ആതുരസേവന രംഗത്ത് നിശബ്ദമായ വിപ്ലവം നടത്തുകയാണ് പ്രശസ്ത അസ്ഥിരോഗ വിദഗ്ദ്ധനായ ഡോ.വി. അനിൽകുമാർ. അപകടത്തിലൂടെയും തേയ്മാനത്തിലൂടെയും എല്ലിനുണ്ടാകുന്ന സ്ഥാനഭ്രംശത്തിനും മറ്റുക്ഷതങ്ങൾക്കും സങ്കീർണമായ ശസ്ത്രക്രിയയുടെ ഭാരിച്ച ചെലവ് ഒഴിവാക്കിയുള്ള ഡോക്ടറുടെ ചികിത്സാരീതിക്ക് ആഗോള തലത്തിൽ ഒട്ടേറെ അംഗീകാരം നേടിയെടുക്കാൻ ഇതിനകം കഴിഞ്ഞിട്ടുണ്ട്. ആതുരസേവനം സാധാരണക്കാരന് താങ്ങാനാകുന്ന രീതിയിൽ നടപ്പാക്കുന്നതിന് ഒന്നര പതിറ്റാണ്ടായി ഡോക്ടർ നടത്തുന്ന കഠിനമായ പരിശ്രമം ഇന്ന് യൂറോപ്യൻ, അമേരിക്കൻ രാജ്യങ്ങളിലെ ആതുര സേവന മേഖലയും ഏറ്റെടുത്തു കഴിഞ്ഞു.
1989ലാണ് കൊല്ലം വെളിയം പരുത്തിയറ സ്വദേശിയായ ഡോ.അനിൽകുമാർ ഷൊർണൂർ കുളപ്പുള്ളിയിലും ഒറ്റപ്പാലത്തുമായി പ്രാക്ടീസ് ആരംഭിക്കുന്നത്. സാധാരണക്കാരും നിർദ്ധനരുമായ രോഗികൾക്ക് എല്ലുരോഗ ശസ്ത്രക്രിയയ്ക്കുള്ള ഭീമമായ ചെലവ് താങ്ങാനാകാത്തതും പ്രദേശത്തെ ആശുപത്രികളിലെ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവുമാണ് ഡോക്ടറെ വേറിട്ട വഴി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.
19ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലംബോട്ടെ എന്ന എല്ലുരോഗ വിദഗ്ദ്ധൻ കൈത്തണ്ടയിലെ എല്ലുപൊട്ടൽ ചികിത്സയ്ക്കായി യൂറോപ്പിൽ തുടക്കം കുറിച്ച 'ക്ളോസ്ഡ് റിഡക്ഷൻ പെർക്യൂട്ടേനിയസ് ഫിക്സേഷൻ' എന്ന ചെലവ് കുറഞ്ഞ കീഹോൾ ശസ്ത്രക്രിയാ രീതിയാണ് കൂടുതൽ ഗവേഷണങ്ങളോടെ ഡോ. അനിൽകുമാർ മുൻകൈടുത്ത് വിജയകരമായി നടപ്പാക്കിയത്. അധികം പ്രായോഗികമല്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ വിലയിരുത്തി എഴുതിത്തള്ളിയ രീതിയാണ് ഡോക്ടറുടെ ശ്രമഫലമായി ചികിത്സാചെലവ് നാലിലൊന്നായി കുറച്ച് ഫലപ്രദമാക്കിയത്. കൈത്തണ്ടയിലെയും കാലിലെയും നീളമുള്ള എല്ലുകളിൽ ഈ രീതി ഏറ്റവും അനുയോജ്യമാണെന്ന് ഡോക്ടർ തെളിയിച്ച് കഴിഞ്ഞു. പ്ലാസ്റ്റർ ഇടുകയും മേജർ ശസ്ത്രക്രിയ നടത്തുകയും ചെയ്യുമ്പോൾ രോഗിയുടെ ആരോഗ്യം പൂർവ സ്ഥിതിയിലെത്താൻ ആറുമാസം മുതൽ ഒരു വർഷത്തിലധികം സമയം എടുക്കുമ്പോൾ ഡോക്ടറുടെ ചികിത്സാ രീതിയനുസരിച്ച് ഇതിന്റെ നാലിലൊന്ന് സമയം മാത്രം മതി.
