ചാത്തന്നൂർ : പോലീസ് - എക്സൈസ് സംവിധാനത്തെ നോക്കുകുത്തിയാക്കി ചാത്തന്നൂർ - പരവൂർ മേഖലയിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു. കഞ്ചാവിൽ തുടങ്ങി അതീവ ഗുരുതരമായ രാസലഹരി വിഭാഗത്തിൽ ഉൾപ്പെടുന്ന എം ഡി എം എ
ഉൾപ്പെടെയുള്ള മയക്കുമരുന്നിൻ്റെ വില്പനയും ഉപയോഗവും വ്യാപകമാകുമ്പോഴും ചെറുമീനുകളെ പിടികൂടി കൃത്യനിർവഹണത്തിൽ നിർവൃതി കൊല്ലുകയാണ് എക്സൈസ് വകുപ്പ്. ചാത്തന്നൂർ, ചിറക്കര പഞ്ചായത്തിന്റെ വിവിധ
മേഖലയിലുള്ള നിരവധി യുവാക്കൾ രാസലഹരിക്ക് അടിമപ്പെട്ടു കഴിഞ്ഞു. മക്കൾ ക്രിമിനൽ കേസുകളിൽ പിടിക്കപ്പെടുമ്പോഴോ വീട്ടിൽ അതിക്രമം കാണിച്ചു തുടങ്ങുമ്പോഴാണ് രക്ഷിതാക്കൾ വിവരം അറിയുന്നത്.
പരാതി വ്യാപകമാകുമ്പോൾ സ്ഥിരം കഞ്ചാവിന് അടിമകൾ ആയിട്ടുള്ലവരുടെ ലിസ്റ്റ് പരിശോധിച്ച് അവരിൽ ചിലരെ ചെറിയ കഞ്ചാവ് പൊതികളുമായി പിടികൂടി ലഹരി വേട്ട നടത്തുന്ന രീതിയാണ് എക്സൈസ് സംഘം സ്വീകരിച്ചുവരുന്നത്. രാസലഹരി ഉൾപ്പെടെയുള്ള മാരക മയക്കുമരുന്ന് എത്തിക്കുന്നവരെയും ഇതിൻ്റെ ഉറവിടവും കണ്ടെത്തി നടപടി എടുത്താൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകൂ.അന്യസംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ പാൻമസാലകളും കഞ്ചാവും ഗ്രാമീണ മേഖലയിലേക്ക് എത്തുന്നുണ്ട്. അമിത ലാഭം ലഭിക്കുന്നതിനാൽ യുവസംഘങ്ങൾ ലഹരി വില്പനയ്ക്കായി പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് സജീവമായി പ്രവർത്തിക്കുന്നുണ്ട്. പൊലീസും എക്സൈസും കിണഞ്ഞ് പരിശ്രമിച്ചിട്ടും ഇക്കൂട്ടരെ അമർച്ച ചെയ്യാൻ സാധിച്ചിട്ടില്ല. കഞ്ചാവ് വില്പനക്കാരെ പിടികൂടണമെന്നാവശ്യപ്പെട്ട് അനവധി തവണ നാട്ടുകാർ പരാതി നൽകിയിട്ടും യാതൊരു ഫലവുമുണ്ടായില്ല. പൊലീസും എക്സൈസും ചിലരെ പിടികൂടിയെങ്കിലും വില്പന ഇപ്പോഴും തകൃതിയായി തന്നെ നടക്കുകയാണ്. മദ്യത്തിനൊപ്പം ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വൻതോതിൽ വർദ്ധിച്ചതായാണ് വിവരം.
@ ഓണം വിപണി ലക്ഷ്യമാക്കി പരവൂരിൽ കഞ്ചാവ് ഒഴുകുന്നു.
