Wednesday, 20 August 2025

ഓണ വിപണി ലക്ഷ്യമാക്കി ലാഭം കൊയ്യാൻ തമിഴ്‌നാടും കർണാടകയും, എത്തിക്കുന്ന പച്ചക്കറിയിൽ ഭൂരിപക്ഷത്തിലും വിഷാംശം, കൂടുതലും ഇവയിൽ

പച്ചക്കറിയിൽ  വിഷാംശം പരിശോധന വേണമെന്ന ആവശ്യം ശക്തമാകുന്നു.


ചാത്തന്നൂർ : ഓണ വിപണി ലക്ഷ്യമാക്കി ലാഭം കൊയ്യാൻ തമിഴ്‌നാടും കർണാടകയുമടക്കമുള്ള അന്യ സംസ്ഥാന ങ്ങളിൽ നിന്നും ദിനവും എത്തിക്കുന്ന പച്ചക്കറിയിൽ ഭൂരിപക്ഷത്തിലും വിഷാംശം പരിശോധന വേണമെന്ന ആവശ്യം ശക്തമാകുന്നു.
മുൻ വർഷങ്ങളിൽ ഓണം സീസൺ എത്തും മുൻപ് ഭഷ്യ സുരക്ഷ വകുപ്പിന്റെ
എൻഡമോളജി വിഭാഗം വിവിധ കേന്ദ്രങ്ങളിൽ നിന്ന് സാമ്പിൾ ശേഖരിച്ച് നടത്തുന്ന പരിശോധനയിൽ
 പുറത്തുനിന്നെത്തുന്ന പച്ചക്കറികളിൽ വലിയ തോതിൽ കീടനാശിനികളുടെ അംശം കണ്ടെത്തിയിരുന്നു എന്നാൽ ഇ വർഷം അത്തരം ഒരു പരിശോധന നടക്കുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ഇപ്പോൾ മാർക്കറ്റിൽ ലഭിക്കുന്ന പച്ചക്കറികളിൽ നാടനായാലും വിദേശിയായാലും കീടനാശിനി തളിക്കാത്തതായി വളരെ കുറച്ച് ഐറ്റങ്ങൾ മാത്രമേയുള്ളൂവെന്ന് കച്ചവടക്കാർ തന്നെ സൂചിപ്പിക്കുന്നുണ്ട്.
വെണ്ട, പയർ, പാവക്ക, വഴുതന, തക്കാളി, കോവക്ക, ചീര എന്നിവയിലാണ് കൂടുതൽ വിഷാംശം കണ്ടെത്തിയിട്ടുള്ളത്. ഇഞ്ചി, ചേമ്പ്, ചേന, മത്തൻ കിഴങ്ങ് എന്നിവയാണ് കൂടുതൽ സുരക്ഷിതമായിട്ടുള്ള 
പച്ചക്കറികൾ.വിഷാംശം അടങ്ങിയ പഴ വർഗ്ഗങ്ങളുടെയും അവസ്ഥ ഒട്ടും ഭിന്നമല്ല. അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മുന്തിരി, മാങ്ങ, പപ്പായ, ഓറഞ്ച്, മുസoമ്പി എന്നിവയിലുംമറ്റു പഴവർഗ്ഗങ്ങളിലും കീടനാശിനിയുടെ അളവ് കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.
ആരോഗ്യത്തിന് കടുത്ത ഭീഷണി ഉയർത്തുന്ന ഏറെ മാരകമായ കീട നാശിനികളാണ് അടുത്ത കാലത്തായി 
കർഷകർ കൃഷിക്കായി
ഉയോഗിക്കപ്പെടുന്നത്. വളർച്ചയെത്തിയ ചെടിയിൽ ഒറ്റ പ്രാവശ്യം തളിച്ചാൽ തന്നെ വിളവെടുപ്പ്കഴിയുന്നതുവരെ വീര്യം നിലനിൽക്കുന്നവയാണ് മിക്കതും ഇത് പരിശോധനയിൽ തെളിഞ്ഞിട്ടുമുണ്ട്.
 ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാത്ത ജൈവ കീടനാശിനിയെ കൃഷി വകുപ്പ് പ്രോൽസാഹിപ്പിക്കുന്നുണ്ടെങ്കിലും ആഭ്യന്തര കർഷകർ പോലും അത് ഉപയോഗിക്കുന്നില്ല.കൃഷി വകുപ്പിന്റെയും സർക്കാരിന്റെയും ഇടപെടലിലൂടെ മാരക കീടനാശിനി നിരോധിച്ചാൽ തന്നെ അതേ വസ്തു മറ്റൊരു പേരിൽ വിപണിയിലെത്തുമെന്ന് കർഷകർ തന്നെ പറയുന്നു. ഓണം പോലുള്ള  വിശേഷ നാളുകളിൽ സംസ്ഥാനത്തിന് ആവശ്യമായ പച്ചക്കറികളിൽ 65 ശതമാനവും വരുന്നത് പുറത്തു നിന്നാണ്. കേരളത്തിലെ സീസൺ കാലത്ത് തമിഴ് നാട്ടിലും കർണ്ണാടകയിലും കേരളത്തെ ലക്ഷ്യമാക്കിയാണ് കൃഷിയിറക്കുന്നത്. അതിനാൽ തന്നെ വളർച്ചയും ഭംഗിയും കൂട്ടുന്നതിന് കീടനാശിനി നിർബ്ബന്ധമാണ് എന്ന് മൊത്ത കച്ചവടക്കാർ ചൂണ്ടി കാട്ടുന്നു. ആഘോഷ വേളകളിലും മറ്റും ഉയോഗിക്കുന്നതിന് സംസ്ഥാനത്ത് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി വ്യാപിച്ചിട്ടുണ്ടെങ്കിലും ലക്ഷ്യത്തിന്റെ കാൽഭാഗമെത്തുന്നില്ല എന്നതാണ് പരാതി.

No comments:

Post a Comment