Tuesday, 12 January 2021

വാളയാർക്കേസില്‍ സി.ബി.ഐ.എത്തുമ്പോൾ

വാളയാർക്കേസില്‍ സി.ബി.ഐ.എത്തുമ്പോൾ

12Jan2021ഫോട്ടോ: പൂക്കൾ അറിയുന്നുണ്ടോ... വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സഹോദരിമാരുടെ കേസ് സി.ബി.ഐ.ക്ക് വിട്ടുകൊണ്ടുള്ള തീരുമാനത്തെത്തുടർന്ന് മാധ്യമങ്ങൾക്കുമുന്നിലെത്തിയ പെൺകുട്ടികളുടെ അമ്മ

പാലക്കാട്: ഹൈക്കോടതിയുടെ രൂക്ഷ വിമർശങ്ങളിലൂടെ വാളയാർക്കേസ് വീണ്ടും പൊതുശ്രദ്ധയിലെത്തിയപ്പോഴാണ് അന്വേഷണത്തിന് സി.ബി.ഐ സംഘമെത്തുന്നത്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും വേണ്ടത്ര ഉപയോഗിക്കപ്പെടാതെപോയ അന്വേഷണം, ഒന്നുമുതൽക്കുതന്നെ ആരംഭിക്കണമെന്നതാവും സി.ബി.ഐ. നേരിടുന്ന ആദ്യ വെല്ലുവിളി. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ കൂടുതലായി നടക്കുന്ന വാളയാർ മേഖലയിൽ സംഭവിച്ചതെന്ത് എന്നതിനപ്പുറം കുറ്റകൃത്യങ്ങൾക്ക് വഴിവെക്കുന്ന ചുറ്റുപാടുകളും വരുംദിവസങ്ങളിൽ പരിശോധിക്കപ്പെട്ടേക്കാം.

നാലുവർഷംമുമ്പ് വാളയാർ അട്ടപ്പള്ളത്ത് പതിമൂന്നും ഒൻപതും വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. മൂത്ത സഹോദരിയെ 2017 ജനുവരി 13-ന് കുടുംബം താമസിച്ചിരുന്ന ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ടാമത്തെ കുട്ടിയെ 51 ദിവസത്തിനുശേഷം മാർച്ച് നാലിന് ഇതേ ഷെഡ്ഡിൽ ഇതേ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. സാധാരണക്കാരുടെ ദൃഷ്ടിയിൽപ്പോലും ദുരൂഹതകളുള്ള മരണങ്ങൾ. എന്നാൽ, കേരള പോലീസിലെ മിടുക്കരുൾപ്പെട്ട അന്വേഷണസംഘമെത്തി കൂട്ടലും കിഴിക്കലും പൂർത്തിയാക്കിയപ്പോൾ, തിരിച്ചറിവില്ലാത്ത പ്രായത്തിലുള്ള സഹോദരിമാരുടെ മരണം അത്മഹത്യ മാത്രമായി. ലോക്കൽ പോലീസിന്റെ നിഗമനങ്ങൾക്കപ്പുറം അന്വേഷണസംഘവും ചെന്നില്ല. അറസ്റ്റിലായ നാല് പ്രതികളും രണ്ടുവർഷം പാലക്കാട് പോക്സോകോടതിയിൽനടന്ന വിചാരണയ്ക്കുശേഷം കുറ്റവിമുക്തരായി.

കേസന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടായില്ല. വീഴ്ചവരുത്തിയ പോലീസ് ഉദ്യോഗസ്ഥരെ ഭാവിയിൽ ഒരു കേസന്വേഷണത്തിനും നിയോഗിക്കരുതെന്നും കോടതിയിൽ തെളിവ് മറച്ചുവെച്ച പ്രോസിക്യൂട്ടർമാരെ വീണ്ടും ആ സ്ഥാനത്ത് നിയോഗിക്കരുതെന്നും കേസിൽ സർക്കാർ നിയോഗിച്ച പി.കെ. ഹനീഫ കമ്മിഷൻ ശുപാർശ നൽകിയിരുന്നു.

പെൺകുട്ടികളുടെ അമ്മയും സർക്കാരും ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജിയുമായെത്തിയതോടെയാണ് കാര്യങ്ങൾക്ക് മാറ്റമുണ്ടായത്. കീഴ്ക്കോടതിവിധി ഹൈക്കോടതി റദ്ദാക്കുകയും പുനർവിചാരണയ്ക്ക് നിർദേശം നൽകുകയും ചെയ്തു. വിധിയിൽ അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ വിഭാഗം എന്നിവരെ രൂക്ഷമായി വിമർശിച്ച കോടതി, വിചാരണനടത്തിയ പോക്സോകോടതിയെടുത്ത നിലപാടിലും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

വൈകാൻ സാധ്യത

: വാളയാർക്കേസിൽ പുനർവിചാരണയാണ് ഹൈക്കോടതി നിർദേശിച്ചിരുന്നത്. ഇതിനിടെ പുനരന്വേഷണത്തിനാണ് സർക്കാർ സി.ബി.ഐ.ക്ക് ശുപാർശ നൽകിയത്.

നിലവിലെ കുറ്റപത്രംവെച്ചുതന്നെ ഒരിക്കൽക്കൂടി വിചാരണ നടത്തിയാൽ പഴയ വിധിയിൽ മാറ്റമൊന്നും ഉണ്ടാകാനിടയില്ലെന്നാണ് നിയമവിദഗ്ധരുടെ നിലപാട്. പുനർ വിചാരണയ്ക്കിടയിൽ പ്രോസിക്യൂട്ടറുടെ അഭ്യർഥനപ്രകാരം കോടതിക്ക് പുനരന്വേഷണത്തിന് ഉത്തരവിടാനാകുമെങ്കിലും അതിനുമുമ്പുതന്നെ പെൺകുട്ടികളുടെ രക്ഷിതാക്കളും സമരസമിതിയും ആവശ്യപ്പെട്ടതുപ്രകാരം സി.ബി.ഐ. അന്വേഷണത്തിന് സർക്കാർ തയ്യാറാവുകയായിരുന്നു.

സർക്കാർ ശുപാർശചെയ്താലും ഉടനെയൊന്നും ഈ കേസ് സി.ബി.ഐ. ഏറ്റെടുക്കണമെന്നില്ല. അതിന് കുടുംബമോ മറ്റാരെങ്കിലുമോ വീണ്ടും ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നേക്കാം. അത്തരമൊരു നടപടിക്ക് ഇനിയും കാലതാമസമെടുക്കുമെന്നാണ് സൂചന.

No comments:

Post a Comment