Tuesday, 31 December 2024

പുതുവത്സരാശംസകൾ നേരുന്നു...അരുൺസതീശൻ...✍️

നമസ്തെ.. എല്ലാവർക്കും ശുഭദിനം ആശംസിക്കുന്നു..
ഇന്ന് ജനുവരി ഒന്ന്...
കുരുതിക്കളത്തിൽ പോരാട്ടങ്ങൾക്കൊടുവിൽ ഒരു കുരുതിയ്ക്കും ഒരു പിറവിയ്ക്കും പ്രപഞ്ചം സാക്ഷി...
സമയം...
കുരുതിയുടെ നിമിഷങ്ങളാൽ കലണ്ടറിലെ ഓരോ കള്ളി നിത്യവും രൂപപ്പെടുന്നു...
അത് സമയത്തിന്റെ നിശ്ചിത പരിധിയുടെ കാരാഗ്രഹം...
ആ കാരാഗൃഹത്തിൽ ജീവിതത്തിന്റെ ഒടുങ്ങാത്ത പ്രയാണങ്ങൾ...
കാലചക്രത്തിൽ കാലം തീർത്ത ഈ കാരാഗൃഹത്തിൽ കുരുങ്ങി കിടക്കാനാവുമോ വിധി...
അറിയില്ല എങ്കിലും...
സമയസൂചികയിൽ കാലം കുറിച്ചിട്ട ഈ പുതുവർഷപുലരിയിൽ ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു...
അരുൺസതീശൻ...✍️

Sunday, 29 December 2024

ശോച്യാവസ്ഥയിലായ കുമ്മല്ലൂർ പാലം പുതുക്കി പണിയാൻ നടപടിയില്ല കൈവരി പുതുക്കിപണിഞ്ഞു അറ്റകുറ്റപണികളുമായി പൊതുമരാമത്ത് വകുപ്പ്.

ചാത്തന്നൂർ: ശോച്യാവസ്ഥയിലായ കുമ്മല്ലൂർ  പാലം പുതുക്കി പണിയാൻ നടപടിയില്ല കൈവരി പുതുക്കിപണിഞ്ഞു അറ്റകുറ്റപണികളുമായി പൊതുമരാമത്ത് വകുപ്പ്. 
ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ  പ്രധാന റോഡുകളിൽ ഒന്നായ ചാത്തന്നൂർ - കൊട്ടാരക്കര റോഡിൽ ചാത്തന്നൂർ - ആദിച്ചനല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാലമായ  കുമ്മല്ലൂർ 
 പാലത്തിനാണ് ഈ ദുർഗതി. 
അഞ്ചുപതിറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിന്റെ കൈവരികൾ പൂർണമായും തകർന്നത് മൂലം 
പാലത്തിന്റെ കൈവരിയിലെ തൂണുകളുടെ സിമന്റ് ഇളകിമാറി ഉള്ളിലെ ഇരുമ്പുകമ്പികൾ ദ്രവിച്ചതിനെ തുടർന്നാണ് അറ്റകുറ്റപണികൾ നടത്തുന്നത് എന്നാണ്ഉദ്യോഗസ്ഥഭാഷ്യം.
മുപ്പതോളം അടി ഉയരത്തിൽ കരിങ്കൽ ഭിത്തികളിലാണു പാലം നിർമിച്ചിരിക്കുന്നത്. അടിഭാഗത്തെ കെട്ടുകൾ ഇളകി മാറി തകർന്ന നിലയിലാണ്. സിമന്റ് പാളികളും ഇളകിവീഴുകയാണ്. സിമന്റ് ഇളകിമാറി ഇതിന്റെ അസ്ഥിവാരക്കല്ലുകൾക്കു സ്‌ഥാന ചലനം സംഭവിച്ചിട്ടുണ്ട്.
ബീമുകൾ പലതും തകർന്ന് ഇരുമ്പ് കമ്പികൾ പുറത്തുകാണാവുന്ന സ്ഥിതിയാണ്. പടിഞ്ഞാറ് ഭാഗത്ത് കൈവരിയും പാറക്കെട്ടുമായും ബന്ധവും വിച്ഛേദിക്കപ്പെട്ട് വലിയ വിള്ളൽ രൂപപ്പെട്ടുകഴിഞ്ഞു. ഈ ഭാഗത്ത്പാറ കൊണ്ട് കെട്ടിയ സൈഡ് ഭിത്തി പൂർണമായും തകർന്ന് ആറിലേക്ക് ഇടിഞ്ഞുതാഴ്ന്നിരിക്കുകയാണ്.
പതിറ്റാണ്ടുകൾ പഴക്കമുള്ള പാലത്തിനു വീതി കുറവാണ്, പാലത്തിന്റെ ഇരുവശങ്ങളും കാടു മൂടിയതിനാൽ വാഹനയാത്രികരുടെ കാഴ്ച മറയുന്നതായും പരാതിയുയരുന്നു.ഭാരം കൂടിയ വാഹനങ്ങൾക്ക് യാത്ര നിരോധനം ഏർപ്പെടുത്തിയിട്ടുള്ള റോഡിൽ അമിതഭാരവുമായി 
ടോറസ് ലോറികളുടെയും മറ്റ് 
വാഹനങ്ങളുടെയും അമിത വേഗത്തിലുള്ള കടന്നുവരവ് നാട്ടുകാർക്ക് ആശങ്കകൾക്ക് ഇടനൽകുകയാണ്. അപകടങ്ങൾ തലനാരിഴയ്ക്കാണു വഴിമാറുന്നത്. അടിയന്തരമായി ശോച്യാവസ്ഥ പരിഹരിക്കണമെന്നും പാലം പുനർനിർമിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യം ശക്തമാണ്.

