#കേരളത്തിന്റെ പൊതുമണ്ഡലനിർമിതിയിൽ മറ്റേത് സാംസ്കാരികനായകരെക്കാളും വലിയ പങ്കുവഹിച്ചത് #മഹാത്മാഅയ്യൻകാളി ആണെന്നത് സംശയമേതുമില്ലാതെ ചരിത്രരേഖകൾ തെളിയിക്കുന്നു.അയ്യൻകാളി 'തൻ്റെ' ജനതയുടെ അവകാശങ്ങൾ മാത്രമാണ് നേടിയെടുത്തതെന്നും 'സ്വന്തം ജനം' അനുഭവിച്ചിരുന്ന ജാതിവിവേചനങ്ങൾക്കെതിരേ മാത്രമാണ് അദ്ദേഹം പൊരുതിയതെന്നും ആരെങ്കിലും തെറ്റിദ്ധരിച്ചാൽ അത് കേരളം ഇന്നുവരെ ആ മഹാത്മാവിനെ മനസ്സിലാക്കാത്തതുകൊണ്ടാണ്.
അന്റോണിയോ ഗ്രാംഷിയുടെ സിദ്ധാന്തത്തിൽ, ഒരു പ്രത്യേക സാമൂഹികവിഭാഗത്തിൽ(പ്രത്യേകിച്ച് ഒരു കീഴാള, അല്ലെങ്കിൽ അടിച്ചമർത്തപ്പെട്ട വർഗം)നിന്ന് ഉയർന്നുവന്ന് അവരുമായി ബന്ധപ്പെട്ടിരിക്കുന്ന വ്യക്തികളാണ് ജൈവബുദ്ധിജീവികൾ. അവർ വിമോചനപരമോ പരിവർത്തനപരമോ ആയ ലോകവീക്ഷണം ആവിഷ്‌കരിക്കുകയും അതുവഴി കീഴാള ബൗദ്ധികനേതാക്കളായി പ്രവർത്തിക്കുകയുംചെയ്യുന്നു. സാധാരണയായി ഉയർന്ന അല്ലെങ്കിൽ വരേണ്യ വിഭാഗങ്ങളിൽനിന്നുള്ള പരമ്പരാഗതബുദ്ധിജീവികളിൽനിന്ന് അവർ വ്യത്യസ്‌തരാണ്; പരമ്പരാഗതബുദ്ധിജീവികൾ പലപ്പോഴും നിലവിലുള്ള സ്ഥിതി സംരക്ഷിക്കാനോ അധികാരത്തിലിരിക്കുന്നവരുടെ താത്‌പര്യങ്ങൾ സംരക്ഷിക്കാനോ ശ്രമിക്കുന്നു. നിലവിലുള്ള ശ്രേണികൾക്ക് ഒരു 'പ്രതി-ആധിപത്യ' (counter-hegemony) സ്ഥാനം വാഗ്ദാനംചെയ്യുക എന്നതാണ് ജൈവബുദ്ധിജീവികളുടെ ഏറ്റവും പ്രധാനപ്പെട്ട പങ്ക്. ജൈവബുദ്ധിജീവികൾ അവരുടെ വർഗത്തിനുള്ളിൽ അവബോധവും കൂട്ടായ ബോധവും വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്നു, ഇത് പ്രബലവർഗത്തിൻ്റെ മേധാവിത്വസംസ്‌കാരത്തെ വെല്ലുവിളിക്കാനും ധാർമികവും ബൗദ്ധികവുമായ പരിഷ്‌കരണത്തിലൂടെ 'പ്രതി-ആധിപത്യം' വളർത്തിയെടുക്കാനും സഹായിക്കുന്നു. കേരളത്തിലെ ജൈവബുദ്ധിജീവിയുടെ സാരാംശമാണ് അയ്യൻകാളി എന്നതിൽ സംശയമില്ല. അദ്ദേഹത്തിൻന്റെ ദർശനം കേരളത്തിന്റെ സാമൂഹികനവോത്ഥാനത്തെ രൂപപ്പെടുത്തുകമാത്രമല്ല, അത് വെറും 'മതപരിഷ്‌കരണ'ത്തിലേക്ക് കൂപ്പുകുത്തുന്നതിൽനിന്ന് സംരക്ഷിക്കുകയുംചെയ്‌തു. #കേരളത്തിൻ്റെ ആധുനികതയുടെ എൻജിൻ #അയ്യൻകാളിയുടെ വില്ലുവണ്ടിയായിരുന്നു, മനുഷ്യാവകാശങ്ങൾ, പൊതുധാർമികത, പൗരബോധം, പൊതുപ്രവേശനം എന്നിവയുടെ ചിതറിക്കിടക്കുന്ന കഷണങ്ങളെ ഒരു ആധുനികസ്വത്വത്തിലേക്ക് കെട്ടിച്ചമച്ചത് അദ്ദേഹത്തിന്റെ ഇടപെടലുകളാണ്.