ഒരുകാലത്ത് വ്യാജവാറ്റും ചാരായക്കച്ചവടവും വ്യാപകമായിരുന്ന പരവൂരിൽ പുതിയതരം 'ലഹരി' കച്ചവട മാഫിയ രൂപപ്പെടുന്നത്. കായൽ തീരങ്ങളിലും
ചെറുതുരുത്തുകളിലും സ്‌പിരിറ്റ് കടത്തിന്റെ തട്ടകമായിരുന്ന നാട്ടിലാണ്ഇപ്പോൾ
'കഞ്ചാവ് ഹബ്ബായി' മാറിയിരിക്കുന്നത്. പുതിയ തലമുറയുടെ ലഹരിരീതി മാറിയതോടെയാണ് കച്ചവട സ്വഭാവത്തിലെയും മാറ്റം. പഴയ സ്പിരിറ്റ് കടത്തുകാരും കച്ചവടക്കാരും എല്ലാം ഉപേക്ഷിച്ച് വിശ്രമ ജീവിതത്തിലേക്ക് കടന്നതോടെ പുതിയ സംഘങ്ങളാണ് രംഗത്ത്. നേരത്തേ സ്‌പിരിറ്റ് കടത്തും തീരാദേശഗ്രാമീണ പ്രദേശങ്ങളിലെ ചാരായ വാറ്റുമായിരുന്നു അധികൃതർക്ക് തലവേദന സൃഷ്ടിച്ചിരുന്നത്. ഈ സ്ഥാനത്താണ് കണ്ടെത്താനാവാത്ത തരത്തിൽ കഞ്ചാവ് കച്ചവട സംഘങ്ങൾ പിടിമുറുക്കുന്നത്.
ടൂറിസത്തിന്റെ മറവിലാണ് ഇവിടെ കഞ്ചാവ് കച്ചവടം പൊടിപൊടിക്കുന്നത് കാശ്മീരിൽ നിന്നടക്കം രാസലഹരി എത്തിച്ച് വില്പന നടത്തുന്ന വിവരമാണ് പുറത്തുവരുന്നത്.ജില്ലയിലെ ആദ്യ ഹൈബ്രിട് കഞ്ചാവ് കേസും പരവൂരിൽ നിന്നാണ് രാസലഹരി ഇടപാടിൻ്റെ ജില്ലയിലെ ഹബ്ബായി ഇതിനകം പരവൂർ
മാറിയിട്ടുണ്ട്.
@ വിദ്യാർത്ഥികളെയും കുരുക്കിലാക്കുന്നു
സ്കൂളുകളിൽ ലഹരി മാഫിയ പിടിമുറുക്കുന്നു. മാസങ്ങളായി കഞ്ചാവ് വില്പന തകൃതിയായി നടക്കുകയാണ്. മദ്യത്തെക്കാൾ കഞ്ചാവിനും എം.ഡി.എം.എയ്ക്കുമാണ് കൂടുതൽ ഡിമാൻഡ്. കഞ്ചാവിന്റെയും പാൻമസാലകളുടെയും വില്പന വ്യാപകമാകുമ്പോഴും യാതൊരുവിധ നടപടികളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സ്കൂളുകൾക്ക് ഉള്ളിലും
കഞ്ചാവ് മാഫിയ സംഘം വേരുറപ്പിച്ചു കഴിഞ്ഞു.
ചാത്തന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലെ മിക്ക സ്‌കൂൾ പരിസരങ്ങളിലും ഇപ്പോൾ ലഹരി പദാർത്ഥങ്ങളുടെ വില്പന സജീവമാണ്. വിദ്യാർത്ഥികളും യുവാക്കളുമാണ് കഞ്ചാവ് ലോബിയുടെ ഇഷ്ടക്കാർ. വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിച്ചതായി അധികൃതർക്ക് സൂചന ലഭിച്ചിട്ടുണ്ട്. അടുത്തിടെ ഊന്നിൻമൂട് സ്കൂളിന് സമീപത്ത് നിന്നും
വിദ്യാർത്ഥികളെ ലഹരി ഉപയോഗിക്കുന്നതിനിടയിൽ പിടികൂടിയിരുന്നു.