നിലവിൽ 40,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വൻകിട ആശുപത്രികളിൽ മേജർ ശസ്ത്രക്രിയയ്ക്ക് ചെലവ് വരുന്നുണ്ട്. ഡോ.അനിൽകുമാറിന്റെ രീതിയിൽ ചെലവ് അഞ്ചിലൊന്നായി കുറയും. ഇത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറെ അനുഗ്രഹമാണ്. 5000ത്തിൽ അധികം ശസ്ത്രക്രിയയാണ് ഡോക്ടർ ഈ രീതി അവലംബിച്ച് വിജയകരമായി നടത്തിയത്. ഇതിൽ 900 എണ്ണവും കൈത്തണ്ടയിലാണെന്നതും ഏറെ ശ്രദ്ധേയമാണ്. സി ആം ടെലിസ്ക്രീൻ സഹായമില്ലാതെ സ്പർശനത്തിലൂടെ 18 വർഷത്തോളം ഈ മൈനർ ശസ്ത്രക്രിയ ചെയ്ത ഡോ. അനിൽകുമാർ, പുതിയ ഡോക്ടർമാർക്കായി ഒരു കെ വയർ ജിഗ് സ്വയം വികസിപ്പിച്ചെടുത്തു. ഇതുപയോഗിച്ച് ഡോക്ടർമാർക്ക് എളുപ്പത്തിൽ സി ആം സഹായത്തോടെ ശസ്ത്രക്രിയ ചെയ്യാം. റൂഫ് കോൺക്രീറ്റ് ചെയ്യുമ്പോൾ സ്റ്റീൽ കമ്പികൾ പരസ്പരം കൂട്ടിക്കെട്ടി കോൺക്രീറ്റ് മിക്സ് താങ്ങി നിറുത്തുന്നത് പോലെ ഒന്നര മില്ലി മീറ്റർ വ്യാസമുള്ള സ്റ്റീൽ കമ്പികൾ പൊട്ടിയ എല്ലുകൾക്കുളളിലേക്ക് തൊലി കീറാതെ തന്നെ വ്യത്യസ്ത കോണുകളിലൂടെ കടത്തിവിട്ട് തമ്മിൽ ക്രോസ് ചെയ്യിപ്പിച്ച് ബാഹ്യസമ്മർദ്ദങ്ങളെ നേരിട്ട് പൊട്ടിയതും പൊടിഞ്ഞതുമായ എല്ലുകൾ പൂർവ സ്ഥിതിയിലാകാനുള്ള സാഹചര്യം ഉണ്ടാക്കുന്നു. എല്ല് പൂർവ സ്ഥിതിയിലായാൽ ആഴ്ചകൾക്കകം കമ്പി ഊരി മാറ്റാം. പൊട്ടലുള്ള ഭാഗം മാത്രം മരവിപ്പിച്ചശേഷം നടത്തുന്ന ഈ മൈനർ ശസ്ത്രക്രിയയിൽ വലിയ മുറിവുകളുണ്ടാകുകയോ തുന്നലിടുകയോ ചെയ്യേണ്ടതില്ല. പുറമേ കൊടുക്കുന്ന സപ്പോർട്ടും കുറയ്ക്കാം. ഈ രീതിയിൽ എല്ലുകൾ കൂട്ടി യോജിപ്പിച്ച് കഴിഞ്ഞാൽ പിറ്റേന്ന് മുതൽ തന്നെ രോഗിക്ക് അത്യാവശ്യ കാര്യങ്ങൾ ചെയ്യാം. തൊലി കീറിയുള്ള ശസ്ത്രക്രിയയിലൂടെ സ്ഥാപിക്കുന്ന പ്ളേറ്റുകളും കമ്പികളും ഊരി മാറ്റാൻ രണ്ടുവർഷം വരെ കാലതാമസമുണ്ടാകും. ഏറെ നാൾ വിശ്രമവും വേണം.