#വില്ലുവണ്ടിയുടെവിപ്ലവം
കേരളസമൂഹം ജാതിനിബദ്ധമായി വിഭജിക്കപ്പെട്ടിരുന്ന പത്തൊൻപതാംനൂറ്റാണ്ടിൻ്റെ ആദ്യപകുതിവരെയുള്ള കാലഘട്ടത്തിൽ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും സ്ഥലപരമായ രൂപകല്പന (spatial layout) സാമുദായിക-ജാതി അടിസ്ഥാനത്തിലായിരുന്നു. മനുഷ്യാലയചന്ദ്രിക (15-16 നൂറ്റാണ്ട്), വിശ്വകർമീയം (16-17 നൂറ്റാണ്ട്) തുടങ്ങിയ വാസ്തുശാസ്ത്രഗ്രന്ഥങ്ങളിൽപ്പോലും പുലയർക്കും പറയർക്കും നായർക്കും നമ്പൂതിരിക്കും വെവ്വേറെ ഇടങ്ങൾ നിർദേശിക്കപ്പെട്ടിരുന്നു. മൺറോ പരിഷ്കാരങ്ങൾ (Monroe Reforms) നടപ്പാക്കുന്നതുവരെ തിരുവിതാംകൂറിൽ നിയമത്തിന്റെ അധികാരം ഉണ്ടായിരുന്നത് പതിനാറാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട 'വ്യവഹാരമാല' എന്ന ഗ്രന്ഥത്തിനായിരുന്നു. ഈ ഗ്രന്ഥം രാജാവിനോട് അധികാരശ്രേണി നിലനിർത്തണമെന്നും പഞ്ചമരെ രാജകീയപാതകളിൽ പ്രവേശിക്കാനോ നഗര-ഇടങ്ങൾ ഉപയോഗിക്കാനോ അനുവദിക്കരുതെന്നും കർശനമായി അനുശാസിക്കുന്നു. ജാതിമാനദണ്ഡങ്ങളെ വെല്ലുവിളിക്കുന്നവർക്ക് അതിക്രൂരമായ ശിക്ഷകൾ രാജാവ് നൽകണമെന്നും രാജധർമം നിർദേശിച്ചു.
