായി വിളിച്ചുണര്‍ത്തി കണ്ണു പൊത്തി കണിയുടെ മുന്‍പില്‍ കൊണ്ടു നിര്‍ത്തുന്നു.
കൈകള്‍ മാറ്റുമ്പോള്‍ കണ്ണു തുറക്കാം. വിളക്കിന്‍റെ സ്വര്‍ണ്ണ വെളിച്ചത്തില്‍ കണിവെള്ളരിക്കയും വാല്‍ക്കണ്ണാടിയും സ്വര്‍ണ്ണവും നാണ്യങ്ങളുമെല്ലാം വെട്ടിത്തിളങ്ങുന്ന നിര്‍വൃതിദായകമായ കാഴ്ച. കുടുംബാംഗങ്ങളെല്ലാവരും ഈ കാഴ്ച കണ്ടു കഴിഞ്ഞാല്‍ പിന്നെ അസുഖമായി കിടക്കുന്നവരുണ്ടെങ്കില്‍ അവരുടെ അടുത്തേക്ക് കണി ഉരുളി കൊണ്ടുചെന്ന് കാണിക്കും. പശുക്കളുള്ള വീട്ടില്‍ അവയേയും കണി ഉരുളി കാണിക്കും.
പിന്നെ പടക്കം പൊട്ടിക്കലാണ്. ഇത് വിഷുവിന്‍റെ ഐതിഹ്യങ്ങളോട് ബന്ധപ്പെട്ട ആഘോഷമാണ്. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിവസത്തെ ആഘോഷമാണ് വിഷു എന്നൊരു സങ്കല്‍പമുണ്ട്. മാലപ്പടക്കവും പൂത്തിരിയും മത്താപ്പും കൊച്ച് അമിട്ടുകളും മറ്റുമായി കുട്ടികള്‍ മാറുമ്പോള്‍ സ്ത്രീകള്‍ കുളിച്ചൊരുങ്ങി ക്ഷേത്രത്തില്‍ പോകും. തിരിച്ചെത്തിയാല്‍ പിന്നെ സദ്യ ഒരുക്കങ്ങളുടെ തിരക്കായി

വിഷുവിന്റെ ചടങ്ങുകളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് കണിയൊരുക്കല്‍. 

പുതുവര്‍ഷത്തില്‍ ആദ്യം കാണുന്ന കാഴ്ച മംഗളകരമായിരിക്കണമെന്നും അന്ന് കാണുന്ന കാഴ്ച എന്നും കാണണമെന്നും അത് കണ്ണും അകക്കണ്ണും നിറയ്ക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെയാണ് കണിയൊരുക്കുന്നത്. 

കണിവെക്കുന്നത് ഓട്ടുരുളിയിലാണ്. ഇതില്‍ നിറപറ, അഷ്ടമംഗല്യം, കുങ്കുമച്ചെപ്പ്, ചക്ക, മാങ്ങ, കശുമാങ്ങ, കണിവെള്ളരി, കദളിപ്പഴം, വാല്‍ക്കണ്ണാടി, കോടിമുണ്ട്, കണിക്കൊന്ന എന്നിവ ഉണ്ടായിരിക്കും. അതിനടുത്ത് നിലവിളക്ക്, കൃഷ്ണവിഗ്രഹം, ഗ്രന്ഥക്കെട്ട്, അരിത്തിരിയിട്ട നാളികേരമുറി, വെള്ളം നിറച്ച വാല്‍ക്കിണ്ടി എന്നിവയും ഒരുക്കിയിരിക്കും. കൂടാതെ, പൊന്നും പണവും ഉണ്ടാകും. കുടുംബത്തിലെ ഓരോ അംഗത്തിനെയും കണ്ണുപൊത്തിക്കൊണ്ടുവന്ന് വിഷക്കണി കാണിക്കുന്നത് ഗൃഹനായികയാണ്. വീട്ടുകാര്‍ കണികണ്ടശേഷം കണി കന്നുകാലികള്‍ക്കും ഫലവൃക്ഷങ്ങള്‍ക്കും കാണിക്കാറുണ്ട്. വിഷുത്തലേന്ന് വൈകുന്നേരം പറമ്പിന്റെ എട്ടുദിക്കിലും അടിച്ചുവാരി തീയിട്ട് പുറംകണി വെക്കുന്ന പതിവും ഉണ്ട്.



                                                   മേടത്തിലെ ദിനരാത്രം

'വിഷുവം' എന്ന സംസ്‌കൃതപദത്തില്‍നിന്നാണ് വിഷുവിന്റെ ഉദ്ഭവം. പകലും രാത്രിയും തുല്യദൈര്‍ഘ്യമുള്ള ദിവസത്തെയാണ് 
വിഷു എന്നു പറയുന്നത്. ആണ്ടില്‍ രണ്ടു തവണ സമദൈര്‍ഘ്യമുള്ള ദിനരാത്രങ്ങള്‍ ഉണ്ടാകാറുണ്ട്. മേടത്തിലും തുലാത്തിലും. മേടവിഷുവാണ് നമ്മള്‍ ആഘോഷിക്കുന്നത്.