@ 1973ൽ ടി.കെ. ദിവാകരൻ മന്ത്രിയായിരുന്നപ്പോഴാണ് കുമ്മല്ലൂർ പാലം കമീഷൻ ചെയ്‌തത്.
2020ലെ ബജറ്റിൽ കുമ്മല്ലൂർ പാലത്തിനും പള്ളിക്കമണ്ണടി പാലത്തിനും കിഫ്‌ ബി ഫണ്ടിൽ നിന്നും 13കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. അടുത്തിടെ ടെന്റർ നടപടികൾ ഉണ്ടായിയെങ്കിലും ആരും തന്നെ ടെന്റർ എടുക്കാൻ എത്തിയില്ല.
ചാത്തന്നൂരിനെ ആദിച്ചനല്ലൂർ പഞ്ചായത്തുമായും അതുവഴി കൊട്ടാരക്കരയുമായും കിഴക്കൻമേഖലയുമായും ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്.
ദിനവും ആയിരകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന 
തിരക്കേറിയ പാലത്തിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലം കുലുങ്ങുന്നതായാണ് നാട്ടുകാർ പറയുന്നു.  ഒരുബസ് മാത്രം കടന്നുപോകാൻ മാത്രമുള്ള വീതിയാണ് പാലത്തിലുള്ളത്. ഒരുവശത്തെ വാഹനം കടന്നുപോകുന്നതുവരെ മറുവശത്ത് വാഹനം കാത്തുകിടക്കണം. കാൽനടയാത്രികരും ദുരിതത്തിലാണ്. 

@ നിർമ്മാണപ്രവർത്തിയിലും അപാകത

അറ്റകുറ്റപണികൾ നടത്തുന്നതിലും അഴിമതിയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.ആശാസ്ത്രിയമായി നടക്കുന്ന നിർമ്മാണപ്രവർത്തികളാണ് ഇപ്പോൾ നടക്കുന്നത് എന്ന് നാട്ടുകാർ പറയുന്നു. റെഡിമെയ്ഡായാണ്‌ കൈവരികൾ കൊണ്ട് വന്ന് സ്ഥാപിക്കുന്നത്. ഫ്ലാറ്റ് ഫോമിൽ 
കോൺക്രീറ്റ് ചെയ്തു പിടിപ്പിക്കുന്നത് അല്ലാതെ സുരക്ഷിതമായല്ല നിർമ്മാണപ്രവർത്തികൾ നടക്കുന്നത് എന്നും നാട്ടുകാർ ആരോപിക്കുന്നു.