ഡോക്ടറുടെ രീതിയിൽ കായികമായി അദ്ധ്വാനിക്കുന്നവർക്ക് മൂന്നുമാസത്തിനുള്ളിൽ ജോലി തുടങ്ങാം. ആറുമാസത്തിനുള്ളിൽ പൂർവസ്ഥിതിയിൽ ബലവും തിരിച്ചുകിട്ടും, പഴയ പോലെ അദ്ധ്വാനിക്കാനുമാകും. ഇതിൽ ഡോക്ടർക്ക് ഏറ്റവും സന്തോഷം നൽകുന്ന അനുഭവം ഈ ചികിത്സാ രീതി അവലംബിച്ച് അഞ്ചോളം വിദ്യാർത്ഥികൾക്ക് എല്ലുപൊട്ടിയതിന്റെ പിറ്റേന്ന് പരീക്ഷയെഴുതാൻ കഴിഞ്ഞതാണ്. പൊട്ടിയ എല്ലിന് ചുറ്റും നീർക്കെട്ടുണ്ടെങ്കിൽ, ദിവസങ്ങൾ കാത്തുനിന്നാണ് തൊലി കീറിയുള്ള ശസ്ത്രകിയ ചെയ്യുന്നതെങ്കിൽ, ഡോക്ടറുടെ രീതിയിൽ വേദന സഹിച്ച് കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കാം. പ്രായമേറിയവർക്ക് ഏറെ അനുയോജ്യമാണ് ഈ രീതി. സങ്കീർണത കുറയും. എത്ര പൊടിഞ്ഞ എല്ലായാലും ഉറപ്പിക്കാം.
ഒറ്റപ്പാലത്തെ ആദ്യകാല ഡോക്ടറായ ഡോ.കേശവമേനോൻ സ്ഥാപിച്ച ഏഴുമുറി ആശുപത്രി എന്നറിയപ്പെടുന്ന സെമാൽക് ആശുപത്രിയിലെ എല്ലുരോഗ വിദഗ്ദ്ധനാണ് ഡോ.വി.അനിൽകുമാർ. ''ഡോ. കേശവമേനോൻ ഒരു ചാരിറ്റബിൾ ട്രസ്റ്റ് ആശുപത്രിയായാണ് ഇതു തുടങ്ങിയത്. അദ്ദേഹത്തിന് രോഗികളുമായുണ്ടായിരുന്ന ആഴത്തിലുള്ള ബന്ധവും ജനകീയതയും ചികിത്സാ നൈപുണ്യവുമാണ് ആതുര സേവനം സാധാരണക്കാരന് സാമ്പത്തിക ബാദ്ധ്യതയാകാതെ ചികിത്സാ സംവിധാനമൊരുക്കാൻ പ്രേരിപ്പിച്ചത്.'' ഡോക്ടർ അനിൽകുമാർ പറയുന്നു.
''1989ൽ സെമാൽകിൽ പ്രാക്ടീസ് തുടങ്ങിയെങ്കിലും ഇതിനിടെ ഏഴുവർഷം സർക്കാർ സർവീസിലേക്ക് പോയി. പിന്നീട് രണ്ടുപതിറ്റാണ്ടിലധികമായി വീണ്ടും സെമാൽകിൽ. അക്കാലത്ത് താലൂക്ക് ആശുപത്രിയിൽ പരിമിതമായ ചികിത്സ മാത്രമേ നടന്നിരുന്നുള്ളൂ. മൈനർ ഓപ്പറേഷന് പോലും സംവിധാനമുണ്ടായിരുന്നില്ല. റഫർ ചെയ്യുന്നവർക്ക് തൃശൂരിലേയോ കോഴിക്കോട്ടേയോ മെഡിക്കൽ കോളേജ് മാത്രമാണ് ആശ്രയം. ഇവിടേക്ക് പോകാൻ വണ്ടിക്കൂലിക്ക് പോലും കാശില്ലാത്ത ഒട്ടേറെ മുഖങ്ങൾ കണ്ടിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ചെലവ് കുറച്ച് ഇവിടെ തന്നെ മികച്ച ചികിത്സ നൽകാൻ എങ്ങിനെ കഴിയുമെന്ന് ചിന്തിച്ചു. തുടർന്നാണ് ക്ളോസ്ഡ് റിഡക്ഷൻ പെർക്യൂട്ടേനിയസ് ഫിക്സേഷൻ രീതിയിൽ ആഴത്തിലുള്ള ഗവേഷണം നടത്തി മാറ്റങ്ങൾ നടപ്പാക്കാൻ തുടക്കമിട്ടത്. 1999ൽ ഇതിനായുള്ള ഗവേഷണം തുടങ്ങി. കേരള ഓർത്തോപീഡിക് അസോസിയേഷനിൽ 2004ൽ ഇതുസംബന്ധിച്ച് പ്രബന്ധം അവതരിപ്പിച്ചപ്പോൾ ആദ്യമായി പുറംലോകത്തെ അറിയിച്ചത് കേരളകൗമുദിയായിരുന്നു.''
