ഒരു നാടിന്റെ ആഘോഷത്തിനാകെ പൊട്ടിത്തെറിയോടെ തീപിടിച്ചതിന്റെ, നിലവിളികൾ തീക്കാറ്റുപോലെ പടർന്നതിന്റെ 9 വർഷങ്ങൾ. ഓർമയിൽ ഇനിയും തീവ്രത കുറയാത്ത മുഴക്കമാണ് പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തം. ആകാശത്തു വിസ്‌മയം തീർക്കാൻ കുതിച്ച അമിട്ട് പകുതി പൊട്ടി താഴേക്കു വന്നു നിലത്തിരുന്ന അമിട്ടുകളിൽ വീണ് ആളിയപ്പോൾ ഉയർന്നതു മരണത്തിന്റെ ഗന്ധം. കമ്പപ്പുരയിലെ കരിമരുന്നിലെല്ലാം ആ തീ പാഞ്ഞു കയറി. അരനിമിഷം മുൻപു വെടിക്കെട്ടിൻ്റെ വർണവെളിച്ചത്തിൽ ആവേശം കൊണ്ട് ജനത്തിലേറെയും നിമിഷങ്ങൾക്കകം കത്തിക്കരിഞ്ഞു.
വെടിക്കെട്ടിനിടെ താഴേക്കു വീണ അമിട്ടിൽ നിന്നു തെറിച്ച തീപ്പൊരികളുമായി കമ്പക്കാരൻ വെടിക്കെട്ടു ശാലയിലേക്ക് ഓടിക്കയറുന്ന കാഴ്‌ച സമൂഹ മാധ്യമങ്ങളിൽ ആളിപ്പടർന്നിരുന്നു. അതായിരുന്നു വലിയൊരു ദുരന്തത്തിനു വഴിവച്ചത്.
10 മിനിറ്റു കൊണ്ടു മാലപ്പടക്കങ്ങൾ പൊട്ടിത്തീർന്നു. അഗ്നിശമന സേന വെള്ളം തളിച്ചശേഷം ക്ഷേത്രത്തിനു മുന്നിലെ വെടിക്കെട്ടുൽസവത്തിനു വട്ടിക്കെട്ടു പടക്കങ്ങൾ പൊട്ടിച്ചു തുടക്കമിട്ടു. ഒരു മണിക്കൂർ വേണ്ടി വന്നു അത് അവസാനിക്കാൻ. പിന്നാലെയാണ് അമിട്ടുകളുടെ വർണപ്രപഞ്ചം വിരിഞ്ഞത്. മണ്ണിൽ കുഴിച്ചു നിർത്തിയിരുന്ന ഇരുമ്പു കുഴലുകളിൽ അമിട്ടുകൾ നിറച്ചു. തെക്കേ കമ്പപ്പുരയിൽ ശേഖരിച്ചിരുന്ന അമിട്ടുകൾ നിരനിരയായി നിന്ന ആൾക്കാർ കൈമാറി ഇരുമ്പു കുഴലുകൾക്കടുത്ത് എത്തിച്ചു കൊണ്ടിരുന്നു. ആശാന്മാരും സഹായികളും അവ നിറച്ചു. നെഹ്റു ടോഫി വള്ളം കളിയുടെ ദൃക്‌സാക്ഷി വിവരണത്തെക്കാൾ ആവേശത്തിൽ ഓരോ അമിട്ടും വിരിയുമ്പോൾ തത്സമയ വിവരണം. ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു. കമ്പപ്പുരയുടെ ഭാഗത്തേക്കു പോകരുതെന്നു പലതവണ ഉച്ചഭാഷിണിയിലൂടെ അഭ്യർഥിച്ചെങ്കിലും ആൾക്കൂട്ടത്തിൻ്റെ ആവേശം കുറഞ്ഞില്ല. ഇരുളിൽ തീപ്പൊരികൾ മാരിവില്ലാകുന്ന കാഴ്‌ച കാണാൻ ജനം തിരക്കുകൂട്ടി. രാത്രി ഒന്നിനാണ് ആദ്യത്തെ അപകടം ഉണ്ടായത്. അമിട്ടു നിറച്ച ഇരുമ്പു പൈപ്പ് ചെരിഞ്ഞു. അമിട്ട് അതിനുള്ളിലിരുന്നു പൊട്ടി. ചീളുകൾ തെറിച്ചു രണ്ടുപേർക്കു പരുക്കേറ്റു. സാധാരണമല്ലാത്ത സംഭവമായതിനാൽ പൊലീസ് ഇടപെട്ടു. പൊലീസ് ഉദ്യോഗസ്ഥർ കമ്പമേളം നിർത്തണമെന്ന് ആവശ്യപ്പെട്ടു. കമ്പക്കാർ നിർത്താമെന്നു സമ്മതിച്ചെങ്കിലും ചുറ്റുമുള്ളവർ ബഹളം വച്ചു. ഇതൊക്കെ കമ്പമേളത്തിൽ സാധാരണയാണെന്ന് അവർ വാദിച്ചപ്പോൾ പൊലീസ് പിൻമാറി. അന്നു പൊലീസിൻ്റെ വാക്ക് കേട്ടിരുന്നെങ്കിൽ...