ഫോട്ടോ :  പാലത്തിന്റെ ബീമുകൾ 
 തകർന്ന നിലയിൽ 
ഫോട്ടോ:അശാസ്ത്രിയമായി നടക്കുന്ന നിർമ്മാണപ്രവർത്തികൾ 

Saturday, 28 December 2024

പരവൂർ കോൺഗ്രസിൽ ഒതുക്കൽ പ്രക്രീയ വലിയ വിഭാഗം പാർട്ടി വിടാൻ ഒരുങ്ങുന്നു

പരവൂർ കോൺഗ്രസിൽ ഒതുക്കൽ പ്രക്രീയ വലിയ വിഭാഗം പാർട്ടി വിടാൻ ഒരുങ്ങുന്നു 

പരവൂർ : മുൻസിപ്പൽ  തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസിൽ ഒതുക്കൽ പ്രക്രീയ പരവൂരിൽ വലിയ വിഭാഗം കോൺഗ്രസ്‌ പ്രവർത്തകർ പാർട്ടി വിടാനൊരുങ്ങുന്നു. ബ്ലോക്ക് കമ്മിറ്റി പുന:സംഘടനയിലും തുടർന്ന് നടന്ന മണ്ഡലം പുന:സംഘടനയിലും ഒരു വലിയ വിഭാഗം പ്രവർത്തകരെ ഒഴിവാക്കിയതിനെ തുടർന്ന് ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് ഒരു വലിയ വിഭാഗം കോൺഗ്രസ്‌ പ്രവർത്തകരാണ് കോൺഗ്രസ്‌ വിടാനൊരുങ്ങുന്നത്. മുൻ മുൻസിപ്പൽ കൗൺസിലർമാരും മുൻ മണ്ഡലം ബ്ലോക്ക് ഭാരവാഹികളും ഉൾപ്പെടുന്ന സംഘമാണ് കോൺഗ്രസ്‌ വിടുന്നത്. 32 വാർഡുകൾ ഉള്ള 
മുൻസിപ്പാലിറ്റിയിൽ മൂന്ന് ഡിവിഷനിൽ മാത്രമാണ് നിലവിൽ കോൺഗ്രസ്‌ പ്രവർത്തനം നടക്കുന്നത് ബാക്കിയുള്ള വാർഡുകളിൽ എല്ലാം തന്നെ പ്രവർത്തനം ഇല്ലെന്നുള്ള ആക്ഷേപം കെ പി സി സി ജനറൽ സെക്രട്ടറി എം ലിജു തന്നെ ഡി സി സി നേതൃത്വ യോഗത്തിൽ പരസ്യമായി ആക്ഷേപിച്ചതോടെയാണ്‌ വീണ്ടും പ്രവർത്തനത്തിനായി ബ്ലോക്ക് പ്രസിഡന്റ് രംഗത്തിറങ്ങിയത് വാർഡ്‌ 
മണ്ഡലം തല യോഗങ്ങൾ നടത്താതെ ബ്ലോക്ക് കൺവെൻഷൻ  നടത്തിയതോടെ ബൂത്ത്‌ തല കമ്മിറ്റികളുടെ പുന:സംഘടന നടത്താതെ നിലവിലുള്ള 
 പേപ്പർ കമ്മിറ്റികൾ തന്നെ നിലനിർത്തി പോകുന്നതിനെതിരെയാണ് ഒരു വലിയ വിഭാഗം രംഗത്ത് വന്നത് കെ പി സി സിയ്ക്ക് മുന്നിൽ പരാതിയുമായി പോയെങ്കിലും പരാതി നേതൃത്വം പരിഗണിക്കാതെ വന്നതോടെയാണ്‌ പാർട്ടി വിടാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്നത്. കോൺഗ്രസിന്റെ സംസ്ഥാനനേതാവ്ബിന്ദുകൃഷ്ണയുടെയും ജില്ലാ ജനറൽ സെക്രട്ടറി എൻ. ഉണ്ണികൃഷ്ണന്റെയും ഗ്രൂപ്പിൽപ്പെട്ട അഡ്വ. ലതമോഹൻദാസ് പ്രസിഡന്റ്‌ ആയിട്ടുള്ള പരവൂർ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയിൽ നിന്നും ഇവർക്ക് നീതി കിട്ടില്ല എന്ന് ഇവർ കണക്ക് കൂട്ടുന്നു. സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന മുൻ മുൻസിപ്പൽ കൗൺസിലർ കൂടിയായ അധ്യാപക സംഘടന നേതാവിന് മുൻസിപ്പൽ ചെയർമാൻ ആകാനുള്ള നീക്കമാണ് ജനപ്രീയ നേതാക്കളെ പുകച്ചു ചാടിക്കാൻ ഉള്ള ഇ നീക്കത്തിന് പിന്നിലെന്ന് ഇവർ ആരോപിക്കുന്നു. മുൻ മുൻസിപ്പൽ ചെയർമാനും ആറു മുൻ 
മുൻസിപ്പൽ കൗൺസിലർമാരും നിലവിലുള്ള കൗൺസിലർമാരും 
മുൻ മണ്ഡലം ബ്ലോക്ക് ഭാരവാഹികളും പാർട്ടി വിടാനുള്ള നീക്കത്തിലാണ്.പരവൂർ ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള കല്ലുവാതുക്കൽ പൂതക്കുളം പഞ്ചായത്തിലും ബ്ലോക്ക് കമ്മിറ്റിയ്ക്ക് എതിരെ ശക്തമായ പ്രവർത്തനവുമായി ഒരു വലിയ വിഭാഗം രംഗത്തുണ്ട്.


