Saturday, 9 August 2025

നഗരത്തിലെ നരകമായി പോളയത്തോട് ശ്മശാനം

കൊല്ലം:കൊല്ലം നഗരത്തിലെ നരകമായി പോളയത്തോട് ശ്മശാനം സംസ്കാരം നടത്തുന്നത് പോലും മൃതദേഹങ്ങ
ളോട് അനാധരവ്
 @പോളയത്തോട് ശ്മശാനത്തിൽ സംസ്കാരം നടക്കുന്ന ഷെഡ്
@ സംസ്കാര ചടങ്ങുകൾക്ക് ശുദ്ധജലമില്ല
@ബന്ധുജനങ്ങൾക്ക് വിശ്രമ സൗകര്യമില്ല
@ഗ്യാസ് ക്രിമിറ്റോറിയം നോക്കുകുത്തി
@ സംസ്കാരം പരമ്പാരഗത ശൈലിയിൽ
@ ശുദ്ധജലത്തിന് പരക്കംപായണം
@ കിണർ ശുചീകരിച്ചിട്ട് നാളേറെയായി
@ കുടിവെള്ള ടാപ്പും പരക്കെ പണിമുടക്കും

കൊല്ലം: നഗരസഭയുടെ തുടർച്ചയായ അവഗണനയിൽ നഗരത്തിലെ നരകമായി മാറുകയാണ് പോളയത്തോട് ശ്മശാനം. മൃതദേഹവുമായി എത്തുന്നവർ ഉറ്റവരുടെ വേർപാടിനേക്കാൾ വലിയ വേദനയുമായാണ് സംസ്കാരം കഴിഞ്ഞു ഇവിടെ നിന്ന് മടങ്ങുന്നത്. ലക്ഷങ്ങൾ ചെലവിട്ട് സ്ഥാപിച്ച ഗ്യാസ് ക്രിമിറ്റോറിയം നോക്കുകുത്തിയായിട്ട് വർഷങ്ങളായി.
ഇപ്പോൾ  ഷെഡുകളിലായി പരമ്പരാഗത ശൈലിയിലാണ് സംസ്കാരം നടക്കുന്നത്. ഒരു ചിത അണയും മുൻപേയാണ് തൊട്ടടുത്ത് അടുത്ത സംസ്കാരം നടക്കുന്നത്. സമീപത്തെ അണയാത്ത ചിതയിൽ നിന്നും ഉയരുന്ന തീയും ചൂടുമേറ്റും ചാരത്തിൽ ചവിട്ടിയുമാണ് ബന്ധുജനങ്ങൾ ഉറ്റവരുടെ സംസ്കാര ക്രിയകൾ ചെയ്യുന്നത്. ചടങ്ങുകളുടെ ഭാഗമായുള്ള കുടം ഉടയ്ക്കാനുള്ള ശുദ്ധജലം ബന്ധുക്കൾ വീട്ടിൽ നിന്ന് കൊണ്ടുവരേണ്ട അവസ്ഥയാണ്. ശ്മശാനം വളപ്പിലെ കിണർ ശുചീകരിച്ചിട്ട് വർഷങ്ങളായി. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള ടാപ്പുണ്ടെങ്കിലും വെള്ളം വലപ്പോഴുമേ വെള്ളം കാണൂ. ഇങ്ങനെ നീളുന്നു പ്രശ്നങ്ങൾ. സംസ്കാര ചടങ്ങുകൾക്ക് എത്തുന്നവർക്ക്  വെയിലും മഴയും എൽക്കാതിരിക്കാനുള്ള സംവിധാനങ്ങൾ പോലും നഗരസഭയ്ക്ക് സജ്ജമാക്കാനായിട്ടില്ല. 

@ മനുഷ്യനും മൃഗത്തിനും ഒരേയിടം

ഹൈന്ദവ വിശ്വാസ പ്രകാരം അച്ഛനമ്മമാർ ജീവിച്ചിരിക്കെ മരണമടയുന്നവരെ ദഹിപ്പിക്കുന്നതിന് പകരം മണ്ണിൽ അടക്കം ചെയ്യുകയാണ് പതിവ്. ഇത്തരം സംസ്കാരവും റോഡരികിൽ ചത്ത് കിടക്കുന്ന മൃഗങ്ങളെ കുഴിച്ചിടുന്നതും പോളയത്തോട് ശ്മശാനത്തിൽ ഒരേ സ്ഥലത്താണ്. എതിർപ്പുയർന്നതിനെ തുടർന്ന് ഇടയ്ക്ക് മൃഗങ്ങളെ മാറ്റിക്കുഴിച്ചിട്ടിരുന്നു. എന്നാൽ ഇപ്പോൾ നഗരസഭാ ജീവനക്കാർ തോന്നുന്നിടത്താണ് മൃഗങ്ങളെയും സംസ്കരിക്കുന്നത്.

