Friday, 6 July 2018

പോലീസിന്റെ തലപ്പത്ത് യോഗ്യർ വരട്ടെ

ഡി.ജി.പി നിയമനത്തിൽ അധികാരത്തിലിരിക്കുന്ന സർക്കാരിന്റെ ഇംഗിതം മാത്രം നോക്കിയാൽ പോരെന്ന സുപ്രീംകോടതി ഉത്തരവ് പൊലീസ് തലപ്പത്ത് എറാൻമൂളികളുടെ വിളയാട്ടത്തിന് അറുതിയാക്കുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. ഡി.ജി.പി നിയമനത്തിന് വ്യക്തമായ മാനദണ്ഡങ്ങൾ നിർണ്ണയിച്ച് പരമോന്നത കോടതി കഴിഞ്ഞദിവസം പുറപ്പെടുവിച്ച ഉത്തരവിൽ കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങൾക്കും എതിരഭിപ്രായമുണ്ടാവുക സ്വാഭാവികം മാത്രം. കേരളം ഇതിനെതിരെ നിലപാടെടുക്കുമെന്ന സൂചന വന്നുകഴിഞ്ഞു. വിധി പഠിച്ചശേഷം നിയമവിദഗ്ദ്ധരുടെ അഭിപ്രായം പരിഗണിച്ച് മേൽനടപടി സ്വീകരിക്കാനാണ് സർക്കാർ തയ്യാറെടുക്കുന്നത്. നിർദ്ദേശത്തോട് എതിർപ്പുള്ള സംസ്ഥാനങ്ങൾക്ക് കോടതിയെ സമീപിക്കാമെന്ന് വിധിന്യായത്തിൽത്തന്നെ പറയുന്നുണ്ട്.
പൊലീസ് മേധാവിയെ നിയമിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ള കടന്നുകയറ്റമായി സുപ്രീംകോടതി വിധിയെ കാണുന്നവരുണ്ട്. ഫെഡറൽ ഭരണസംവിധാനങ്ങളെ തകർക്കുന്ന തീരുമാനമാണിതെന്ന വ്യാഖ്യാനവുമുണ്ട്. എന്നാൽ ഡി.ജി.പി നിയമനം യു.പി. എസ്.സി യുടെ തീർപ്പിന് വിടണമെന്ന കോടതി ഉത്തരവ് നടപ്പാക്കിയാലും സംസ്ഥാനങ്ങളുടെ അധികാരാവകാശങ്ങൾ ഇല്ലാതാകുന്നതില്ലെന്ന യാഥാർത്ഥ്യം കാണാതെ പോകരുത്. ഡി.ജി.പിയായി നിയമനം ലഭിക്കാൻ അർഹതയുള്ളവരുടെ പട്ടിക യൂണിയൻ പബ്ളിക് സർവീസ് കമ്മിഷന് അയച്ചുകൊടുക്കേണ്ടത് സംസ്ഥാന സർക്കാർ തന്നെയാണ്. ഉദ്യോഗസ്ഥന്മാരുടെ യോഗ്യതകൾ സമഗ്രമായി വിലയിരുത്തി ഏറ്റവും യോഗ്യരെന്നു കണ്ടെത്തുന്ന മൂന്നുപേരുടെ പാനൽ യുപി.എസ്.സി സംസ്ഥാനത്തിന് നൽകും. അവരിൽ ഒരാളെ വേണം ഡി.ജി.പിയായി നിയമിക്കാൻ. നിയമനാധികാരം അപ്പോഴും സംസ്ഥാന സർക്കാരിന് തന്നെയാകും മറ്റെല്ലാ പരിഗണനകൾക്കുമുപരി സർക്കാരിന്റെ താളത്തിനൊത്ത് തുള്ളുന്നതയാളെ മാത്രം ഡി.ജി.പി യായി നിയമിക്കുന്ന പതിവ് സമ്പ്രദായം മേലിൽ നടക്കില്ലെന്നതാണ് എതിർപ്പിനുള്ള പ്രധാന കാരണം. പൊലീസ് സേനാ പരിഷ്കരണവുമായി ബന്ധപ്പെട്ട 2006 ലെ പ്രകാശ് സിംഗ് കേസിലെ സുപ്രീംകോടതി വിധിയിൽ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സമർപ്പിച്ചിരുന്ന ഹർജി തീർപ്പാക്കവെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് പൊലീസ് മേധാവികളുടെ നിയമനം യു.പി.എസിക്ക് വിട്ടുകൊണ്ടുള്ള സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വിധേയന്മാരെ മാത്രം പൊലീസ് മേധാവിയായി നിയമിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ ഉതകുന്നതാണ് പരമോന്നത കോടതിയുടെ ഇൗ തീരുമാനമെന്ന് ഉറപ്പിച്ചുപറയാനാകും. ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദ്ദേശങ്ങൾക്കുമുണ്ട് കൂടുതൽ വ്യക്തതയും സുതാര്യതയും നിലവിലുള്ള പൊലീസ് മേധാവിയുടെ വിരമിക്കൽ തീയതിക്ക് മുമ്പുതന്നെ സംസ്ഥാനങ്ങൾ ആസ്ഥാനത്തേക്ക് നിയമിക്കപ്പെടാൻ യോഗ്യതയുള്ള സീനിയർ ഐ.പി.എസുകാരുടെ പട്ടിക യു.പി.എസിക്ക് സമർപ്പിച്ചിരിക്കണം. സീനിയോറിട്ടിയും സർവീസ് ദൈർഘ്യവും പ്രവൃത്തിപരിചയവും പ്രാഗൽഭ്യവുമെല്ലാം വിലയിരുത്തിയാകും യു.പി.എസ്.സി പൊലീസ് മേധാവിയാകാൻ യോഗ്യതയുള്ള മൂന്നുപേരുടെ പട്ടിക സംസ്ഥാനങ്ങൾക്ക് നൽകുക. പൊലീസ് മേധാവിയായി നിയമനം നൽകുന്നയാൾക്ക് രണ്ടുവർഷമെങ്കിലും തൽസ്ഥാനത്ത് തുടരാൻ കഴിയണം. കുറഞ്ഞ സർവീസ് കാലം ശേഷിക്കുന്നവരെ ഇൗ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നാണ് ഇതിനർത്ഥം. ഇപ്പോൾ പരക്കെ കണ്ടുവരുന്ന താൽക്കാലിക ഡി.ജി.പി നിയമനവും മേലിൽ പാടില്ലെന്നും കോടതി നിഷ്‌കർഷിക്കുന്നുണ്ട്. 2006 ൽ ഡി.ജി.പി നിയമനം സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കോടതി പുറപ്പെടുവിച്ചെങ്കിലും അത് പാലിക്കാൻ ഇതുവരെ അഞ്ച് സംസ്ഥാനങ്ങൾ മാത്രമേ തയ്യാറായിട്ടുള്ളൂ. കേരളം ഉൾപ്പെടെ രണ്ട് ഡസനോളം സംസ്ഥാനങ്ങൾ ഡി.ജി.പി നിയമനത്തിൽ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു. സത്യസന്ധരും അർപ്പണബോധവും നീതിമാന്മാരുമായവർക്ക് പലപ്പോഴും പൊലീസ് മേധാവി പദം ലഭിക്കാതെ പോകുന്നതിന് കാരണവും ഇതാണ്. ഭരിക്കുന്ന പാർട്ടിക്ക് അനഭിമതനാകുന്ന ഉദ്യോഗസ്ഥന്മാരാകും തഴയപ്പെടുന്നത്. വിരമിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കവെ മേധാവിസ്ഥാനത്ത് നിയമനം നൽകുന്നതും അപൂർവ്വമല്ല. കസേരയിൽ ഉറച്ചിരിക്കുംമുമ്പേ പദവി ഒഴിയേണ്ടിവരുന്ന ഇത്തരക്കാർ പൊലീസ് സേനയ്ക്കോ ജനങ്ങൾക്കോ ഒരുവിധത്തിലുള്ള സേവനവും നൽകാറുമില്ല. മേധാവിയായി എത്തുന്നയാളിനെ ആശ്രയിച്ചാണ് പൊലീസിന്റെ പ്രതിച്ഛായ ഉയരുന്നതും താഴുന്നതുമെന്ന് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. സംസ്ഥാനത്തെ ക്രമസമാധാനനില ജനങ്ങൾ ആഗ്രഹിക്കുംവിധത്തിൽ ഭംഗപ്പെടാതെ മുന്നോട്ടുകൊണ്ടുപോകുന്നതിലും സമർത്ഥനും സത്യസന്ധനുമായ ഒരു പൊലീസ് മേധാവിക്ക് വലിയ പങ്കാണുള്ളത്. പൊതു സമൂഹത്തെ ക്ഷുഭിതമാക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിലും അവയുടെ അന്വേഷണത്തിലും പൊലീസ് സേനയുടെ തിളക്കമാർന്ന നേട്ടങ്ങൾക്ക് പിന്നിലുമെല്ലാം കാണാം സമർത്ഥനായ പൊലീസ് മേധാവിയുടെ കൈയൊപ്പ്. ഡി.ജി.പി നിയമനം യു.പി.എസ്.സിക്ക് വിട്ടാൽ പൊലീസിന്റെ മനോവീര്യം തകരുമെന്നും സംസ്ഥാനങ്ങളുടെ അധികാരം നഷ്ടപ്പെടുമെന്നും മറ്റും ആശങ്കപ്പെടുന്നവർ കോടതി മാനദണ്ഡം നേരത്തെ നടപ്പാക്കിക്കഴിഞ്ഞ സംസ്ഥാനങ്ങൾക്ക് ഇതുമൂലം കുഴപ്പം വല്ലതുമുണ്ടായോ എന്നുപരിശോധിക്കുന്നത് ആശാസ്യമായിരിക്കും. കോടതി നിർദ്ദേശങ്ങളിൽ അരുതാത്തവയായി എന്തെങ്കിലുമുള്ളതായി സാമാന്യബുദ്ധിയുള്ള ആർക്കും തോന്നുകയില്ല.

No comments:

Post a Comment