#കേരളത്തിലെ ഇടങ്ങളെ സവർണ-അവർണ ഇടങ്ങളായി ധർമശാസ്ത്രപരമായി വിഭജിക്കുന്നത് (ചെറിയ ലംഘനങ്ങൾക്കുപോലും കഠിനമായ ശിക്ഷകൾ ഉൾപ്പെടെ) കേരളത്തെ സംബന്ധിച്ചിടത്തോളം പൊതുപ്രവേശനവും പൊതുമണ്ഡലവും എന്ന ആശയത്തെ അസാധ്യമായ ദൗത്യങ്ങളാക്കി. ഇങ്ങനെ നീതികേറാക്കള്ളികളായി വിഭജിക്കപ്പെട്ടിരുന്ന കേരളത്തിലേക്കാണ് എല്ലാ മനുഷ്യർക്കും ഉപയോഗിക്കാനുള്ളതാണ് പൊതുവഴികൾ എന്ന ജനാധിപത്യചിന്ത #വില്ലുവണ്ടിസമരത്തിലൂടെ #അയ്യൻകാളി കൊണ്ടുവരുന്നത്. അതുകൊണ്ട്, അയ്യൻകാളി പൊതു ഇടങ്ങളിൽ അവർണർക്ക് പ്രവേശനം നേടിക്കൊടുത്തു എന്ന് അവകാശപ്പെടുന്നത് തെറ്റാണ്, പകരം മഹാത്മാ #അയ്യൻകാളി സവർണപാതകളെ എല്ലാവർക്കും പ്രാപ്യമായ പൊതുപാതകളാക്കി മാറ്റി എന്നുപറയേണ്ടിവരും! അങ്ങനെ അദ്ദേഹം എല്ലാ കേരളീയർക്കും ഒരു പൊതുസ്വത്വത്തിനും ഒരു പൊതുമണ്ഡലത്തിനും അടിത്തറ പാകി. ജനാധിപത്യ ഇന്ത്യയിൽപ്പോലും ഇന്ന് ഭരണകൂടത്തെ വെല്ലുവിളിക്കാൻ പോയിട്ട് ചോദ്യംചെയ്യാൻപോലും മടിക്കുന്ന സാംസ്‌കാരിക/രാഷ്ട്രീയ നായകരുമായി താരതമ്യംചെയ്യുമ്പോൾ പൗരാവകാശങ്ങളോ മൗലികാവകാശങ്ങളോ ഭരണഘടനയിൽ ആസ്‌പദമായ നീതിന്യായവ്യവസ്ഥയോ ഇല്ലാതിരുന്നപ്പോഴാണ് പൊതുവഴി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവരുടേതുമാണ് എന്ന മൂർത്തമായ പ്രഖ്യാപനം മഹാത്മാ അയ്യൻകാളി നടത്തിയത് എന്ന് നാം ഓർക്കേണ്ടതുണ്ട്. ഒരു ശരാശരി തിരുവിതാംകൂർ പ്രജയ്ക്ക് സങ്കല്പിക്കാവുന്നതിലുമപ്പുറമുള്ള ചിന്തയും പ്രവൃത്തിയുമായിരുന്നു #അയ്യൻകാളിയുടെ വില്ലുവണ്ടിയാത്രകൾ.
#മനുഷ്യാവകാശപോരാട്ടങ്ങൾ
ജാതി അധികാരങ്ങളാൽ നിർമിക്കപ്പെട്ട പ്രിവിലേജിൻ്റെ കൂമ്പാരത്തെയാണ് മഹാത്മാ അയ്യൻകാളി വെല്ലുവിളിച്ചത്. എന്നാൽ, ഈ വെല്ലുവിളികൾ ജാതിയുടെ ഉച്ചനീചത്വങ്ങളാൽ പൊതിയപ്പെട്ടിരുന്നതുകൊണ്ടുതന്നെ പലപ്പോഴും ജാതികലാപങ്ങളായിമാത്രമാണ് ചിത്രീകരിക്കപ്പെട്ടത്. ഊരൂട്ടമ്പലംസമരം, കല്ലമാലസമരം തുടങ്ങിയവപോലുള്ള ജനകീയജനാധിപത്യ പ്രക്ഷോഭങ്ങളെ ജാതിവിരുദ്ധപ്രസ്ഥാനങ്ങളായി മാത്രമല്ല, മനുഷ്യ-പൗരാവകാശ പോരാട്ടങ്ങളായാണ് കാണേണ്ടത്.