@ നൂറ്റാണ്ടുകളുടെ ചരിത്രം

ഏകദേശം മൂന്നൂറ് വർഷത്തിലേറെ പഴക്കമുള്ളതാണ് പോളയത്തോട് ശ്മശാനം. വാണിജ്യത്തിനായി ഇവിടെ വന്ന് മരണപ്പെടുന്ന ഊരും പേരുമറിയാത്തവരെയാണ് അക്കാലത്ത് ഇവിടെ സംസ്കരിച്ചിരുന്നത്. വേലുത്തമ്പിയുടെ ഭരണകാലത്ത് കന്റോൺമെന്റ് മൈതാനത്ത് തമ്പടിച്ചിരുന്ന ബ്രിട്ടീഷ് പട്ടാളത്തിലെ ഹിന്ദുമത വിശ്വാസികളെ ഇവിടെയാണ് സംസ്കരിച്ചത്. പിന്നീട് മുനിസിപ്പാലിറ്റി ശ്മശാനം ഏറ്റെടുത്ത് ചുറ്റുമതിലും ചില കെട്ടിടങ്ങളും നിർമ്മിച്ചതല്ലാതെ കാലത്തിനൊത്ത ഒരുമാറ്റവും ഇവിടെ ഉണ്ടായിട്ടില്ല.

@ ഗ്യാസ് ക്രിമറ്റോറിയങ്ങളും ചരമഗീതം മുഴക്കി

@ പോളയത്തോട് ശ്മശാനത്തിൽ
 2008ലും 2010ലും ഗ്യാസ് ക്രിമറ്റോറിയങ്ങൾ സ്ഥാപിച്ചു

 ലക്ഷങ്ങൾ ചെലവിട്ട് സ്ഥാപിച്ച ഇലക്ട്രിക് ക്രിമറ്റോറിയം പോലെ പോളയത്തോട് ശ്മശാനത്തിൽ സ്ഥാപിച്ച രണ്ട് ഗ്യാസ് ഫർണസുകളും ദിവസങ്ങൾക്കുള്ളിൽ കട്ടപ്പുറത്തായി. കമ്മിഷൻ ലക്ഷ്യമിട്ട് ഫർണസിന് ഉണ്ടായിരിക്കേണ്ട മേന്മകൾ കരാർ ഉറപ്പിച്ചപ്പോൾ അവഗണിച്ചതാണ് ഇവയേയും അകാല ചരമത്തിലേക്ക് നയിച്ചത്. ഇലക്ട്രിക് ക്രിമറ്റോറിയം ഉപേക്ഷിച്ച് 2000ലാണ്
 നഗരസഭ ശ്മശാനത്തിൽ ഗ്യാസ് ക്രിമറ്റോറിയം സ്ഥാപിക്കാൻ തീരുമാനിച്ചത്. തുടർന്നാണ്
ഇതിനായി ആചാരങ്ങൾക്ക് വിരുദ്ധമായി നിർമ്മിച്ച കെട്ടിടത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് മാറ്റങ്ങൾ വരുത്തി. 2006ൽ ടെണ്ടർ നടപടി തുടങ്ങി. ഒരു വർഷം ഗ്യാരണ്ടി, ചൂടിനെ പ്രതിരോധിക്കാൻ ശേഷിയുള്ള സ്റ്റെയിൻലസ് സ്റ്റീൽ കൊണ്ടുള്ള ഉപകരണങ്ങൾ എന്നീ നിസാര മേന്മമകൾ മാത്രമേ മുന്നോട്ടു വച്ചുള്ളൂ. ലഭിച്ച ആറ് ടെണ്ടറുകളിൽ കുറഞ്ഞ നിരക്ക് മുന്നോട്ടു വച്ച സർക്കാർ നിയന്ത്രണത്തിലുള്ള റെയ്ഡ്കോയേയും കെൽട്രോണിനെയും അവഗണിച്ച് ഹൈടെക്ക് എന്ന സ്വകാര്യ ഏജൻസിയുമായി 14.70 ലക്ഷത്തിന് കരാർ ഉറപ്പിച്ച് 2008ൽ നിർമ്മാണം പൂർത്തീകരിച്ചു. എന്നാൽ സ്റ്റെയിൻലെസ് സ്റ്റീലിന് പകരം കുറഞ്ഞ സ്റ്റീലാണ് ഉപയോഗിച്ചത്. ഇത് മൂലം 3.10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഓഡിറ്റിൽ കണ്ടെത്തിയിരുന്നു.
ഒരു മൃതദേഹം ദഹിപ്പിക്കാൻ 45 മിനിറ്റും 10 മുതൽ 12 കിലോ ഗ്യാസും മതിയെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. എന്നാൽ 3 മണിക്കൂറും 16 കിലോ ഗ്യാസും ഇതിനായി വേണ്ടി വന്നു. ഒരു മണിക്കൂറിനുള്ളിൽ ചിതാഭസ്മം ലഭിക്കേണ്ടിടത്ത് ഫർണസ് തണുത്ത് അടുത്ത സംസ്കാരത്തിന് സജ്ജമാകാൻ 14 മണിക്കൂറെടുത്തു. ഒരു ദിവസം അഞ്ച് മൃതദേഹം ദഹിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിടത്ത് ഒരെണ്ണം പോലും നടക്കാതെയായി. ഇതിന് പുറമെ ക്രിമറ്രോറിയത്തിനുള്ളിലെ വായു സമ്മർദ്ദം വർദ്ധിപ്പിക്കാനും പുക പുറന്തള്ളാനും കൂടുതൽ വൈദ്യുതി ആവശ്യമായി വന്നു. പരീക്ഷണാർത്ഥം പ്രവർത്തിക്കവെ വൈദ്യുതി നിലച്ചപ്പോൾ പരിസരത്താകെ അസഹ്യമായ ദുർഗന്ധമുള്ള പുക വ്യാപിച്ചു. സമീപവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അഞ്ചരലക്ഷം രൂപ ചെലവിൽ ജനറേറ്റർ സ്ഥാപിച്ചെങ്കിലും വൈകാതെ ഗ്യാസ് ക്രിമറ്റോറിയം നിശ്ചലമായി.