                         ആഘോഷത്തിനു പിന്നില്‍


നരകാസുരനെ വധിച്ചതിലുള്ള ആഹ്ലാദമാണ് വിഷുവായി പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം. സൂര്യനോട് കിഴക്കുദിക്കരുതെന്ന് രാവണന്‍ ആജ്ഞാപിച്ചതുകൊണ്ട് സൂര്യന്‍ ചരിഞ്ഞാണ് ഉദിച്ചിരുന്നത്. ശ്രീരാമന്‍ രാവണനെ വധിച്ചശേഷമാണ് സൂര്യനു കിഴക്കുദിക്കാനായത്. ഈ ദിവസത്തിന്റെ ഓര്‍മയായാണ് വിഷു ആഘോഷിക്കുന്നത് എന്നതാണ് മറ്റൊരു ഐതിഹ്യം.



                                 വിഷുക്കൈനീട്ടം
കുടുംബത്തിലെ കാരണവരാണ് വിഷുക്കൈനീട്ടം നല്‍കുക. കൈനീട്ടം കുടുംബത്തിലെ അംഗങ്ങള്‍ക്കു മാത്രമല്ല ജോലിക്കാര്‍ക്കും ആശ്രിതര്‍ക്കും കൊടുക്കാറുണ്ട്. ആശ്രിതര്‍ക്ക് വിഷുക്കൈനീട്ടത്തിനു പുറമെ വിഷുവല്ലിയും (അരി, തേങ്ങ, എണ്ണ) നല്‍കും.

                                      വിളവിന്റെ വിഷു

കണികണ്ടശേഷം കര്‍ഷകരും തറവാട്ടുകാരണവരും പാടത്തെത്തി അട നിവേദിക്കും, പൂജ നടത്തും. പിന്നെ കലപ്പകൊണ്ട് ചാലുകള്‍ കീറി ചാണകവും പച്ചിലവളവുമിട്ട് മൂടും. വിഷുച്ചാലെടുത്ത മണ്ണില്‍ വന്‍വിളവുണ്ടാകുമെന്ന് വിശ്വ
സിച്ചു വരുന്നു.
കഞ്ഞിയും സദ്യയും
ഉണക്കലരി വേവിച്ച് തേങ്ങാപ്പാലും ജീരകവും ഉപ്പും ചേര്‍ത്തുണ്ടാക്കുന്നതാണ് വിഷുക്കഞ്ഞി. വാഴപ്പോളകൊണ്ട് തടുക്കുണ്ടാക്കി അതില്‍ വാഴയിലവെച്ച് പ്ലാവില മടക്കിക്കുത്തിയാണ് കഞ്ഞികുടി. കൂടെ കഴിക്കാന്‍ ചക്കപ്പുഴുക്കോ തോരനോ ഉണ്ടായിരിക്കും. കണികണ്ട്, ക്ഷേത്രദര്‍ശനവും കഴിഞ്ഞുവന്നാണ് കഞ്ഞികുടി.
വിഷുസദ്യയില്‍ ഓണസ്സദ്യയില്‍നിന്ന് വ്യത്യസ്തമായി ചക്ക എരിശ്ശേരി, മാമ്പഴ പുളിശ്ശേരി, വെള്ളരിക്ക കിച്ചടി, ചക്കച്ചുള വറുത്തത്, മാമ്പഴപ്പായസം എന്നിവ ഉണ്ടായിരിക്കും.
വിഷുപ്പടക്കം
വിഷുവിന്റെ ആചാരങ്ങളില്‍ കണികാണലും കൈനീട്ടവുമൊക്കെ കേരളീയര്‍ക്കെല്ലാം ഒരുപോലെയാണെങ്കിലും വടക്കന്‍ കേരളീയരാണ് പടക്കംപൊട്ടിച്ച് വിഷു ആഘോഷിക്കുന്നവര്‍. തെക്കന്‍ കേരളീയര്‍ ദീപാവലിക്കാണ് പടക്കംപൊട്ടിക്കുന്നത്.
കണികണ്ടതിനുശേഷവും ഉച്ചഭക്ഷണത്തിനുശേഷവും സന്ധ്യാദീപം കൊളുത്തിയശേഷവും പടക്കംപൊട്ടിക്കാറുണ്ട്
പല പേരുകളില്‍
കാര്‍ഷികോത്സവമായ വിഷു പല പേരുകളിലാണ് മറുനാടുകളില്‍ അറിയപ്പെടുന്നത്.
ബംഗാളില്‍ വൈശാഖത്തിലെ ഒന്നാം തീയതി പാലാ വൈശാഖ് എന്ന പേരിലാണ് അറിയപ്പെടുന്നത്. പഞ്ചാബില്‍ ഇത് വൈശാഖിയാണ്. ബിഹാറില്‍ ബൈഹാഗ്, കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും പുതുവര്‍ഷം എന്നര്‍ഥം വരുന്ന ഉഗാദിയാണിത്. മഹാരാഷ്ട്രയില്‍ ഗുഡി പാഡ്‌വയും. വീടിന്റെ വാതിലുകളില്‍ മാവിലത്തോരണങ്ങള്‍ തൂക്കി മുറ്റത്ത് അരിമാവില്‍ കോലമിട്ട് 'പുത്താണ്ട്' എന്ന പേരിലാണ് തമിഴ്‌നാട്ടുകാര്‍ ഈ ആണ്ടുപിറവി ആഘോഷിക്കുന്നത്. അസമില്‍ വിഷു ബിഹുവാണ്. കന്നുകാലികളെയും കൃഷിഭൂമിയെയും പൂജിക്കുന്നത് ഈ ദിവസത്തിന്റെ പ്രത്യേകതയാണ്.് 
എല്ലാവര്‍ക്കും സ്‌നേഹം നിറഞ്ഞ വിഷുവാശംസകള്‍ .


No comments:

Post a Comment