Wednesday, 20 August 2025

കായികമേളകളുടെ ഭാഗമായി കൈയ്യിൽ നിന്ന് ചിലവായ തുക ലഭിക്കാതെ കായിക അദ്ധ്യാപകർ,

കൊല്ലം: കായികമേളകളുടെ ഭാഗമായി കൈയ്യിൽ നിന്ന് ചിലവായ തുക ലഭിക്കാതെ കായിക അദ്ധ്യാപകർ. കൊല്ലം ജില്ലയിലെ അദ്ധ്യാപകർക്ക്  മാത്രം ലക്ഷകണക്കിന് രൂപ കുടിശ്ശികയായിട്ടുണ്ട് എന്ന് കായിക അധ്യാപകർ പറയുന്നു 
കുടിശ്ശിക ലഭിക്കാൻ ഡി ഡി ഇ ഓഫിസുകൾ കയറിയിങ്ങുകയാണ് കായിക അദ്ധ്യാപകർ. സംസ്ഥാനത്തെ മുപ്പതോളം വരുന്ന റവന്യൂ ജില്ലാ സെക്രട്ടറിമാരായ കായിക അദ്ധ്യാപകർക്കാണ് ഈ ദുരവസ്ഥ. സംസ്ഥാനത്തെ പത്ത് റവന്യൂ ജില്ലകളിലെ കായിക അദ്ധ്യാപകർക്ക് ലഭിക്കാനുള്ളത് 70 ലക്ഷത്തോളം രൂപയാണ്. കഴിഞ്ഞ മൂന്നു വർഷത്തെ കായികമേളകൾ നടത്തിയതിന്റെ മാത്രം കുടിശികയാണിത്.
അതാത് ജില്ലകളിലെ ഡി ഡി ഇമാരും കായിക അദ്ധ്യാപകരിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒരു റവന്യൂ സെക്രട്ടറിയുമാണ് ഒരു അക്കാഡമിക് ഇയറിലെ മുഴുവൻ കായിക മത്സരങ്ങളും സംഘടിപ്പിക്കുന്നത്. സബ് ജില്ല മുതൽ സംസ്ഥാന തലം വരെയുക്ല മേളകൾ സംഘടിപ്പിക്കണം. ഇതിന് വലിയ തുക ചെലവുണ്ട്, സാധാരണ ശാസ്ത്രമേള, കലാമേള, കായികമേള എന്നിവയുടെ നടത്തിപ്പിന് സ്‌കൂളിലെ കുട്ടികളും അദ്ധ്യാപകരും നിശ്ചിത തുക നൽകും, ബാക്കി സർക്കാരും നൽകും. എന്നാൽ കായികമേളകൾ വരുമ്പോൾ ഇത് കായിക അദ്ധ്യാപകരുടെ മാത്രം ചുമതലയാവുകയാണ്.
കലാ,ശാസ്ത്രമേളകൾ  അദ്ധ്യാപക സംഘടനകൾ ഒരുമിച്ച് നടത്തുമ്പോൾ കായികമേളയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കായിക അദ്ധ്യാപകൻ തനിച്ച് തന്നെ ചെയ്യണം. കുട്ടികളെ കായിക മത്സരങ്ങൾക്ക് എത്തിക്കാനുല്ല യാത്രാചെലവ്, അവർക്കുള്ള ഭക്ഷണം. ഏതെങ്കിലും കുട്ടിക്ക് പരിക്ക് പറ്റിയാൽ ആശുപത്രി ചെലവ് തുടങ്ങിയവയെല്ലാം കായിക അദ്ധ്യാപകന്റെ കൈയിൽ നിന്ന് ചെലവാകും. സാധാരണ ഇത്തരത്തിൽ ചെലവാകുന്ന തുക പിന്നീട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് ലഭിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ മൂന്നുവർഷമായി ഇത് കുടിശിക വന്നത്. സ്പെഷ്യൽ ഫണ്ട് പാസാകാനുണ്ടെന്നും ഉടൻ തുക ലഭിക്കുമെന്നും പറയുന്നതല്ലാതെ പണം നൽകാനുള്ള നടപടിയൊന്നും സർക്കാർ എടുക്കുന്നില്ല. കലോത്സവങ്ങൾക്ക് കൊടുക്കുന്ന പ്രാധാന്യം സ്കൂ‌ൾ കായിക മേളയ്ക്ക് ലഭിക്കുന്നില്ല എന്ന പ്രശ്‌നവും അദ്ധ്യാപകർ പറഞ്ഞു. വലിയ തുക ചെലവാക്കി കലോത്സവങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോൾ കായികമേളയെ അവഗണിക്കുകയാണെന്നും ആക്ഷേപമുണ്ട്.
സ്വന്തം നിലയിൽ പണം കണ്ടെത്തിയാണ് കായിക അദ്ധ്യാപകർ കായികമേള നടത്തുന്നത്.ഫണ്ട് കുടിശിക വന്നത് വലിയ പ്രതിസന്ധിക്കിടയാക്കുകയാണ്. സർക്കാർ അനുകൂല നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

No comments:

Post a Comment