ചാലിയത്തെരുവ് സംഘട്ടനവും (1893-94) പെരുന്ന പ്രക്ഷോഭവും (1915) മണക്കാട് സംഘർഷവും തുടങ്ങി മഹാത്മാ അയ്യൻകാളി നയിച്ച ഓരോ വിപ്ലവവും അന്ന് നിലനിന്നിരുന്ന ജാതി എന്ന വ്യവസ്ഥാപിത അനീതിയോടുള്ള നിശിതമായ കലഹമായിരുന്നു. പക്ഷേ, പലപ്പോഴും അദ്ദേഹത്തിന്റെയും പൊയ്കയിൽ ഗുരുദേവന്റെയും പ്രവൃത്തികളെ അയിത്തജാതിസംരക്ഷണമെന്ന ശീർഷകത്തിൽ പലരും ചുരുക്കാറുണ്ട്.
മനുഷ്യാവകാശങ്ങളുടെയും ജനാധിപത്യത്തിന്റെയും സാർവത്രികവത്കരണത്തിനായുള്ള പോരാട്ടത്തെ ഒരു പ്രത്യേക ജാതിവിഭാഗത്തിൻ്റെ താത്പര്യസംരക്ഷണമായി മുദ്രകുത്തുന്നത് ഒരു സവർണതന്ത്രമാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. തിരുവിതാംകൂറിലും അതിനെത്തുടർന്ന് കേരളമൊട്ടാകെയും സർവജനങ്ങളുടെയും, പ്രത്യേകിച്ച് സാധാരണക്കാരുടെ അവകാശങ്ങൾ കൂടുതൽ വിശാലമായത് മേൽപ്പറഞ്ഞ സമരങ്ങൾക്കുശേഷമാണ്. റോഡുകൾ, അങ്ങാടികൾ, ഓഫീസുകൾ, വിദ്യാലയങ്ങൾ, മറ്റ് പൊതു ഇടങ്ങൾ എന്നിവ എല്ലാവർക്കും പ്രവേശനമുള്ള ഇടങ്ങളായി രൂപാന്തരപ്പെട്ടു. ആധുനികതയുടെ മൂല്യങ്ങളായ മതേതരത്വവും സമത്വവും കേരള സാമൂഹികഭൂമികയിലേക്ക് അല്പം ബലപ്രയോഗത്തിലൂടെയെങ്കിലും എത്തിച്ചത് ഈ പോരാട്ടങ്ങളാണ്.
#കല്ലമാലയുംകല്ലമാലസമരവും
1915 ഡിസംബറിൽ കൊല്ലത്തെ പീരങ്കിമൈതാനത്ത് രമാബായി എന്ന ഒരു സ്ത്രീയുടെ സർക്കസ് കൂടാരത്തിൽ നൂറുകണക്കിന് ദളിത് സ്ത്രീകൾ ഒത്തുകൂടിയ ഒരു യോഗത്തിൽ അവരുടെ കല്ലമാലകൾ ഉപേക്ഷിക്കാനും മേൽമുണ്ട് ധരിക്കാനുള്ള അവകാശം ഉയർത്തിപ്പിടിക്കാനുമുള്ള പ്രഖ്യാപനം അയ്യൻകാളി നടത്തി. ദളിത് സ്ത്രീകളുടെ ഈ അവകാശങ്ങൾ അംഗീകരിക്കാൻ അദ്ദേഹം മറ്റുജാതിക്കാരോട് ആവശ്യപ്പെട്ടു.
യോഗത്തിൽ ഒത്തുകൂടിയ നൂറുകണക്കിന് സ്ത്രീകൾ ജാതിയുടെ ചങ്ങലകളിൽനിന്ന് സ്വയം മോചിതരാകുന്നതിൻ്റെ അടയാളമായി കല്ലമാലകൾ പൊട്ടിച്ച് വലിച്ചെറിഞ്ഞു. ('കല്ല' എന്നത് ജാതി അടയാളമായി അവർ ധരിക്കേണ്ടിവന്നിരുന്ന കല്ലും ചുട്ട കളിമണ്ണും കുപ്പിച്ചില്ലും ചിലപ്പോൾ വൈക്കോലും ഓലയും ചേർത്ത് കോർത്ത മാലയുടെ പേരായിരുന്നു. അതിനെയാണ് ചരിത്രകാരർ തെറ്റായി 'കല്ലുമാല' എന്ന് ഇന്നും വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നത്).
