ഏറ്റുമാനൂർ ക്ഷേത്രം അഗ്നിക്കിരയായ ശേഷം 1542 കുംഭം 20ന് തെക്കുംകൂർ രാജാവായിരുന്ന ആദിത്യൻ വർമ്മൻ മണികണ്ഠന്റെ കാലത്ത് അനുഞ്ജവാങ്ങി പണി ആരംഭിക്കുകയും 1546 മീനം ഇരുപതിന് പണി പൂർത്തിയാക്കി കുംഭാഭിഷേകം നടത്തുകയും ചെയ്തു.
പുന:പ്രതിഷ്ഠ കഴിഞ്ഞ് നാലാം കലശ ദിവസം പടിഞ്ഞാറെ നടയിൽ ഊരാൺമക്കാരായ നമ്പൂതിരിമാർ സഭ കൂടി ഇരുന്ന സമയം ഒരു വൃദ്ദൻ അതുവഴി വരികയും തന്റെ കയ്യിലുള്ള വിളക്ക് കാണിച്ചിട്ട് ഇത് ഇവിടുത്തേയ്ക്ക് എടുക്കണം പകരമായി പണ്ടമോ പണമോ ഇന്നത്തേയ്ക്കുള്ള ആഹാരമോ തരണമെന്ന് നമ്പൂതിരിമാരോട് പറഞ്ഞു.
ഈ വിളക്ക് ആര് നടയിൽ തൂക്കും?ഒഴിക്കാനുള്ള എണ്ണ ആര് കൊണ്ടുവരും ആര് കത്തിക്കും എന്ന് ഊരായ്മ്മക്കാർ വൃദ്ദനോട് തിരിച്ച് ചോദിച്ചു.ഭഗവാൻ വിചാരിച്ചാൽ വിളക്ക് താനേ കത്തിയേക്കുമെന്ന് വൃദ്ദൻ പറഞ്ഞതായി കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയിരിക്കുന്നു.വിളക്ക് ഇവിടെ വേണ്ട എന്ന് നമ്പൂതിരിമാർ അശേഷം പറഞ്ഞു.വിളക്ക് പടിഞ്ഞാറെ നടയ്ക്ക് പുറത്ത് സമർപ്പിച്ചിട്ട് വൃദ്ദൻ വ്യസനത്തോടെ മടങ്ങി.അൽപ്പസമയത്തിനുള്ളിൽ ഊരാൺമക്കാരിലൊരാൾ ബാധകേറിയതുപോലെ ഉറഞ്ഞുതുള്ളി ബലിക്കൽപുരയിലേക്ക് ഓടി ഈ വിളക്ക് ഉടൻ കത്തിക്കണം എന്ന് പറഞ്ഞു.എണ്ണയും തിരിയും ഇട്ടപ്പോഴേക്കും അതിഭയങ്കരമായ ഇടിമിന്നൽ ഉണ്ടാവുകയും ഏറ്റുമാനൂരപ്പന്റെ കൃപാകടാക്ഷത്താൽ വിളക്ക് താനെ കത്തിയെന്നുമാണ് വിശ്വാസം.അന്ന് ജ്വലിച്ച വിളക്ക് ഇപ്പോഴും കെടാവിളക്കായി ബലിക്കല്ലിനുമുന്നിൽ അഭംഗുരം ജ്വലിച്ച് നിൽക്കുന്നു.ഭഗവാന് ഇഷ്ടവഴിപാടാണ് വലിയവിളക്കിൽ എണ്ണ ഒഴിക്കുക എന്നത്.ഭക്തർ ഒഴിക്കുന്ന എണ്ണ എപ്പോഴും തുളുമ്പിക്കൊണ്ടിരിക്കുന്നു.ഇത് ബലിക്കൽപുരയുടെ ഇടതു ഭാഗത്തെ അണ്ടർഗ്രൗണ്ട് ടാങ്കിൽ ശേഖരിക്കപ്പെടുന്നു.കോട്ടയം ജില്ലയിലെ മറ്റു ക്ഷേത്രങ്ങളിലേക്ക് നിത്യനിദാനത്തിനും ഉൽസവാദി അടിയന്തിരങ്ങൾക്കും ഈ എണ്ണ ഉപയോഗിച്ച് വരുന്നു.
ഓം നമ: ശിവായ 🙏
No comments:
Post a Comment