" ഇത് പ്രകൃതി ദുരന്തമല്ല... മനുഷ്യ നിർമ്മിത കൂട്ടക്കൊല..."
വെള്ളാപ്പള്ളി നടേശൻ
( എസ്.എന്.ഡി.പി യോഗം ജനറല് സെക്രട്ടറി )
ഇൻഡ്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി താരതമ്യേന ദുരന്ത സാധ്യതകൾ ഏറ്റവും കുറഞ്ഞ പ്രദേശമാണ് നമ്മുടെ കൊച്ചുകേരളം. കാരണം പ്രകൃതി അതിമനോഹരമായും ശാസ്ത്രീയമായും ഘടനാപരമായും രൂപപ്പെടുത്തിയിരിക്കുന്ന ഭൂപ്രദേശമാണ് കേരളം. മലനാടും ഇടനാടും തീരപ്രദേശവും രൂപഭംഗികൊണ്ടും ഭൂമിയുടെ ഘടനാപരമായ വ്യത്യസ്തതയിലും മനുഷ്യസംസ്ക്കാരത്തിന്റെ വ്യത്യസ്തതയിലും ഓരോ പ്രദേശവും വൈവിദ്ധ്യങ്ങളുടെ കലവറയാണ്. കൃഷിയും, വ്യവസായവും, ആചാരങ്ങളും അനുഷ്ഠാനങ്ങളും പോലും ഭൂപ്രകൃതിയുമായി ഇഴുകിചേർന്നിരുന്നു. ആരാധനാലയങ്ങളും ആരാധന ക്രമവും പോലും പ്രകൃതിയുടെ വിചിന്തനത്തിന് വിധേയമായിരുന്നു. അതുകൊണ്ടാണ് ''കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട്'' എന്ന് ലോകം തന്നെ വിശേഷിപ്പിച്ചിരിക്കുന്നത്. 1888-ൽ പരബ്രഹ്മസ്വരൂപനായ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിക്കൊണ്ട് അവിടെ കുറിച്ചിട്ടതും പ്രകൃതി സ്നേഹത്തിന്റെ ഉദാത്തസംസ്കാരമാണ്.
'' ജാതി ഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത''
ഗുരു ഇവിടെ ദർശിച്ചതും ഭൂമിയിലെ സർവജീവജാലങ്ങൾക്കും അവയുടെ ജീവിത സാഹചര്യങ്ങൾക്കനുസരിച്ചുള്ള പ്രകൃതി വിഭവങ്ങളുടെ ശാസ്ത്രീയ വിതരണത്തെക്കുറിച്ചാണ്. മനുഷ്യനായാലും മറ്റ് ജീവജാലങ്ങളായാലും, ഓരോന്നിനും ജനിക്കുവാനും വളരുവാനും ജീവിക്കുവാനും ഉതകുന്ന തരത്തിലുള്ള ഒരു ഘടനാ സംവിധാനമാണ് പ്രകൃതി നമുക്ക് രൂപപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് മറ്റു സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി നമുക്ക് പ്രകൃതിദുരന്തങ്ങളെ അധികം നേരിടേണ്ടി വന്നിട്ടില്ലാത്തതും. എന്നാൽ ഇപ്പോൾ ഓരോ മഴക്കാലത്തും നാം പലതരത്തിലുള്ള ദുരന്തങ്ങളെ നേരിടേണ്ടിവരുന്നു. തൻമൂലം നിരവധി പേർ മരണപ്പെടുന്നു. നിരവധി പേരെ കാണാതാവുന്നു. ആയിരക്കണക്കിന് ആൾക്കാർക്ക് കിടപ്പാടം നഷ്ടപ്പെടുന്നു. കൃഷിഭൂമി നശിക്കുന്നു. അങ്ങനെ അടിക്കടി ദുരന്തങ്ങൾ ഉണ്ടാകുന്നു. യഥാർത്ഥത്തിൽ ഇത് പ്രകൃതിദുരന്തമാണോ? അതോ മനുഷ്യനിർമ്മിത ദുരന്തമോ ?
