അഴിമതികളുടെ അമ്മയും മകനും
നാഷണൽ ഹെറാൾഡ് അഴിമതിക്കേസിൽ കോൺഗ്രസിന്റെ മുൻപ്രസിഡന്റുമാരായ സോണിയയേയും രാഹുലിനെയും യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി എൻഫോഴ്സെസ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നു. ജവഹർലാൽ നെഹ്റുവിൻ്റെ കാലത്ത് സ്വാതന്ത്ര്യ സമരത്തെ പിന്തുണയ്ക്കുന്നതിനു വേണ്ടി ആരംഭിച്ച നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥതയുള്ള എജിഎൽ കമ്പനിയുടെ കോടാനുകോടികൾ വിലമതിക്കുന്ന സ്വത്ത് യങ് ഇന്ത്യൻ എന്ന ഒരു കടലാസ് കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നാണ് കേസ്. ഇപ്പോൾ കോൺഗ്രസിൻ്റെ പാർലമെൻ്ററി പാർട്ടി നേതാവായ സോണിയക്കും, ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുലിനും പുറമേ കോൺഗ്രസ് നേതാക്കളായ സാം പിത്രോദയും സുമൻ ദുബെയും പ്രതികളാണ്. കേസിൽ പ്രതികളായിരുന്ന കോൺഗ്രസ് മുൻ ദേശീയ ഖജാൻജി മോത്തിലാൽ വോറയും, കർണാടകയിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന ഓസ്‌കർ ഫെർണാണ്ടസും മരിച്ചുപോയി. ന്യൂദൽഹിയിലെ റോസ് അവന്യു കോടതിയാണ് കേസ് പരിഗണിക്കുന്നത്.രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി കേസുകളിൽ ഒന്നായ നാഷണൽ ഹെറാൾഡ് കേസ് തേഞ്ഞു മാഞ്ഞു പോകുമെന്ന് കോൺഗ്രസ് നേതാക്കൾ വിശ്വസിച്ചിരിക്കുമ്പോഴാണ് അന്വേഷണം പൂർത്തിയാക്കി വ്യക്തമായ തെളിവുകളോടെ എൻഫോഴ്സെസ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചത്. ഇത് കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ജനശ്രദ്ധ തിരിക്കാനാണ് എൻഫോഴ്സെസ്മെൻ്റിനെ ഉപയോഗിച്ച് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് പറയുന്ന കോൺഗ്രസ് നേതാക്കൾ സ്വയം കണ്ണടച്ചിരുട്ടാക്കാനും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുകയാണ്. ഇഡി ഓഫീസുകളിലേക്ക് കോൺഗ്രസുകാർ നടത്തിയ പ്രതിഷേധ മാർച്ചുകൾ സോണിയാ കുടുംബത്തിന്റെ പ്രീതി പിടിച്ചുപറ്റുന്നതിനാണ്. മുഖ്യമന്ത്രിക്കുപ്പായം തുന്നിവച്ചിരിക്കുന്ന രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലുമൊക്കെയാണല്ലോ തീവ്ര പ്രതിഷേധക്കാർ.
നാഷണൽ ഹെറാൾഡ് കേസ് ഒരു സുപ്രഭാതത്തിൽ ആകാശത്തുനിന്ന് പൊട്ടിവീണതല്ല. സോണിയാ കുടുംബത്തിന് മുതൽക്കൂട്ടാൻ 5000 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. മൻമോഹൻ സിങ്ങിനെ പാവ പ്രധാനമന്ത്രിയാക്കി സോണിയ രാജ്യം ഭരിക്കുമ്പോഴാണ് ഈ അഴിമതി അരങ്ങേറിയത്. അതിനകം അടച്ചുപൂട്ടിയ നാഷണൽ ഹെറാൾഡ് പത്രത്തിൻ്റെ ഓഹരികൾ കോൺഗ്രസ് പാർട്ടിയിൽ നിന്ന് 90 കോടി രൂപ നൽകിയെന്ന് വരുത്തി സ്വന്തമാക്കുകയാണ് സോണിയയും കൂട്ടരും ചെയ്തത്. തീർത്തും നിയമവിരുദ്ധമായ ഈ നടപടിയെ ന്യായീകരിക്കാൻ കോൺഗ്രസ് കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. കേസ് നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതും വിജയിച്ചില്ല. ഒടുവിൽ ജാമ്യമെടുത്ത്, ഒന്നും സംഭവിക്കാത്തതുപോലെ നടക്കുകയായിരുന്നു സോണിയയും രാഹുലും.
അഴിമതിയിലൂടെ സ്വന്തമാക്കിയ യങ് ഇന്ത്യൻ കമ്പനിയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടാൻ നടപടിയെടുത്തതിന് പിന്നാലെയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ സോണിയ പൊട്ടിത്തെറിച്ചു എന്നാണ് ചില മാധ്യമങ്ങൾ വാർത്ത ചമച്ചത്. താനും മകനും നിരപരാധിയാണെന്നും, അന്വേഷണ ഏജൻസി രാഷ്ട്രീയമായി വേട്ടയാടുകയാണെന്നും വരുത്തിത്തീർക്കാനാണ് സോണിയയുടെ ഈ നാടകമെന്ന് അവരെ അറിയാവുന്നവർക്കൊക്കെ മനസ്സിലാവും. മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ചതു കൊണ്ടോ പൊട്ടിക്കരഞ്ഞതുകൊണ്ടോ അഴിമതി കേസുകളിൽ നിന്ന് രക്ഷപ്പെടാമെന്ന് സോണിയയും കൂട്ടുപ്രതികളും കരുതേണ്ട. ഇത്തരം ഭീഷണികളും കപടനാടകങ്ങളും ഇപ്പോൾ രാജ്യം ഭരിക്കുന്നവർക്കു മുന്നിൽ വിലപ്പോവില്ല. അഴിമതി കേസുകളിൽ നിയമം അതിൻ്റെ വഴിക്ക് പോകും. അഴിമതികൾ നടത്താൻ സോണിയക്കും മക്കൾക്കും നിയമപരിരക്ഷയുണ്ടെന്ന് കോൺഗ്രസുകാർ കരുതുന്നുണ്ടാവാം. അത് അവരുടെ കാര്യം. അതനുസരിച്ച് പ്രവർത്തിക്കാൻ നരേന്ദ്രമോദി സർക്കാർ തയ്യാറാവില്ല.
പത്ത് വർഷം നീണ്ട യുപിഎ ഭരണകാലത്തെ അഴിമതികളുടെയെല്ലാം പ്രഥമ സ്രോതസ്സ് സോണിയയായിരുന്നു. അധികാരത്തിൻ്റെ ബലത്തിൽ മറ്റുള്ളവർ നടത്തുന്ന അഴിമതികളുടെ പങ്ക് സോണിയാ കുടുംബത്തിന് ലഭിച്ചുകൊണ്ടിരുന്നു. ഇക്കൂട്ടർ രാജ്യത്തെത്തന്നെ കൊള്ളയടിക്കുകയായിരുന്നു. ഇതിൻ്റെ ഭാഗമായിരുന്നു സ്വാതന്ത്ര്യസമര സേനാനികളുടെ ആത്മാവിലേക്ക് കാർക്കിച്ചുതുപ്പിയ നാഷണൽ ഹെറാൾഡ് അഴിമതി. ഈ കേസിലെ പ്രതികൾ ശിക്ഷിപ്പെടേണ്ടത് നിയമത്തിൻ്റെ മാത്രമല്ല, സമൂഹത്തിന്റെയും ആവശ്യമാണ്. ഇതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം.
No comments:
Post a Comment