2010ൽ വീണ്ടുമൊരു ഗ്യാസ് ഫർണസ് കൂടി സ്ഥാപിച്ചെങ്കിലും ജനറേറ്റർ ഇടയ്ക്കിടെ പണിമുടക്കി സംസ്കാരം പാതിവഴിയിൽ മുടങ്ങിയതോടെ പ്രവർത്തനം നിലച്ചു. പുകക്കുഴലിന് ആവശ്യമായ ഉയരമില്ലാത്തതിനാൽ ദുർഗന്ധം വ്യാപിക്കുക പതിവായി. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച ഈ രണ്ട് ഗ്യാസ് ഫർണസുകളിലായി കഷ്ടിച്ച് 500 മൃതദേഹം പോലും സംസ്കരിക്കാനായിട്ടില്ല. പിന്നീട് വന്ന ഭരണസമിതികൾ അറ്റകുറ്റപ്പണി നടത്താനും തയ്യാറായിട്ടില്ല.

@ മൃതദേഹങ്ങൾക്ക് മേൽ കട്ടകൾ പതിച്ചു

ആദ്യ ഗ്യാസ് ക്രിമറ്രോറിയം പരീക്ഷണാർത്ഥം പ്രവർത്തിക്കവെ ഒരുനാൾ സംസ്കാരത്തിനിടയിൽ വലിയ ശബ്ദമുണ്ടായി. സ്ഥത്തുണ്ടായിരുന്ന കൗൺസിലർ അടക്കമുള്ള ബന്ധുക്കൾ ഫർണസ് തുറക്കണമെന്ന് ആവശ്യപ്പെട്ടു. നടത്തിപ്പുകാർ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് തുറന്നപ്പോൾ മൃതദേഹത്തിന്റെ നെഞ്ചിൽ ഫർണസിന്റെ കട്ടകൾ ഇളകി വീണ നിലയിലായിരുന്നു. വീണ്ടും സമാനമായ സംഭവം ആവർത്തിച്ചതോടെയാണ് ആദ്യ ഗ്യാസ് ക്രിമറ്റോറിയത്തിന്റെ പ്രവർത്തനം നിലച്ചത്.

No comments:

Post a Comment