നിരവധി ദേശീയ, അന്താരാഷ്ട്ര അംഗീകാരങ്ങൾ ഡോ. അനിൽകുമാറിന്റെ ചികിത്സാ രീതിയെ തേടിയെത്തിയിട്ടുണ്ട്. 2016ൽ തൃശൂരിൽ നടന്ന കേരള ഓർത്തോപീഡിക് അസോസിയേഷൻ ഗോൾഡ് മെഡൽ മത്സരത്തിൽ തിരഞ്ഞെടുത്ത ആറുപ്രബന്ധങ്ങളിൽ ഒന്ന് ഡോക്ടറുടേതാണ്. ഇതേ വർഷം തന്നെ സിംഗപ്പൂരിലെ അന്താരാഷ്ട്ര ഓർത്തോ കോൺഫറൻസിലും പ്രബന്ധം അവതരിപ്പിച്ച് ഏറെ പ്രശംസ നേടി. 2017ൽ അമേരിക്കയിലെ ചിക്കാഗോയിലെ ഓർത്തോപീഡിക് ആന്റ് റൂമറ്റോളജി കോൺഫറൻസിലും മികച്ച അംഗീകാരം ലഭിച്ചിരുന്നു. തുടർന്ന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നടന്ന ഇന്റർ നാഷണൽ സൊസൈറ്റി ഓഫ് ഓർത്തോപീഡിക് ആന്റ് ട്രുമെറ്റോളജി (ടകഇഛഠ) വേൾഡ് കോൺഗ്രസിലും ശ്രദ്ധേയനായി.
ഈ വർഷം തുർക്കിയിൽ നടന്ന ഏഷ്യാ പസഫിക് ഓർത്തോ കോൺഫറൻസിലും ഡോക്ടറുടെ ചികിത്സാ രീതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. രാജസ്ഥാനിൽ നടന്ന ഓൾ ഇന്ത്യ ഓർത്തോ അക്കാഡമിഷ്യ കോൺഫറൻസിൽ രാജ്യത്തെ പ്രശസ്ത ഓർത്തോ സർജന്മാർക്കൊപ്പം റിസോഴ്സ് പേഴ്സണായി പങ്കെടുത്തു. അമേരിക്കൻ സൊസൈറ്റി ഫോർ സർജറി ഒഫ് ദ ഹാന്റിന്റെയും സിങ്കപ്പൂർ സൊസൈറ്റി ഫോർ ഹാന്റ് സർജറിയുടെയും സംയുക്താഭിമുഖ്യത്തിൽ 2018 ജനുവരി 25 മുതൽ 27 വരെ സിംഗപ്പൂരിൽ നടന്ന കോൺഫറൻസിൽ മൂന്നാമത്തെ മികച്ച പ്രബന്ധമായി തിരഞ്ഞെടുത്തു.
ഈ വർഷം സെപ്തംബറിൽ യു.എ.ഇയിലും സ്പെയിനിലും നവംബറിൽ നെതർലന്റിലും നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസുകളിലേക്കും ഇംഗ്ലണ്ടിലെ ബർമ്മിംഗ് ഹാമിൽ നടക്കുന്ന ബ്രിട്ടീഷ് ഓർത്തോപീഡിക് അസോസിയേഷൻ ആനുവൽ കോൺഗ്രസ് 2018ലേക്കും ഡോ. വി.അനിൽകുമാറിന് ക്ഷണം ലഭിച്ചിട്ടുണ്ട്.