 

വഞ്ചിക്ലേമൻസിലെ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് കൈമാറി സംസ്ഥാന സർക്കാർ.

സർക്കാർ ഭൂമി സ്വകാര്യ വ്യക്തിയ്ക്ക് കൈമാറി പ്രതിക്ഷേധം ശക്തമാകുന്നു.

ചാത്തന്നൂർ :  വഞ്ചിക്ലേമൻസിലെ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക്  കൈമാറി സംസ്ഥാന സർക്കാർ. 
കോടികൾ വിലമതിക്കുന്ന 
വ്യവസായ വകുപ്പിന്റെ  
ഏക്കർ കണക്കിന് ഭൂമിയാണ്‌ 
 മതിൽകെട്ടി വേർതിരിച്ചു കൊണ്ട് സ്വകാര്യ വ്യവസായികൾക്ക്
90 വർഷത്തേക്കുള്ള പാട്ടകരാർ എന്ന പേരിൽ  കൈമാറുന്നത്. നിലവിൽ സർക്കാർ ഐ ടി ഐയ്ക്കും പ്രൈവറ്റ് ബസ് സ്റ്റാന്റിനും മാധ്യ ഭാഗത്തായി കിടക്കുന്ന ഒരേക്കർ വരുന്ന സ്ഥലം കൈമാറി പെരുമ്പാവൂർ സ്വദേശിയായ വ്യവസായി നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.ബാക്കിയുള്ള ഭൂമിയുടെയും കൈമാറ്റത്തിനുള്ള നടപടികൾ സർക്കാർ നടത്തി വരികയാണ്. വ്യവസായ മന്ത്രിയുടെ ജില്ലയിലുള്ള സിപിഎം നേതൃത്വവുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന 
 വ്യക്തിക്കാണ്ഭൂമി കൈമാറിയത്. ഭൂമി സ്വകാര്യ വ്യക്തി അതിരുകൾ തിരിച്ച്‌ മതിൽ കെട്ടി തിരിച്ചിട്ടും പഞ്ചായത്ത് അധികൃതരും, സ്ഥലം എം എൽ എ യും അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നത്.

@ കുളവും നീരുറവകളും മണ്ണിട്ട് നികത്തി നിർമ്മാണപ്രവർത്തനം 

ചാത്തന്നൂർ തോട് അടച്ചു പൂട്ടി 
നീരുറവകളും കുളങ്ങളും മണ്ണിട്ട് നികത്തി കൊണ്ടാണ് നിർമ്മാണപ്രവർത്തികൾ നടത്തുന്നത്. ഒരേക്കറോളം സ്ഥലത്ത് ഒരിക്കലും വറ്റാത്ത നീരുറവയും ചാത്തന്നൂർ തോടിന്റെ പ്രധാന നീരുറവയായ കുളവും നികത്തിയാണ് നിർമ്മാണപ്രവർത്തികൾ നടത്തുന്നത്.സർക്കാർ അനുവദിച്ചതിൽ കൂടുതൽ ഭൂമി മണ്ണിട്ട് നികത്തിയതായി നാട്ടുകാർ ആരോപിക്കുന്നു വില്ലേജിൽ പരാതി നൽകിയിട്ടും അളക്കുന്നതിനോ മറ്റ് നടപടികൾ സ്വീകരിക്കുന്നതിനോ വില്ലേജ് അധികൃതർ തയ്യാറാകുന്നില്ല.എന്നാണ് നാട്ടുകാരുടെ പരാതി.