പ്രകൃതിജന്യമായി അധികം അപകടങ്ങളില്ലാത്ത കേരളത്തിൽ മനുഷ്യൻ കാടിനേയും നാടിനേയും നടവഴിയേയും മലനിരകളേയും അറിയാതെ നടത്തുന്ന അധിനിവേശമാണ് ഇപ്പോൾ ഉണ്ടാകുന്ന ദുരന്തങ്ങളുടെ പ്രധാനകാരണം. ഒപ്പം തന്നെ കാലാവസ്ഥാ വ്യതിയാനം അതിന്റെ പ്രഹരശേഷി വർദ്ധിപ്പിക്കുവാൻ കാരണമാവുകയും ചെയ്യുന്നു. നമുക്ക് അപരിചിതമായ വൻ ദുരന്തങ്ങൾ ഇനിയും നമ്മെ കാത്തിരിപ്പുണ്ടാവാം. അത് കൊടും കാറ്റായും പേമാരിയായും വരൾച്ചയായും കാട്ടുതീയായുമൊക്കെ നമുക്ക് പ്രതീക്ഷിക്കാം.
വയനാട് ജില്ലയിലെ കട്ടിപ്പാറയിലെ ഉരുൾപ്പൊട്ടലോടെയാണ് ഈ വർഷത്തെ മഴക്കാല ദുരന്തത്തിന് ആരംഭം കുറിച്ചിരിക്കുന്നത്. മലനിരകളുടെ പാരിസ്ഥിതിക സ്വഭാവം ദുർബലപ്പെടുത്തിയതുമൂലം നിരവധിപേരുടെ ജീവൻ എടുത്തുകൊണ്ട് ഉരുൾപ്പൊട്ടൽ നടത്തിയ സംഹാരതാണ്ഡവം നമ്മുടെ നാടിനുണ്ടാക്കിയ ആഘാതം ചെറുതല്ല. ഇപ്പോൾ ഓരോ വർഷവും നമ്മുടെ സംസ്ഥാനത്തുണ്ടാകുന്ന ദുരന്തങ്ങളിൽ നിന്നു എന്തെങ്കിലും പഠിക്കുവാൻ നമുക്ക് കഴിയുന്നുണ്ടോ?. വർഷാവർഷങ്ങളിൽ നാം നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തങ്ങളിൽ നിന്ന് നമ്മുടെ പൊതുസമൂഹമോ രാഷ്ട്രീയ സംവിധാനമോ സർക്കാരോ എന്തെങ്കിലും ക്രിയാത്മകമായ പരിഹാരങ്ങൾ കണ്ടെത്തുന്നുണ്ടോ?. രണ്ടുദിവസം തുടർച്ചയായി മഴപെയ്താൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും. അതൊന്നു കടന്നുകയറിക്കഴിഞ്ഞ് ഒരാഴ്ച വെയിൽ ശക്തമായിക്കഴിഞ്ഞാൽ അതിരൂക്ഷമായ വരൾച്ചയും ജല ദൗർലഭ്യവും. ഇത് പ്രകൃതിയാൽ ഉണ്ടായതല്ല മനുഷ്യന്റെ അത്യാർത്തിമൂലം സംഭവിക്കുന്നതാണ്. ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും അവയുടെ ആവാസവ്യവസ്ഥ അനുസരിച്ച് ജീവിക്കുവാനുള്ള സമ്പൽസമൃദ്ധമായ നമ്മുടെ ഭൂമി ഇന്ന് മനുഷ്യനടക്കമുള്ള സമസ്ത ജീവജാലങ്ങളുടേയും സുരക്ഷ ചോദ്യം ചെയ്യുന്ന ഒരു ഭൂപ്രദേശമായി മാറിയിരിക്കുന്നു. കട്ടിപ്പാറയിലും കരിഞ്ചോല മലയിലും താമരശ്ശേരി ചുരത്തിലും അതുപോലെ മറ്റിടങ്ങളിലുമുണ്ടായത് ഒരിക്കലും പ്രകൃതി ദുരന്തമല്ല. മറിച്ച് മനുഷ്യ നിർമ്മിത കൂട്ടക്കുരുതി തന്നെയാണ്. ഈ കൂട്ടക്കുരുതിയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും ചില മതസംഘടനകളുമൊക്കെ തന്നെ പ്രതിക്കൂട്ടിലാണ്.