കുട്ടിക്കാലത്ത് എൻജിനീയർ ആകാൻ ആഗ്രഹിച്ച ഡോ.അനിൽകുമാർ, തന്റെ ഇഷ്ടവിഷയമായ ഫിസിക്സിലെ ഫോഴ്സ് ന്യൂട്രലൈസേഷൻ ടെക്നിക്കിലൂടെ തന്നെ നൂതന ശസ്ത്രക്രിയ രീതി ആവിഷ്കരിക്കാൻ കഴിഞ്ഞതിൽ കൃതാർത്ഥനാണ്. പല ഓർത്തോ മെഡിക്കൽ മാഗസിനുകളിലും പ്രസിദ്ധീകരിച്ച തന്റെ പ്രബന്ധം പുസ്തകമാക്കി മെഡിക്കൽ ഗവേഷണ വിദ്യാർത്ഥികൾക്ക് ഒരു മുതൽക്കൂട്ടാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.
1999 മുതൽ 12 വർഷം എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഷൊർണൂരിലെ ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആർ.ഡി.സി ചെയർമാൻ എന്നീ നിലകളിലും ഡോ.വി.അനിൽകുമാർ സ്തുത്യർഹമായ സേവനം കാഴ്ചവെച്ചു. ആറുവർഷം എസ്.എൻ.ഡി.പി യോഗം ഒറ്റപ്പാലം യൂണിയൻ പ്രസിഡന്റുമായിരുന്നു. ഇക്കാലയളവിൽ ഷൊർണൂരിലെ എസ്.എൻ ട്രസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ചയ്ക്കുതകുന്ന ഒട്ടേറെ പ്രവർത്തനങ്ങളും അദ്ദേഹം കാഴ്ചവച്ചു. കുളപ്പുള്ളിയിൽ കൈയേറിക്കിടന്നിരുന്ന ട്രസ്റ്റിന്റെ സ്ഥലം വീണ്ടെടുത്തു. 2000ൽ സി.ബി.എസ്.ഇ, സംസ്ഥാന സിലബസുകളിലായി രണ്ട് സ്കൂളുകൾ സ്ഥാപിച്ചു. മൂന്നുവർഷം കൊണ്ട് സി.ബി.എസ്.ഇ അംഗീകാരം സ്കൂളിന് നേടിയെടുക്കാനായി.
കൊല്ലം വെളിയം പരുത്തിയറ തുളസീ ഭവനിൽ വിദ്യാധരൻ തുളസീഭായ് ദമ്പതികളുടെ മകനാണ് ഡോ.വി.അനിൽകുമാർ. രണ്ട് സഹോദരിമാരും ഒരു സഹോദരനുമടങ്ങുന്ന കുടുംബം. ഓടനാവട്ടം ഹൈസ്കൂളിലും കൊല്ലം എസ്.എൻ കോളേജിലുമായി പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഷൊർണൂർ കുളപ്പുള്ളിയിൽ 'പ്രയാഗ'യിലാണ് ഡോക്ടറും കുടുംബവും താമസിക്കുന്നത്. ഷൊർണൂർ എസ്.എൻ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.ശകുന്തളയാണ് ഭാര്യ. മൂന്നുമക്കളിൽ രണ്ട് ആൺമക്കൾ അച്ഛന്റെ പാത തന്നെ പിന്തുടർന്നു. മൂത്തമകൻ അനിൽ ഗിരിധർ തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കി. രണ്ടാമൻ അനിൽ ഗോവിന്ദ് മഹാരാഷ്ട്രയിൽ എം.ബി.ബി.എസ് വിദ്യാർത്ഥി. മകൾ വന്ദനയും ഭർത്താവ് അഭിലാഷും ഡൽഹിയിൽ എൻജിനീയർമാരാണ്.
No comments:
Post a Comment