ഇത് കേരളത്തിലെ ജാതിവിരുദ്ധപ്പോരാട്ടത്തിലെ ഒരു ചരിത്രസംഭവം മാത്രമല്ല, മറിച്ച് ദക്ഷിണേന്ത്യയിലെ ജെൻഡർചരിത്രത്തിന്റെയും മനുഷ്യാവകാശചരിത്രത്തിൻ്റെയും ഒരു നാഴികക്കല്ലാണ്. സതിക്കെതിരേ പ്രവർത്തിച്ച രാജാറാം മോഹൻ റോയിയെക്കുറിച്ച് നാം പാഠപുസ്‌തകങ്ങളിൽ പഠിക്കുമ്പോഴും ദളിത്‌സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി ജീവൻ പണയപ്പെടുത്തിയ മഹാത്മാ അയ്യൻകാളിയും പുലയ-പറയ സ്ത്രീകളും അവഗണിക്കപ്പെടുന്നു.
#അയ്യൻകാളിഎന്നസാമാജികൻ
1912 ഫെബ്രുവരി 27-ന് തിരുവനന്തപുരത്തുള്ള വിജെടി ഹാളിൽ സമ്മേളിച്ച ശ്രീമൂലം പ്രജാസഭയിലെ തന്റെ ആദ്യത്തെ പ്രസംഗത്തിൽ അയ്യൻകാളി പുതുവൽഭൂമിയെക്കുറിച്ചാണ് സംസാരിച്ചത്. ദളിതരെ ഹിംസിക്കുകയും അവരെ തങ്ങളുടെ പാർപ്പിടങ്ങളിൽനിന്ന് വെളിയിലാക്കുകയുംചെയ്ത പരിസരനിവാസികളെമാത്രമല്ല അവർക്ക് ഒത്താശചെയ്ത റവന്യൂ ജീവനക്കാരെയും അദ്ദേഹം തന്റെ പ്രസംഗത്തിൽ നിശിതമായി വിമർശിച്ചു. ദളിതർ ഉത്പാദനക്ഷമമാക്കിയ ഭൂമികളിൽനിന്ന് അവരെ പുറത്താക്കിയ 'ചില ധനികരെയും വനങ്ങളിലുള്ള ദളിതരുടെ കുടിലുകളിൽനിന്ന് അവരെ പുറന്തള്ളാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരെയുംകുറിച്ച് അദ്ദേഹം സഭയെ ബോധ്യപ്പെടുത്തുകയുംചെയ്‌തു. അയ്യൻകാളി സ്വതസ്സിദ്ധമായ ശൈലിയിൽ, ദളിത് ജനത അനുഭവിച്ചിരുന്ന ചൂഷണങ്ങളെക്കുറിച്ച് ശക്തമായി ആദ്യദിവസംതന്നെ സഭയിൽ അവതരിപ്പിച്ചത് ദിവാനും മറ്റ് അംഗങ്ങൾക്കും പുതിയൊരു അനുഭവമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ കുന്നുകുഴി എസ്. മണി പരാമർശിക്കുന്നു (കുന്നുകുഴി എസ് മണി, അയ്യൻകാളിയുടെ പ്രസംഗങ്ങൾ, 2016,p.21).
സമൂലമായി ജാതിയെ പ്രതിരോധിക്കാൻ മഹാത്മാ അയ്യൻകാളിയെയും മറ്റ് അടിസ്ഥാനജനവിഭാഗങ്ങളുടെ നേതാക്കളെയും വീണ്ടെടുക്കുക എന്നുള്ള
ചരിത്രപ്രക്രിയയിലൂടെമാത്രമേ സാധ്യമാകൂ. സമത്വമെന്ന ആശയം യാഥാർഥ്യമാക്കാൻ ചരിത്രബോധമുള്ള ഒരു തലമുറയ്ക്കേ സാധിക്കൂ.#ArunSatheesan4ever