കേരളസംസ്ഥാനം രൂപീകൃതമായതുമുതൽ തുടങ്ങിയതാണ് കുടിയേറ്റവും വനം കൈയേറ്റവും. പശ്ചിമഘട്ടത്തിലെ മലഞ്ചരിവുകളാകമാനം ആദിവാസികളേയും പട്ടിണിപ്പാവങ്ങളേയും പണാധിപത്യത്തിന്റേയും മതാധിപത്യത്തിന്റേയും മസ്സിൽ പവർ ഉപയോഗിച്ച് നാടുകടത്തി, അനധികൃത കരിങ്കൽ ഖനനവും മറ്റും നിർബാധം തുടരുന്നു. കുരിശു കൃഷിയിലൂടെ തുടങ്ങി ഒടുവിൽ റിസോർട്ട് വരെയെത്തുന്ന അനധികൃത കൈയേറ്റം ഇന്നും നിർബാധം തുടരുകയാണ്. അധികാരത്തിന്റേയും പണത്തിന്റേയും ബലത്തിൽ മലനിരകളുടേയും കുന്നിൻ ചരിവുകളുടേയും നെഞ്ചു തുരന്ന് തടയണകെട്ടി ടൂറിസത്തിന്റെ വികസനത്തിന് പുത്തൻ പരിഭാഷ നടത്തുന്നവർ ഈ ദുരന്തത്തിലെ പ്രധാന പ്രതികളാണ്. അനധികൃത കരിങ്കൽ ഖനനം നടത്തി ഇനിയും മരിക്കാത്ത ഭൂമിയുടെ ആസന്ന മൃത്യുവിന് ആക്കം കൂട്ടുന്നവരും ഈ ദുരന്തത്തിന്റെ പാപം പേറിനിൽക്കുന്നവരാണ്. കുരിശു കൃഷിയിൽ തുടങ്ങി വനം കൈയേറി മതത്തിന്റെ പേരിൽ കോൺക്രീറ്റ് സൗധങ്ങൾ നിർമ്മിച്ചവരും ഇതിന് ഇത്തരവാദികളാണ്. ഓരോ തലമുറയ്ക്കും വേണ്ടി പ്രകൃതി കരുതി വച്ചതൊക്കെയും പ്രകൃതി നിയമങ്ങളുടെ എല്ലാ സീമകളും അതിലംഘിച്ച് വരും തലമുറയുടെ സർവനാശത്തിന് കാരണമാകുന്ന ഈ സംവിധാനത്തിന് അരുനിൽക്കുന്ന രാഷ്ട്രീയ നേതൃത്വവും ഭരണകൂടവും മാപ്പ് അർഹിക്കാത്ത കുറ്റകൃത്യമാണ് നടത്തിവരുന്നത്.
ഇതിന് ഒരു അവസാനം ഉണ്ടാവണം. ഇച്ഛാശക്തിയുള്ള ഒരു സർക്കാരാണ് ഇപ്പോൾ ഇവിടെ ഭരണം നടത്തുന്നത്. ആ സർക്കാരിന്റെ തണലിൽ നിന്നുകൊണ്ട് ഇത്തരത്തിലുള്ള കൊടുംക്രൂരതയ്ക്ക് സംരക്ഷണം ഉണ്ടാകരുത്, ധൈര്യമുണ്ടാകരുത്. ഇത്തരക്കാരെ നിലയ്ക്കു നിറുത്തുവാനുള്ള കർമ്മപദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനുള്ള നടപടികളാണ് ഉടൻ ഉണ്ടാകേണ്ടത്. അല്ലാതെ കാലാകാലങ്ങളിൽ ദുരന്തമുണ്ടാകുമ്പോൾ പാവപ്പെട്ടവന്റെ പണമെടുത്ത് ദുരന്തത്തിനിരയായവർക്ക് വിതരണം ചെയ്യുവാൻ മാത്രമായി ഒരു വില്ലേജ് ഓഫീസറുടെ നിലയിലേക്ക് സർക്കാർ തരം താഴരുത്. ശക്തമായ നടപടി ഉണ്ടാവണം. അത് ഭരണപക്ഷമായാലും, പ്രതിപക്ഷമായാലും. ഏത് പക്ഷമായാലും മുഖ്യമന്ത്രിയുടെ ശക്തമായ ചിറകിനടിയിൽ സുരക്ഷിതമാവേണ്ടത് ഇവിടുത്തെ ബഹുഭൂരിപക്ഷം വരുന്ന അടിസ്ഥാന ജനവിഭാഗങ്ങളാണ്. അല്ലാതെ നാടിന്റെ നെഞ്ചകം തകർക്കുന്ന അധികാരത്തിലുള്ള സമ്പന്ന വർഗ്ഗമാകരുത്. അത് ജനങ്ങൾക്ക് ബോദ്ധ്യം വരികയും കൂടി ചെയ്താൽ മാത്രമേ എല്ലാം ശരിയാകൂ...
( യോഗനാദം എഡിറ്റോറിയൽ ജൂലായ് 1-15 ലക്കം )
No comments:
Post a Comment