@ ഐ ടി ഐ പോളി ടെക്നിക് ആയി ഉയർത്തണമെന്ന ആവശ്യത്തിനോട് 
മുഖം തിരിച്ചു സർക്കാർ.

നിർമ്മാണം തുടങ്ങിയത് സർക്കാർ ഐ ടി ഐയോട് ചേർന്ന് കിടക്കുന്ന ഭൂമി. ഐ ടി ഐ പോളിടെക്നിക് ആയി ഉയർത്തണമെന്ന ജനങ്ങളുടെ ആവശ്യം അംഗീകരിച്ചില്ല നിലവിലുള്ള ഐ ടി ഐ കെട്ടിടത്തിന് സമാന്തരമായി ഒരു കെട്ടിടം നിർമ്മിച്ചു കൊണ്ട് പോളി ടെക്നിക് ആയി ഉയർത്തണമെന്ന ആവശ്യമാണ് ജനങ്ങൾ ഉന്നയിച്ചിരുന്നത്.നിലവിലുള്ള ഐ ടി യ്ക്ക് പോലും വിവിധ ട്രേഡുകൾക്ക് നിലവിലുള്ള കെട്ടിടത്തിൽ ക്ലാസ്സ്‌ റൂമുകൾ ഇല്ലാത്ത അവസ്ഥ കൂടുതൽ ട്രേഡുകൾ വരികയാണ് അതിന് കെട്ടിടങ്ങൾ ആവശ്യമാണ് അതിന് അനുയോജ്യമായ സ്ഥലമാണ് ഇപ്പോൾ വ്യവസായ വകുപ്പ് സ്വകാര്യ വ്യക്തിയ്ക്ക് കൈമാറിയിരിക്കുന്നത് സർക്കാരിന്റെ ഇ നടപടിയ്ക്ക് എതിരെ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്.
 
@  സർക്കാർ തീരുമാനം പിൻവലിക്കണം -ബിജെപി 
ചാത്തന്നൂർ  വഞ്ചിക്ലേമൻസിലെ കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് തീറെഴുഴുതി നൽകുന്ന സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ്‌ കൃഷ്ണരാജ് 
ആവശ്യപ്പെട്ടു.  ചാത്തന്നൂർ ഗവ: ഐ. ടി. ഐ യോട് ചേർന്ന് അഭിമുഖമായി കിടക്കുന്ന ഒരു ഏക്കറോളം സ്ഥലമാണിത് നാടിന്റെ വികസനത്തിനായി ഉപയോഗിക്കേണ്ട ഭൂമിയാണിത് അടിയന്തിരമായി സർക്കാർ തീരുമാനം പിൻവലിച്ചു കൊണ്ട് ഭൂമി തിരിചെടുത്ത് ഐ ടി ഐയ്ക്ക് വേണ്ടി കെട്ടിടം നിർമ്മിക്കണമെന്നും കൃഷ്ണരാജ് പറഞ്ഞു.

 @ ഭൂമി കൈമാറിയത് വഴി നടന്നത് കോടികളുടെ ഇടപാട് -കോൺഗ്രസ്‌ 

കോടികണക്കിന് രൂപ വിലവരുന്ന 
സർക്കാർഭൂമി 
വൻകിട സ്വകാര്യ വ്യവസായിക്ക്
കൈമാറിയത് വഴി കോടികളുടെ ഇടപാട് ആണ് നടന്നിരിക്കുന്നത് ഇത് അന്വേഷണവിദേയമക്കണമെന്ന് കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ ബിജുവിശ്വരാജൻ ആവശ്യപ്പെട്ടു.
ഇതിന് പിന്നിൽ വ്യവസായ വകുപ്പും, റവന്യൂ വകുപ്പും കൈകാര്യം 
ചെയ്യുന്ന മന്ത്രിമാരുടെ പാർട്ടികളുടെ ഇടപെടൽ ശക്തമാണ്.കോടികളുടെ അഴിമതിയാണ് ഇതിന് പിന്നിൽ നടന്നത്.ഇതിന് പിന്നിൽ നടന്ന കോടികളുടെ ഇടപാട് കേന്ദ്ര  ഏജൻസികൾ അന്വേഷിക്കണമെന്നും ബിജു വിശ്വരാജൻ ആവശ്യപ്പെട്ടു.