Monday, 16 July 2018

അന്തോണിയ്ക്ക് ഉണ്ടായ ഉൾവിളി

കെപിസിസി ഓഫീസിൽ ഉണ്ടിരിക്കുന്നേരം തന്നെയാണ് അറയ്ക്കൽപറമ്പിൽ വീട്ടിലെ അന്തോണി പുണ്യളന്  ചില ഉൾവിളികളുണ്ടാകുന്നത്. ലീഡർ കരുണാകരനെ അനുസ്മരിക്കുന്ന ചടങ്ങിലാണ് അറയ്ക്കൽപറമ്പിൽ കുര്യൻ ആന്റണിയിൽ നിന്ന് ഗാന്ധിയൻ ചിന്തകൾ ഉറവ പൊട്ടിയത്.
ഗാന്ധിചിന്തകൾ കൂലങ്കഷമായി കുത്തിയൊലിച്ച് വന്നേരം ഓ.സി ഗാന്ധിയോ ചെന്നിത്തല ഗാന്ധിയോ അവിടെയില്ലാതിരുന്നത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് പറയുന്നുണ്ട്. ഒഴുക്കിൽ പെട്ട് പോയേനെ ഇല്ലായിരുന്നെങ്കിൽ. ഏത് ഒഴുക്കിലും പിടിച്ചുനിൽക്കാൻ ശേഷിയുള്ള, ഒഴുക്കിനെതിരെ നീന്തിത്തുടിക്കാൻ കെല്പുള്ള ദേഹികളായതിനാൽ സുധീരഗാന്ധിയും ഹർത്താൽഗാന്ധി ഹസൻസായ്‌വും വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടെന്നാണ് റിപ്പോർട്ട്.
                   അറയ്ക്കൽപറമ്പിലെ ഗാന്ധി ആള് ചില്ലറക്കാരനല്ല. ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ്, പച്ചവെള്ളം ചവച്ചരച്ച് കുടിച്ച് , രഘുപതി രാഘവ പാടി കാലം കഴിക്കുന്ന ദേഹമാണ്. ലീഡർജി ഉണ്ടായ കാലത്തേ ഓ.സി ഗാന്ധിക്ക് പോലും സാധിക്കാത്ത നേട്ടം സാധിച്ചെടുത്ത ദേഹം. സ്വന്തം പേരിലൊരു ഗ്രൂപ്പ് എന്നത് ഓ.സി ഗാന്ധിയുടെ ചിരകാല സ്വപ്നമായിരുന്നു എന്നും അല്ലെന്നും ചില വർത്തമാനങ്ങളുണ്ട്. ലീഡറുണ്ടായ നാളിൽ സ്വന്തം പേരിലൊരു ഗ്രൂപ്പുണ്ടാക്കിക്കളിക്കാൻ തക്ക തണ്ടും ശേഷിയും കാര്യമായുണ്ടായിരുന്നു. അന്ന് ഉ ഗ്രൂപ്പുണ്ടാക്കിയാൽ പൊളിയുമെന്ന് കരുതിയാണോ എന്തോ, ഓ.സി ഗാന്ധിയും മുൻകൈയെടുത്താണ് എ ഗ്രൂപ്പ് കെട്ടിപ്പടുത്തതെന്നാണ് ഐതിഹ്യം.  ഏതായാലും സ്വന്തമായൊരു ഗ്രൂപ്പുണ്ടാക്കിക്കിട്ടിയതിലുള്ള സന്തോഷത്താൽ ആന്റണി ഗാന്ധി അറിയാതെ പറഞ്ഞത് 'ബഹുത്തച്ഛാ' എന്ന് മാത്രമായിരുന്നു.
                   അതല്ലെങ്കിലും അങ്ങനെയാണ്. സ്വാതന്ത്ര്യസമര കാലം തൊട്ട് അടിതടവുകൾ പഠിച്ച് ശീലിച്ച് വന്ന ലീഡർ തട്ടിന് മുട്ടില്ലാതെ പരുവത്തിലങ്ങനെ കഴിഞ്ഞ് പോകുന്നേരമല്ലേ എ ഗ്രൂപ്പ് വന്ന് ലീഡറെ 'ക്ഷ', 'ണ്ണ' വരപ്പിച്ചുകളഞ്ഞത്! 1995ൽ ലീഡറെ കിടത്തി മുഖ്യന്റെ കസേരയൊപ്പിക്കാൻ പെട്ട പാട് ആന്റണി ഗാന്ധിക്കേ അറിയൂ. അന്ന് ഡൽഹിയിൽ നിന്ന് രായ്ക്കുരാമാനം പറന്ന് കസേര അന്യംനിന്ന് പോകാതെ കാക്കാൻ പ്രത്യേകവിമാനം തന്നെ പിടിച്ചതാണ്. ആ വിമാനടിക്കറ്റിന്റെ കൂലി കിട്ടാക്കടമായി എയർഇന്ത്യ എഴുതിത്തള്ളാൻ നിർബന്ധിതമായെന്നാണ് കേൾവി.
                   ഇന്നതല്ല കാലം. ഓസി ഗാന്ധിയും സുധീരഗാന്ധിയും ചെന്നിത്തല ഗാന്ധിയുമെല്ലാം കൂടിയുള്ള കബഡികളിയാണ്. ഫേസ്ബുക്ക് വ്യാഘ്രങ്ങളാണെങ്കിൽ ഒരുവശത്തിരുന്ന് തിമിർക്കുന്നു. യദുകുല കാംബോജി പാടി സമയം തീർക്കാനാവില്ലെന്ന് കരുതിയാണ് ആന്റണിഗാന്ധി,  യാദവകുലം പോലെയാകല്ലേ അച്യുതാ എന്ന് പാടി സായൂജ്യമടഞ്ഞത്. അതും ഒരു ഉൾവിളിയാകുന്നു.
             

No comments:

Post a Comment