മയക്കുമരുന്ന് ഉപയോഗിച്ച് മൂന്ന് പത്താം ക്ലാസ് .വിദ്യാർത്ഥികൾ ജില്ലാ അതിർത്തിയായ
ഊന്നിൻമൂട് ജംഗ്ഷനിൽ സ്കൂളിന് സമീപമുള്ള കടത്തിണ്ണയിൽ സ്കൂൾ സമയത്ത് ബഹളം വയ്ക്കുന്ന വീഡിയോ നാട്ടുകാർ പിടിച്ച് സോഷ്യൽ മീഡിയയിൽ പരന്നതോടെയാണ് സ്കൂളുകളിൽ മയക്കുമരുന്ന് ശക്തമായതായി അറിയുന്നത്. ചാത്തന്നൂരിലെ സർക്കാർ സ്കൂളിൽ പടിക്കുന്ന വിദ്യാർത്ഥികൾ കിലോമീറ്ററുകൾക്ക് അപ്പുറമുള്ള ചെബകശ്ശേരി സ്കൂളിന് സമീപമെത്തി അവിടുത്തെ വിദ്യാർത്ഥിയോടൊപ്പമാണ് കണ്ടെത്തിയത്. ഒരാൾ ഊന്നിൻമൂട് സ്കൂളിലെ യൂണിഫോം അണിഞ്ഞിരുന്നു മറ്റ് രണ്ട് പേർക്കും യൂണിഫോം ഇല്ലായിരുന്നു വീഡിയോ പരന്നതോടെ മറ്റ് രണ്ട് പേരെയും തിരിച്ചറിയുകയും ചാത്തന്നൂരിലെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾ ആണെന്ന് തിരിച്ചറിയുയായിരുന്നു. ചാത്തനൂരിലെ സ്കൂളിൽ നിന്നും പത്താം ക്ളാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സ്കൂൾ സമയത്ത്
കിലോമിറ്ററുകൾക്ക് അപ്പുറം എത്തി മയക്കുമരുന്ന് ഉപയോഗിച്ച് സാമൂഹ്യ പ്രശ്നമായി മാറിയിട്ടും സ്കൂൾ അധികൃതർ അറിയാത്തതിൽ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്.വിദ്യാർത്ഥികളെ ചൂഷണം നടത്തി കഞ്ചാവ് മാഫിയ കൈയിലെടുത്തിരിക്കുന്നു എന്നുതന്നെ പറയാം. സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ ലഹരിക്കെതിരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.
@ ബൈക്കുകളിൽ പറന്ന് കഞ്ചാവ് വില്പന
മികച്ച വരുമാനം ലഭിക്കുന്നതിനാൽ ലഹരി വില്പനയ്ക്കായി ബൈക്കുകളുമായി യുവ സംഘങ്ങൾ ചീറിപ്പായുകയാണ്. ഇത്തരം സംഘങ്ങളുടെ അമിതവേഗം മൂലം വഴി നടക്കാൻ കഴിയാത്ത അവസ്ഥയായിട്ടുണ്ട്. കഞ്ചാവുമായി ബൈക്കിൽ കറങ്ങിനടന്ന് വില്പന നടത്തുന്നതിനിടയിൽ അനവധി യുവാക്കളെ എക്സൈസും പൊലീസും പിടികൂടിയിരുന്നു. കഞ്ചാവ് സംഘം വില്പനയ്ക്കായി ചില മേഖലകളിൽ സ്ത്രീകളെ വരെ കളത്തിലിറക്കിയിട്ടുണ്ട്. നിർദ്ധനരായ യുവതികളെയും പെൺകുട്ടികളെയും പണവും ലഹരിയും നൽകി ചൂഷണം നടത്തിയാണ് വില്പനയ്ക്കായി രംഗത്തിറക്കുന്നത്.
No comments:
Post a Comment