തിരുവനന്തപുരം:‘‘ഒത്തുപോകാത്ത മേലുദ്യോഗസ്ഥർ തമ്മിലുള്ള പടലപ്പിണക്കമാണ് കെ.എസ്.ആർ.ടി.സി.യെ നശിപ്പിക്കുന്നത്’’ -എം.ഡി. ബിജു പ്രഭാകറിന്റെ വാക്കുകളിൽ തെളിയുന്നത് ചീഫ് ഓഫീസിലെ ഉദ്യോഗസ്ഥർ തമ്മിൽ ഏറെക്കാലമായുള്ള തമ്മിലടിയാണ്.
ബസുകൾ നിയന്ത്രിക്കുന്ന ഓപ്പറേഷൻ, ജീവനക്കാർക്കെതിരായ അച്ചടക്കനടപടികളിൽ അന്വേഷണം നടത്തുന്ന വിജിലൻസ്, വസ്തുവകകളുടെ ചുമതലയുള്ള എസ്റ്റേറ്റ്, ബസുകളുടെ അറ്റകുറ്റപ്പണിക്കുള്ള ടെക്‌നിക്കൽ, സാമ്പത്തികകാര്യങ്ങൾ നിയന്ത്രിക്കുന്ന ധനകാര്യവിഭാഗങ്ങളാണ് നിർണായകം. പ്രൊഫഷണലുകൾ ഉണ്ടെങ്കിലും ഇവയുടെ ചുമതല എക്സിക്യുട്ടീവ് ഡയറക്ടർമാർക്ക് നൽകേണ്ടിവരും. എം.ഡി.ക്ക് എത്ര കാര്യശേഷിയുണ്ടെങ്കിലും ഈ വകുപ്പുകൾ തമ്മിൽ ഏകോപനമുണ്ടെങ്കിലേ പരിഷ്കരണനടപടികൾ വിജയിക്കൂ.
സ്ഥാപനത്തെ സംബന്ധിച്ച അടിസ്ഥാനവിവരങ്ങളും രേഖകളും റിപ്പോർട്ടുകളും എം.ഡി.ക്കു കൈമാറേണ്ടത് ഈ ഉദ്യോഗസ്ഥരാണ്. ഇവരെല്ലാവരും താഴേത്തട്ടിൽനിന്ന് സ്ഥാനക്കയറ്റത്തിലൂടെ എക്സിക്യുട്ടീവ് ഡയറക്ടർ പദവിയിലെത്തിയവരാണ്. ഇവരുടെ നിയമനത്തിനെതിരേയും ആക്ഷേപമുണ്ട്. തൊഴിലാളിസംഘടനാനേതാക്കളോട് അമിതവിധേയത്വം പുലർത്തുന്നുവെന്നും പരാതിയുണ്ട്.
കംപ്യൂട്ടർവത്കരണം നടക്കാത്തതിനാൽ ഓരോ വിഭാഗത്തിലെയും വിവരങ്ങൾക്ക് ഇവരെത്തന്നെ ആശ്രയിക്കണം. രേഖകൾ എവിടെയാണെന്ന് ഈ ഉദ്യോഗസ്ഥർക്കുമാത്രമേ അറിയൂ. ജീവനക്കാരുടെ സർവീസ് ബുക്കുകളും ശമ്പളവിതരണവും അടുത്തിടെയാണ് സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണ സോഫ്റ്റ്‌വേറായ സ്പാർക്കിലേക്കു മാറ്റിയത്. ഇതിനുപോലും ശക്തമായ എതിർപ്പ് അതിജീവിക്കേണ്ടിവന്നു. ധനകാര്യവിഭാഗത്തിന്റെ ചുമതല ഏറ്റെടുത്ത ഉദ്യോഗസ്ഥ ഏറെ പണിപ്പെട്ടാണ് അക്കൗണ്ടിങ് വിഭാഗം നേരെയാക്കിയത്.
No comments:
Post a Comment