@ 2016 ഏപ്രിൽ പത്തിനു പുലർച്ചെ 3.17 നാണ് സംസ്ഥാനം കണ്ട ഏറ്റവും വലിയ വെടിക്കെട്ടപകടം ഉണ്ടായത്. പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീന ഭരണി ഉൽസവത്തിനു സമാപനം കുറിച്ചു നടന്ന വെടിക്കെട്ടിനിടെയുണ്ടായ പൊട്ടിത്തെറിയിൽ 110 പേരാണു കൊല്ലപ്പെട്ടത്. വർക്കല കൃഷ്‌ണൻകുട്ടി, കഴക്കുട്ടം സുരേന്ദ്രൻ എന്നീ കരാറുകാർ വെടിക്കെട്ട് നടത്തുന്നതിനിടെ മുകളിലേക്കു കത്തിച്ചു വിട്ട സൂര്യകാന്തി പടക്കങ്ങളിലൊന്നു കത്തിക്കാൻ വച്ചിരുന്ന പടക്കങ്ങളിലേക്കു വീണു പൊട്ടിത്തെറിക്കുകയായിരുന്നു. പടക്കങ്ങളും മറ്റും സൂക്ഷിച്ചിരുന്ന കോൺക്രീറ്റ് കെട്ടിടം അപ്പാടെ തകർന്നു. ഇതിൻ്റെ കോൺക്രീറ്റും ഇരുമ്പു കമ്പികളും പതിച്ചാണ് അനവധി പേർ മരിച്ചത്. അപകടത്തിൽപ്പെട്ട മിക്കവരുടെയും ശരീരങ്ങൾ ഛിന്നഭിന്നമായി.
@ പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണ നടപടികൾ നടക്കുന്നു. 51 പ്രതികളും നാളെ കൊല്ലം സെഷൻസ് കോടതിയിൽ ഹാജരാകണം. പ്രത്യേക കോടതിയിലേക്ക് വിചാരണ മാറ്റുന്നതിനു മുന്നോടിയായാണ് നടപടി. 2016 ഏപ്രിൽ പത്തിനായിരുന്നു 110 പേരുടെ ജീവനെടുത്ത മൽസര വെടിക്കെട്ട് നടന്നത്. മനുഷ്യ നിർമ്മിതമായ ദുരന്തത്തിൽ 656 പേർക്കാണ് പരിക്കേറ്റത്. സ്വർണ്ണ കപ്പും ക്യാഷ് അവാർഡും കിട്ടാൻ ജില്ലാ കളക്‌ടറുടെ നിരോധന ഉത്തരവ് ലംഘിച്ച് സംഘം തിരിഞ്ഞ് വെടിക്കെട്ട് നടത്തുകയായിരുന്നു.
കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സമർപ്പിച്ച 10,000 പേജുള്ള കുറ്റപത്രത്തിൽ 59 പ്രതികളാണുള്ളത്. ഇതിൽ എട്ടു പേർ വിചാരണ നടപടികൾ തുടങ്ങുന്നതിന് മുമ്പ് മരിച്ചു. 44 പ്രതികൾക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതികൾ എല്ലാവരും നിലവിൽ ജാമ്യത്തിലാണ്. 1417 സാക്ഷികളും 1611 രേഖകളും 376 തൊണ്ടി മുതലുകളുമുണ്ട്. അന്നത്തെ കൊല്ലം ജില്ലാ കളക്ടർ ഷൈനാമോളും ദില്ലി എയിംസിലേത് ഉൾപ്പെടെ മുപ്പത് ഡോക്ടർമാരും സാക്ഷിപ്പട്ടികയിൽ ഉണ്ട്
@ പുറ്റിങ്ങൽ വെടിക്കെട്ട് അപകടക്കേസിലെ 30-ാം പ്രതിയെ
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും ജാമ്യക്കാരുടെ ബോണ്ട് കണ്ടുകെട്ടാനും കോടതിയിൽ ഹാജരാകാതിരുന്ന രണ്ടു പ്രതികൾക്കെതിരെ വാറണ്ട് പുറപ്പെടുവിക്കാനും ഉത്തരവ്. 30--ാ-ാം പ്രതിയായ അടൂർ ഏറത്ത് രാജ്ഭവനിൽ അനുരാജിനെയാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാൻ പുറ്റിങ്ങൽ പ്രത്യേക കോടതി ജഡ്‌ജിയുടെ ചുമതല വഹിക്കുന്ന കൊല്ലം നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി എസ് സുഭാഷ് ഉത്തരവിട്ടത്. കോടതിയിൽ ഹാജരാകാതിരുന്ന 25--ാ-ാം പ്രതി വിഷ്‌ണുപ്രകാശ്, 31---ാം പ്രതി രവി എന്നിവർക്കെതിരെയാണ് വാറണ്ടിന് ഉത്തരവായത്. അനുരാജും രണ്ടുജാമ്യക്കാരും ഒരുലക്ഷം രൂപ വീതമുള്ള ബോണ്ടാണ് നൽകിയിട്ടുള്ളത്.
ഇത് കണ്ടുകെട്ടാനുള്ള നടപടി ഉടൻ തുടങ്ങും. അനുരാജിനെതിരെ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും പൊലീസിനു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ശനിയാഴ്‌ച കേസുമായി ബന്ധപ്പെട്ട് ഓരോ പ്രതികളെയും പ്രത്യേകം വിളിച്ചപ്പോഴാണ് വിഷ്‌ണുപ്രകാശും രവിയും ഹാജരാകാതിരുന്നത്. ഇവർ അവധി അപേക്ഷയും നൽകിയിട്ടില്ലായിരുന്നു. 59 പ്രതികളാണ് കേസിൽ ആകെയുള്ളത്. ഇതിൽ 13പേർ മരിച്ചു. ഇവരുടെ മരണസർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി
No comments:
Post a Comment